18 മാർച്ച് 2012

ഈശ്വരന്‍ വിചാരിച്ചാലും രക്ഷപ്പെടാത്തവര്‍!


ഈശ്വരന്‍ വിചാരിച്ചാലും രക്ഷപ്പെടാത്തവര്‍!

ഇങ്ങനേയും ഉണ്ടത്രേ ഒരു കൂട്ടര്‍, ഈശ്വരന്‍ വിചാരിച്ചാലും രക്ഷപ്പെടാത്തവര്‍! അതെന്താ അങ്ങനെ എന്നാവും ചിന്തിക്കുന്നത്. ഇതാ കേട്ടോളൂ. (ഇതൊരു സാങ്കല്‍പ്പിക കഥ മാത്രമാണ് ട്ടോ.ദയവായി മറ്റൊരു തരത്തില്‍ ഇതിനെ കാണരുത്).

ഒരിക്കല്‍ ശിവനും പാര്‍വതിയും കൂടി അവരുടെ വീടിന്റെ മട്ടുപ്പാവില്‍ വിശേഷങ്ങള്‍ പറഞ്ഞ് ഉലാത്തുകയായിരുന്നു. ആ സമയം ഒരു ശിവഭക്തന്‍ "ശിവ ശിവ ശിവ..." എന്ന് ജപിച്ചുകൊണ്ട്‌  അങ്ങകലെനിന്ന് നടന്നു വരുന്നത് പാര്‍വതി കാണുവാന്‍ ഇടയായി.

പാര്‍വതി ശിവനോട് പറഞ്ഞു: ദാ നോക്കൂ, അങ്ങയുടെ ഒരു ഭക്തനല്ലേ അങ്ങയുടെ നാമം ജപിച്ചുകൊണ്ട്‌ നടന്നുവരുന്നത്. എത്രകാലമായി ആ പാവം അങ്ങയെ വിളിച്ചപേക്ഷിക്കുന്നു! ആ പാവത്തിനോട് ഒന്നു കനിഞ്ഞുകൂടെ?

ശിവന്‍: എന്റെ പാര്‍വതീ, കാര്യങ്ങള്‍ മനസ്സിലാക്കാതെ നീ വെറുതെ ഓരോന്നും പറയല്ലേ. ഞാന്‍ കനിയാത്തതുകൊണ്ടല്ല ആ ഭക്തന്‍ രക്ഷപ്പെടാത്തത്, അദ്ദേഹത്തിന് അതിനുള്ള യോഗമില്ലാത്തതുകൊണ്ടാണ്.

പാര്‍വതി: അങ്ങെന്താണ് പറയുന്നത്? സാക്ഷാല്‍ ഈശ്വരനായ അങ്ങ് കനിഞ്ഞിട്ടും ഒരു മനുഷ്യന്‍ രക്ഷപ്പെടുന്നില്ലെന്നോ? എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല അങ്ങയുടെ വാക്കുകള്‍.

ശിവന്‍: പറഞ്ഞ് പറഞ്ഞ് ഇപ്പോള്‍ എന്റെ വാക്കും വിശ്വസിക്കാതെയായോ? ശരി, ഞാന്‍ പറഞ്ഞത് വിശ്വസിക്കണ്ട, നേരില്‍ കാണുമ്പോള്‍ വിശ്വസിക്കുമല്ലോ? ദാ, ഞാനൊരു കാര്യം ചെയ്യാം. ആ ഭക്തന്‍ നമ്മുടെ വീടിന്റെ മുന്നിലൂടെ ആണല്ലോ നടന്നു പോകുക? അദ്ദേഹം നടന്നു പോകുന്ന വഴിക്ക് രത്നങ്ങള്‍ നിറച്ച ഒരു കിഴി ഞാന്‍ വയ്ക്കാം. അദ്ദേഹത്തിന് യോഗമുണ്ടെങ്കില്‍ അദ്ദേഹം അത് എടുത്തുകൊണ്ടുപോയി രക്ഷപ്പെട്ടോട്ടെ. എന്തു പറയുന്നു?

പാര്‍വതി: കൊള്ളാം, നല്ല കാര്യം.

ശിവനും പാര്‍വതിയും കൂടി ഒരു കിഴിയില്‍ നിറയെ രത്നങ്ങള്‍ നിറച്ച് ആ ഭക്തന്‍ നടന്നു വരുന്ന വഴിയില്‍ വച്ചു. എന്നിട്ട് മട്ടുപ്പാവില്‍ പോയി നിന്ന് അദ്ദേഹത്തെ നിരീക്ഷിച്ചു.

ആ ഭക്തന്‍ "ശിവ ശിവ ശിവ ..." എന്ന് ജപിച്ചുകൊണ്ട് മുന്നോട്ടു നടന്നു കൊണ്ടേയിരുന്നു. രത്നങ്ങള്‍ നിറച്ച കിഴി കിടക്കുന്ന സ്ഥലത്ത് എത്താറായി. ആ വഴിക്കാണെങ്കില്‍ വേറെ ഒരു മനുഷ്യനും നടന്നുപോകുന്നുമില്ല.

പാര്‍വതിക്ക് ഉള്ളില്‍ സന്തോഷമായി. ഹാവൂ, എത്രയും വേഗം അദ്ദേഹം ആ നിധി കണ്ടെത്തി രക്ഷപ്പെട്ടാല്‍ മതിയായിരുന്നു എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ടേയിരുന്നു. എന്നിട്ടുവേണം ശിവന്റെ മുന്നില്‍ ഒന്നു നിവര്‍ന്നു നില്‍ക്കാന്‍.

ആ ഭക്തന്‍ അന്നേരം ഇങ്ങനെ പിറുപിറുക്കാന്‍ തുടങ്ങി: എത്ര കാലമായി ഇങ്ങനെ ശിവ ശിവ ശിവ ... എന്ന് ജപിച്ചുകൊണ്ട്‌ കണ്ണും തുറന്നു നടക്കുന്നു? ഒരു നിധിപോലും കാണാനുള്ള യോഗമില്ല.... എന്നാല്‍ ഇനി കുറച്ചുനാള്‍ കണ്ണടച്ച് നടന്നു നോക്കിയാലോ? അങ്ങനെയെങ്കിലും ശിവന്‍ പ്രസാദിച്ചെങ്കിലോ?

തുടര്‍ന്ന് അദ്ദേഹം രണ്ടു കണ്ണുകളും അടച്ച് നടക്കാന്‍ തുടങ്ങി. നടന്ന് നടന്ന് ആ നിധിക്കരികില്‍ എത്തി. പാര്‍വതിക്ക് ഇത് കണ്ട് ആകെ അങ്കലാപ്പായി.  

ആ ഭക്തന്‍ നിധിയും കടന്നു നടന്നു നീങ്ങി. കുറച്ചകലെ എത്തിയപ്പോള്‍ ഒരു കല്ലില്‍ കാല്‍ തട്ടി താഴെ വീണപ്പോള്‍ കണ്ണുതുറന്നു. എന്നിട്ട് വീണ്ടും പിറുപിറുക്കാന്‍ തുടങ്ങി: ഒരു രക്ഷയുമില്ല....കണ്ണ് തുറന്നിട്ടും രക്ഷയില്ല കണ്ണടച്ചിട്ടും രക്ഷയില്ല, ശിവ ശിവ...

ഇതെല്ലാം കണ്ടുകൊണ്ട്‌ തലകുനിച്ചു നില്‍ക്കുന്ന പാര്‍വതിയോട് ശിവന്‍ ചോദിച്ചു: ഇപ്പോള്‍ എങ്ങനെയുണ്ട്? എല്ലാം കണ്ടില്ലേ?  ഈശ്വരന്‍ കനിയാത്തതാണോ പ്രശ്നം? ... അതാണ്‌ പറഞ്ഞത്. ഈശ്വരാനുഗ്രം കിട്ടാനും വേണം ഒരു യോഗം.

മനുഷ്യന്‍ ആഗ്രഹിക്കുന്ന സമയം ആയിക്കൊള്ളണമെന്നില്ല ഈശ്വരന്റെ സമയം. ഈശ്വരന്റെ സമയത്തിനായി ക്ഷമയോടെ കാത്തുനില്‍ക്കുന്നവനേ രക്ഷപ്പെടൂ.

പോള്‍സണ്‍ പാവറട്ടി - ദുബായ്
 

00971 50 5490334

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ