02 ഡിസംബർ 2011

പപ്പയും മമ്മയും പിന്നെ മോനും


വളരെ ആശ്ചര്യത്തോടും കൗതുകത്തോടും കൂടിയാണ്  ബിനോയ്‌ ദുബായ് എയര്‍പോര്‍ട്ടില്‍ കാല്‍ കുത്തിയത്. അത് ഡിസംബര്‍ മാസത്തിലെ ഒരു രാത്രിയായിരുന്നു. അതുകൊണ്ടുതന്നെ വെളിയില്‍ നല്ല തണുപ്പ്. ഇത്രയും തണുപ്പ് ദുബായില്‍ ഉണ്ടാകുമെന്ന് ബിനോയ്‌ ഒരിക്കലും പ്രതീക്ഷിച്ചില്ല.

എയര്‍പോര്‍ട്ട് കസ്റ്റംസ് ഫോര്‍മാലിറ്റികള്‍ എല്ലാം കഴിഞ്ഞ് ബിനോയ്‌ എയര്‍പോര്‍ട്ടിനു വെളിയില്‍ വന്നു. ബിനോയിയെ കാത്തുകൊണ്ട് സുഹൃത്ത്‌ ടോണി അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ടോണി ബിനോയിയേയും കൂട്ടി അവരുടെ താമസ സ്ഥലത്തേക്ക് യാത്രയായി.  

ദുബായിയുടെ മനോഹരവും വിസ്മയിപ്പിക്കുന്നതുമായ കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ട്‌ അവര്‍ രണ്ടുപേരും ടോണിയുടെ താമസസ്ഥലത്ത് എത്തി.

പൊതുവെ വാചാലനായ ബിനോയ്‌ വളരെ മ്ലാനമുഖവുമായാണ് ടോണിയോടു സംസാരിക്കുന്നത്.

ടോണി പറഞ്ഞു:  എടാ ബിനോയ്‌, എന്താ ആകെക്കൂടി ഒരു വല്ലായ്മ? മനസ്സിലായി; നാടും വീടും വിട്ട് ആദ്യമായിട്ടാണല്ലോ യാത്ര ചെയ്യുന്നത് അല്ലേ? എനിക്കും അങ്ങനെതന്നെയായിരുന്നു ആദ്യമൊക്കെ. പിന്നെ പിന്നെ എല്ലാം ശീലമായി. അതുകൊണ്ട് നീ വിഷമിക്കൊന്നും വേണ്ടാട്ടോ.

ബിനോയ്‌: എനിക്ക് എന്റെ പപ്പയേയും മമ്മയേയും ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വല്ലാത്ത സങ്കടം തോന്നുന്നു. ഞാന്‍ ഇന്നേവരെ അവരെ പിരിഞ്ഞിരുന്നിട്ടില്ല. ഞങ്ങള്‍ അത്രയ്ക്ക് അടുത്ത ആത്മബന്ധമാണുള്ളത്.  പാവം പപ്പയും മമ്മയും. അവര്‍ ഇന്ന് യാതൊന്നും കഴിച്ചിട്ടുണ്ടാവില്ല. എന്നെ ഓര്‍ത്തു വിഷമിച്ച് ഇരിക്കുന്നുണ്ടാവും.

ടോണി: എടാ, അതൊക്കെ എല്ലായിടത്തും പതിവാ. നീ ഇപ്പോള്‍ വല്ലതും കഴിച്ച് ഉറങ്ങാന്‍ നോക്ക്. നാളെ ഞാന്‍ നിന്നെ നമ്മുടെ കമ്പനിയിലേക്ക് കൂട്ടിക്കൊണ്ടു പോകാം. നാളെത്തന്നെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്യാം. ങാ, നീയൊക്കെ ഭാഗ്യം ചെയ്തവനാടാ. ജോലിയുമായല്ലേ നീ നാട്ടില്‍ നിന്ന് ഇങ്ങോട്ട് വന്നത്. ഈ ഞാനൊക്കെ എത്ര തെണ്ടിയിട്ടാണ് ഒരു ജോലി കിട്ടിയതെന്നോ? ഉം, അതൊന്നും ഇപ്പോള്‍ പറഞ്ഞിട്ട് കാര്യമില്ല. ... അപ്പോള്‍ അങ്ങനെയാവട്ടെ....നാളെ കാണാം.

അടുത്ത ദിവസം ബിനോയ്‌ പുതിയ ജോലിയില്‍ പ്രവേശിച്ചു.കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയിട്ടാണ് ജോലി. ചുരുങ്ങിയ നാള്‍കൊണ്ട് ഓഫീസില്‍ എല്ലാവരുമായി ബിനോയ്‌ സൌഹൃദവലയം ഉണ്ടാക്കി.

എന്നും വൈകീട്ട് പപ്പയോടും മമ്മയോടും ഇന്റര്‍നെറ്റ്‌ - ലൂടെ ചാറ്റ് ചെയ്യാറുണ്ട്. പപ്പയോടും മമ്മയോടും സംസാരിക്കുമ്പോള്‍ കൊച്ചുകുട്ടികളെപ്പോലെ ബിനോയ്‌ കരയും. അവന്‍ അവരോടു പറയും: ഞാന്‍ നാട്ടിലേക്ക് വരികയാണ്. എനിക്ക് വയ്യ പപ്പയേയും മമ്മയേയും വിട്ട് ഇവിടെ ഒറ്റയ്ക്ക് കഴിയാന്‍.

പപ്പയും മമ്മയും അവനെ ഒരുവിധം സമാധാനിപ്പിക്കും.

ദിവസങ്ങളും ആഴ്ചകളും മാസങ്ങളും അങ്ങനെ കടന്നുപോയി. ഒരിക്കല്‍ ബിനോയിയുടെ ഓഫീസില്‍ പുതിയൊരു പെണ്‍കുട്ടി ജോലിയില്‍ പ്രവേശിച്ചു. പേര് പാര്‍വതി. നല്ല സുന്ദരിയും വാക്ചാതുരിയും ഉള്ള കുട്ടിയാണ് പാര്‍വതി. പാര്‍വതിയെ ട്രെയിനിംഗ് കൊടുക്കേണ്ട ചുമതല ബിനോയിയുടേതായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ ദിനവും പരസ്പരം സംസാരിക്കാറുണ്ട്.

സംസാരം മെല്ലെ മെല്ലെ അനുരാഗത്തിലേക്ക് വഴിമാറി. ഓഫീസില്‍ വെച്ചുള്ള സംസാരം പോരാതെ രാത്രി വീട്ടില്‍ ഇരുന്നും കമ്പ്യൂട്ടര്‍ ചാറ്റ് തുടരും. ഇതിനിടയില്‍ ചില ദിവസങ്ങളില്‍ പപ്പയോടും മമ്മയോടും  ചാറ്റ് ചെയ്യാന്‍ ബിനോയ്‌ മറക്കും. വളരെ തിരക്കായതുകൊണ്ടാണ് ചാറ്റ് ചെയ്യാന്‍ കഴിയാത്തത് എന്ന് ബിനോയ്‌ അവരോട് പറഞ്ഞ് ഒഴിയും. മകന്‍ നല്ല ഒരു അവസ്ഥയില്‍ ആയല്ലോ എന്നോര്‍ത്ത് പപ്പയും മമ്മയും സമാധാനിക്കും.

ആയിടക്കാണ് Dubai Shopping Festival എത്തിപ്പെട്ടത്. ബിനോയിയുടെ പപ്പക്കും മമ്മക്കും ഒരാഗ്രഹം Dubai Shopping Festival കാണാന്‍ ദുബായിലേക്ക് പോകണമെന്ന്. ബിനോയ്‌ ആവട്ടെ അവരെ ഒഴിവാക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കി. പപ്പയും മമ്മയും വന്നാല്‍ ബിനോയിയുടെ പാര്‍വതിയുമായുള്ള ചുറ്റിക്കളി പൊളിയുമല്ലോ എന്നോര്‍ത്താണ് അവന്റെ വിഷമം. ഒടുവില്‍ പപ്പയും മമ്മയും ദുബായിലേക്ക് വരാന്‍ തന്നെ തീരുമാനിച്ചു.

ബിനോയിയും ടോണിയും കൂടി പപ്പയേയും മമ്മയേയും എയര്‍പോര്‍ട്ടില്‍ നിന്നും സ്വീകരിച്ചു താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവന്നു. പപ്പയും മമ്മയും വന്നപ്പോള്‍ അവര്‍ക്കുവേണ്ടി വേറെ ഒരു ഫ്ലാറ്റ് എടുക്കേണ്ടി വന്നു. ഇപ്പോള്‍ മൂന്നുപേരും ഒരുമിച്ചാണ് താമസം.

പപ്പ മമ്മയോട് : ഇനി ഒരു മാസം നമ്മുടെ മോന്റെ കൂടെ കഴിയാം അല്ലേ റോസീ? നിനക്ക് ഇപ്പോഴെങ്കിലും സമാധാനമായില്ലേ?

ബിനോയ്‌: പപ്പ, ഇവിടത്തെ കാലാവസ്ഥ പപ്പക്കും മമ്മക്കും പിടിക്കുമോ എന്നാണ് എന്റെ പേടി. അതുകൊണ്ട് ഒരു മാസം നില്‍ക്കണമെന്നില്ല. എത്രയും വേഗം എല്ലാം കണ്ട് പോകുന്നതാണ് നല്ലത്. ഞാന്‍ പറഞ്ഞെന്നേയുള്ളൂ.

മമ്മ: അതൊന്നും സാരമില്ല മോനെ. നീ ഞങ്ങളുടെ കൂടെയുള്ളപ്പോള്‍ ഞങ്ങള്‍ക്ക് ഒരു അസുഖവും വരില്ല. നീ അതൊന്നും ഓര്‍ത്തു വിഷമിക്കണ്ട.

പപ്പ: എടാ മോനേ, ഈ പപ്പ പട്ടാളത്തിലായിരുന്നപ്പോള്‍ ഇതിലും വലിയ തണുപ്പും ചൂടും ഒക്കെ സഹിച്ചിട്ടുണ്ട്. ഇവിടെ അത്രക്കൊന്നുമില്ല.

ബിനോയിയുടെ ഒരു അഭ്യാസവും അവരുടെ അടുത്ത് നടക്കില്ല എന്ന് മനസ്സിലായി.

രണ്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ രാത്രി എല്ലാവരും ഉറങ്ങാന്‍ കിടന്നപ്പോള്‍ ബിനോയിയുടെ മുറിയില്‍ നിന്ന് ബിനോയ്‌ ആരോടോ സംസാരിക്കുന്ന ശബ്ദം കേട്ട് പപ്പ അവന്റെ മുറിയിലേക്ക് എത്തിനോക്കി. വാതില്‍ അടച്ചിട്ടിരുന്നതുകൊണ്ട് കയറാന്‍ കഴിഞ്ഞില്ല. അപ്പോള്‍ പുറത്ത് നിന്നുകൊണ്ട് പപ്പ അവന്റെ സംസാരം ശ്രദ്ധിച്ചു. പപ്പയും മമ്മയും കേള്‍ക്കാതിരിക്കാന്‍ വേണ്ടി വളരെ പതുക്കെയാണ് ബിനോയ്‌  പാര്‍വതിയോട്‌ സംസാരിച്ചിരുന്നത്. സംസാരം അത്ര പന്തിയല്ല എന്ന് പപ്പക്ക് മനസ്സിലായി.

തല്‍ക്കാലം ഒന്നും മിണ്ടാതെ പപ്പ അവരുടെ മുറിയിലേക്ക് പോയി. കേട്ട കാര്യങ്ങള്‍ മമ്മയോട് പറഞ്ഞു. പപ്പയും മമ്മയും ആകെ സ്തബ്ദരായിപ്പോയി. ഇതുകൊണ്ടാണ് അവരെ ദുബായിലേക്ക് കൊണ്ടുവരാന്‍ അവന്‍ മടിച്ചതെന്നും എത്രയും വേഗം നാട്ടിലേക്ക് തിരിച്ചുപോകാന്‍ അവന്‍ ആവശ്യപ്പെടുന്നതും എന്ന് അവര്‍ക്ക് മനസ്സിലായി.

പപ്പ: എടീ റോസീ, ആണ്‍കുട്ടികളാവുമ്പോള്‍ ഈ പ്രായത്തില്‍ ഇങ്ങനെയൊക്കെ ഉണ്ടാവും. നീ അതൊന്നും അത്ര കാര്യമാക്കണ്ട. തല്‍ക്കാലം നമ്മളൊന്നും അറിഞ്ഞിട്ടില്ല. മനസ്സിലായല്ലോ? വേറെ മാര്‍ഗ്ഗം ഞാന്‍ നോക്കട്ടെ.

അടുത്ത ദിവസം പപ്പ ബിനോയ്‌ വീട്ടില്‍ ഇല്ലാത്തപ്പോള്‍ ടോണിയെ വിളിപ്പിച്ച് തന്ത്രപൂര്‍വ്വം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ആദ്യമൊക്കെ ടോണി ഒന്നും അറിയില്ല എന്ന് ഭാവിച്ചു എങ്കിലും പപ്പയുടെ തന്ത്രപൂര്‍വമുള്ള ചോദ്യങ്ങളില്‍ ടോണിക്ക് സത്യം പറയേണ്ടി വന്നു.

ടോണി:പപ്പയും മമ്മയും എന്നോട് ദേഷ്യപ്പെടരുത്‌. ഞാന്‍ അവനോട് ഒത്തിരി പറഞ്ഞതാ ഇതൊന്നും വേണ്ടാ, പപ്പക്കും മമ്മക്കും ഇഷ്ടമാവില്ല എന്നൊക്കെ. പക്ഷേ അവന്‍ എന്റെ വാക്ക് എടുക്കില്ല. പിന്നെ ഞാന്‍ എന്താ ചെയ്യാ?

പപ്പ: ആട്ടെ; കുട്ടി എങ്ങനെയുണ്ട്? നല്ല കുട്ടിയാണെങ്കില്‍ അങ്ങനെയാവട്ടെ എന്നുവെക്കാം.

ടോണി: കുട്ടി നല്ല സുന്ദരിക്കുട്ടിയാണ്. നല്ല വിദ്യാഭ്യാസവും നല്ല കഴിവും ഒക്കെയുണ്ട്. പക്ഷേ....

മമ്മ: എന്താ ഒരു പക്ഷേ....?

ടോണി: (പതറിക്കൊണ്ട്) ആ കുട്ടി നമ്മുടെ മതമല്ല. അവളുടെ പേര് പാര്‍വതി എന്നാണ്.

പപ്പയും മമ്മയും ഒന്ന് ഞെട്ടി.

മമ്മ: അയ്യോ, അതൊന്നും ശരിയാവില്ല. നമ്മളൊക്കെ നല്ല തറവാട്ടുകാരാ. അന്യമതത്തിലുള്ള കുട്ടിയെ ഞാന്‍ എന്റെ വീട്ടില്‍ കയറ്റില്ല.   

പപ്പ: എടീ റോസീ, നീ എന്തിനാ ടോണിയോടു ദേഷ്യപ്പെടുന്നത്? ടോണിയല്ലല്ലോ, നമ്മുടെ മോനല്ലേ ഇതെല്ലാം കാട്ടിയത്. നീ സമാധാനമായിരിക്ക്. ഇതിനുള്ള പണി നമുക്ക് കൊടുക്കാം. എടാ ടോണീ, ഞങ്ങള്‍ക്ക് നിന്റെ സഹായം വേണം. ഇനി ഞാന്‍ പറയുന്നതുപോലെ നിങ്ങള്‍ രണ്ടുപേരും ചെയ്‌താല്‍ മതി. നമ്മള്‍ മൂന്നുപേരും അല്ലാതെ വേറെ ഒരാള്‍ ഇക്കാര്യങ്ങള്‍ അറിയരുത്.

ടോണി സമ്മതിച്ചു.  

അന്ന് രാത്രി എല്ലാവരും ഭക്ഷണത്തിന് ഇരിക്കുമ്പോള്‍ പപ്പ തന്ത്രപൂര്‍വ്വം സംസാരിക്കാന്‍ തുടങ്ങി.

പപ്പ: റോസീ, ബിനോയ്ക്ക് ഇപ്പോള്‍ നല്ല ജോലിയായി, വരുമാനമായി, സ്വന്തം കാലില്‍ നില്‍ക്കാനുള്ള കഴിവുമായി. ഇനി അവനു വേണ്ടത് നല്ലൊരു പെണ്ണിനെയാണ്. അതുംകൂടി ഒന്നുകഴിഞ്ഞാല്‍ നമുക്കും ആശ്വാസമാവും. എന്തുപറയുന്നു?

മമ്മ: ശരിയാണ്. എനിക്കും അതുതന്നെയാണ് അഭിപ്രായം.

പപ്പ ബിനോയിയോട്: മോനെ, നീ എന്തുപറയുന്നു?

ബിനോയ്‌: അല്ല പപ്പ, അതിപ്പോള്‍....ഇത്ര പെട്ടെന്ന്....(ആകെ പരുങ്ങുന്നു)

പപ്പ: എന്തിനാ നീ ഇങ്ങനെ പരുങ്ങുന്നത്? നിനക്ക് ഇപ്പോള്‍ കെട്ടേണ്ട എന്നാണെങ്കില്‍ വേണ്ട. ഞങ്ങള്‍ നിര്‍ബന്ധിക്കില്ല. എന്നും നിന്റെ ഇഷ്ടമല്ലേ ഞങ്ങള്‍ ചെയ്യാറുള്ളത്! .... ഇനി അതല്ലാ, വേറെ വല്ല ചുറ്റിക്കളിയും ഉണ്ടോ? ഉണ്ടെങ്കില്‍ തുറന്നു പറ. അതും ഞങ്ങള്‍ സമ്മതിച്ചു തരാം. പോരേ?

ഇത് കേട്ടപ്പോള്‍ ബിനോയ്ക്ക് ഒരു ആശ്വാസമായി. പക്ഷേ എങ്ങനെ പറയും എന്ന വിഷമവും ഉണ്ട്. എന്നാലും മെല്ലെ കാര്യം അവതരിപ്പിക്കാന്‍ തന്നെ ബിനോയ്‌ തീരുമാനിച്ചു.

ബിനോയ്‌: പപ്പക്കും മമ്മക്കും വിഷമമായെങ്കിലോ എന്നുവച്ചാണ് ഞാന്‍ ഇതുവരെ പറയാതിരുന്നത്. എനിക്കൊരു കുട്ടിയെ ഇഷ്ടമാണ്.

പപ്പ: ഇതാ ഇപ്പൊ നന്നായത്. ആണായാല്‍ ഒരു പെണ്ണിനെ പ്രേമിച്ചെന്നിരിക്കും. അതിലെന്താ ഇത്ര വലിയ തെറ്റ്? പറ, കേള്‍ക്കട്ടെ. ഇനി ഇപ്പോള്‍ ആ കുട്ടി നമ്മുടെ ജാതിയോ മതമോ ഒന്നുമല്ലെങ്കിലും എനിക്കൊരു പ്രശ്നമല്ല.

ഇത്രയും കേട്ടപ്പോള്‍ ബിനോയ്ക്ക് സന്തോഷംകൊണ്ട് ഇരിക്കാന്‍ പറ്റാതായി.

ബിനോയ്‌: അവളുടെ പേര് പാര്‍വതി എന്നാണ്.

മമ്മ: പാര്‍വതി എന്ന പേര് ഹിന്ദു പേരല്ലേ?

ബിനോയ്‌: (തല ചൊറിഞ്ഞുകൊണ്ട്) അതാ ഞാന്‍ പറഞ്ഞത്,...... അവള്‍ നമ്മുടെ മതമല്ല......

പപ്പ: എടാ മോനെ, ഈ ജാതിയും മതവും ഒക്കെ മനുഷ്യര്‍ ഉണ്ടാക്കിയതല്ലേ? എനിക്കതിലൊന്നും വലിയ കാര്യമില്ല. ആട്ടെ, ആ കുട്ടിയെ ഞങ്ങള്‍ക്കൊന്നു കാണാമോ? കഴിയുമെങ്കില്‍ നാളെത്തന്നെ ആ കുട്ടിയോട് ഇങ്ങോട്ട് വരാന്‍ പറയൂ. ഞങ്ങളും കൂടി കണ്ടോട്ടെ വരാന്‍ പോകുന്ന മണവാട്ടിയെ.

ഇത് കേട്ട പാടെ thank you പപ്പ എന്നു പറഞ്ഞു അവന്റെ മുറിയിലേക്ക് ഓടിപ്പോയി. മൊബൈല്‍ ഫോണില്‍ പാര്‍വതിയോട് കാര്യങ്ങള്‍ പറഞ്ഞു.

ഈ സമയം മമ്മ പപ്പയെ കണ്ണുരുട്ടി കാണിക്കുന്നുണ്ടെങ്കിലും പപ്പ മമ്മയോട് കണ്ണു കാണിച്ച് "എല്ലാം ചുമ്മാ" എന്നു പറയുന്നുണ്ട്.

അടുത്ത ദിവസംതന്നെ പാര്‍വതിയേയും കൂട്ടി ബിനോയ്‌ വീട്ടില്‍ വന്നു. വളരെ സുന്ദരി ആയിട്ടാണ് പാര്‍വതി വന്നിട്ടുള്ളത്. പാര്‍വതിയെ വളരെ സ്നേഹപൂര്‍വ്വം തന്നെയാണ് പപ്പയും മമ്മയും സ്വീകരിച്ചിരുത്തിയത്. പപ്പയും മമ്മയും പാര്‍വതിയോട് വളരെ സൌമ്യമായി സംസാരിച്ചു. അവളുമായി അവര്‍ അത്രമേല്‍ ഒട്ടിച്ചേര്‍ന്നപോലെ അഭിനയിച്ചു. പാര്‍വതിക്കും അവരെ ഒത്തിരി ഇഷ്ടമായി.

അടുത്ത ദിവസം ബിനോയ്‌ അറിയാതെ പപ്പയും മമ്മയും പാര്‍വതിയെ അടുത്തുള്ള പാര്‍ക്കിലേക്ക് വിളിപ്പിച്ചു. പാര്‍വതി പാര്‍ക്കില്‍ എത്തി.

പപ്പ: മോളെ, ഇന്നലെ മോള്‍ ഞങ്ങളുടെ വീട്ടില്‍ വന്നപ്പോള്‍ ഞങ്ങള്‍ക്ക് എന്തൊരു സന്തോഷമായെന്നോ! ഞങ്ങള്‍ക്ക് സ്വന്തം മോളെപ്പോലെയാണ് ഇപ്പോള്‍ നീ. ഒരിക്കലും മോളെ വേദനിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.

പാര്‍വതി: ഞാന്‍ മനസ്സിലാക്കുന്നു പപ്പ. ബിനോയ്‌ പപ്പയെക്കുറിച്ചും മമ്മയെക്കുറിച്ചും ഒക്കെ ഒത്തിരി പറയാറുണ്ട്‌. നിങ്ങളെ ബിനോയിക്ക് അത്രക്ക് ജീവനാണ്.

മമ്മ: ശരിയാണ്. അവനു ഞങ്ങളേയും ഞങ്ങള്‍ക്ക് അവനേയും ജീവനാണ്. അവന്‍ ഒന്നു നന്നായി കാണാന്‍ മാത്രമാണ് അവനെ ഈ ദുബായിലേക്ക് വിട്ടത്. അല്ലാതെ ഞങ്ങള്‍ക്ക് ജീവിക്കാന്‍ വകയില്ലാതെയൊന്നുമല്ല.

പപ്പ മമ്മയോട്: നീ ഇപ്പോള്‍ എന്തിനാ കഴിഞ്ഞ കാര്യങ്ങളൊക്കെ പറയുന്നത്? കഴിഞ്ഞതെല്ലാം കഴിഞ്ഞു. അതെല്ലാം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും പേടിയാവുകയാണ്.

പാര്‍വതി: എന്താ പപ്പ? എന്താണ് പ്രശ്നം?

മമ്മ: ഞാന്‍ പറയാം മോളേ, ഇന്നല്ലെങ്കില്‍ നാളെ ഈ മോള്‍ ഇതെല്ലാം അറിയേണ്ടവള്‍ തന്നെയാണ്.

പപ്പ: എന്നാലും റോസീ, അതൊക്കെ വേണോ?

പാര്‍വതി: പറയൂ മമ്മ. ഞാന്‍ കേള്‍ക്കട്ടെ.

മമ്മ: ഞങ്ങള്‍ ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ മോള്‍ ഒരിക്കലും ബിനോയിയോട് പറയില്ല എന്നു വാക്ക് തരണം.

പാര്‍വതി: ഇല്ല മമ്മ, ഞാന്‍ ഒരിക്കലും പറയില്ല. നിങ്ങള്‍ക്ക് എന്നെ വിശ്വസിക്കാം.

മമ്മ: (കരച്ചില്‍ അഭിനയിച്ചുകൊണ്ട്) ബിനോയ്‌ ഒരു പാവമായിരുന്നു. അവളാണ് എന്റെ മോനെ ഇങ്ങനെ ആക്കിതീര്‍ത്തത്‌.

പാര്‍വതി: അവളോ? ആരുടെ കാര്യമാണ് പറയുന്നത്?

പപ്പ: അപ്പോള്‍ ഇതൊന്നും ബിനോയ്‌ നിന്നോട് ഇതുവരെ പറഞ്ഞിട്ടില്ലേ? പറയില്ല എന്നറിയാം. അങ്ങനെ പറയാന്‍ പറ്റുന്ന കാര്യമല്ലല്ലോ ചെയ്തു കൂട്ടിയത്. ഇനി കാര്യം പറയാം. രണ്ടു വര്‍ഷം മുന്‍പ് അവന്‍ ഒരു കുട്ടിയുമായി അടങ്ങാത്ത പ്രേമത്തിലായിരുന്നു. ഞങ്ങള്‍ അറിയാന്‍ വൈകിപ്പോയി. ആ കുട്ടിയെക്കുറിച്ച് ഞങ്ങളുടെ നാട്ടില്‍ ആര്‍ക്കും നല്ല അഭിപ്രായമില്ലായിരുന്നു. ഇക്കാര്യം കേട്ടപ്പോള്‍ ഏതൊരു അപ്പനും അമ്മയ്ക്കും ഉണ്ടാകാവുന്ന വിഷമം ഞങ്ങള്‍ക്കും ഉണ്ടായി. ആദ്യം ഞങ്ങള്‍ അവനെ പിന്‍തിരിപ്പിക്കാന്‍  നോക്കി. അതു നടക്കില്ല എന്നു മനസ്സിലായപ്പോള്‍ ഒടുവില്‍ ഞങ്ങള്‍ സമ്മതിച്ചു. അങ്ങനെ ചെറിയ തോതില്‍ അവന്റെ കല്യാണം ഞങ്ങള്‍ നടത്തികൊടുത്തു.

പാര്‍വതി: എന്താണ് നിങ്ങള്‍ പറയുന്നത്? ബിനോയിയുടെ കല്യാണം കഴിഞ്ഞെന്നോ?

മമ്മ: മോളേ, നിനക്ക് ഇത് കേള്‍ക്കുമ്പോള്‍ വേദനയുണ്ടാവും എന്നറിയാം. എന്നാലും ഇക്കാര്യങ്ങള്‍ ഞങ്ങള്‍ നിന്നില്‍ നിന്നും മറച്ചുവെച്ചാല്‍ നാളെ നീ ഞങ്ങളെ ശപിക്കും. അതുകൊണ്ടാണ് എല്ലാം പറയാം എന്നു തീരുമാനിച്ചത്.

പപ്പ: അവന്‍ ആ പെണ്ണിനെ കെട്ടിയതോ പോകട്ടെ, കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ അവളുടെ തനി സ്വാഭാവം പുറത്തെടുത്തു. ഒരു ദിവസം ബിനോയ്‌ അവളുടെ വീട്ടില്‍ കയറി ചെന്നപ്പോള്‍ കണ്ടത് ഏതൊരു ഭര്‍ത്താവിനും കണ്ടാല്‍ സഹിക്കില്ല. അവരുടെ മണിയറയില്‍ അവളുടെ കൂടെ മറ്റൊരുവന്‍. ബിനോയിയെ കണ്ടപാടേ അയാള്‍ ഉടുതുണി അവിടെയിട്ട് ഓടിപ്പോയി. കയ്യില്‍ കിട്ടിയ വാക്കത്തി എടുത്ത് ബിനോയ്‌ അവളെ ആഞ്ഞുവെട്ടി. അവളുടെ കരച്ചില്‍ കേട്ടപ്പോള്‍ ആളുകള്‍ ഓടിക്കൂടി. ബിനോയ്‌ അവിടെനിന്നും ഓടിപ്പോയി.

പാര്‍വതി: എന്റെ ഈശ്വരാ, ഞാന്‍ എന്തൊക്കെയാണ് കേള്‍ക്കുന്നത്?

പപ്പ:ബിനോയ്‌ അന്നുമുതല്‍ നോര്‍മല്‍ അല്ല. ആ പെണ്ണ് ചത്തുപോയിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ? പിന്നീട് അവന് സ്ത്രീകളെ കണ്ടാല്‍ അവരോട് കലിയാണ്. അവന് ഒരു മാറ്റം ആവശ്യമാണ്‌ എന്ന് ഡോക്ടര്‍ പറഞ്ഞതുകൊണ്ടാണ് ഇഷ്ടമില്ലെങ്കിലും ഞങ്ങള്‍ അവനെ ഈ ദുബായിലേക്ക് പറഞ്ഞു വിട്ടത്.

മമ്മ: ഇന്നലെ മോളേ കണ്ടപ്പോള്‍, ബിനോയിക്ക് മോളോടുള്ള ഇഷ്ടം കണ്ടപ്പോള്‍ ഞങ്ങള്‍ക്കും സന്തോഷവും സമാധാനവുമായി. അവന്റെ ഈ സന്തോഷം എന്നും നിലനിന്നു കാണണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.  അതിന് ഇനി മോളെക്കൊണ്ടേ കഴിയൂ. ഇനി മോള്‍ വേണം ഞങ്ങളുടെ മോന് ഒരു പുതിയ ജീവിതം കൊടുക്കാന്‍.

പാര്‍വതി: അപ്പോള്‍ ബിനോയിയുടെ ആദ്യഭാര്യ?

പപ്പ: (ദേഷ്യം അഭിനയിച്ചുകൊണ്ട്) ഭാര്യയോ? മിണ്ടിപ്പോകരുത്‌ അവളുടെ കാര്യം. ആ പിഴച്ചവള്‍ എങ്ങനെയെങ്കിലും ജീവിച്ചോളും. ഇനി എന്റെ മകന്‍ നാട്ടിലേക്ക് വന്നാലല്ലേ പ്രശ്നമുള്ളൂ?

മമ്മ: പിന്നെ മോളേ, ഈ കാര്യങ്ങള്‍ ഞങ്ങള്‍ നിന്നോട് പറഞ്ഞു എന്ന് ബിനോയ്‌ അറിഞ്ഞാല്‍ അവന്‍ ഞങ്ങളേയും കൊല്ലും നിന്നേയും നശിപ്പിക്കും. തല്‍ക്കാലം മോള്‍ടെ വീട്ടിലും പറയണ്ട.

ഇതെല്ലാം കേട്ട് പാര്‍വതി ആകെക്കൂടി വല്ലാതായി. ഒന്നും പറയാന്‍ കഴിയാതെ കണ്ണും മിഴിച്ചു ഒരേ ഇരുപ്പ് ഇരുന്നു.

മമ്മ: മോളേ, ഞങ്ങള്‍ വീട്ടിലേക്കു പൊയ്ക്കോട്ടേ. മോള്‍ ഒന്നുകൊണ്ടും വിഷമിക്കണ്ട. ഈ മമ്മയും പപ്പയുമുണ്ട് മോള്‍ടെ കൂടെ.

ഇത് പറഞ്ഞു അവര്‍ പാര്‍ക്കില്‍ നിന്നും വീട്ടിലേക്കു യാത്രയായി.

അടുത്ത ദിവസങ്ങളില്‍ പതിവുപോലെ ബിനോയ്‌ പാര്‍വതിയെ കാണുമ്പോള്‍ സംസാരിക്കാന്‍ തുനിയുമ്പോള്‍ അവള്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറാന്‍ തുടങ്ങി. പാര്‍വതിക്ക് ഇക്കാര്യങ്ങള്‍ ബിനോയിയോട് ചോദിക്കണമെന്നുണ്ട്. പക്ഷേ ബിനോയിയുടെ പ്രതികരണം പേടിച്ച് മിണ്ടാതിരുന്നു.

പാര്‍വതി ബിനോയിയെ ഒഴിവാക്കുന്ന കാര്യം ഒരു ദിവസം ടോണിയോടു പറഞ്ഞു. അപ്പോള്‍ ടോണി പറഞ്ഞു: അല്ലെങ്കിലും ഈ പെണ്ണെന്ന വര്‍ഗ്ഗം ഇങ്ങനെയാണ്. നിന്നെക്കാള്‍ കൊള്ളാവുന്ന വേറെ ആരെങ്കിലും അവളുടെ ചൂണ്ടയില്‍ കൊളുത്തിയിട്ടുണ്ടാവും.

ഇത് കേട്ടപ്പോള്‍ ബിനോയ്‌ ആകെ അസ്വസ്ഥനായി.

അടുത്ത ദിവസം പാര്‍വതിയെ കണ്ടപ്പോള്‍ ബിനോയ്‌ ഇങ്ങനെ പ്രതികരിച്ചു: എടീ ചൂലേ, നിനക്ക് ഇപ്പോള്‍ എന്നെ വേണ്ടാതായി അല്ലേ? എന്നാല്‍ പിന്നെ എനിക്കൊന്നു കാണണമല്ലോ, നീ ആരുടെ കൂടെയാണ് ജീവിക്കാന്‍ പോകുന്നത് എന്ന്. അങ്ങനെ വല്ലതും സംഭവിച്ചാല്‍ വെട്ടിക്കീറും രണ്ടിനേയും ഞാന്‍. പോയി പറയെടി നിന്റെ മാറ്റവനോട്.

ഈ പ്രതികരണം കേട്ടപ്പോള്‍ പപ്പയും മമ്മയും പറഞ്ഞത് സത്യമാണെന്നും ബിനോയ്ക്ക് വീണ്ടും വട്ട് തുടങ്ങിയോ എന്നും പാര്‍വതിക്ക് തോന്നി.

അടുത്ത ദിവസം തന്നെ പാര്‍വതി ആ കമ്പനിയില്‍ നിന്നും ജോലി രാജിവെച്ചുപോയി. അതോടെ അവര്‍ തമ്മിലുള്ള ബന്ധവും തീര്‍ന്നു.

ഇക്കാര്യങ്ങളെല്ലാം വള്ളിപുള്ളി തെറ്റാതെ പപ്പയും മമ്മയും ടോണിയില്‍ നിന്നും നിത്യവും അറിയാറുണ്ട്. ബിനോയിയെ തന്ത്രപൂര്‍വ്വം ആശ്വസിപ്പിക്കാനും അവര്‍ ശ്രമിക്കാറുണ്ട്.

ബിനോയ്‌ ആണെങ്കില്‍ വീട്ടില്‍ ആരോടും മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോള്‍ പപ്പ അവനോടു പറഞ്ഞു: മോനേ ബിനോയ്‌, ജീവിതത്തില്‍ ഇതുപോലെ ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടാകും. എന്ത് പ്രതിസന്ധികള്‍ ഉണ്ടായാലും അതിനെ ധീരമായി നേരിടാനാണ് പട്ടാളക്കാരെ ആദ്യം പഠിപ്പിക്കുക. അതുതന്നെയാണ് എനിക്ക് നിന്നേയും പഠിപ്പിക്കാനുള്ളത്.  ജീവിതം ഒരു യുദ്ധമാണ്. ആ യുദ്ധത്തില്‍ നീ ജയിക്കണം.

ബിനോയ്‌: പപ്പ, അവളെന്നോട് എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാന്‍ അവളോട്‌ എന്ത് തെറ്റ് ചെയ്തു?

മമ്മ: മോനേ, എല്ലാം ദൈവ നിശ്ചയമാണെന്ന് കരുതിയാല്‍ മതി. നിനക്ക് ദൈവം ഇതിനേക്കാള്‍ നല്ല പെണ്‍കുട്ടിയെ ഒരുക്കി നിര്‍ത്തിയിട്ടുണ്ടെങ്കിലോ? മോനൊരു കാര്യം ചെയ്യ്, ഞങ്ങളുടെ കൂടെ നാട്ടില്‍ വാ. നിനക്ക് നല്ല ഒരു കുട്ടിയെ ഞങ്ങള്‍ കണ്ടുവച്ചിട്ടുണ്ട്.

പപ്പ: ഇക്കാര്യം നിന്നോട് സൂചിപ്പിക്കണമെന്ന് കുറേ നാളായി ഞങ്ങള്‍ ആലോചിക്കുന്നു. പപ്പയുടെ കൂടെ പട്ടാളത്തിലുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ മോളാ. കുട്ടി ഇപ്പോള്‍ ബാംഗ്ലൂര്‍ ആണ് ജോലി ചെയ്യുന്നത്.  ഞങ്ങള്‍ കാര്യങ്ങള്‍ ഒരുവിധം പറഞ്ഞു വച്ചിട്ടുണ്ട്. എന്നിരുന്നാലും നിന്റെ കൂടെ ഇഷ്ടം അറിഞ്ഞിട്ടു മാത്രമേ തീരുമാനിക്കൂ. ഇനി നീ വേണം മറുപടി പറയാന്‍. പപ്പ ഒരിക്കലും നിന്റെ ഇഷ്ടത്തിന് എതിര് നില്‍ക്കില്ല എന്ന് നിനക്ക് അറിയാമല്ലോ?

മമ്മ: ശരിയാണ് മോനേ, പപ്പക്കും മമ്മക്കും ആ കുട്ടിയെ ഇഷ്ടമായി.ആ കുട്ടി ഒരിക്കല്‍ അവളുടെ ഡാഡിയുടെ കൂടെ നമ്മുടെ വീട്ടില്‍ വന്നിരുന്നു. നിന്റെ ഒരു വാക്ക് മാത്രമേ ഇനി വേണ്ടൂ.

ബിനോയ്‌: (നിരാശയോടെ) ഞാന്‍ എന്ത് പറയാനാ മമ്മ? എല്ലാം പപ്പയും മമ്മയും കൂടി തീരുമാനിച്ചോളൂ. നിങ്ങളെ മറന്ന് ഞാന്‍ കുറച്ചുനാളെങ്കിലും ജീവിച്ചതിന്റെ ഒരു ശിക്ഷയായിരിക്കും  ഇപ്പോള്‍ എനിക്ക് കിട്ടിയത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇനി എല്ലാം പപ്പയും മമ്മയും പറയുന്നതുപോലെ.

പപ്പയും മമ്മയും ആശ്വാസത്തോടെ പരസ്പരം നോക്കുന്നു.

പപ്പ: എന്നാല്‍ നാളെതന്നെ നീ നിന്റെ ലീവിന്റെ കാര്യം കമ്പനിയില്‍ പറഞ്ഞുനോക്കൂ. നമുക്ക് ഒരുമിച്ചു പോകാന്‍ കഴിയുമെങ്കില്‍ അതല്ലേ നല്ലത്?

ബിനോയ്‌: ശരി പപ്പ. നാളെതന്നെ ഞാന്‍ എന്റെ ബോസിനോട് സംസാരിക്കാം.

പപ്പയുടേയും മമ്മയുടെയും വിസയുടെ കാലാവധി തീരുന്നതോടെ പപ്പയും മമ്മയും പിന്നെ മോനും കൂടെ നാട്ടിലേക്ക് യാത്രയായി, പുതിയൊരു ജീവിതം സ്വപ്നം കണ്ടുകൊണ്ട്‌.
***

പോള്‍സണ്‍ പാവറട്ടി  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ