08 ഡിസംബർ 2011

സ്നേഹിച്ചതുകൊണ്ട് ആര്‍ക്കെന്തു ഗുണം?

"ആപത്തില്‍ സഹായിക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്‌"എന്നൊരു ചൊല്ല് തന്നെയുണ്ട്‌. എന്നാല്‍ ഇന്ന് എത്രപേര്‍ ഈ പറഞ്ഞപോലെ ആപത്തില്‍ സഹായിക്കാന്‍ തയ്യാറായി മുന്നോട്ടു വരുന്നുണ്ട് എന്ന കാര്യം ചിന്തിക്കേണ്ടതുതന്നെയാണ്.

പല സ്നേഹിതരും സ്നേഹം നടിക്കുന്നവര്‍ മാത്രമാണ്. പുറമേക്ക് അവര്‍ നല്ല സ്നേഹിതരായി നടിക്കും. എന്നാല്‍ അവസരം വരുമ്പോള്‍ കാലുവാരുകയും കൈയ്യൊഴിയുകയും ചെയ്യും. ഇത്തരത്തിലുള്ളവര്‍ സ്നേഹിതരായി ഉണ്ടായിട്ട് എന്താണ് കാര്യം?

വേറെ ചിലരുണ്ട്, കാര്യം കാണാന്‍ വേണ്ടി സ്നേഹം നടിക്കും. തന്റെ കാര്യം നടന്നുകഴിഞ്ഞാല്‍ ആദ്യം തള്ളിപ്പറയുന്നത് കാര്യം നേടിത്തന്ന നല്ല സ്നേഹിതനെത്തന്നെയായിരിക്കും.

ഇനിയും ചിലരുണ്ട്, തന്റെ നിബന്ധനകള്‍ അനുസരിക്കുന്നവരെ മാത്രമേ സ്നേഹിതരായി പരിഗണിക്കുകയുള്ളൂ. തന്റെ ഇംഗിതം എന്തോ അതുപോലെ സ്നേഹിതനും ആവണം എന്നു സാരം.

ഇന്നത്തെ കാലത്ത് നല്ലൊരു സ്നേഹിതനെ മനസ്സിലാക്കുക എന്നത് വളരെ ദുഷ്കരമായ കാര്യമാണ്. പൊതുവേ എല്ലാവരും നല്ല "അഭിനേതാക്കളാണ്" എന്നതുതന്നെ കാരണം. എനിക്കുതന്നെ വ്യക്തിപരമായി ഒരുപാട് അനുഭവങ്ങള്‍ ഉണ്ട്.

ഞാന്‍ പൊതുവേ എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാളാണ്. പക്ഷേ അതെല്ലാം പിന്നീട് വല്ലാത്ത തലവേദനയായി തീര്‍ന്നു എന്നതാണ് പരമാര്‍ത്ഥം. എന്നിട്ടും ഞാന്‍ പഠിച്ചിട്ടില്ല എന്നതാണ് അതിലേറെ തമാശ.

വീട്ടുകാരും കൂട്ടുകാരും എന്നും ഉപദേശിക്കും ഈ വക പൊല്ലാപ്പിലൊന്നും ചെന്നുപെടരുത് എന്ന്. കേള്‍ക്കുമ്പോള്‍ അന്നേരം തോന്നും ശരിയാണെന്ന്. പിന്നീട്, വേറെ ആരെങ്കിലും വിഷമിക്കുന്നത് കാണുമ്പോള്‍ ഞാന്‍ എല്ലാം മറക്കും. ഓടിപ്പോയി അവനെ സഹായിക്കും. പലപ്പോഴും എന്നോട് സഹായം ചോദിക്കുന്നതിനു മുന്‍പേ ഞാന്‍ സഹായഹസ്തം അങ്ങോട്ട്‌ നീട്ടും. അന്നേരത്തെ അദ്ദേഹത്തിന്റെ സ്നേഹപ്രകടനവും നന്ദിപ്രകടനവും കാണുമ്പോള്‍ ഇനി ജീവിതത്തില്‍ ഒരിക്കലും അദ്ദേഹം എന്നെ പിരിഞ്ഞിരിക്കില്ല എന്നു തോന്നിപ്പോകും. ആളൊന്നു പച്ചപിടിച്ചാല്‍, സ്വയം പറക്കാനുള്ള ചിറക് മുളച്ചുകഴിഞ്ഞാല്‍ പിന്നീട് ആ വ്യക്തിയെ അടുത്തെങ്ങും കാണാന്‍ കഴിയില്ല. വന്നവഴിപോലും മറന്ന് അങ്ങ് ദൂരേക്ക്‌ പറന്നകലും.

ആ ഷോക്കില്‍ അല്‍പനേരം ഞാന്‍ മ്ലാനവദനനായിരിക്കും, പക്ഷേ വീണ്ടും തഥൈവ.

ഒരുകാര്യം സത്യമാണ്, നമ്മള്‍ ആരെ സ്നേഹിച്ചുവോ സഹായിച്ചുവോ അവരില്‍ നിന്ന് ഒരുപക്ഷേ നല്ലതൊന്നും തിരികെ കിട്ടിയില്ലെന്നുവരാം. ചിലപ്പോള്‍ കുരിശും നിന്ദയും പരിഹാസവും മാനഹാനിയും ധനനഷ്ടവും എല്ലാം കിട്ടിയെന്നും വരാം. എന്നാല്‍ നമ്മുടെ ഓരോ ചെയ്തിയും ദൈവത്തിന്റെ കണക്കുപുസ്തകത്തില്‍ ഒട്ടും തെറ്റാതെ എഴുതിവച്ചിട്ടുണ്ടാവും. ആ പുസ്തകത്തിലെ കണക്ക് അനുസരിച്ചാണ് നമുക്ക് പ്രതിഫലം കിട്ടുക. പ്രതിഫലം തരുന്നവന്‍ ദൈവമാണെന്നോര്‍ക്കുക. മനുഷ്യന് കണക്കു തെറ്റാം. എന്നാല്‍ ദൈവത്തിന് ഒരിക്കലും കണക്കു തെറ്റില്ല. ഇത് എന്റെ വ്യക്തിപരമായ അനുഭവമാണ്.

അല്ലയോ സ്നേഹിതരേ, സ്നേഹിച്ചതുകൊണ്ട് ആര്‍ക്കെന്തു ഗുണം എന്നു ചിന്തിക്കാതെ നമുക്ക് എല്ലാവരേയും സ്നേഹിക്കാം. ഹൃദയം തുറന്നുതന്നെ സ്നേഹിക്കാം. കഴിയുന്നതുപോലെ സഹായിക്കാം. പ്രതിഫലം തരേണ്ടവന്‍ തക്കസമയം തക്ക പ്രതിഫലം തന്നോളും. മനുഷ്യരുടെ പ്രീതിക്കുവേണ്ടി ഒരിക്കലും കാത്തുനില്‍ക്കരുതേ.

എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു.

***

പോള്‍സണ്‍ പാവറട്ടി

1 അഭിപ്രായം:

  1. ദൈവത്തിന്റെ കണക്കു പുസ്തകത്തില് എല്ലാം എഴുതി വച്ചിട്ടുണ്ടാവും എന്നത് സത്യം തന്നെ .കുരിശും നിന്ദയും എന്ന പദം പോലും എനിക്കിന്ന് വ്യക്തമായി . കാരണം നിന്ദയും പാവഭാരവും സത്യ വചനമാകുമ്പോള് പാപങ്ങല്ക്കിന്നു മോചനം തന്നെ....
    ജയേഷ് കുമാര്

    മറുപടിഇല്ലാതാക്കൂ