21 മാർച്ച് 2012

ഓടുന്ന ബസ്സിനുള്ളില്‍ ഓടിയാല്‍ !!


ഓടുന്ന ബസ്സിനുള്ളില്‍ ഓടിയാല്‍ !!

ഓടുന്ന ബസ്സിനുള്ളില്‍ ഓടിയാല്‍ എന്തു സംഭവിക്കും എന്ന് പറയേണ്ടതുണ്ടോ? മുഖമടിച്ചു താഴെ വീഴും, അത്രതന്നെ. ഇതില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ സ്വയം പരീക്ഷിച്ചു നോക്കാവുന്നതേയുള്ളൂ.

ഒരു വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഏതാനും നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, കൈയ്യും തലയും പുറത്തിടരുത്, സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കണം, മറ്റുള്ളവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കാതെ ഇരിക്കണം....എന്നിങ്ങനെ ഏതാനും സാമാന്യ മര്യാദകള്‍ പാലിക്കേണ്ടത് ഓരോ യാത്രക്കാരന്റേയും കടമയാണ്. അതിനും പുറമേ, വാഹനം ഓടിക്കുവാന്‍ ഒരു ഡ്രൈവര്‍ ഉണ്ടെങ്കില്‍ ആ വ്യക്തിയില്‍ വിശ്വസിക്കണം. യാത്രക്കാരന്‍ നേരെചൊവ്വേ ഇരുന്നുകൊടുത്താല്‍ മതി. പിന്നെയുള്ള പണി ഡ്രൈവറുടെയാണ്. ഡ്രൈവര്‍ വേണ്ടപോലെ വാഹനം നിയന്ത്രിക്കുകയും ഓരോ യാത്രക്കാരനേയും അവരവരുടെ സ്ഥലങ്ങളില്‍ എത്തിക്കുകയും ചെയ്യും.

ഇതൊക്കെ ആര്‍ക്കാണ് അറിയാത്തത് എന്നായിരിക്കും ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നത്. എന്നാല്‍ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് മറ്റൊന്നാണ്.

നമ്മുടെ ജീവിതവും ഒരു വാഹനത്തിലെ യാത്രതന്നെയാണ്. നമ്മുടെ ജീവിതയാത്രയെ നിയന്ത്രിക്കുന്നത്‌ സാക്ഷാല്‍ ദൈവവും. ഇത്ര നല്ല "ഡ്രൈവര്‍" നമ്മുടെ ജീവിതമാകുന്ന വാഹനത്തെ നിയന്ത്രിക്കുമ്പോള്‍ പിന്നെ നമ്മള്‍ എന്തിനാണ് ഇങ്ങനെ ആധിയും വ്യാധിയും കൊള്ളുന്നത്‌? നമ്മളെ യഥാസമയം യഥാസ്ഥലത്ത് "ഡ്രൈവര്‍" എത്തിക്കില്ല എന്ന് കരുതിയിട്ടാണോ? വീണ്ടും ഓര്‍മ്മിപ്പിക്കുന്നു, ഓടുന്ന വാഹനത്തിന്റെ ഉള്ളില്‍ സര്‍വ്വശക്തിയും ഉപയോഗിച്ച് ഓടാന്‍ ശ്രമിച്ചാല്‍ എത്തേണ്ടിടത്ത് എത്തില്ല എന്നുമാത്രമല്ല, ആഗ്രഹിക്കാത്തിടത്ത്‌ എത്തുകയും ചെയ്യും. പിന്നീട് കിടന്നു മോങ്ങിയിട്ട് വല്ല കാര്യവുമുണ്ടോ?

സ്നേഹിതരേ, സത്യത്തില്‍ ഇതല്ലേ അനുദിനം നമ്മുടെ ജീവിതത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്? എല്ലാ ജാതിമതസ്ഥരായ വിശ്വാസികളും ഉറക്കെ വിളിച്ചുപറയുന്നു ദൈവത്തില്‍ വിശ്വാസമുണ്ടെന്ന്. എന്നാല്‍, കാര്യങ്ങള്‍ തങ്ങള്‍ ഉദ്ദേശിച്ചപോലെ നടക്കുന്നില്ല എന്നു കാണുമ്പോള്‍ ഇതേ ദൈവത്തെ മറികടക്കാനും ഇക്കൂട്ടര്‍ ശ്രമിക്കുന്നു. എന്നിട്ടോ?....

കപടമനുഷ്യന്‍ പറയുക ഇങ്ങനെയാണ്, "നേട്ടങ്ങള്‍ എല്ലാം സ്വന്തം കഴിവുകൊണ്ട്; എന്നാല്‍ സ്വന്തം കുരുത്തക്കേടില്‍നിന്ന് വല്ല ദോഷവും വന്നുഭവിച്ചാലോ, അതെല്ലാം ദൈവം തന്ന വിധി." എന്തൊരു വിരോധാഭാസമാണ് അല്ലേ?

പോള്‍സണ്‍ പാവറട്ടി
 

00971 50 5490334

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ