02 ഡിസംബർ 2011

മുല്ലപ്പെരിയാറില്‍ മുങ്ങിത്തപ്പുന്നവര്‍!!


"കാക്ക കണ്ടറിയും, കൊക്ക് കൊണ്ടറിയും" എന്നൊരു ചൊല്ലുണ്ട്. നമ്മള്‍ മലയാളികള്‍ പല കാര്യങ്ങളിലും കൊക്കിനെപ്പോലെയാണ് എന്നു പറയുന്നതില്‍ ഒരു അതിശയോക്തിയും ഇല്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മുല്ലപ്പെരിയാര്‍ പ്രശ്നം.

മുല്ലപ്പെരിയാര്‍ പ്രശ്നം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം ഒത്തിരിയായി. ഇത്രയുംകാലം ചര്‍ച്ചകള്‍  പലതും ചെയ്തിട്ടും കേസുകള്‍ പലതും നടത്തിയിട്ടും എല്ലാം ഇപ്പോഴും തുടങ്ങിയേടത്തു തന്നെയാണ്  നില്‍ക്കുന്നത് എന്നതാണ് തമാശ. ഇതുവരെ മുല്ലപ്പെരിയാര്‍ ഡാം തകരാതെ നില്‍ക്കുന്നതുതന്നെ വലിയ ദൈവാനുഗ്രഹം എന്നു മാത്രമേ പറയാനുള്ളൂ. നമ്മുടെ ഗതികിട്ടാത്ത ചര്‍ച്ചകളും കേസുകളും കണ്ടും കേട്ടും മനസ്സ് മടുത്താല്‍ ഒടുവില്‍ മുല്ലപ്പെരിയാര്‍ ഡാം അതിന്റെ ശരിയായ സ്വഭാവം കാണിക്കും. അതോടെ എല്ലാ ചര്‍ച്ചയും തീരും!!! പിന്നെ ദുരിതാശ്വാസ ഫണ്ട്‌ സമാഹരിക്കാനും അതില്‍ കൈയ്യിട്ടു വാരാനുമുള്ള മത്സരമായിരിക്കും.

കോടികള്‍ കക്കുന്ന കാര്യത്തിലും സ്വന്തം സ്ഥാനമാനങ്ങള്‍ക്കു വേണ്ടി  പരസ്പരം കുതികാല്‍ വെട്ടുന്ന കാര്യത്തിലും മത്സരിക്കുന്ന നമ്മുടെ നേതാക്കന്മാര്‍ മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ മാത്രം ഒന്നും കാണാത്ത കുരുടനെപ്പോലെയാണ് പെരുമാറുന്നത്. മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാലും തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും വള്ളം കയറില്ല എന്ന ആശ്വാസമായിരിക്കും ഒരുപക്ഷേ ഈ നേതാക്കന്മാര്‍ക്കുള്ളത്.

കേന്ദ്രത്തിലുള്ളവരുടെ കാര്യം പറയുകയേവേണ്ട. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്നും അവിടെയുള്ളവരും പച്ചമനുഷ്യരാണെന്നും മറ്റും അവര്‍ക്ക് അറിയില്ല എന്നു തോന്നുന്നു അവരുടെ പെരുമാറ്റം കണ്ടാല്‍. "ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീരു കണ്ടാല്‍ മതി" എന്നു പറയുന്നതുപോലെ കേരള മക്കള്‍ ചത്താലെന്താ തുലഞ്ഞാലെന്താ, നമ്മുടെ മന്ത്രിസഭക്ക് ഇളക്കം തട്ടാതിരുന്നാല്‍ മതി എന്നു ചിന്തിക്കുന്നവരാണ് നേതാക്കന്മാര്‍ എന്നു ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ?

ലോക് പാല്‍ ബില്ല് പാസ്സാക്കത്തില്‍ മനംനൊന്ത് അന്നാ ഹസാരേയും സംഘവും അവിടെ തലകുത്തി മറിഞ്ഞ് നിരാഹാര സത്യഗ്രഹ മത്സരം നടത്തിവരികയാണ്.  ലോക് പാല്‍ ബില്ല് പാസ്സാക്കിയില്ലെങ്കില്‍ ലോകം അവസാനിച്ചെങ്കിലോ എന്നാവും അവര്‍ ആശങ്കപ്പെടുന്നത്. ഇവിടെ കൊച്ചു കേരളത്തിലെ നാല്‍പതു ലക്ഷത്തോളം ജനങ്ങള്‍ വെള്ളം കുടിച്ചു ചത്തുപോയേക്കാവുന്ന വളരെ അപകടകരമായ കാര്യങ്ങളൊന്നും അവര്‍ കാണുന്നില്ല, കേള്‍ക്കുന്നില്ല, അറിയുന്നില്ല, മനസ്സിലാക്കുന്നില്ല.

ഇനി, നീതി നടപ്പാക്കാന്‍ വേണ്ടി പീഠത്തിന്മേല്‍ ഇരിക്കുന്നവരുടെ കാര്യം ഇതിലേറെ തമാശയാണ്. സത്യം മുന്നില്‍ കണ്ടാലും തെളിവില്ല എന്നു പറഞ്ഞു "ആടിനെ പട്ടിയാക്കാന്‍" മിടുക്കുള്ളവരാണ് ഇക്കൂട്ടര്‍. ആരെങ്കിലും വായില്‍ തോന്നിയത്  എവിടെയെങ്കിലും വിളിച്ചു പറഞ്ഞാല്‍ ആരും കേസ്സ് കൊടുത്തില്ലെങ്കിലും സ്വയം കേസ്സ് എടുക്കാനും വിധി നടപ്പിലാക്കാനും കഴിയുന്ന ഈ മിടുക്കന്മാര്‍ മുല്ലപ്പെരിയാര്‍ ഡാം തകരാന്‍ പോകുന്നു എന്നു കേരളം ഒട്ടാകെ വിളിച്ചു കൂകുമ്പോഴും അതുമാത്രം അവര്‍ കേള്‍ക്കുന്നില്ല, മനസ്സിലാക്കുന്നില്ല. ഹ കഷ്ടം!!!

അല്ലയോ കേരള ജനമേ, ഇത് നമ്മുടെ യോഗമാണ്, വിധിയാണ്. അനുഭവിക്കയല്ലാതെ വേറെ ഒരു നിവൃത്തിയും കാണുന്നില്ല. എല്ലാവരുടേയും ചര്‍ച്ചകളും കേസുകളും ഒന്നിന് പുറകെ ഒന്നായി ഇങ്ങനെ നടക്കട്ടെ. അതുവരെ (ഒരു നൂറ്റാണ്ടു കൂടി) നമുക്കു കാത്തിരിക്കാം. അതുവരെ ഡാം പൊട്ടാതിരിക്കാന്‍ വേണ്ടി അവരവരുടെ ദൈവത്തോട് പ്രാര്‍ഥിക്കാം.

എല്ലാം ശുഭമായി പരിണമിക്കട്ടെ എന്നു പ്രത്യാശിക്കാം.

***

പോള്‍സണ്‍ പവറട്ടി - ദുബായ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ