വന്ന വഴി മറന്നാല്‍ !!
എം-കോം ബിരുദം കഴിഞ്ഞ് നാട്ടില്‍ ചെറിയൊരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ജവഹര്‍. ഒരു ഇടത്തരം കുടുംബമാണ് ജവഹറിന്റേത്. കിട്ടുന്ന ചെറിയ ശമ്പളംകൊണ്ട് ദൈനംദിന കാര്യങ്ങള്‍ കഴിഞ്ഞുപോകുമെങ്കിലും ഒന്നും സമ്പാദിക്കാന്‍ കഴിയില്ല.
ആയിടക്കാണ് അയല്‍വാസിയായ മൂസാഭായി ദുബായില്‍ നിന്നും നാട്ടില്‍ ലീവിന് വന്നത്. മൂസാഭായിക്ക് ദുബായില്‍ ഒരു ചെറിയ സ്ഥാപനമുണ്ട്. വര്‍ഷങ്ങള്‍കൊണ്ട് അദ്ധ്വാനിച്ച് ഉണ്ടാക്കിയ ഒരു സ്ഥാപനം.
മൂസാഭായി നാട്ടില്‍ എത്തിയ വിവരം അറിഞ്ഞപ്പോള്‍ ജവഹര്‍ മൂസാഭായിയെ കാണാന്‍ വീട്ടില്‍ പോയി. കുശലാന്വേഷണത്തിനിടയില്‍ തന്നെ എങ്ങനെയെങ്കിലും ദുബായിലേക്ക് കൊണ്ടുപോകാമോ എന്നായി ജവഹര്‍. തന്റെ നിസ്സഹായാവസ്ഥ മൂസാഭായി ജവഹറിനു പറഞ്ഞുകൊടുത്തു. പക്ഷേ എങ്ങനെയെങ്കിലും കൊണ്ടുപോകണം, എന്ത് ജോലിയും ചെയ്യാം എന്നും പറഞ്ഞ് ജവഹര്‍ കരച്ചിലോടു കരച്ചില്‍ തന്നെയാണ്. ഒരു വിധത്തില്‍ ജവഹറിനെ മടക്കിവിട്ടു.
അപ്പോള്‍ മൂസാഭായിയുടെ ഭാര്യ സീനത്ത് പറഞ്ഞു: ഇക്കാ, ആ കുട്ടി എത്ര വിഷമിച്ചിട്ടാണ് പോയത്. ഇക്കായുടെ സ്ഥാപനത്തില്‍ ഒരു ജോലി കൊടുത്തുകൂടെ ആ കുട്ടിക്ക്? നമുക്കാണെങ്കില്‍ നമ്മുടെ സ്ഥാപനം വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ ഒരാളാവുകയും ചെയ്യും.
മൂസാഭായി: എന്റെ സീനത്തെ, നീ കാര്യങ്ങള്‍ മനസ്സിലാക്കാതെ സംസാരിക്കരുത്. ഒന്നാമത് ആ കുട്ടി നല്ല പഠിപ്പുള്ളവനാണ്. അവന്റെ പഠിപ്പിന് അനുസരിച്ചുള്ള ശമ്പളം കൊടുക്കാനൊന്നും ഇപ്പോള്‍ നമുക്കാവില്ല. പിന്നെ, ഒരു വിസക്ക് എത്ര സംഖ്യ ചെലവാകും എന്ന് നിനക്ക് വല്ല നിശ്ചയവും ഉണ്ടോ? ആ പൈസ പാവപ്പെട്ട അവരില്‍ നിന്ന് മേടിക്കാന്‍ കഴിയുമോ?
സീനത്ത്: എന്റെ ഇക്കാ, ഇങ്ങള് വിഷമിക്കാതിരിക്ക്. ആ കുട്ടിക്ക് നമ്മുടെ സ്ഥാപനത്തില്‍ ഒരു ജോലി കൊടുത്തതുകൊണ്ട് നമുക്ക് ഒരു നഷ്ടവും വരില്ല. ആ കുടുംബം രക്ഷപ്പെടുകയും ചെയ്യും. ബാക്കി കാര്യങ്ങള്‍ പടച്ചോന്‍ നോക്കിക്കോളും.
അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് അവര്‍ കുറേ തര്‍ക്കിച്ചു. ഒടുവില്‍ കെട്ട്യോള്‍ സീനത്തിന്റെ വാക്ക് തന്നെ എടുക്കാന്‍ മൂസാഭായി തീരുമാനിച്ചു.
അധികം താമസിയാതെ ജവഹര്‍ ദുബായില്‍ എത്തി. മൂസാഭായി തന്റെ സ്ഥാപനത്തെക്കുറിച്ചും അവിടെ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും എല്ലാം വിശദമായി ജവഹറിനു പറഞ്ഞുകൊടുത്തു. അവിടെയുള്ള മറ്റു ജോലിക്കാരോട് ഇത് തന്റെ സ്വന്തം ആളാണെന്നും ഇനിമുതല്‍ ഈ സ്ഥാപനത്തിന്റെ മാനേജര്‍ ജവഹര്‍ ആയിരിക്കുമെന്നും പറഞ്ഞ് പരിചയപ്പെടുത്തിക്കൊടുത്തു.
ആദ്യമൊക്കെ ഭാഷയുടെ പ്രശ്നം ജവഹറിന് ഉണ്ടായിരുന്നു എങ്കിലും മെല്ലെ മെല്ലെ എല്ലാം ശരിയായി. ജവഹറിന്റെ വളര്‍ച്ച കണ്ടപ്പോള്‍ മൂസാഭായിക്കും സന്തോഷമായി. കെട്ട്യോള്‍ സീനത്തിന്റെ വാക്ക് കേട്ടത് നന്നായിപ്പോയി എന്ന് തോന്നി.
മൂസാഭായിതന്നെ മുന്‍കൈ എടുത്ത് ജവഹറിന് ഡ്രൈവിംഗ് ലൈസന്‍സും തരപ്പെടുത്തിക്കൊടുത്തു. മെല്ലെ മെല്ലെ സ്ഥാപനം മുഴുവന്‍ ഒറ്റയ്ക്ക് നിയന്ത്രിക്കാന്‍ ജവഹര്‍ പ്രാപ്തനായി. മൂസാഭായിക്ക് ഇടയ്ക്കിടയ്ക്ക് നാട്ടില്‍ പോകാന്‍ സൌകര്യമായി. വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ ഒരു ആളായല്ലോ. ബാങ്കിലെ ഇടപാടുകള്‍ നടത്താനും മറ്റു നിയമപരമായ കാര്യങ്ങള്‍ ചെയ്യാനും എല്ലാമുള്ള അധികാരം മൂസാഭായി ജവഹറിനെ ഏല്‍പ്പിച്ചു. ജവഹര്‍ എല്ലാം കൃത്യമായും ഭംഗിയായും ചെയ്തുപോന്നിരുന്നു.
നാലഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം ജവഹറിന്റെ ഒരു സ്നേഹിതന്‍ ജവഹറിനോട് ചോദിച്ചു: എന്തുകൊണ്ട് ഇതുപോലൊരു സ്ഥാപനം നിനക്ക് സ്വന്തമായി തുടങ്ങിക്കൂടാ? എന്തിനു തന്റെ അറിവും കഴിവും ആരോഗ്യവും സമയവും എല്ലാം മറ്റുള്ളവര്‍ക്കായി ചെലവാക്കണം? പൈസയുടെ കാര്യത്തെക്കുറിച്ച് നീ വിഷമിക്കണ്ട. അക്കാര്യം ഞാനേറ്റു. നീ കാര്യങ്ങള്‍ വേണ്ടതുപോലെ ചെയ്‌താല്‍ മതി. കിട്ടുന്നത് നമുക്ക് രണ്ടാള്‍ക്കും ഫിഫ്ടി ഫിഫ്ടി ആയി എടുക്കാം. നീ എന്ത് പറയുന്നു? ഉടനെ മറുപടി പറയണമെന്നില്ല. നല്ലതുപോലെ ആലോചിച്ച് പറഞ്ഞാല്‍ മതി. എന്നെ സംബന്ധിച്ച് നീയല്ലെങ്കില്‍ മറ്റൊരാള്‍. അത്രേയുള്ളൂ. നിനക്ക് രക്ഷപ്പെടാനുള്ള ഒരു മാര്‍ഗ്ഗമാണ് ഞാന്‍ പറഞ്ഞു തരുന്നത്. ഇനിയെല്ലാം നിന്റെ ഇഷ്ടം.
സ്നേഹിതന്റെ ഈ വാക്കുകള്‍ ജവഹറിനെ വല്ലാതെ ഉലച്ചുകളഞ്ഞു. മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയിലായി ജവഹര്‍. അന്ന് രാത്രി ഇതെല്ലാം ആലോചിച്ച് തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു.
ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ജവഹര്‍ സ്നേഹിതന്റെ കൂടെ കൂടാന്‍ തീരുമാനിച്ചു. അധികം താമസിയാതെ മൂസാഭായി അറിയാതെ ജവഹര്‍ തന്റെ പുതിയ സ്ഥാപനം തുടങ്ങാനുള്ള പണികള്‍ തുടങ്ങി. മാത്രമല്ല, മൂസാഭായിയുടെ സ്ഥാപനത്തിലെ പരിചയ സമ്പന്നരായ ഏതാനും പേരേയും കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്ത് ജവഹറിന്റെ സ്ഥാപനത്തിലേക്ക് ആകര്‍ഷിപ്പിച്ചു.
മൂസാഭായിടെ ഓരോ ജോലിക്കാര്‍ രാജിവച്ചു പോകാന്‍ തുടങ്ങി. വീട്ടിലെ പ്രശ്നം, ആരോഗ്യ പ്രശ്നം എന്നൊക്കെ പല കള്ളവും പറഞ്ഞാണ് അവര്‍ രാജിവച്ച് പോകുന്നത്. പരിചയ സമ്പന്നരായ ഓരോ ജോലിക്കാര്‍ പോകുമ്പോഴും അതിന്റെ ന്യൂനത ആ സ്ഥാപനത്തില്‍ നിഴലിക്കാന്‍ തുടങ്ങി. എങ്കിലും മൂസാഭായി പിടിച്ചു നിന്നു.
ഒടുവില്‍ ഒരു ദിവസം ജാവഹറും രാജിവച്ചു. പുതിയൊരു സ്ഥാപനം തുടങ്ങാനാണെന്നും അതിനു മൂസാഭായി തടസ്സം നില്‍ക്കരുതെന്നും ജവഹര്‍ പറഞ്ഞു. മൂസാഭായിക്ക് തന്റെ കാതുകളെ വിശ്വസിക്കാനായില്ല.
മൂസാഭായി വിതുമ്പിക്കൊണ്ട് പറഞ്ഞു: മോനേ ജവഹര്‍, നിന്നെ ഞാന്‍ എന്റെ സ്വന്തം മോനെപ്പോലെയാണ് ഇതുവരെ കണ്ടിട്ടുള്ളത്. നീ ഒരു സ്ഥാപനം തുടങ്ങുന്നതില്‍ ഞാന്‍ ഒരിക്കലും തടസ്സമാകില്ല. പക്ഷേ, പെട്ടെന്നൊരു ദിവസം മുന്നറിയിപ്പൊന്നുമില്ലാതെ നീ പോയാല്‍ അത് നമ്മുടെ സ്ഥാപനത്തെ ബാധിക്കില്ലേ മോനേ? ആ ഒരു വിഷമം മാത്രമേ ഉള്ളൂ.
ജവഹര്‍: നമ്മുടെ സ്ഥാപനം എന്നല്ല, നിങ്ങളുടെ സ്ഥാപനം എന്ന് പറ. ഞാന്‍ എന്നും നിങ്ങളുടെ ജോലിക്കാരനായി നില്‍ക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്? അതിന് വേറെ ആളെ നോക്കണം. ഇനി എനിക്കെന്റെ കാര്യം നോക്കണം. നിങ്ങളുടെ സ്ഥാപനത്തിന് എന്ത് സംഭവിക്കും എന്ന് എനിക്ക് നോക്കേണ്ട കാര്യമൊന്നുമില്ല. നല്ല രീതിയില്‍ എന്നെ ഒഴിവാക്കിതരില്ലെങ്കില്‍ പിന്നെ എനിക്കറിയാം എന്താ വേണ്ടതെന്ന്.
മൂസാഭായി: ഇല്ല മോനേ, ഇനി ഞാന്‍ ഒന്നും പറയുന്നില്ല. 20 വയസ്സില്‍ ഞാന്‍ ഈ ദുബായില്‍ വന്നതാണ്. 30 വയസ്സുള്ളപ്പോള്‍ ചെറുതായി തുടങ്ങിയ ഈ സ്ഥാപനം വളരെ കഷ്ടപ്പെട്ടാണ് ഇന്ന് ഈ നിലയില്‍ എത്തിച്ചത്. അതൊന്നും എന്റെ കഴിവല്ല. പടച്ചോന്‍ തന്നതാണ്. എനിക്കിപ്പോള്‍ വയസ്സ് 55 കഴിഞ്ഞു. ഇനി എനിക്ക് വലിയ മോഹങ്ങള്‍ ഒന്നുമില്ല. ഞാന്‍ എന്റെ സുഖത്തേക്കാള്‍, സന്തോഷത്തേക്കാള്‍ എന്റെ തൊഴിലാളികളുടെ കുടുംബത്തിന്റെ സുഖവും സന്തോഷവും ആണ് നോക്കിയത്. എല്ലാം നന്നായി വരട്ടെ മോനേ.
അങ്ങനെ ജവഹര്‍ മൂസാഭായിയുടെ സ്ഥാപനത്തില്‍ നിന്നും സ്വന്തം സ്ഥാപനത്തിലേക്ക് വിസ മാറ്റി. ജവഹര്‍ തന്റെ പുതിയ സ്ഥാപനത്തില്‍ ബിസിനസിന്റെ പുതിയ തന്ത്രങ്ങള്‍ മെനയാന്‍ തുടങ്ങി. സ്നേഹിതന്‍ വാരിക്കോരി പണമിറക്കാനും തയ്യാര്‍. ബാങ്കുകളില്‍ നിന്നു കിട്ടാവുന്നത്ര ലോണുകള്‍ തരപ്പെടുത്തി. ബാങ്കിടാപാടുകളില്‍ ജവഹര്‍ അതിസമര്‍ത്ഥന്‍ ആണല്ലോ.
വര്‍ഷങ്ങള്‍ ഒന്നുരണ്ടു കഴിഞ്ഞു. ബിസിനസ് പടര്‍ന്നു പന്തലിച്ചു. പലയിടങ്ങളിലും ബ്രാഞ്ചുകള്‍ തുടങ്ങി. ഒത്തിരി പുതിയ ജോലിക്കാരായി.
ആയിടക്കാണ് ആഗോള സാമ്പത്തിക മാന്ദ്യം ആഞ്ഞടിച്ചത്. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ ജവഹറിന്റെ സ്ഥാപനത്തിന്റെ അടിത്തറ ഇളകാന്‍ തുടങ്ങി. ജവഹറിന്റെ ചെക്കുകള്‍ ഓരോന്നായി മടങ്ങാന്‍ തുടങ്ങി. അകത്താകും എന്ന് മനസ്സിലായപ്പോള്‍ ജവഹറിന്റെ സ്നേഹിതന്‍ നാടുവിട്ടു. താമസിയാതെ ജവഹര്‍ അകത്തായി.
അതുവരെ ഉണ്ടാക്കിയതും അതിനപ്പുറവും വിറ്റുതുലച്ച് ഒരുവിധത്തില്‍ ജവഹര്‍ ജാമ്യത്തില്‍ വെളിയില്‍ ഇറങ്ങി. ചുറ്റും നോക്കി. സഹായിക്കാന്‍ ആരുമില്ല. താന്‍ ഉണ്ടാക്കിയ ബിസിനസ് സാമ്രാജ്യം ചീട്ടുകൊട്ടാരംപോലെ തകര്‍ന്നടിഞ്ഞു.
ഇനിയെന്ത് എന്നറിയാതെ കടപ്പുറത്ത് നോക്കെത്താ ദൂരത്തേക്കു നോക്കിയിരിക്കുമ്പോള്‍ ആരോ തോളില്‍ തട്ടുന്നതുപോലെ തോന്നി. തിരിഞ്ഞു നോക്കിയപ്പോള്‍ തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല, ചെറിയ പുഞ്ചിരിയോടെ മൂസാഭായി.
മൂസാഭായി: മോനേ ജവഹര്‍, വന്നതൊക്കെ വന്നു. ഒന്നും ആലോചിച്ച് വിഷമിക്കണ്ട. വാ, എന്റെ കൂടെ വാ. നിന്റെ കസേര ഇന്നും എന്റെ ഓഫീസില്‍ ഒഴിഞ്ഞു കിടക്കുകയാണ്. അതില്‍ വേറെ ആരേയും ഇരുത്താന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ചെറുതാണെങ്കിലും നമുക്ക് അവിടെ സന്തോഷത്തോടെ കഴിഞ്ഞുകൂടാം.
മൂസാക്കാ എന്നുവിളിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് ജവഹര്‍ മൂസാഭായിയുടെ കാല്‍ക്കല്‍ വീണു. മൂസാഭായി ജവഹറിനെ എഴുന്നേല്‍പ്പിച്ച് കൂടെ കൊണ്ടുപോയി.
പോള്‍സണ്‍ പാവറട്ടി - ദുബായ്
00971 50 5490334
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ