കാളവണ്ടി, വണ്ടിക്കാള... എന്നൊക്കെ പറഞ്ഞാല്‍ ഇന്നത്തെ തലമുറയ്ക്ക് വലിയ പരിചയം കാണില്ല. എന്റെ ചെറുപ്പത്തില്‍ റോഡിലൂടെ കാളവണ്ടികള്‍ അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് കാണുമായിരുന്നു. നിറയെ ഭാരം കയറ്റിയ ആ വണ്ടികള്‍ വളരെ കഷ്ടപ്പെട്ട് കാളകള്‍ വലിച്ചുകൊണ്ടുപോകുമ്പോഴും വണ്ടിക്കാരന്‍ ആ കാളകളെ ഇടയ്ക്കിടയ്ക്ക് ചാട്ടക്കടിക്കുമായിരുന്നു. എനിക്കിതു കാണുമ്പോള്‍ വളരെ വേദന തോന്നാറുണ്ട്.
ഒരിക്കല്‍ ഞാന്‍ അമ്മയോട് ചോദിച്ചു, "എന്തിനാ അമ്മേ ആ വണ്ടിക്കാരന്‍ ആ പാവം കാളകളെ ഇങ്ങനെ അടിക്കുന്നത്? ഇത്രയും ഭാരം വലിച്ചു നടക്കുകയും വേണം പിന്നെ ചാട്ടവാറുകൊണ്ടുള്ള അടിയും മേടിക്കണം. വണ്ടിക്കാരന് ആ കാളകളോട് എന്തിനാ ഇത്ര ദേഷ്യം? പാവം കാളകള്‍!..."
അമ്മ പറഞ്ഞു: "മോനേ, അയാള്‍ക്ക് ആ കാളകളോട് ദേഷ്യം ഉള്ളതുകൊണ്ടല്ല അതിനെ അടിക്കുന്നത്. അതിനെ അടിച്ചെങ്കിലേ അവ മുന്നോട്ട് വേഗം വേഗം നടക്കുകയുള്ളൂ. പാവമല്ലേ എന്ന് കരുതി അതിനെ അടിക്കാതിരുന്നാല്‍ ആ കാളകള്‍ മടിയന്മാരായി തീരും. പിന്നെ അത് നടക്കാന്‍ കൂട്ടാക്കില്ല. അതുകൊണ്ടാണ് അതിനെ അടിക്കുന്നത്....."
പിന്നീടൊരിക്കല്‍ ഞാന്‍ ചോദിച്ചു: "എന്താ അമ്മേ അയാള്‍ ആ കാളകള്‍ക്ക് ഇടയ്ക്കിടയ്ക്ക് വയറു നിറയെ ആഹാരം കൊടുക്കാത്തത്? ആ പാവങ്ങള്‍ ഭാരം വലിച്ചു കിട്ടുന്ന പൈസകൊണ്ടല്ലേ ആ വണ്ടിക്കാരനും കുടുംബവും വയറുനിറയെ ആഹാരം കഴിക്കുന്നത്? അതുകൊണ്ട് വയറു നിറയെ ആഹാരം കഴിക്കാനുള്ള അവകാശം ആ കാളകള്‍ക്കില്ലേ?..."
അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു: "മോനേ, ആരുപറഞ്ഞു അവയ്ക്ക് വയറു നിറയെ ആഹാരം കൊടുക്കുന്നില്ലെന്ന്? അവയ്ക്ക് ആഹാരം കൊടുക്കാന്‍ ഒരു സമയമുണ്ട്. ആ സമയത്ത് മാത്രമേ ആഹാരം കൊടുക്കാവൂ. നീ കരുതുന്ന പോലെ ഇടയ്ക്കിടയ്ക്ക് വയറു നിറയെ ആഹാരം കൊടുത്താല്‍ അപ്പോഴും അവ മടിയന്മാരാകും. പിന്നെ റോഡില്‍ കിടപ്പാവും. അതോടെ അയാളുടെ കഞ്ഞികുടി മുട്ടും...."
ഈ പറഞ്ഞ കാര്യങ്ങള്‍ അന്ന്, എന്റെ ചെറുപ്പത്തില്‍ എന്റെ മണ്ടയില്‍ അത്രയ്ക്ക് കയറിയിരുന്നില്ല. പിന്നീട് വലുതായപ്പോള്‍ കാര്യങ്ങള്‍ അമ്മ പറഞ്ഞതുതന്നെയാണ് ശരി എന്ന് മനസ്സിലായി.
വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ദുബായില്‍ ജോലി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും ഈ വണ്ടിക്കാളയുടേയും വണ്ടിക്കാരന്റേയും അനുഭവങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. മലബാറി എന്ന് വിളിക്കപ്പെടുന്ന മലയാളിയും പലപ്പോഴും ഈ വണ്ടിക്കാളയെപ്പോലെയാണെന്ന് ഞാന്‍ നേരില്‍ കണ്ടു മനസ്സിലാക്കി.
ഒരു അറബിയുടെ കമ്പനിയിലായിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത്. നല്ല സ്നേഹവും മനുഷ്യത്വവും ഉള്ള അറബി. എല്ലാവര്‍ക്കും വാരിക്കോരി കൊടുക്കുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. ആരോടും ദേഷ്യപ്പെടില്ല. എപ്പോഴും എല്ലാവരോടും കളിയും ചിരിയും തന്നെ.
ജോലിക്കാര്‍ എല്ലാവരും മലയാളികള്‍ ആയിരുന്നു. മലയാളികളെ അത്രയ്ക്ക് ഇഷ്ടവും വിശ്വാസവും ആയിരുന്നു. ജോലിക്കാരുടെ ശമ്പളം കേട്ടാല്‍ ആരും ഞെട്ടിപ്പോകും. അത്രയ്ക്ക് വലിയ ശമ്പളമായിരുന്നു എല്ലാവര്‍ക്കും കൊടുത്തിരുന്നത്.
വര്‍ഷം ഒന്ന് കഴിഞ്ഞു. ഓഡിറ്റിംഗ് കഴിഞ്ഞതോടെ അറബിയുടെ ചിരിയും കളിയും അവസാനിച്ചു. കാരണം മറ്റൊന്നുമല്ല, ഉദ്ദേശിച്ച വില്‍പ്പനയോ ലാഭമോ ഉണ്ടായില്ല. ഇത് എങ്ങനെ സംഭവിച്ചു എന്ന് അറബി ചിന്തിക്കാന്‍ തുടങ്ങി. എല്ലാ ജോലിക്കാര്‍ക്കും അവര്‍ ആഗ്രഹിച്ചതിനും കൂടുതല്‍ കൊടുത്തിട്ടും പിന്നെ എന്തുകൊണ്ട് അവര്‍ നല്ല വില്‍പ്പന ഉണ്ടാക്കിയില്ല? ലാഭം ഉണ്ടാക്കി തന്നില്ല?
മലബാറിയായ ഓഡിറ്റര്‍ പറഞ്ഞു, "ജോലിക്കാര്‍ക്ക് ഇപ്പോള്‍ കൊടുക്കുന്ന ശമ്പളത്തിന്റെ പകുതിമാത്രം കൊടുത്തിരുന്നെങ്കില്‍ കമ്പനിയുടെ ലാഭം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകുമായിരുന്നു. ജോലിക്കാര്‍ക്ക് അര്‍ഹതയില്ലാത്തത് കൈയ്യില്‍ കിട്ടിയാല്‍ പിന്നെ അവര്‍ എങ്ങനെ ജോലി ചെയ്യും? എന്തിനു ജോലി ചെയ്യണം?..."
തുടര്‍ന്ന് നാട്ടിലെ വണ്ടിക്കാളയുടേയും വണ്ടിക്കാരന്റേയും ഉദാഹരണം അദ്ദേഹം അറബിക്ക് പറഞ്ഞുകൊടുത്തു. അതുകേട്ട ഞാന്‍ ചെറുപ്പത്തില്‍ അമ്മ പറഞ്ഞ കാര്യം ഓര്‍ത്തു.
ഓഡിറ്റര്‍ പറഞ്ഞു: "വണ്ടിക്കാളയും മലബാറിയും ഒരുപോലെതന്നെ. പണിയെടുക്കണോ രണ്ടിനേയും അടിച്ചുകൊണ്ടേയിരിക്കണം, ആവശ്യത്തില്‍ കൂടുതല്‍ കൊടുക്കാതിരിക്കണം. എന്നാല്‍ എല്ലാവരും രക്ഷപ്പെടും...."
ഇത് അറബിക്ക് മാത്രമല്ല ഞങ്ങള്‍ എല്ലാവര്‍ക്കും നല്ല അനുഭവമായി.
പോള്‍സണ്‍ പാവറട്ടി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ