12 ഡിസംബർ 2011

മുല്ലപ്പെരിയാര്‍ - "കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്നവര്‍" !!

"കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്നവര്‍" എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അതിപ്പോള്‍ നേരില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഒന്നുമറിയാത്ത പാവം തമിഴ് മക്കളെ അവിടത്തെ നേതാക്കന്മാര്‍ എന്തൊക്കെയോ കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് തമ്മില്‍ തല്ലിക്കുകയാണ്. കേട്ടതുപാതി കേക്കാത്തപാതി ആ പാവങ്ങള്‍ എരിതീയിലേക്ക് എടുത്തുചാടുന്നു.

ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. കേരളം പറയുന്നു പുതിയ ഡാം പണി തീരുന്നതുവരേയും തുടര്‍ന്നും തമിഴ് മക്കള്‍ക്ക്‌ സുലഭമായി വെള്ളം കൊടുക്കാമെന്ന്. എന്നാല്‍ തമിഴ് നേതാക്കള്‍ പറയുന്നു, പുതിയ ഡാം പണിയരുത് എന്ന്. എന്തായിരിക്കും ഇവര്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്? അവര്‍ക്ക് യഥാര്‍ത്ഥത്തില്‍ വെള്ളം തന്നെയാണോ വേണ്ടത്? അതോ മറ്റുവല്ല ഗൂഡ ലക്ഷ്യമുണ്ടോ? ഇക്കാര്യം എന്താ ആരും അന്വേഷിക്കാത്തത്? അഥവാ അറിയാമെങ്കില്‍ വെളിപ്പെടുത്താത്തത്?

മൂക്ക് കീഴ്പോട്ടുള്ള എല്ലാവര്‍ക്കും ഇത് കേട്ടാല്‍ മനസ്സിലാവും ഇതില്‍ എന്തോ ചതിയുണ്ട് എന്ന്. എന്നാല്‍ "ഉത്തരവാദപ്പെട്ടവര്‍ക്ക്" മാത്രം ഇത് മനസ്സിലാവുന്നില്ല. സത്യത്തില്‍ ഇങ്ങനെ ഉറക്കം നടിക്കുന്നവരെ, അവര്‍ ആരുമായിക്കൊള്ളട്ടെ, അവരെ മനുഷ്യരുടെ ഗണത്തില്‍ പെടുത്താമോ? ഇവര്‍ക്ക് മനുഷ്യത്വം എന്നൊന്ന് ഉണ്ടോ?

റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിച്ചു രസിച്ചവരെപ്പോലെ ഇന്നത്തെ രാഷ്ട്രീയ / ഉദ്യോഗസ്ഥ / സാംസ്കാരിക ..... നായകന്മാരും നേതാക്കന്മാരും മറ്റും എല്ലാം കണ്ടിട്ടും എല്ലാം കേട്ടിട്ടും ഒന്നും കാണാത്ത കുരുടനെപ്പോലെ, ഒന്നും കേള്‍ക്കാത്ത ചെകിടനെപ്പോലെ, ഒന്നും ഉരിയാടാനാവാത്ത ഊമയെപ്പോലെ പെരുമാറുന്നത് കാണുമ്പോള്‍ അവരോട് പുച്ഛം മാത്രമല്ല അടങ്ങാത്ത അമര്‍ഷവും തോന്നുന്നു.

ഈ പോക്ക് പോയാല്‍ സാധാരണക്കാര്‍ക്ക് സമനില തെറ്റി അവര്‍ നിയമം കൈയ്യിലെടുത്താല്‍ അവരെ കുറ്റം പറയാനാവുമോ? അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുകയാണ്.

പോള്‍സണ്‍ പാവറട്ടി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ