കന്യാസ്ത്രീകള്‍ കുമ്പസാരം കേട്ടാല്‍!!
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ എല്‍തുരുത്ത് സെന്റ് അലോഷ്യസ് കോളേജില്‍ ബി-കോമിനു പഠിക്കുന്ന കാലം. അന്ന് അവിടെ ഒരു പ്രോഗ്രാമില്‍ പങ്കെടുത്ത കരിപ്പേരിയച്ചന് പറഞ്ഞ കഥയാണ് എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നത്.
കത്തോലിക്കാ സഭയില്‍ കുമ്പസാരം വളരെ പ്രധാനപ്പെട്ട അതിലുപരി വളരെ പവിത്രമായ ഒരു കൂദാശയാണ്. സഭയിലെ വൈദികര്‍ക്കു മാത്രമേ ജനങ്ങളുടെ കുമ്പസാരം കേള്‍ക്കാന്‍ അധികാരമുള്ളൂ, അനുവാദമുള്ളൂ. കന്യാസ്ത്രീകള്‍ക്കു അതിനുള്ള അനുവാദമില്ല. അങ്ങനെയിരിക്കേ അതിനെ ചോദ്യം ചെയ്യാന്‍ ചില കന്യാസ്ത്രീകള്‍ തയ്യാറായി.
പരാതിയുമായി കന്യാസ്ത്രീകള്‍ മദര്‍ സുപ്പീരിയറിനോടൊപ്പം ആര്‍ച്ച് ബിഷപ്പിന്റെ അരമനയില്‍ എത്തി. ആര്‍ച്ച് ബിഷപ്പിന്റെ അടുത്ത് അവര്‍ പരാതി ബോധിപ്പിച്ചു. കന്യാസ്ത്രീകള്‍ക്കും കുമ്പസാരം കേള്‍ക്കാനുള്ള അനുവാദം എന്തുകൊണ്ട് തന്നുകൂടാ? വൈദികരെപ്പോലെതന്നെ കന്യാസ്ത്രീകളും ദൈവവേലക്കായി ജീവിതം ഉഴിഞ്ഞുവച്ചവരല്ലേ?....അങ്ങനെ പോയി അവരുടെ പരാതികള്‍. ആര്‍ച്ച് ബിഷപ് അവരുടെ പരാതികള്‍ ക്ഷമയോടെ ശ്രവിച്ച് അവരോട് ഇങ്ങനെ മറുപടി പറഞ്ഞു:
"ബഹുമാനപ്പെട്ട സിസ്റ്റര്‍മാരേ, ഞാന്‍ പറയാതെതന്നെ നിങ്ങള്‍ക്ക് അറിയാമല്ലോ കുമ്പസാരത്തിന്റെ പ്രാധാന്യവും പവിത്രതയും എല്ലാം. ജീവന് കളയേണ്ടിവന്നാലും കുമ്പസാര രഹസ്യം ഒരിക്കലും പരസ്യമാക്കാന്‍ പാടില്ലാത്തതാണ്. സ്ത്രീകള്‍ക്ക് പൊതുവേ രഹസ്യം സൂക്ഷിച്ചുവക്കാന്‍ കഴിയില്ല എന്നാണല്ലോ പറയുന്നത്. പിന്നെങ്ങനെ സ്ത്രീകളായ കന്യാസ്ത്രീകള്‍ക്ക് ജനങ്ങളുടെ കുമ്പസാരം കേള്‍ക്കാനുള്ള അനുവാദം കൊടുക്കാന്‍ കഴിയും?"
മദര്‍ സുപ്പീരിയര്‍ പറഞ്ഞു: "പിതാവേ, സാധാരണ സ്ത്രീകളെപ്പോലെ ഞങ്ങളെ കാണാന്‍ കഴിയുമോ? അവരേക്കാള്‍ ദൈവീകമായി അല്പം ഉയര്‍ന്ന അവസ്ഥയല്ലേ ഞങ്ങള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ ഇത്തരം പവിത്രമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും രഹസ്യമായി സൂക്ഷിക്കാനും എല്ലാം ഞങ്ങള്‍ക്ക് കഴിയും...."
ആര്‍ച്ച് ബിഷപ്പ്: "സിസ്റ്റര്മാര് എന്നോട് ദേഷ്യപ്പെടരുത്, ഞാന്‍ മനസ്സിലാക്കിയിടത്തോളം രഹസ്യം സൂക്ഷിക്കുന്ന കാര്യത്തില്‍ എല്ലാ സ്ത്രീകളും ഒരുപോലെ ബലഹീനരാണെന്നാണ്."
മദര്‍ സുപ്പീരിയര്‍: "പിതാവേ, തര്‍ക്കിക്കുകയാണെന്ന് തോന്നരുത്, ഞങ്ങള്‍ കന്യാസ്ത്രീകള്‍ക്ക് കുമ്പസാര രഹസ്യം സൂക്ഷിച്ചുവക്കാന്‍ കഴിയും എന്നുതന്നെയാണ് ഞങ്ങള്‍ ഉറപ്പിച്ചു പറയുന്നത്."
ഇരുവരുടേയും വാദപ്രതിവാദങ്ങള്‍ അവസാനിക്കുന്നില്ല എന്ന് കണ്ടപ്പോള്‍ ആര്‍ച്ച് ബിഷപ്പ് കന്യാസ്ത്രീകളോട് ഇങ്ങനെ പറഞ്ഞു: "സിസ്റ്റര്മാര് പറയുന്നതനുസരിച്ച്, നിങ്ങള്‍ക്ക് കുമ്പസാര രഹസ്യം സൂക്ഷിക്കാന്‍ കഴിയും എന്നാണ് പറയുന്നതെങ്കില്‍ നമുക്കൊരു പരീക്ഷണ കുമ്പസാരം നടത്താം. നാളെ രാവിലെ പള്ളിയില്‍ കുര്‍ബാന നടക്കുമ്പോള്‍ നിങ്ങളില്‍ ഒരാള്‍ കുമ്പസാരക്കൂട്ടില്‍ ചെന്നിരിക്കട്ടെ. അപ്പോള്‍ ഞാന്‍ അവിടെ കുമ്പസാരിക്കാന്‍ വരും. വേറെ ആരുടേയും കുമ്പസാരം കേള്‍ക്കരുത്. പിന്നീട് ഞാന്‍ പറയും നിങ്ങള്‍ വിജയിച്ചോ ഇല്ലയോ എന്ന്.... എന്തുപറയുന്നു?
അവര്‍ അന്യോന്യം നോക്കിക്കൊണ്ട് വിജയഭാവത്തില്‍ പറഞ്ഞു സമ്മതമാണെന്ന്.
അടുത്ത ദിവസം അതിരാവിലെ അവരില്‍ അതിസമര്‍ത്ഥയായ ഒരു കന്യാസ്ത്രീയെ ആര്‍ച്ച് ബിഷപ്പിന്റെ കുമ്പസാരം കേള്‍ക്കാന്‍ അവര്‍ ഒരുക്കി. കുര്‍ബാനയ്ക്ക് സമയമായി. പള്ളിയില്‍ ഭക്തജനങ്ങള്‍ നിറഞ്ഞു. ചെറുപ്പക്കാരിയായ ഒരു കന്യാസ്ത്രീ കുമ്പസാരക്കൂട്ടില്‍ ചെന്നിരിക്കുന്നത് കണ്ടപ്പോള്‍ ജനങ്ങള്‍ പരസ്പരം നോക്കാനും പിറുപിറുക്കാനും തുടങ്ങി.
താമസിയാതെ ആര്‍ച്ച് ബിഷപ്പ് കുമ്പസാരക്കൂടിന്റെ അടുത്തേക്ക് നടന്നു പോകുന്നത് കണ്ടപ്പോള്‍ ജനങ്ങള്‍ അന്ധാളിച്ചു നിന്നുപോയി. ഇതെന്തുകഥ!! എല്ലാവരും അന്യോന്യം നോക്കി ചോദിക്കുന്നു.
ആര്‍ച്ച് ബിഷപ്പ് കുമ്പസാരക്കൂടിന്റെ അരികില്‍ മുട്ടുകുത്തി. സാധാരണ എന്നപോലെ കുമ്പസാരം തുടങ്ങി. പാപം പറഞ്ഞത് ഇങ്ങനെയാണ്,:ഞാനൊരു മുട്ടയിട്ടു"
കന്യാസ്ത്രീ കുമ്പസാരക്കൂട്ടില്‍ ഇരുന്നുകൊണ്ട് ആകെ വിയര്‍ക്കാന്‍ തുടങ്ങി. ചെയ്ത പാപങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കേണ്ട സമയമായി. പാപം എന്താണെന്നും അതിന്റെ ഗൌരവം കണക്കിലെടുത്തും വേണമല്ലോ പാപപരിഹാരം നിര്‍ദ്ദേശിക്കാന്‍. ആര്‍ച്ച് ബിഷപ്പ് മുട്ടയിട്ടു എന്ന് പറഞ്ഞാല്‍ അത് എന്ത് പാപമായിരിക്കും? കന്യാസ്ത്രീ ചിന്തിക്കാന്‍ തുടങ്ങി. കോഴി മുട്ടയിട്ടു, താറാവ് മുട്ടയിട്ടു എന്നൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. ആദ്യമായിട്ടാണ് ഒരു മനുഷ്യന് അതും ആര്‍ച്ച് ബിഷപ്പ് മുട്ടയിട്ടു എന്ന് കേള്‍ക്കുന്നത്. ... മുട്ടയിടുന്നത് പാപമാണോ? അതോ പാപമാണെങ്കില്‍ അതിന് എന്താണ് പരിഹാരം നിര്‍ദ്ദേശിക്കേണ്ടത്?....
കന്യാസ്ത്രീയുടെ വിയര്‍പ്പും വെപ്രാളവും കണ്ടപ്പോള്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു,: "സിസ്റ്റര്‍ വിഷമിക്കണ്ട. ആദ്യമായി കുമ്പസാരം കേള്‍ക്കുന്നതുകൊണ്ട് വെപ്രാളം ഉണ്ടാകാം. സാരമില്ല. ഇതിന്റെ പാപപരിഹാരം ഇന്ന് പറയണമെന്നില്ല, നാളെ ഇതേ സമയം വീണ്ടും ഇതേ കുമ്പസാരക്കൂട്ടില്‍ വച്ച് പറഞ്ഞാല്‍ മതി..."
ഇത് പറഞ്ഞ് ആര്‍ച്ച് ബിഷപ്പ് എഴുന്നേറ്റുപോയി. പിന്നാലെ കന്യാസ്ത്രീയും വിളറി വെളുത്ത മുഖവുമായി എഴുന്നേറ്റുപോയി. ജനങ്ങള്‍ കണ്ണുതുറിപ്പിച്ച് നോക്കുന്നുണ്ട്. യാതൊന്നും ശ്രദ്ധിക്കാതെ കന്യാസ്ത്രീ പള്ളിയില്‍നിന്നും പുറത്തുപോയി.
തുടര്‍ന്ന് ആ കന്യാസ്ത്രീ ആകെ പരുങ്ങലിലായി. ഭക്ഷണം വേണ്ട, ആരോടും സംസാരമില്ല, എല്ലായ്പ്പോഴും ഒരേ ചിന്ത മാത്രം: "ആര്‍ച്ച് ബിഷപ്പ് മുട്ടയിട്ടു. ഇത് എന്ത് പാപമാണ്? ഇതിന്റെ പാപപരിഹാരം എന്തായിരിക്കണം?...."
പൊതുവേ ചിരിയും കളിയും വാചക കസര്‍ത്തുമായി ഓടിനടക്കുന്ന ഈ കന്യാസ്ത്രീക്ക് ഇതെന്തുപറ്റി? മറ്റു കന്യാസ്ത്രീകള്‍ ചോദിക്കാന്‍ തുടങ്ങി. അവരോട് എന്തെങ്കിലും പറയാന്‍ കഴിയുമോ? പറഞ്ഞുപോയാല്‍ കുമ്പസാര രഹസ്യം പരസ്യമാവില്ലേ?
സമയം രാത്രിയായി. എല്ലാ കന്യാസ്ത്രീകളും ഉറങ്ങാന്‍ അവരവരുടെ മുറിയില്‍ പോയി. കഥാനായിക കന്യാസ്ത്രീക്ക് ഉറങ്ങാന്‍ കഴിയുന്നില്ല. അവരുടെ വെപ്രാളം കണ്ടപ്പോള്‍ സഹകന്യാസ്ത്രീ കാര്യം എന്താണെന്ന് ചോദിച്ചു. ഒന്നുമില്ല, ഒന്നുമില്ല എന്ന് മറുപടി പറഞ്ഞെങ്കിലും സഹ കന്യാസ്ത്രീ ചോദ്യം തുടര്‍ന്നുകൊണ്ടേയിരുന്നു.
തീരെ പിടിച്ചുനില്ക്കാന് കഴിയാതായപ്പോള്‍ കഥാനായിക കന്യാസ്ത്രീ സഹ കന്യാസ്ത്രിയോടു പറഞ്ഞു: "സിസ്റ്റര്‍, വേറെ ആരോടും പറയരുത്. ഇന്ന് നമ്മുടെ ആര്‍ച്ച് ബിഷപ്പ് വന്ന് കുമ്പസാരിച്ചത് എന്താണെന്നോ, ആര്‍ച്ച് ബിഷപ്പ് ഒരു മുട്ടയിട്ടു എന്ന്. ഇത് എന്ത് പാപമാണ് സിസ്റ്റര്‍? ഇതിനു എന്ത് പാപപരിഹാരമാണ് ഞാന്‍ കൊടുക്കേണ്ടത്? നാളെ പിതാവ് വീണ്ടും കുമ്പസാരക്കൂട്ടിലേക്ക് വരുമ്പോള്‍ പറഞ്ഞുകൊടുക്കാന്‍ ഒരു പരിഹാരം പറഞ്ഞുതരുമോ സിസ്റ്റര്‍?"
ഇതുകേട്ടപ്പോള്‍ സഹ കന്യാസ്ത്രീയും ആകെ അങ്കലാപ്പിലായി. താനും ആദ്യമായിട്ടാണ് ഇങ്ങനെയൊരു പാപം കേള്‍ക്കുന്നത് എന്ന് പറഞ്ഞു. ആ സിസ്റ്റര്‍ മെല്ലെ അടുത്ത റൂമിലെ മറ്റൊരു കന്യാസ്ത്രീയോട് ഇക്കാര്യം പോയി ചോദിച്ചു. ആ കന്യാസ്ത്രീയും കൈ മലര്‍ത്തി. അങ്ങനെ ഓരോ കന്യാസ്ത്രീകളോടും മാറി മാറി ചോദിച്ചു. ആര്‍ക്കും ഉത്തരമില്ല.
തുടര്‍ന്ന് ആ രാത്രി മുഴുവന്‍ അവര്‍ എല്ലാവരും ഉറങ്ങാതെ ഇതിനെക്കുറിച്ച് ആലോചിച്ച് ഇരുന്നു. നേരം പുലര്‍ച്ചെ ആയപ്പോള്‍ അടുക്കളപ്പണിക്കും മറ്റുമായി വരാറുള്ള റോസാ ചേട്ടത്തി ചട്ടയും മുണ്ടും എടുത്ത് അവിടെ എത്തി. കന്യാസ്ത്രീകളുടെ ഉറക്കമൊഴിഞ്ഞ കണ്ണുകളും അവരുടെ പിറുപിറുക്കലും മറ്റും കണ്ടപ്പോള്‍ റോസാ ചേട്ടത്തിക്ക് എന്തോ പന്തികേട് മണത്തു. എന്താണ് കാര്യം എന്ന് ചോദിച്ചെങ്കിലും ഒന്നുമില്ല എന്ന് പറഞ്ഞ് ഒഴിയാന്‍ കന്യാസ്ത്രീകള്‍ ശ്രമിച്ചു.
റോസാ ചേട്ടത്തിയുണ്ടോ വിടുന്നു? കന്യാസ്ത്രീകളുടെ സംസാരം പാത്തും പതുങ്ങിയും കേള്‍ക്കാന്‍ ശ്രമിക്കുകയായി റോസാ ചേട്ടത്തി. അതിനിടയില്‍ ഒരു കന്യാസ്ത്രീ റോസാ ചേട്ടത്തിയെ രഹസ്യമായി വിളിച്ച് കാര്യം പറഞ്ഞു: "എന്റെ പോന്നു ചേട്ടത്തിയല്ലേ? ഞങ്ങളെ ഒന്നു സഹായിക്കാമോ? ഞങ്ങള്‍ ഇപ്പോള്‍ ത്രിശങ്കുവിലാണ് നില്‍ക്കുന്നത്. നിങ്ങള്‍ സാധാരണ വീട്ടമ്മയായതുകൊണ്ട് ഒരു പക്ഷേ ഇതിന്റെ ഉത്തരം കിട്ടുമായിരിക്കും. ആര്‍ച്ച് ബിഷപ്പ് ഒരു മുട്ടയിട്ടുവത്രേ. അത് എന്ത് പാപമായിരിക്കും ചേട്ടത്തി?..."
റോസാ ചേട്ടത്തി: "എന്താ ഞാനീ കേള്‍ക്കണേ? കോഴി മുട്ടയിടുന്നതും കാക്ക മുട്ടയിടുന്നതും ഒക്കെ ഞാന്‍ കേട്ടിടുണ്ട്. ആദ്യമായിട്ടാണ് ആര്‍ച്ച് ബിഷപ്പ് മുട്ടയിടുന്നത് ഞാന്‍ കേള്‍ക്കുന്നത്. എന്തായാലും എനിക്കൊന്നും അറിയില്ല. ഇനി എന്റെ കെട്ട്യോനോട് ഒന്നു ചോദിച്ചുനോക്കാം. അവര്‍ ആണുങ്ങളാവുമ്പോള്‍ ഒരുപക്ഷേ ഇങ്ങനെ വല്ല കുരുത്തക്കേടും ഉണ്ടോ എന്നറിയില്ലല്ലോ?"
സിസ്റ്റര്‍ പറഞ്ഞു: "ചേട്ടത്തി ഇക്കാര്യം വേറെ ആരോടും പറയരുതുട്ടോ. ഇത് കുമ്പസാര രഹസ്യമാണ്."
റോസാ ചേട്ടത്തി: "അത് എനിക്കറിയില്ലേ സിസ്റ്റര്‍. പറയേണ്ട കാര്യമുണ്ടോ? കുമ്പസാര രഹസ്യം തല പോയാലും പറയരുത് എന്നാണല്ലോ. അതുകൊണ്ട് ഞാനും എന്റെ കെട്ട്യോനും വേറെ ആരോടും പറയില്ല. എന്തായാലും പള്ളിയില്‍ കുര്‍ബാന തുടങ്ങുന്നതിനു മുന്‍പ് ഞാനിതിന്റെ മറുപടി തന്നിരിക്കും പോരെ?"
സമയം നീങ്ങിക്കൊണ്ടേയിരുന്നു. പള്ളിയില്‍ കുര്‍ബാനയ്ക്ക് സമയമായി. ജനങ്ങള്‍ പള്ളിയില്‍ നിറഞ്ഞു. തലേ ദിവസത്തെക്കാള്‍ കൂടുതല്‍ ജനങ്ങള്‍ ഉണ്ടായിരുന്നു അന്ന് പള്ളിയില്‍. കഥാനായിക കന്യാസ്ത്രീ വെപ്രാളം പുറത്തു കാണിക്കാതെ നേരേ കുമ്പസാരക്കൂട്ടില്‍ പോയിരുന്നു.
ആര്‍ച്ച് ബിഷപ്പ് കുമ്പസാരക്കൂടിനെ ലക്ഷ്യമാക്കി നടന്നു വരുന്നു. പള്ളിയകത്തുള്ള എല്ലാവരുടേയും നോട്ടം ആര്‍ച്ച് ബിഷപ്പിലേക്ക് മാത്രം. അവര്‍ പിറുപിറുക്കുന്നത് കേള്‍ക്കാം, "ദാ പോകുന്നു മുട്ടയിട്ട ആര്‍ച്ച് ബിഷപ്പ്, മുട്ടയിട്ട ആര്‍ച്ച് ബിഷപ്പ്....." ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ട് ആര്‍ച്ച് ബിഷപ്പ് കുമ്പസാരക്കൂടിന്റെ അരികില്‍ എത്തി.
മുട്ടുകുത്തി. കുമ്പസാരക്കൂട്ടില്‍ ഇരിക്കുന്ന കന്യാസ്ത്രീയോട് മെല്ലെ ചോദിച്ചു, " അല്ല സിസ്റ്റര്‍, ഇന്നലെ ഞാന്‍ ഈ കുമ്പസാരക്കൂട്ടില്‍ നമ്മള് മാത്രം കേള്‍ക്കുന്ന സ്വരത്തില്‍ പറഞ്ഞ കാര്യം ഈ നാട്ടുകാര്‍ എങ്ങനെയാണ് അറിഞ്ഞത്?"
സിസ്റ്റര്‍ അക്ഷരാര്‍ത്ഥത്തില്‍ കണ്ണുതള്ളി. സിസ്റ്റര്‍ പറഞ്ഞു: "പിതാവേ എന്നോട് ക്ഷമിക്കണം. "പിതാവ് മുട്ടയിട്ടു" എന്ന് പറഞ്ഞപ്പോള്‍ അത് എന്ത് പാപമാണ് എന്നറിയാന്‍ ഞാന്‍ എന്റെ സഹ കന്യാസ്ത്രീയോട് ചോദിച്ചതേയുള്ളൂ. അതിത്ര പുലിവാലാകും എന്ന് ഞാന്‍ വിചാരിച്ചില്ല. ഇനി ആവര്‍ത്തിക്കില്ല പിതാവേ..."
കുര്‍ബാന കഴിഞ്ഞ് പരാതിയുമായി അരമനയില്‍ വന്നിരുന്ന എല്ലാ കന്യാസ്ത്രീകളേയും വിളിച്ച് അവരോട് ആര്‍ച്ച് ബിഷപ്പ് ചോദിച്ചു: "ഇനി നിങ്ങള്‍ തന്നെ പറയൂ, ഒരു നിസ്സാരമായ കാര്യം പോലും നിങ്ങള്‍ക്ക് രഹസ്യമാക്കി വക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെങ്ങനെ നിങ്ങള്‍ക്ക് കുമ്പസാരം കേള്‍ക്കാനുള്ള അനുവാദം തരും? ഞാന്‍ ഒരു മുട്ടയിട്ടു എന്ന് പറഞ്ഞത് നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടി മാത്രമാണ്. പറയൂ, നിങ്ങള്‍ക്ക് കുമ്പസാരം കേള്‍ക്കാനുള്ള അനുവാദം തരണോ?"
എല്ലാവരും തലകുനിച്ചിരുന്നു, ഒരക്ഷരം മിണ്ടാതെ.
പോള്‍സണ്‍ പാവറട്ടി - ദുബായ്
നല്ല കഥ.. രസകരമായി എഴുതിയിരിക്കുന്നു.
മറുപടിഇല്ലാതാക്കൂനല്ല കഥ
മറുപടിഇല്ലാതാക്കൂ