02 ഡിസംബർ 2011

കുട്ടിക്കാല സ്മരണകള്‍ !!

കുട്ടികളോടിക്കളിക്കുന്നതു കണ്ടാല്‍
കുട്ടിക്കാലം മുന്നിലോടിയെത്തും
കുട്ടിക്കാലത്തെയെന്‍ ചെയ്തികളോരോന്നായ്
ഒട്ടും മങ്ങാതെനിക്കോര്‍മ്മ വരും

വീട്ടില്‍ ഞാനെല്ലാര്‍ക്കും ചക്കരക്കുട്ടന്‍
നാട്ടിലോ നല്ലൊരു പഞ്ചാരക്കുട്ടന്‍
കൂട്ടുകാരെയൊക്കെ വട്ടുകളിപ്പിച്ച്
നാട്ടില്‍ ഞാനൊരു കൊച്ചു താരമായി

ഒട്ടുമാവിന്‍ കൊമ്പിലൂഞ്ഞാലാടുമ്പോള്‍
പൊട്ടിവീണാ കൊമ്പും കൂടെ ഞാനും
കൂട്ടുകാരതുകണ്ട് പൊട്ടിച്ചിരിച്ചപ്പോള്‍
തട്ടിക്കയറി ഞാന്‍ രോഷത്തോടെ

പൊട്ടിയ ചട്ടിയില്‍ മണ്ണു നിറച്ചിട്ട്‌
വീട്ടുമുറ്റത്തു ഞാന്‍ കൊണ്ടുവെച്ചു
ചേട്ടനാ ചട്ടി പൊക്കിയെടുത്തപ്പോള്‍
പൊട്ടിവീണാ ചട്ടി ചേട്ടന്റെ കാലില്‍

എട്ടില്‍ പഠിക്കുന്ന കാലത്തൊരിക്കല്‍
കിട്ടി കണക്കു പരീക്ഷക്കു "മുട്ട"
"മുട്ട"യുംകൊണ്ടു ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍
കിട്ടി ചൂരല്‍വടി പൊട്ടോളം "സമ്മാനം"

തോട്ടുവരമ്പത്ത് ചൂണ്ടയിടുംനേരം
കൂട്ടുകാരന്യോന്യം തല്ലുകൂടി
കൂട്ടുകാരെ മാറ്റാനിടയില്‍ ഞാന്‍ നിന്നപ്പോള്‍
തോട്ടിലേക്കെല്ലാരും മൂക്കുകുത്തി

നാട്ടിലും വീട്ടിലും ഞാന്‍ ചെയ്തുകൂട്ടിയ
പൊട്ടത്തരങ്ങള്‍ ഒന്നൊന്നായ് ചൊല്ലുകില്‍
പൊട്ടിച്ചിരിക്കാതിരിക്കില്ല നിങ്ങള്‍
നാട്ടിലെന്റെ പ്രതിച്ഛായയും മങ്ങും


******

പോള്‍സണ്‍ പാവറട്ടി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ