10 ഡിസംബർ 2011

മുല്ലപ്പെരിയാര്‍....നമ്പൂരിക്കഥപോലെ !!

"പറമ്പിലെ വാഴയെല്ലാം തിന്നുന്ന പശുവിനെ തല്ലാന്‍ ഓങ്ങിനില്‍ക്കുന്ന നമ്പൂരിയെപ്പോലെ" എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പശുവിന്റെ മര്‍മ്മം ഇല്ലാത്ത സ്ഥലത്ത് അടിക്കാന്‍ വടിയും പിടിച്ച് പശുവിനു ചുറ്റും നമ്പൂരി ഓടിനടക്കുന്നതിനിടയില്‍ പരമാവധി വാഴയും തിന്ന് എല്ലാം ചവിട്ടിമെതിച്ച് നശിപ്പിച്ച് പശു അതിന്റെ പാട്ടിനുപോയി. അപ്പോഴും നമ്പൂരി വടിയും പിടിച്ച് അവിടെത്തന്നെ നില്‍പ്പുണ്ട്.

ഏതാണ്ട് ഈ നമ്പൂരിക്കഥ പോലെയാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നമ്മുടെ നേതാക്കന്മാരുടേയും ഉദ്യോഗസ്ഥരുടേയും വിധി നടപ്പാക്കേണ്ടവരുടേയും മറ്റും മനോഭാവം. എന്ത് തീരുമാനം എടുക്കണം എന്ന് ആര്‍ക്കും ഒരു തിട്ടവുമില്ല. ഒരുകൂട്ടര്‍ ഉപവാസ സത്യാഗ്രഹ മത്സരം നടത്തിക്കൊണ്ടിരിക്കുന്നു. (കേരളത്തില്‍ കുറച്ചുപേര്‍ പട്ടിണി കിടന്നാല്‍ തമിഴ് നേതാക്കന്മാരുടെ മനസ്സ് ഉരുകിയെങ്കിലോ എന്നാവും ഇക്കൂട്ടര്‍ ചിന്തിക്കുന്നുണ്ടാവുക.) വേറെ ഒരുകൂട്ടര്‍ വലിയ വായില്‍ പ്രസംഗിച്ചുകൊണ്ടും പ്രസ്താവനകള്‍ ഇറക്കിക്കൊണ്ടും പരസ്പരം മത്സരിക്കുന്നു. അങ്ങനെ പലരും പലവിധം ഉത്സാഹിക്കുന്നു. എല്ലാം നല്ലതുതന്നെ.

എന്നാല്‍ തീരുമാനം എടുക്കേണ്ടവര്‍ മാത്രം ഇതൊന്നും കാണുന്നില്ല, കേള്‍ക്കുന്നില്ല, മനസ്സിലാക്കുന്നില്ല. കേന്ദ്രത്തില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്ന നമ്മുടെ മലയാളി നേതാക്കന്മാര്‍ സ്വന്തം മന്ത്രിസ്ഥാനവും എം. പി. സ്ഥാനവും മറ്റും എങ്ങനെ സുരക്ഷിതമായി വക്കാം എന്ന ചിന്തയിലാണ്. മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാലും വേണ്ടില്ല, മുപ്പതു നാല്‍പ്പതു ലക്ഷം ജനങ്ങള്‍ ചത്താലും വേണ്ടില്ല, അതില്‍ സ്വന്തക്കാര്‍ ഉണ്ടായാലും കുഴപ്പമില്ല, മലയാളികള്‍ തമിഴ്നാട്ടില്‍ കഷ്ടപ്പെട്ടാലും തല്ലുമേടിച്ചാലും ഒന്നും വിഷമമില്ല.... സ്വന്തം കാര്യം സിന്ദാബാദ്. ഇതാണ് അവരുടെ നയം.

ചര്‍ച്ചകള്‍ക്കൊന്നും ഒരു കുറവുമില്ല. ഈ ചര്‍ച്ചകള്‍ തുടങ്ങിയിട്ട് ഒത്തിരി നാളായി. ഇപ്പോഴും "പണ്ടത്തെ ചങ്കരന്‍ തെങ്ങിന്മേല്‍ തന്നെ". ഓരോ ഭൂകമ്പം ഉണ്ടാകുമ്പോഴും മുല്ലപ്പെരിയാര്‍ ഡാം മനസ്സില്‍ പറയുന്നുണ്ടാവും "ഇവന്മാരുടെ ചര്‍ച്ചകളും തര്‍ക്കങ്ങളും എല്ലാം കഴിഞ്ഞ് എത്രയും വേഗം എന്നെ ഒന്ന് പരിഗണിച്ചെങ്കില്‍" എന്ന്. ഈ തര്‍ക്കം ഈ പോക്ക് പോകുകയാണെങ്കില്‍ ബലൂണില്‍ കാറ്റടിച്ച് വീര്‍പ്പിക്കുന്ന പോലെയിരിക്കും. എല്ലാറ്റിനുമില്ലേ ഒരു പരിധി?

കുറച്ചു കാലത്തേക്ക് നമ്മുടെ കേന്ദ്ര മന്ത്രിസഭയും സുപ്രീംകോടതിയും മറ്റും മുല്ലപ്പെരിയാറിന് സമീപത്തേക്ക് മാറ്റിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! അതുപോലെതന്നെ തമിഴ്നാട് നിയമസഭയും കുറച്ചു നാളത്തേക്ക് മുല്ലപ്പെരിയാറിന് സമീപം കൂടാന്‍ കേരളം അനുവദിക്കണം. പറ്റുമെങ്കില്‍ എല്ലാ നേതാക്കന്മാര്‍ക്കും മുല്ലപ്പെരിയാര്‍ ഡാം നില്‍ക്കുന്ന ഭാഗത്ത്‌ സൌജന്യമായി താമസിക്കാനുള്ള അവസരം കൊടുക്കണം എന്നൊരു അഭിപ്രായം കൂടിയുണ്ട്.

എല്ലാം രമ്യമായി പരിഹരിക്കപ്പെടാനും അതുവരെ യാതൊരു അത്യാഹിതവും ഉണ്ടാവാതിരിക്കാനും നമുക്ക് ദൈവത്തോട് പ്രാര്‍ഥിക്കാം. അതുമാത്രമേ സാധാരണക്കാര്‍ക്ക് ഇപ്പോള്‍ നിര്‍വാഹമുള്ളൂ.


പോള്‍സണ്‍ പാവറട്ടി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ