ദുബായ് ലേബര്‍ കോടതിയും തൊഴിലാളികളും
സ്നേഹമുള്ള UAE പ്രവാസി സുഹൃത്തുക്കളേ, UAE - യിലെ തൊഴിലാളികള്‍ക്ക് സുശക്തമായ പരിരക്ഷ നല്‍കുന്ന നിയമങ്ങള്‍ UAE -യില്‍ ഉള്ള കാര്യം ഇപ്പോഴും പല തൊഴിലാളികള്‍ക്കും അറിയില്ല എന്നതാണ് സത്യം.
ആര്‍ക്കെങ്കിലും രണ്ടു മാസം തുടര്‍ച്ചയായി ശമ്പളം കിട്ടാതിരിക്കുകയോ കമ്പനിയില്‍ നിന്നും പിരിഞ്ഞു പോകുമ്പോള്‍ ലഭിക്കേണ്ട Leave Salary , Gratuity , ticket മുതലായ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കാതിരിക്കുകയോ ചെയ്യുന്നപക്ഷം നേരെ ലേബര്‍ കോടതിയില്‍ പരാതിപ്പെടാവുന്നതാണ്. ആരും നിങ്ങളെ പിടിച്ച് അകത്തിടില്ല.
ലേബര്‍ കോടതി തൊഴിലാളികള്‍ക്ക് വേണ്ടിയാണ് എന്ന കാര്യം ഓര്‍മ്മയുണ്ടായിരിക്കട്ടെ. മാത്രമല്ല, ഇത് നമ്മുടെ ഇന്ത്യയല്ല, കേരളവുമല്ല. തൊഴിലാളികളുടെ ന്യായമായ ഏതൊരു പ്രശ്നവും വേണ്ടവിധം നടത്തിക്കൊടുക്കണം എന്നാണ് ഇവിടത്തെ ഭരണാധികാരികള്‍ ഉദ്യോഗസ്ഥര്‍ക്ക് കൊടുത്തിട്ടുള്ള കര്‍ശന നിര്‍ദ്ദേശം.
അതുകൊണ്ടുതന്നെ ലേബര്‍ കോടതിയില്‍ പോകാന്‍ യാതൊരു കാരണവശാലും പേടിക്കേണ്ടതില്ല. നമ്മള്‍ മലയാളികള്‍ക്ക് വേണ്ടാത്ത ഒരു വികാരമുണ്ട്, ഭയം എന്ന വികാരം. എന്തിനാണ് നമ്മള്‍ ഭയപ്പെടുന്നത്? ആരെയാണ് നമ്മള്‍ ഭയപ്പെടുന്നത്? ന്യായമായത് ചോദിച്ചു വാങ്ങിക്കുന്നതില്‍ ഒന്നിനേയും, ആരേയും ഭയക്കേണ്ടതില്ല.
ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്, "എനിക്ക് കേസും കൂട്ടവുമായി നടക്കാനൊന്നും വയ്യ. ഒന്നും കിട്ടിയില്ലെങ്കിലും വേണ്ട. തടി കേടാകാതെ നാട്ടില്‍ എത്തിയാല്‍ മതി....."
സ്നേഹിതാ, ഒരുപക്ഷേ നിങ്ങള്‍ക്ക് വേണ്ടായിരിക്കാം. നിങ്ങളുടെ ജീവിതം ഇത്രയൊക്കെ ആയില്ലേ, അല്ലേ? എന്നാല്‍ നിങ്ങളുടെ കുഞ്ഞുമക്കള്‍ക്ക് വേണം ഈ പൈസ. നിങ്ങളുടെ കുഞ്ഞുമക്കള്‍ നിങ്ങളെ പ്രതീക്ഷിച്ചാണ് ജീവിക്കുന്നത്. അവര്‍ക്കും കാണും ആഗ്രഹങ്ങളും അഭിലാഷങ്ങളും എല്ലാം. ആരുടേയും മോഷ്ടിക്കാനോ പിടിച്ചുപറിക്കാനോ ഒന്നുമല്ലല്ലോ പറയുന്നത്.
ഞാന്‍ ദുബായില്‍ പ്രവാസ ജീവിതം തുടങ്ങിയിട്ട് 25 വര്‍ഷമായി. ഇതിനകം ഒത്തിരി ഉയര്‍ച്ച താഴ്ചകള്‍ കണ്ടും കേട്ടും അനുഭവിച്ചും മനസ്സിലാക്കിയിട്ടുണ്ട്. അതിന്റെ വെളിച്ചത്തിലാണ് ഇപ്പോള്‍ ഇങ്ങനെ പ്രതികരിക്കാന്‍ തോന്നുന്നത്.
കൂട്ടത്തില്‍ ഒരു സത്യംകൂടി അറിയിക്കാന്‍ ആഗ്രഹിക്കുന്നു. "കള്ളന്‍ കപ്പലില്‍ തന്നെയുണ്ട്" ... എന്നുവെച്ചാല്‍ നമ്മള്‍ മലയാളികളെ / ഇന്ത്യക്കാരെ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് മലയാളികള്‍ / ഇന്ത്യക്കാര്‍ തന്നെയാണ്. മറക്കണ്ട.
ഇതിനകം പലരേയും ലേബര്‍ കോടതിയില്‍ വിട്ട് അവര്‍ക്ക് ന്യായമായ ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു, സന്തോഷിക്കുന്നു.
കഴിയുമെങ്കില്‍ ഈ സന്ദേശം മറ്റു കൂട്ടുകാരുമായി ഷെയര്‍ ചെയ്യുക. ആരെങ്കിലുമൊക്കെ രക്ഷപ്പെട്ടോട്ടെ. ആരെങ്കിലും രക്ഷപ്പെടുന്നതുകൊണ്ട് നിങ്ങള്‍ക്ക് വിരോധമൊന്നുമില്ലല്ലോ?
എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു.
പോള്‍സണ്‍ പാവറട്ടി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ