13 ഡിസംബർ 2011

മുല്ലപ്പെരിയാര്‍...കോടതിവിധി നിരാശാജനകം !!

"മനുഷ്യന് ഭ്രാന്ത് വന്നാല്‍ ചങ്ങലക്കിടാം. എന്നാല്‍ ചങ്ങലക്ക്‌ ഭ്രാന്തിളകിയാലോ?" ഏതാണ്ട് ഇതാണ് മുല്ലപ്പെരിയാര്‍ കേസ്സില്‍ കോടതി വിധിയുടെ അവസ്ഥ. പ്രശ്ന പരിഹാരത്തിനാണ് എല്ലാവരും കോടതിയെ സമീപിക്കുന്നത്. എന്നിട്ട് യഥാര്‍ത്ഥ പ്രശ്നം മാത്രം കോടതി പരിഹരിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ പിന്നെ വേറെ എന്താണ് മാര്‍ഗ്ഗം? എവിടെയാണ് അഭയസ്ഥാനം?

കാലം കുറേ ആയി പല ഉന്നതാധികാര സമിതികളും മുല്ലപ്പെരിയാര്‍ വിഷയം പഠിക്കാന്‍ തുടങ്ങിയിട്ട്. എന്നിട്ട് ഇപ്പോഴും അവര്‍ ഒന്നാം ക്ലാസ്സില്‍ തന്നെയാണ്. ഇതുവരെ പ്രൊമോഷന്‍ കിട്ടിയിട്ടില്ല. ഇപ്പോഴും കോടതി പറയുന്നു മുല്ലപ്പെരിയാര്‍ വിഷയം ഉന്നതാധികാര സമിതി പഠിക്കട്ടെ എന്ന്.

എന്നാണാവോ ഈ സമിതി പഠനം പൂര്‍ത്തിയാക്കി പരീക്ഷ എഴുതുക? അതുവരെ ഭൂകമ്പം ഉണ്ടാവില്ലെന്നും ഡാം തകരില്ലെന്നും അഥവാ തകര്‍ന്നാല്‍ ലക്ഷക്കണക്കിന്‌ ജനങ്ങള്‍ക്ക്‌ ജീവഹാനി സംഭവിക്കാതെ അണക്കെട്ടിലെ വെള്ളം മുഴുവന്‍ അനുസരണയുള്ള കുട്ടിയെപ്പോലെ മെല്ലെ മെല്ലെ ഒഴുകി ഇടുക്കി ഡാമിലേക്ക് ഒഴുകിക്കൊള്ളും എന്നും കോടതിക്ക് പ്രവചിക്കാന്‍ കഴിയുമോ?

വിഷയം ഇങ്ങനെ നീട്ടിക്കൊണ്ടുപോകുന്നതിനിടയില്‍ എന്തെങ്കിലും അത്യാഹിതം ഉണ്ടായാല്‍ (ദൈവമേ അങ്ങനെ ഉണ്ടാവാതിരിക്കട്ടെ) ലക്ഷക്കണക്കിന്‌ മനുഷ്യജീവന്‍ ഭൂമിയില്‍ നിന്നും തുടച്ചുനീക്കപ്പെട്ടാല്‍ ഈ പറയുന്ന കോടതിക്കോ തമിഴ്നാട് നേതാക്കള്‍ക്കോ ഇപ്പോള്‍ കേരളത്തിന്റെ വാദം സ്വീകരിക്കാത്ത ആര്‍ക്കെങ്കിലുമോ ഈ നഷ്ടപ്പെട്ട ജീവനുകള്‍ തിരിച്ചുകൊടുക്കാന്‍ കഴിയുമോ? കേള്‍ക്കട്ടെ, എന്താണ് മറുപടി?

പോള്‍സണ്‍ പാവറട്ടി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ