20 മാർച്ച് 2012

അറബിയെ സുഖിപ്പിച്ചാല്‍ !!


അറബിയെ സുഖിപ്പിച്ചാല്‍ !!

ഒരു അറബിയുടെ പെര്‍ഫ്യൂം കമ്പനിയിലെ സെയില്‍സ് മാന്‍ ആണ് റഫീക്ക്. ജോലിയുടെ കാര്യത്തിലായാലും മറ്റു വ്യക്തിപരമായ കാര്യങ്ങളിലായാലും റഫീക്ക് എന്നും സത്യസന്ധതയും വിശ്വസ്തതയും പുലര്‍ത്തിയിരുന്നു. കമ്പനി മുതലാളിയായ അറബിക്കും റഫീക്കിനെ വളരെ കാര്യമാണ്.

നാട്ടിലെ കോട്ടക്കല്‍ എന്ന സ്ഥലത്തെ പിഴിച്ചില്‍ ചികിത്സയെക്കുറിച്ച് അറബി കേട്ടിട്ടുണ്ട്. അദ്ദേഹത്തിന് കോട്ടക്കലില്‍ പോയി പിഴിച്ചില്‍ ചികിത്സ നടത്തിയാല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ ഭാഷ ഒരു പ്രശ്നമായതുകൊണ്ട്‌ ശങ്കിച്ചു നില്‍ക്കുമ്പോളാണ് റഫീക്കിന്റെ വീട് കോട്ടക്കലിന് അടുത്താണ് എന്ന് അറബി അറിഞ്ഞത്. ഉടനെ അറബി തന്റെ ആഗ്രഹം റഫീക്കിനോട് പറയുകയും തന്റെ കൂട്ടിന് നാട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. യാത്രാ ചെലവെല്ലാം അറബിതന്നെ വഹിച്ചുകൊള്ളാം എന്നും പറഞ്ഞതോടെ റഫീക്കിന് സന്തോഷവും ആശ്വാസവും ആയി.

ഇരുവരും നാട്ടില്‍ എത്തി. ആദ്യം അറബിയെ കൂട്ടിക്കൊണ്ടുപോയത്  റഫീക്കിന്റെ വീട്ടിലേക്കാണ്. റഫീക്കിന്റെ കൊച്ചു വീടും വീട്ടിലുള്ള ഉപ്പ, ഉമ്മ, ഭാര്യ, മൂന്നു മക്കള്‍, സഹോദരങ്ങള്‍ എന്നിവരേയും കണ്ടപ്പോള്‍ അറബിക്ക് അത്ഭുതം തോന്നി. അദ്ദേഹം റഫീക്കിനോട് ചോദിച്ചു: നിങ്ങള്‍ എല്ലാവരുംകൂടി എങ്ങനെയാണ് ഈ കൊച്ചു കുടിലില്‍ താമസിക്കുന്നത്?

ഇത് ഒരു കൊച്ചു കുടില്‍ അല്ലെന്നും തന്നെ സംബന്ധിച്ച് ഇതൊരു കൊട്ടാരമാണെന്നും വര്‍ഷങ്ങളോളം ഗള്‍ഫില്‍ ജോലി ചെയ്ത് പൂവണിഞ്ഞ തന്റെ സ്വപ്നമാണെന്നും അഭിമാനത്തോടെ റഫീക്ക് പറഞ്ഞപ്പോള്‍ അറബിക്ക് റഫീക്കിനോടുള്ള സ്നേഹവും ബഹുമാനവും പതിന്മടങ്ങ്‌ കൂടി.

വീട്ടിലെ ലഘുഭക്ഷണത്തിനു ശേഷം ഇരുവരും നേരെ കോട്ടക്കല്‍ ചികിത്സാ കേന്ദ്രത്തിലേക്ക് പോയി. മുന്‍കൂട്ടി പറഞ്ഞുവച്ചിരുന്നതു കൊണ്ട് അറബിക്ക് താമസിക്കാനും മറ്റും ഉള്ള എല്ലാ സൌകര്യങ്ങളും അവിടെ ഒരുക്കിയിരുന്നു. നാട്ടിലെ ജനങ്ങളുടെ സ്നേഹവും ബഹുമാനവും എല്ലാം കണ്ടപ്പോള്‍ അറബിക്ക് വളരെ സന്തോഷമായി. എല്ലാ കാര്യങ്ങള്‍ക്കും റഫീക്കും കുടുംബവും ഒപ്പം ഉണ്ടായിരുന്നു.

ഏതാനും ദിവസത്തെ ചികിത്സ കഴിഞ്ഞ് ഗള്‍ഫിലേക്ക് തിരിക്കുന്നതിനു മുന്‍പ് ഒരിക്കല്‍കൂടി അറബി റഫീക്കിന്റെ വീട്ടില്‍ പോയി. അത്രയും ദിവസം എല്ലാ കാര്യങ്ങളിലും തന്നെ സഹായിച്ചതിന് പാരിതോഷികമായി ഒരു കൊച്ചു പാരിതോഷികം തരാന്‍ ഉദ്ദേശിക്കുന്നുണ്ട് എന്നും അത് റഫീക്ക് ഗള്‍ഫില്‍ തിരിച്ചെത്തിയാല്‍ ഉടനെ കൊടുക്കുമെന്നും അറബി പറഞ്ഞു. തല്‍ക്കാലം കൈയ്യില്‍ ഉണ്ടായിരുന്ന ഒരു കെട്ട് നോട്ടുകള്‍ റഫീക്കിന്റെ ഉപ്പയെ ഏല്‍പ്പിച്ചു. അത് ഏതാണ്ട് 25,000 രൂപയുണ്ടായിരുന്നു. എല്ലാവരോടും നന്ദി പറഞ്ഞ് അദ്ദേഹം ഗള്‍ഫിലേക്ക് തിരിച്ചു.

ഗള്‍ഫില്‍ തിരിച്ചെത്തിയ ശേഷം അറബി റഫീക്കിനെ വിളിച്ച് താന്‍ പറഞ്ഞിരുന്ന പാരിതോഷികം കൊടുത്തു. പുതിയൊരു വലിയ വീട് പണിയാനുള്ള സംഖ്യയാണ് ഇത്തവണ കൊടുത്തത്. തികഞ്ഞില്ലെങ്കില്‍ പറയണം എന്നുകൂടി റഫീക്കിനോട് പറഞ്ഞു.

റഫീക്കിന് വിശ്വസിക്കാനായില്ല. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പാരിതോഷികമായിരുന്നു അത്. റഫീക്കിന്റെ കണ്ണില്‍ നിന്നും ജലധാര കുടുകുടാ ഒഴുകാന്‍ തുടങ്ങി. അറബി റഫീക്കിനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു: റഫീക്കിനെപ്പോലെയുള്ള നല്ല മനുഷ്യര്‍ ഉള്ളതുകൊണ്ടായിരിക്കും നിങ്ങളുടെ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിക്കുന്നത്‌ അല്ലേ? റഫീക്കിന്റെ ഉപ്പയും ഉമ്മയും ഭാര്യയും മക്കളും സഹോദരങ്ങളും എല്ലാം ഇനിമുതല്‍ എന്റെ വീട്ടിലെ അംഗങ്ങളായിരിക്കും. ഇനി ഞാന്‍ നിങ്ങളുടെ പുതിയ വീട്ടിലേക്കാണ് വരുക....
   
ഈ വാര്‍ത്ത കാട്ടുതീ പോലെ റഫീക്കിന്റെ കൂട്ടുകാരുടെ ചെവിയില്‍ എത്തി. എല്ലാവരും റഫീക്കിനെ മുക്തകണ്ഠം പ്രശംസിച്ചു. എല്ലാം ദൈവാനുഗ്രഹം മാത്രം എന്ന് റഫീക്ക് മറുപടി പറയുകയും ചെയ്തു.

ഈ വാര്‍ത്ത കേട്ടതിനു ശേഷം റഫീക്കിന്റെ ഒരു സഹമുറിയന്‍ ഉമ്മറിന് ഉറക്കമില്ലാതായി. തന്റെ അറബിയെ ഇതുപോലെ ഒന്ന് നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ താനും രക്ഷപ്പെട്ടേക്കാം എന്ന ചിന്തയാണ് ഉമ്മറിന്റെ ഉള്ളില്‍ നിറഞ്ഞത്‌. അതിനുള്ള ഉപായം ചിന്തിച്ചുകൊണ്ട് നടന്നു ഉമ്മര്‍.

അടുത്ത ദിവസം മുതല്‍ ഉമ്മര്‍ തന്റെ അറബി മുതലാളിയോട് കോട്ടക്കല്‍ പിഴിച്ചില്‍ ചികിത്സയെക്കുറിച്ചും റഫീക്കിന്റെ അറബി അവിടെ പോയി ചികിത്സിച്ചു സന്തോഷത്തോടെ തിരിച്ചുവന്ന കാര്യവും എല്ലാം സദാസമയവും പറഞ്ഞുകൊണ്ടേയിരുന്നു. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ അദ്ദേഹം യാത്രക്ക് സമ്മതിച്ചു. എന്നാല്‍ ഉമ്മറിന്റെ യാത്രാ ചെലവൊന്നും വഹിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. എന്നാലും കുഴപ്പമില്ല, കിട്ടാന്‍ പോകുന്ന വലിയ നിധിക്കു മുന്നില്‍ ഈ ചെലവൊന്നും ഒരു പ്രശ്നമല്ല എന്ന് ഉമ്മര്‍ മനസ്സില്‍ കണ്ടു.

ഇരുവരും നാട്ടിലെത്തി. അറബിയെ ഉമ്മര്‍ നേരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഒരു കൊച്ചുവീടും അവിടെ ഉണ്ടായിരുന്ന ഒരുപാട് കുടുംബാംഗങ്ങളേയും കണ്ടപ്പോള്‍ അറബിക്ക് ആകെ അസ്വസ്ഥമായി. എത്രയും വേഗം പിഴിച്ചില്‍ കേന്ദ്രത്തിലേക്ക് പോകണം എന്നായി അറബി. അവര്‍ അങ്ങോട്ട്‌ യാത്രയായി.

ഈ യാത്രക്കിടയില്‍ ഉമ്മര്‍ തന്റെ കൊച്ചുവീടിനെക്കുറിച്ചും തന്റെ കഷ്ടപ്പാടിനെക്കുറിച്ചും എല്ലാം നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു. എന്നാല്‍ ഉമ്മര്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് അറബിക്ക് മനസ്സിലായി. രണ്ടുവര്‍ഷം മുന്‍പ് ഉമ്മറിന്റെ പുതിയ വീട്ടില്‍ താമസമാക്കിയതിന്റെ ഫോട്ടോകള്‍ അറബിക്ക് ഉമ്മര്‍ കാണിച്ചു കൊടുത്തിരുന്നു. അതില്‍ കാണുന്ന വീടല്ല ഇത് എന്ന് അറബിക്ക് ഒറ്റനോട്ടത്തില്‍തന്നെ മനസ്സിലായി. ഉമ്മര്‍ അക്കാര്യം മറന്നു പോയിരുന്നു.

ചികിത്സയെല്ലാം കഴിഞ്ഞ് അറബി നേരിട്ട് ഗള്‍ഫിലേക്ക് പറന്നു. ഉമ്മറിന്റെ വീട്ടിലേക്ക് പോകാന്‍ ഇഷ്ടപ്പെട്ടില്ല, കാരണം അത് ഉമ്മറിന്റെ വീടല്ലെന്നും, മറ്റാരുടേയോ വീട് തന്നെ പറ്റിക്കാന്‍ വേണ്ടി ഒരുക്കിയതാണെന്നും അറബിക്ക് മനസ്സിലായിരുന്നു.

ഗള്‍ഫില്‍ തിരിച്ചെത്തിയതിനു ശേഷം അടുത്ത ദിവസം അറബി ഉമ്മറിനെ തന്റെ കാബിനിലേക്ക്‌ വിളിപ്പിച്ചു. ഉമ്മര്‍ ആ വിളിയും കാതോര്‍ത്തിരിക്കുകയായിരുന്നു. വളരെ സന്തോഷത്തോടെ ഉമ്മര്‍ അറബിയുടെ കാബിനിലേക്ക്‌ കുതിച്ചെത്തി.

അറബി ഉമ്മറിനോട്: ഉമ്മര്‍, നീയൊരു നല്ല മുസല്‍മാന്‍ ആണെന്നാണ്‌ ഇതുവരെ ഞാന്‍ ധരിച്ചിരുന്നത്. അത് തെറ്റാണെന്ന് എനിക്കിപ്പോള്‍ മനസ്സിലായി.

ഉമ്മര്‍ ഒന്നും പിടികിട്ടാതെ ആകെ പകച്ചു നിന്നുപോയി.

അറബി: കള്ളം പറയുന്നവരെ എനിക്കുവേണ്ട. രണ്ടുവര്‍ഷം മുന്‍പ് നിന്റെ വീടുമാറ്റത്തിന്റെ എന്നു പറഞ്ഞ് ഏതാനും ഫോട്ടോസ് എനിക്ക് കാണിച്ചു തന്നത് ഓര്‍മ്മയുണ്ടോ? ആ ഫോട്ടോസില്‍ കണ്ട വീട്ടിലേക്കല്ലല്ലോ നീ എന്നെ കൂട്ടിക്കൊണ്ടുപോയത്?   

എന്ത് മറുപടി പറയണം എന്നറിയാതെ ഉമ്മര്‍ നിന്ന് പരുങ്ങാന്‍ തുടങ്ങി. അറബിയില്‍ നിന്നും ഈ പ്രതികരണം ഒരിക്കലും പ്രതീക്ഷിച്ചതല്ല.

അറബി: അതുകൊണ്ട് ഒരു മാസത്തെ സമയം തരാം. ഉടനെ വേറെ ജോലി അന്വേഷിച്ചു പൊയ്ക്കോളൂ. നിന്റെ വീട്ടുകാരെ ആലോചിച്ച് ഞാന്‍ വേറെ നടപടി ഒന്നും എടുക്കുന്നില്ല. കള്ളന്മാരേയും ചതിയന്മാരേയും ഈ കമ്പനിയില്‍ വേണ്ട.

കലങ്ങിയ കണ്ണുകളുമായി ഉമ്മര്‍ പുറത്തുപോയി.

പോള്‍സണ്‍ പാവറട്ടി - ദുബായ്  
 

00971 50 5490334

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ