സ്വര്‍ഗ്ഗത്തിലേക്ക് പോകുന്ന വല്യമ്മച്ചി
**********************************************
ഒരു ധ്യാനത്തിന് പോയി വന്നതിനു ശേഷം വല്യമ്മച്ചി എപ്പോള്‍ നോക്കിയായാലും പ്രാര്‍ത്ഥന തന്നെയാണ്. തന്നെ സ്വര്‍ഗ്ഗത്തിലേക്ക് ജീവനോടെ കൊണ്ടുപോകണേ എന്നാണ് പ്രാര്‍ത്ഥന. ഇത് കേള്‍ക്കുമ്പോള്‍ മരുമകള്‍ മുറുമുറുക്കുന്നത് കേള്‍ക്കാം, "ഓ, സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകാന്‍ പറ്റിയ ഒരു സാധനം. നടക്കുന്ന കാര്യം വല്ലതും പ്രാര്‍ഥിക്ക് തള്ളേ..."മരുമകളുടെ മുറുമുറുപ്പൊന്നും കാര്യമാക്കാതെ വല്യമ്മച്ചി പ്രാര്‍ത്ഥന തുടര്‍ന്നുകൊണ്ടേയിരുന്നു. ദിവസങ്ങളും ആഴ്ചകളും പലതും കഴിഞ്ഞു. പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. മരുമകളുടെ പരിഹാസ ശരങ്ങളുടെ മുന്നില്‍ വല്യമ്മച്ചി പതറാന്‍ തുടങ്ങി. അതോടെ വല്യമ്മച്ചിയുടെ പ്രാര്‍ത്ഥനക്ക് ശബ്ദവും ശക്തിയും കൂടി.
വല്യമ്മച്ചിയുടെ ശക്തിയോടെയുള്ള പ്രാര്‍ത്ഥന കേട്ട് ദൈവത്തിനും ഇരിക്കാന്‍ പറ്റാതായി. ഒടുവില്‍ ദൈവം വല്യമ്മച്ചിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞു, "മകളേ, നിന്റെ പ്രാര്‍ത്ഥന ഞാന്‍ കേട്ടു. നിന്റെ ആഗ്രഹം നടക്കാന്‍ പോകുന്നു."
ഇത് കേട്ടപ്പോള്‍ വല്യമ്മച്ചിക്ക് സന്തോഷംകൊണ്ട് ഇരിക്കാന്‍ പറ്റാതായി.
ദൈവം തുടര്‍ന്നു, "നാളെ പുലര്‍ച്ചെ കൃത്യം നാല് മണിക്ക് ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഒരു ചരട് ഇറക്കിത്തരും. അതില്‍ പിടിച്ചാല്‍ മതി വല്യമ്മച്ചി താനേ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ന്നു പൊയ്ക്കോളും. സന്തോഷമായിരിക്കുക..."
ഇത് പറഞ്ഞ് ദൈവം അപ്രത്യക്ഷമായി.
പിന്നീട് വല്യമ്മച്ചിക്ക് ഇരിക്കപ്പൊറുതിയില്ല. വല്യമ്മച്ചി നേരെ മരുമകളെ വിളിച്ച് ഉണ്ടായ കാര്യങ്ങള്‍ പറഞ്ഞു. മരുമകളുണ്ടോ വിശ്വസിക്കുന്നു? അപ്പോഴും വല്യമ്മച്ചിയെ മരുമകള്‍ കളിയാക്കി.
കുറച്ചു കഴിഞ്ഞപ്പോള്‍ മരുമകള്‍ക്ക് ഒരു സംശയം, ഇനി ഈ തള്ള പറഞ്ഞത് എങ്ങാനും ശരിയാണെങ്കിലോ? എന്തായാലും ഒന്നുനോക്കിക്കളയാം. ചുരുങ്ങിയ സമയംകൊണ്ട് ഈ വാര്‍ത്ത കാട്ടുതീ പോലെ ആ നാട്ടിലെങ്ങും പടര്‍ന്നു. കേട്ടവര്‍ കേട്ടവര്‍ അവിടെ ഓടിയെത്തി വല്യമ്മച്ചിയോട് കാര്യങ്ങള്‍ തിരക്കി. വളരെ അഭിമാനത്തോടെ തല ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വല്യമ്മച്ചി എല്ലാവരോടും പറഞ്ഞു, "ഇതാണ് പറഞ്ഞത് ദൈവത്തെ വിളിക്കേണ്ട പോലെ വിളിച്ചാല്‍ ദൈവം വിളിപ്പുറത്ത് വരുമെന്ന്. എന്തായാലും നാളെ പുലര്‍ച്ചെ നാലുമണിക്ക് ഞാന്‍ സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നത് കാണാന്‍ നിങ്ങളെല്ലാവരും ഉണ്ടാവണം കേട്ടോ...."
സമയം രാത്രിയായി,... പാതിരയായി. ആ നാട് അന്ന് ഉറങ്ങിയിട്ടില്ല എന്ന് പറയാം. നാട്ടുകാര്‍ എല്ലാം വല്യമ്മച്ചിയുടെ വീടിനു ചുറ്റും നിറഞ്ഞു കവിഞ്ഞു നില്‍ക്കുകയാണ്. മണിക്കൂറുകള്‍ ഓരോന്നായി കൊഴിഞ്ഞുപോയി. ഒട്ടും വിശ്വാസമില്ലെങ്കിലും ഇനി അഥവാ പറഞ്ഞതുപോലെ നടക്കുകയാണെങ്കിലോ? ... ഇതാണ് എല്ലാവരുടേയും ഉള്ളില്‍. സമയം നാലുമണി ആകുന്നതോടെ എല്ലാവരുടേയും ആകാംക്ഷ വര്‍ദ്ധിച്ചു. എല്ലാവരുടേയും നോട്ടം മുകളിലേക്കാണ്.
അതാ പെട്ടെന്ന് ആകാശത്തുനിന്ന് ഒരു വെളുത്ത നിറം കാണുന്നു. എല്ലാവരും ആകാംക്ഷയോടെ സൂക്ഷിച്ചു നോക്കിക്കൊണ്ടേയിരുന്നു. അതെ, ശരി തന്നെ, അതൊരു വെളുത്ത ചരടാണ്. ആ ചരട് മെല്ലെ മെല്ലെ താഴോട്ടു ഇറങ്ങി വരുന്നു. എല്ലാവരും പരസ്പരം അത്ഭുതത്തോടെ നോക്കുന്നു.
കൃത്യം നാലുമണി ആയതോടെ ആ വെളുത്ത ചരട് ഭൂമിയില്‍ മുട്ടി. ഉടനെ വല്യമ്മച്ചി ഒരു അശരീരി കേട്ടു, "ഇനി സമയം കളയാതെ കണ്ണടച്ച് ആ ചരടില്‍ പിടിക്കുക...."
വല്യമ്മച്ചി സന്തോഷത്തോടെ എല്ലാവരോടും യാത്ര പറഞ്ഞ് കണ്ണടച്ച് ആ ചരടില്‍ പിടിച്ചു. ആ ചരട് മെല്ലെ മെല്ലെ മുകളിലേക്ക് ഉയരാന്‍ തുടങ്ങി. ഇത് കണ്ടപ്പോള്‍ മരുമകള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. ഉടനെ മരുമകളും ആ ചരടിന്റെ ഒരു അറ്റത്ത് പിടിച്ചു. അതാ മരുമകളും പൊങ്ങാന്‍ തുടങ്ങി. ഇത് കണ്ടപ്പോള്‍ വല്ലമ്മച്ചിയുടെ മകന്‍ ഭാര്യയുടെ കാലില്‍ പിടിച്ചു. തുടര്‍ന്നു ഓരോരുത്തരായി ഓരോരുത്തരുടെ കാലില്‍ പിടിച്ചു തൂങ്ങി. പിടിച്ചവരെല്ലാം ഉയര്‍ന്നുകൊണ്ടേയിരുന്നു. അങ്ങനെ അവിടെ കൂടിയിരുന്ന നാട്ടുകാരെല്ലാം മുകളിലേക്ക് ഉയരാന്‍ തുടങ്ങി.
കുറച്ചു കഴിഞ്ഞപ്പോള്‍ എവിടെവരെ എത്തി എന്നറിയാന്‍ വല്യമ്മച്ചി കണ്ണ് തുറന്നു നോക്കി. മുകളില്‍ ആകാശം മാത്രം കാണാം. പിന്നീട് താഴോട്ട് നോക്കി. അപ്പോള്‍ അതാ മരുമകളും മകനും നാട്ടുകാരും എല്ലാവരും തന്നോടൊപ്പം മുകളിലേക്ക് വരുന്നത് കണ്ടു. ഇത് കണ്ടപ്പോള്‍ വല്യമ്മച്ചിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. പ്രത്യേകിച്ച് മരുമകള്‍ കൂടെ വരുന്നത്.
വല്യമ്മച്ചി ആക്രോശിച്ചു, "എടീ, ഇത് എനിക്കുവേണ്ടി സ്വര്‍ഗ്ഗത്തില്‍ നിന്ന് ദൈവം ഇറക്കിതന്ന ചരടാണ്. എനിക്കുവേണ്ടി മാത്രം. അതില്‍ പിടിച്ച് അങ്ങനെ ചുളുവില്‍ സ്വര്‍ഗ്ഗത്തിലേക്ക് പോകാമെന്ന് നീ വിചാരിക്കണ്ട. ഇറങ്ങിപ്പോടീ..."
ഇതും പറഞ്ഞ് വല്യമ്മച്ചി മരുമകളെ ആഞ്ഞൊരു ചവിട്ട്. അതോടെ വല്യമ്മച്ചിയും മരുമകളും കൂടെയുള്ളവരും എല്ലാംകൂടി ചരടില്‍ നിന്നും പിടിവിട്ട് താഴെ പതിച്ചു. അതോടെ എല്ലാം കഴിഞ്ഞു.
പോള്‍സണ്‍ പാവറട്ടി
00971 50 5490334
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ