13 ഡിസംബർ 2011

മുല്ലപ്പെരിയാര്‍....ഈ പോക്കുപോയാല്‍ ???

ഏതു ടി. വി. ചാനല്‍ വെച്ചാലും ഏതു പത്രം തുറന്നു നോക്കിയാലും ഏതു റേഡിയോ വാര്‍ത്തകള്‍ കേട്ടാലും എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്നത് മുല്ലപ്പെരിയാര്‍ വാര്‍ത്തകള്‍ തന്നെ. ഇതുവരെ, മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ എന്തായിരിക്കും അവസ്ഥ എന്നതിനെക്കുറിച്ചായിരുന്നു ആശങ്ക; എങ്കില്‍ ഇപ്പോള്‍ അതിലും ഭീകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്‌.

തമിഴ്നാട്ടിലുള്ള മലയാളികള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ സഹിക്കാവുന്നതിലും ഏറെയാണ്‌. മലയാളികളുടെ വീടുകള്‍ തല്ലിപ്പൊളിക്കുന്നു, കടകള്‍ കൊള്ളയടിക്കുന്നു, ശാരീരികയായും മാനസികമായും പീഡിപ്പിക്കുന്നു....പഠിക്കാന്‍ പോകുന്ന കുട്ടികളെപ്പോലും ഭക്ഷണവും വെള്ളവും കൊടുക്കാതെപോലും പീഡിപ്പിക്കുന്നു എന്നൊക്കെ കേള്‍ക്കുമ്പോള്‍ സാമാന്യം ക്ഷമാശക്തിയുള്ളവര്‍ക്കുപോലും ക്ഷമ നശിക്കുന്ന അവസ്ഥയിലാണ്.

എങ്ങോട്ടാണ് ഈ പോക്ക്? എന്താണ് ഇക്കൂട്ടരുടെ ഉദ്ദേശ്യം? ഇക്കൂട്ടരെയല്ലേ തീവ്രവാദികള്‍ എന്നു വിളിക്കേണ്ടത്? ഇത്തരം തീവ്രവാദത്തിനു പ്രോത്സാഹിപ്പിക്കുന്നവരെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുകയല്ലേ മൌനമായി നിലകൊള്ളുന്ന ഉത്തരവാദപ്പെട്ടവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്?

ഓണത്തിന് കൊടുക്കുന്നതല്ലേ ഓണക്കോടി? അല്ലാതെ ക്രിസ്മസ് -ന് കൊടുക്കുന്ന കോടിക്ക് ഓണക്കോടി എന്നു വിളിക്കാന്‍ കഴിയില്ലല്ലോ. അതുപോലെ, പ്രശ്നങ്ങള്‍ ഇത്രയ്ക്കു രൂക്ഷമായി നില്‍ക്കുമ്പോഴും കേരളത്തിലേയോ കേന്ദ്രത്തിലേയോ നേതാക്കന്മാര്‍ക്ക് ഒരു അനക്കവുമില്ല. ഇനി എന്നാണാവോ ഈ നേതാക്കന്മാര്‍ അനങ്ങാപ്പാറയില്‍നിന്ന് താഴെ ഇറങ്ങുക? എല്ലാവരും തമ്മില്‍ തല്ലി ചത്തുകഴിയുമ്പോഴോ? മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നു എല്ലാം നാമാവശേഷമാകുമ്പോഴോ?

കാര്യങ്ങള്‍ ഇത്രയും രൂക്ഷമായി നില്‍ക്കുമ്പോഴും കേരളത്തിലെ നേതാക്കന്മാര്‍ ഗ്രൂപ്പ്‌ കളിക്കാനും പരസ്പരം പഴിചാരാനുമാണ് സമയം കണ്ടെത്തുന്നത്. ഹൊ! എന്തൊരു കഷ്ടം! ഇനി എന്നാണാവോ നമ്മള്‍ മലയാളികള്‍ നേരെയാവുക?

പോള്‍സണ്‍ പാവറട്ടി

1 അഭിപ്രായം: