വളരെ സന്തോഷത്തോടും ആകാംക്ഷയോടും കൂടിയാണ് അലക്സ് ആദ്യമായി ദുബായിയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ ഓഫീസില്‍ എത്തിയത്. ഈശ്വരനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് അലക്സ് ജോലി തുടങ്ങി. അലക്സിനെ പഠിപ്പിച്ചു കൊടുക്കാന്‍ സീനിയര്‍ ഓഫീസര്‍ മണിസാര്‍ ഉണ്ട്. മണിസാര്‍ ഒരു മലയാളി ആണെന്നറിഞ്ഞപ്പോള്‍ അലക്സിനു ആശ്വാസമായി. തല്‍ക്കാലം ഭാഷയുടെ പ്രശ്നം പേടിക്കണ്ടല്ലോ.
മണിസാര്‍ വളരെ സ്നേഹത്തോടെ അലക്സിനോട് സംസാരിച്ചു. നാടും വീടും വീട്ടിലുള്ളവരെക്കുറിച്ചും എല്ലാം വിശദമായി ചോദിച്ചറിഞ്ഞു. അലക്സ് എല്ലാം വിശദമായിത്തന്നെ വിവരിച്ചുകൊടുത്തു.
കൂട്ടത്തില്‍ മണിസാര്‍ ചോദിച്ചു: അലക്സ് ഒന്നുകൂടി കാത്തിരുന്നെങ്കില്‍ ഇതിലും നല്ല കമ്പനിയില്‍ ഇതിലും നല്ല ജോലിയില്‍ പ്രവേശിക്കാമായിരുന്നില്ലേ? നല്ല വിദ്യാഭ്യാസം ഉള്ളതല്ലേ?
എന്ത് മറുപടി പറയണം എന്നറിയാതെ അലക്സ് മൌനമായി ഇരുന്നതേയുള്ളൂ.
മണിസാര്‍ തുടര്‍ന്നു: ഞാന്‍ പറഞ്ഞെന്നേയുള്ളൂ കേട്ടോ. ഈ മുതലാളിയുടെ വായിലുള്ളത് മുഴുവന്‍ കേള്‍ക്കാനാണ് വിധി എങ്കില്‍ പിന്നെ എനിക്കൊന്നും പറയാനില്ല. ഞാനൊക്കെ എങ്ങനെയാണ് പിടിച്ചുനില്‍ക്കുന്നത് എന്ന് എനിക്കും തമ്പുരാനും മാത്രമേ അറിയൂ.
അലക്സ് ആകെ പകച്ചുപോയി. ആദ്യമായി കിട്ടിയ ജോലി ഉദ്ദേശിച്ചതുപോലെ ആയില്ലല്ലോ എന്നോര്‍ത്ത് മനസ്സ് ആകെ കലങ്ങി. എത്ര കമ്പനിയില്‍ അപേക്ഷിച്ചിട്ടാണ് ഒടുവില്‍ ഈ ജോലി കിട്ടിയത്. അത് ഇങ്ങനെയും ആയിപ്പോയി.
ഒരുപാട് കണക്കുകൂട്ടിയിട്ടാണ് ദുബായിലേക്ക് പറന്നിറങ്ങിയത്. അച്ഛന്റെ മരണശേഷം വളരെ പാടുപെട്ടാണ് അമ്മ മക്കളെ പഠിപ്പിച്ചു വലുതാക്കിയത്. ഇനിയെങ്കിലും അമ്മക്ക് വിശ്രമം കൊടുക്കണം, മൂത്ത പെങ്ങളെ വിവാഹം കഴിപ്പിച്ചു അയക്കണം. കുഞ്ഞനിയനെ നല്ല നിലയില്‍ പഠിപ്പിക്കണം....അങ്ങനെ അങ്ങനെ എന്തെല്ലാം മോഹങ്ങളുമായാണ് ഈ ജോലിയില്‍ പ്രവേശിച്ചത്. എല്ലാം മണ്‍കട്ടപോലെ ആകുമോ എന്നോര്‍ത്ത് അലക്സ് അവിടെ ഇരുന്നു.
അപ്പോഴാണ് ബോസ്സ് ഓഫീസിലേക്ക് കയറി വന്നത്. എല്ലാവരും ബോസ്സിനോട് ഗുഡ് മോര്‍ണിംഗ് പറയുന്നു. ബോസ്സ് തിരിച്ചും പറയുന്നു. ബോസ്സ് അലക്സിന്റെ അരികില്‍ എത്തിയപ്പോള്‍ അലക്സും ബോസ്സിനെ നോക്കി പറഞ്ഞു: ഗുഡ് മോര്‍ണിംഗ് സാര്‍.
ബോസ്സ് പുഞ്ചിരിയോടെ അലക്സിനെ നോക്കിക്കൊണ്ട് പറഞ്ഞു: ഗുഡ് മോര്‍ണിംഗ്. പുതിയ ആളാണ് അല്ലെ? വരൂ, എന്റെ കാബിനില്‍ ഇരുന്നു സംസാരിക്കാം.
അലക്സ് ആകെ പകച്ചുകൊണ്ട് ബോസ്സിന്റെ പുറകെ മെല്ലെ മെല്ലെ പോയി. കാബിനില്‍ എത്തിയപ്പോള്‍ ബോസ്സ് അലക്സിനോട് പറഞ്ഞു: ആ ഡോര്‍ അടച്ചോളൂ.
അലക്സ് ഡോര്‍ മെല്ലെ അടച്ചു.
ബോസ്സ്: അലക്സ് അവിടെ ഇരിക്കൂ.
അലക്സ്: വേണ്ട സാര്‍, ഞാന്‍ നിന്നോളാം.
ബോസ്സ്: (പുഞ്ചിരിച്ചുകൊണ്ട്) അലക്സിന്റെ വിനയം എനിക്ക് ഇഷ്ടപ്പെട്ടു. അലക്സ്, എന്നോട് കൂടുതല്‍ ഫോര്‍മാലിറ്റി ഒന്നും വേണ്ട. ഞാന്‍ എന്നും നിങ്ങളുടെ നല്ല ഒരു സുഹൃത്തായിരിക്കും. എന്ത് ആവശ്യം ഉണ്ടായാലും എന്നോട് തുറന്നുപറയാന്‍ മടിക്കണ്ട. എന്നെക്കൊണ്ട് കഴിയുന്ന എല്ലാ സഹായവും ചെയ്തുതരാം. എല്ലാ ജോലിയും പഠിക്കുക. എന്നാലല്ലേ കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ കഴിയൂ.
ബോസ്സിന്റെ ഈ സംസാരം കേട്ടപ്പോള്‍ അലക്സിനു ആകെ കണ്‍ഫ്യൂഷന്‍ ആയി. ഇത്രയും നല്ല ബോസ്സിനെക്കുറിച്ചാണോ മണിസാര്‍ വളരെ മോശമായി പറഞ്ഞത്?
ബോസ്സ് തുടര്‍ന്നു: പിന്നെ ഒരുകാര്യം ഞാന്‍ പറയാം, കഴിയുന്നതും മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കണ്ടെത്താന്‍ നോക്കരുത്. അവനവന്റെ ജോലി നല്ല വൃത്തിയും വെടിപ്പായും ചെയ്യുക. നിങ്ങളുടെ സന്തോഷമാണ് എന്റെ സന്തോഷം. നിങ്ങളുടെ വളര്‍ച്ചയാണ് എന്റെ വളര്‍ച്ച.
ഇത്രയും കേട്ടപ്പോള്‍ സത്യത്തില്‍ അലക്സിന്റെ കണ്ണില്‍ നിന്നും അറിയാതെ രണ്ടുതുള്ളി കണ്ണുനീര്‍ അടര്‍ന്നുവീണു.
ബോസ്സ് തുടര്‍ന്നു: ദൈവത്തെ വിളിച്ചുകൊണ്ടു ജോലി തുടങ്ങിക്കോളൂ. മണി എല്ലാം പറഞ്ഞുതരും. ഓള്‍ ദി ബെസ്റ്റ്. സീറ്റിലേക്ക് പൊയ്ക്കോളൂ.
അലക്സ് നന്ദി പറഞ്ഞുകൊണ്ട് തന്റെ സീറ്റിലേക്ക് പോയി ഇരുന്നു.
പുഞ്ചിരി തൂകിക്കൊണ്ടുള്ള അലക്സിന്റെ വരവ് മണിസാറിന് അത്ര ഇഷ്ടപ്പെട്ടില്ല എന്ന് മുഖഭാവം കണ്ടാല്‍ അറിയാം. തല്‍ക്കാലം ഇരുവരും കൂടുതല്‍ വ്യക്തിപരമായ വിശേഷങ്ങള്‍ സംസാരിച്ചില്ല.
കുറച്ചുനാളുകള്‍ക്ക് ശേഷം ഒരിക്കല്‍ അലക്സ് മണിസാറിനോട് ചോദിച്ചു: അല്ല സാറേ, സാര്‍ എത്ര നാളായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്നു?
മണിസാര്‍: (പുച്ഛഭാവത്തില്‍) പത്തു വര്‍ഷം തികച്ചു എന്ന് പറഞ്ഞാല്‍ പോരേ?
അലക്സിനു ചിരിവന്നെങ്കിലും തല്‍ക്കാലം ചിരി അടക്കി.
ഈ മണിസാറിനെപ്പോലെ ഒത്തിരിപേരുണ്ട് നമുക്കു ചുറ്റും. മാസംതോറും കൃത്യമായി ശമ്പളം കൊടുക്കുകയും ആ പൈസകൊണ്ട് തന്റെ ജോലിക്കാരുടെ കുടുംബം സസന്തോഷം കഴിയുകയും ചെയ്യുന്നത് കണ്ടു സന്തോഷിക്കുന്ന മുതലാളിയെപ്പോലും വെറുതെവിടില്ല. നാക്കെടുത്താല്‍ കുറ്റവും കുറവും മാത്രമേ പറയൂ. എന്നിട്ടും ഒരു നാണവുമില്ലാതെ വീണ്ടും അതേ സ്ഥാപനത്തില്‍ തന്നെ ജോലി ചെയ്യുകയും അടുത്ത മാസത്തെ ശമ്പളത്തിന് വേണ്ടി കാത്തിരിക്കുകയും ചെയ്യും. ഇത്രയ്ക്കു വിഷമമുണ്ടെങ്കില്‍ അവിടെ നിന്ന് രാജിവെച്ച് പൊയ്ക്കൂടെ? അത് ശരിയാവില്ല, അല്ലേ? ഇത്രയും നല്ല ജോലി വേറെ കിട്ടില്ല എന്ന് നല്ലതുപോലെ അറിയാം അവര്‍ക്ക്.
ഇത് വായിക്കുന്ന ആരെങ്കിലും ഈ മണിസാറിനെപ്പോലെ പെരുമാറുന്നവര്‍ ആണെങ്കില്‍ ഇത് അവര്‍ക്കുള്ള ഒരു വിരല്‍ ചൂണ്ടല്‍ ആണ്. ഇഷ്ടമില്ലെങ്കില്‍ വിട്ടിട്ടു പോകുക. അല്ലെങ്കില്‍ കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെടുക.
എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നുകൊള്ളുന്നു.
പോള്‍സണ്‍ പാവറട്ടി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ