പലവിചാരം കൂടാതെ പ്രാര്‍ഥിക്കാന്‍ കഴിയുമോ?
പലവിചാരം കൂടാതെ പ്രാര്‍ഥിക്കണം എന്നാണല്ലോ പറഞ്ഞു കേട്ടിട്ടുള്ളത്. എനിക്കാണെങ്കില്‍ പ്രാര്‍ഥിക്കാന്‍ ഇരുന്നാല്‍ ഉടനെ മനസ്സില്‍ പലവിധ ചിന്തകള്‍ വരാന്‍ തുടങ്ങും. അപ്പോള്‍ എനിക്ക് തോന്നും പ്രാര്‍ത്ഥന മുടക്കാനുള്ള സാത്താന്റെ വേലയായിരിക്കും ഈ പലവിചാരം ഉണ്ടാകല്‍ എന്ന്.
ഒരിക്കല്‍ പണ്ഡിതനായ ഒരു വൈദികനോട് ഞാനിക്കാര്യം സംസാരിച്ചു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: നമ്മളൊക്കെ മജ്ജയും മാംസവും ഉള്ള മനുഷ്യരാണ്. അതുകൊണ്ടുതന്നെ സദാസമയവും മനസ്സില്‍ എന്തെങ്കിലുമൊക്കെ ചിന്തകള്‍ വന്നും പോയ്ക്കൊണ്ടുമിരിക്കും. ഇത് ആരുടേയും തെറ്റോ കുറ്റമോ സാത്താന്റെ തട്ടിപ്പോ ഒന്നുമല്ല. നമ്മുടെ ജീവിതവുമായി ബന്ധമുള്ള കാര്യങ്ങള്‍ മാത്രമേ നമ്മുടെ മനസ്സില്‍ വരികയുള്ളൂ. അതൊരുപക്ഷേ കഴിഞ്ഞുപോയ ചില സംഭവങ്ങളാവാം, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാവാം, നാളെ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളാവാം.
നമ്മുടെ പ്രാര്‍ത്ഥനക്കിടയില്‍ ഇത്തരം ഒരു ചിന്ത വരുന്നതുകൊണ്ട് നാം മനസ്സിലാക്കണം ഒരുപക്ഷേ ദൈവം ഇക്കാര്യത്തെക്കുറിച്ച് നമ്മളോട് എന്തോ പറയാന്‍ ഉദ്ദേശിക്കുന്നുണ്ട്. അതെന്താണെന്ന് പ്രാര്‍ത്ഥനക്കുശേഷം കുറച്ചുനേരം മൌനമായി ഇരുന്ന് ദൈവത്തോട് ചോദിക്കുക. അപ്പോള്‍ ദൈവം അതിന്റെ മറുപടി വ്യക്തമായി പറഞ്ഞുതരും. നമ്മളും ദൈവവും തമ്മില്‍ നടത്തുന്ന ഈ സംഭാഷണമാണ് യഥാര്‍ത്ഥ പ്രാര്‍ത്ഥന.
ഇത് കേട്ടപ്പോള്‍ എനിക്ക് ആശ്വാസമായി. പിന്നീട് പ്രാര്‍ഥിക്കുമ്പോള്‍ എന്തു ചിന്ത വന്നാലും അത് ദൈവം അനുവദിക്കുന്നതാണ് എന്ന് എനിക്ക് മനസ്സിലാവും. ചിലപ്പോള്‍ എനിക്ക് വിരോധമുള്ളവരുടേയോ എന്നോട് വിരോധമുള്ളവരുടേയോ മുഖമായിരിക്കും മനസ്സില്‍ വരുക. അപ്പോള്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കും. അങ്ങനെ എന്റെ പ്രാര്‍ത്ഥന ലളിതമായി നടത്താന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്.
സ്നേഹിതരേ, ഈ പറഞ്ഞത് ശരിയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ ഇന്നുമുതല്‍ നിങ്ങള്‍ക്കും ഈ രീതി ശ്രമിച്ചുനോക്കാം. അതുകൊണ്ട് ദോഷമൊന്നും ഉണ്ടാവില്ല; തീര്‍ച്ച.
പോള്‍സണ്‍ പാവറട്ടി - ദുബായ്
00971 50 5490334
It is a good message.
മറുപടിഇല്ലാതാക്കൂ