02 ഡിസംബർ 2011

ഇതാ ഒരു നല്ലിടയ‌ന്‍ !!


പാവറട്ടിക്കാരന്‍ വിയാനിയച്ചന്‍
പാവങ്ങളെയേറെ സ്നേഹിച്ചോരച്ചന്‍


ആരോരുമില്ലാതെ വലയുന്ന മാനവര്‍-
ക്കാശ്രയമായെന്നും മാറുന്നോരച്ചന്‍


ജാതിമതമൊന്നുമേ നോക്കാതെ മര്‍ത്ത്യരെ
സ്നേഹിതരായ് മാത്രം കാണുന്നോരച്ചന്‍


കഷ്ടതയിലുഴലുന്ന വൃദ്ധജനങ്ങളെ
ഭിക്ഷാടനം ചെയ്തു പോറ്റുന്നോരച്ചന്‍


അപമാനമൊത്തിരി നേടിയെന്നാകിലും
അഭിമാനമായത് കാണുന്നോരച്ചന്‍


കാര്‍ക്കിച്ചുതുപ്പാന്‍ തുനിഞ്ഞൊരു സോദരനെ
മാറോടണച്ചുമ്മയേകിയോരച്ചന്‍


കിട്ടുന്നതൊക്കെയും അന്യര്‍ക്ക് നല്‍കിക്കൊ-
ണ്ടൊട്ടിയ വയറുമായ് കഴിയുന്നോരച്ചന്‍


പൊട്ടിയ വള്ളിച്ചെരുപ്പു ധരിച്ചെന്നും
കാട്ടിലും മേട്ടിലും നടക്കുന്നോരച്ചന്‍


ലാളിത്യമാര്‍ന്നൊരു ജീവിത ശൈലി
പാലിക്കുവാന്‍ വിമുഖനാകാത്തോരച്ചന്‍


രോഗങ്ങളൊത്തിരിയുണ്ടെന്നിരിക്കിലും
രോഗങ്ങളെക്കുറിച്ചോര്‍ക്കാത്തോരച്ചന്‍


തെറ്റിനെ തെറ്റായും നേരിനെ നേരായും
തെറ്റാതെയെന്നും അളക്കുന്നോരച്ചന്‍


എന്തു വിഘാതമുണ്ടായാലും പതറാതെ
സത്യത്തിന്‍ പാതയില്‍ ചരിക്കുന്നോരച്ചന്‍


ഇത്തിരിനേരം കൊണ്ടൊത്തിരി സത്കര്‍മ്മം
നിസ്വാര്‍ത്ഥമായെന്നും ചെയ്യുന്നോരച്ചന്‍


കുരിശിന്റെ വഴിയിലൂടെന്നും ഗമിക്കുവാന്‍
കുരിശും ചുമന്നു നടക്കുന്നോരച്ചന്‍


സേവനം ചെയ്തുകൊണ്ടീശനെ വന്ദിക്കാന്‍
ഏവര്‍ക്കും മാതൃകയേകുന്നോരച്ചന്‍

***

പോള്‍സണ്‍ പാവറട്ടി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ