05 ഡിസംബർ 2011

കള്ളില്ലാത്ത കള്ളപ്പം!

ക്രിസ്മസ്, ഈസ്റര്‍ തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ പൊതുവേ ക്രിസ്ത്യാനികളുടെ വീടുകളില്‍ ഉണ്ടാക്കുന്ന ഒരു വിശേഷ പലഹാരമാണ് കള്ളപ്പം. ചിലയിടങ്ങളില്‍ ഇതിനെ വട്ടേപ്പം എന്നും വേറെ ചിലയിടങ്ങളില്‍ വേറെ ചില പേരുകളും വിളിക്കും. ഇന്ന് ബേക്കറികളില്‍ ഇത് സുലഭ്യമാണ്.

കള്ളപ്പം എന്ന പേര് വന്നത് അതില്‍ കള്ള് ഒഴിച്ച് ഉണ്ടാക്കുന്നതുകൊണ്ടാണ്. എന്നാല്‍ ഇന്ന് ഇതില്‍ ഒഴിക്കാന്‍ എവിടെയാണ് കള്ള് ഉള്ളത്? കള്ളിനു പകരം മറ്റു പലതും ചേര്‍ത്താണ് ഇന്ന് കള്ളപ്പം ഉണ്ടാക്കുന്നത്. അപ്പോഴും പേര് കള്ളപ്പം എന്നുതന്നെയാണ്. “കള്ളില്ലാത്ത കള്ളപ്പം.” കൊള്ളാം അല്ലേ?

ഇത് പറയാന്‍ ഒരു കാരണമുണ്ട്. ഇപ്പോള്‍ അതായത് ഡിസംബര്‍ മാസം ക്രിസ്ത്യാനികളുടെ നോമ്പുകാലമാണ്. ക്രിസ്തുമസ്സിനു ഒരുക്കമായുള്ള നോമ്പാചരണം. ഉണ്ണിയേശുവിനെ ഹൃദയത്തില്‍ വരവേല്‍ക്കാന്‍ വേണ്ടി ഹൃദയം നിര്‍മ്മലമാക്കാനുള്ള ഒരു മാര്‍ഗ്ഗമാണ് ഈ നോമ്പാചരണം എന്ന് വിശ്വസിച്ചുപോരുന്നു. മാംസം, മത്സ്യം തുടങ്ങിയവ വര്‍ജ്ജിക്കലാണ് ഈ നോമ്പാചരണത്തിലൂടെ ചെയ്യുന്നത്. ഒരുതരത്തില്‍ ഇതെല്ലാം നല്ലതുതന്നെയാണ്; സംശയമില്ല.

കഴിഞ്ഞ ദിവസം ഒരു കുട്ടി എന്നോട് ചോദിച്ചു; അങ്കിള്‍, ഇറച്ചിയും മീനും മറ്റും കഴിക്കാതിരുന്നാല്‍മാത്രം മനസ്സും ഹൃദയവും നന്നാവുമോ? അങ്ങനെയാണെങ്കില്‍ സസ്യഭുക്കുകളായ ജീവികള്‍ എത്രയോ നല്ല ഹൃദയമുള്ളവരായിരിക്കും, അല്ലേ അങ്കിള്‍?

ഈ ചോദ്യത്തിന് ഉത്തരം കൊടുക്കാന്‍ നാം ഏവരും ബാധ്യസ്ഥരാണ്. എല്ലാവരും നോമ്പാചരിക്കുന്നു, ഉപവാസം അനുഷ്ഠിക്കുന്നു....അതുപോലെ പലവിധ ഭക്താഭ്യാസങ്ങള്‍ ആചരിക്കുന്നു. എന്നിട്ടും ഇക്കൂട്ടരുടെയൊന്നും ഹൃദയവും മനസ്സും ഒന്നും എന്തേ നിര്‍മ്മലമാകാത്തത്?

തെളിഞ്ഞ വെള്ളത്തില്‍ ഒരു ചെറിയ കല്ല് ഇട്ടുനോക്കൂ. ആ കല്ല് വന്നുവീണ ഭാഗത്തിനു ചുറ്റും അലകള്‍ ഉണ്ടാകുന്നു. ഏതാനും നിമിഷങ്ങള്‍ക്കുശേഷം ആ അലകള്‍ ഇല്ലാതാവുകയും വെള്ളം പൂര്‍വസ്ഥിതിയില്‍ എത്തുകയും ചെയ്യുന്നു.

ഏതാണ്ട് ഇതേ അവസ്ഥ തന്നെയല്ലേ മനുഷ്യരുടേയും? ഇന്ന് ഭക്താഭ്യാസങ്ങള്‍ പലതും പലര്‍ക്കും വെറും അഭ്യാസങ്ങള്‍ മാത്രമല്ലേ? ആരേയോ ബോധിപ്പിക്കാന്‍ വേണ്ടി, അല്ലെങ്കില്‍ ഏതെങ്കിലും വഴിപാട് നേര്‍ന്നതിന്റെ പേരില്‍ ചെയ്തുകൂട്ടുന്ന വെറും അഭ്യാസമല്ലേ ഇതെല്ലാം? പുറമേക്ക് എന്തൊക്കെ കാട്ടിക്കൂട്ടുന്നുണ്ടെങ്കിലും ഉള്ളിന്റെയുള്ളില്‍ അതിന്റെ ചലനം അഥവാ മാറ്റം ഒന്നും കാണുന്നില്ല. ഇക്കാര്യത്തില്‍ ജാതിമതഭേദമന്യേ സകലരും ഉള്‍പ്പെടും എന്നതാണ് വാസ്തവം.

എന്തിനാണ് ഈ അഭ്യാസം? ആരെ സുഖിപ്പിക്കാനാണ് ഈ വേലത്തരങ്ങള്‍? സാക്ഷാല്‍ ദൈവം തമ്പുരാനേയോ? ദൈവം തമ്പുരാന്‍ അന്ധനോ ചെകിടനോ മണ്ടനോ മറ്റോ ആണോ ഒന്നും കാണാതിരിക്കാന്‍, കേള്‍ക്കാതിരിക്കാന്‍, മനസ്സിലാക്കാതിരിക്കാന്‍? നമ്മള്‍ തമ്പുരാന്റെ മുന്നില്‍ എത്ര ഒളിച്ചുവെച്ചാലും പതിനായിരം സൂര്യനേക്കാള്‍ ശോഭയുള്ള തമ്പുരാന്റെ കണ്ണ് നമ്മുടെ ഹൃദയം കാണുന്നുണ്ട് എന്ന സത്യം പലപ്പോഴും നമ്മള്‍ മറന്നുപോകുന്നു.

ആയതിനാല്‍ സ്നേഹിതരേ, നമുക്ക് ഇതാ ഈ നിമിഷംമുതല്‍ ഒരു തീരുമാനം എടുക്കാം: നോമ്പ് ആചരിക്കുന്നതിനോടൊപ്പം, ഉപവാസം അനുഷ്ഠിക്കുന്നതിനോടൊപ്പം, ഭക്താഭ്യാസങ്ങള്‍ നടത്തുന്നതിനോടൊപ്പം ... മറ്റുള്ളവരിലേക്ക് ഇറങ്ങിചെല്ലാനും അവരെ മനസ്സിലാക്കാനും അവര്‍ക്കുവേണ്ടി നന്മ ചെയ്യാനും അങ്ങനെ തന്റെ ഹൃദയം നിര്‍മ്മലമാക്കാനും ശ്രമിക്കും എന്ന്. ഇതുപോലെ നാം ഓരോരുത്തരും നല്ല തീരുമാനമെടുത്താല്‍ ആ തീരുമാനം നടപ്പില്‍ വരുത്തിയാല്‍ നമ്മുടെ ഈ നാട് ഒരു സ്വര്‍ഗ്ഗമായിതീരും; സംശയമില്ല.

പിന്നീട് ആരും പറയില്ല “കള്ളില്ലാത്ത കള്ളപ്പം” പോലെയാണ് നിന്റെ ഭക്താഭ്യാസങ്ങള്‍ എന്ന്.

എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു.

***

പോള്‍സണ്‍ പാവറട്ടി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ