പങ്കാളിത്ത തകരാറ്
PARTNERSHIP DEED അഥവാ പങ്കാളിത്ത കരാറ്. ഇതായിരുന്നു COMMERCE പരീക്ഷയില്‍ എഴുതാന്‍ ഉണ്ടായിരുന്ന ഉപന്യാസ ചോദ്യം. രണ്ടുപേജില്‍ കവിയാതെ ഉത്തരം എഴുതണം. പരീക്ഷ കഴിഞ്ഞ് അധ്യാപകന്‍ പരീക്ഷാ പേപ്പര്‍ നോക്കുമ്പോള്‍ ഒരു വിദ്യാര്‍ഥിയുടെ ഉത്തരപേപ്പറില്‍ കണ്ടത് ഇങ്ങനെയാണ് PARTNERSHIP DEED അഥവാ പങ്കാളിത്ത തകരാറ്.-...... . ആദ്യം ഈ തെറ്റ് അധ്യാപകന്റെ ശ്രദ്ധയില്‍ പെട്ടില്ല. പക്ഷേ വീണ്ടും വീണ്ടും ഇതേ തെറ്റ് ആവര്‍ത്തിച്ചു കണ്ടപ്പോള്‍ അധ്യാപകന് തോന്നി തന്നെ കളിയാക്കാന്‍ വേണ്ടിയായിരിക്കും വിദ്യാര്‍ഥി ഇങ്ങനെ മനപൂര്‍വം എഴുതിയത് എന്ന്. അധ്യാപകന്‍ ആ വാക്കുകളുടെ താഴെ ചുവന്ന മഷികൊണ്ട് വരച്ചിട്ടു. ചുരുങ്ങിയത് ഇരുപതു തവണയെങ്കിലും ആ വാക്ക് ആവര്‍ത്തിച്ചിട്ടുണ്ട് എന്നാണ് ഓര്‍മ്മ.
അടുത്ത ദിവസം, മാര്‍ക്കിട്ട ഉത്തരക്കടലാസുകള്‍ ക്ലാസില്‍ കൊടുക്കുന്ന സമയത്ത് എല്ലാവര്‍ക്കും കൊടുത്തു തീര്‍ന്നതിനു ശേഷം പങ്കാളിത്ത തകരാറ് എന്ന് എഴുതിയ കുട്ടിയെ വിളിച്ച് അധ്യാപകന്റെ അടുത്ത് വരാന്‍ പറഞ്ഞു. ഭാവഭേദമൊന്നുമില്ലാതെ കുട്ടി അധ്യാപകന്റെ അരികില്‍ എത്തി.
അധ്യാപകന്‍ ചോദിച്ചു: PARTNERSHIP DEED - ന്റെ മലയാള വാക്ക് എന്താണ്?
വിദ്യാര്‍ഥി: "പങ്കാളിത്ത കരാറ്". (ശരിയായിതന്നെ ഉത്തരം പറഞ്ഞു)
അധ്യാപകന്‍ "പങ്കാളിത്ത കരാറ്" എന്ന ആ വാക്ക് ഈ ബ്ലാക്ക് ബോര്‍ഡില്‍ ഒന്ന് എഴുതൂ.
വിദ്യാര്‍ഥി നല്ല കൈയ്യക്ഷരത്തില്‍ എഴുതി, "പങ്കാളിത്ത തകരാറ്"" “
ഇതുകണ്ട് എല്ലാ കുട്ടികളും ചിരിക്കാന്‍ തുടങ്ങി. അധ്യാപകനും ചിരി വരാതിരുന്നില്ല. രണ്ടുമൂന്നു വട്ടം അതേ വാക്ക് എഴുതിപ്പിച്ചു. എല്ലായ്പ്പോഴും എഴുതിയത് ഒരേപോലെ. വായിക്കാന്‍ പറഞ്ഞാല്‍ "പങ്കാളിത്ത കരാറ്" എന്ന് ശരിക്കും വായിക്കുന്നുമുണ്ട്. മറ്റുള്ളവര്‍ എന്തിനാണ് ചിരിക്കുന്നത് എന്ന് ഈ കുട്ടിക്ക് മനസ്സിലായില്ല.
പിന്നീടാണ് അദ്ധ്യാപകന് മനസ്സിലായത് വിദ്യാര്‍ഥി മനപൂര്‍വം തെറ്റി എഴുതിയതല്ല എന്ന്. മലയാളം പുതിയ ലിപിയില്‍ കൂട്ടക്ഷരങ്ങള്‍ മുറിച്ചു മുറിച്ചാണല്ലോ എഴുതുന്നത്. ആ കുട്ടി വായിച്ചിരുന്ന COMMERCE മലയാള പുസ്തകത്തില്‍ "പങ്കാളിത്ത" എന്ന വാക്ക് "പങ്കാളിത് ത" എന്നാണ് എഴുതിയിരുന്നത്. കുട്ടിയുടെ മനസ്സില്‍ രണ്ടു "ത" ഉണ്ട്. എഴുതി വന്നപ്പോള്‍ "പങ്കാളിത്ത തകരാറ്" “ എന്നായിപ്പോയി എന്നുമാത്രം.
വസ്തുത അധ്യാപകന് മനസ്സിലായപ്പോള്‍ ആ തെറ്റ് വിദ്യാര്‍ഥിക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു. ആ കുട്ടിയെ കളിയാക്കി ചിരിച്ച മറ്റു വിദ്യാര്‍ഥികള്‍ക്കും അപ്പോള്‍ ചിരിച്ചത് തെറ്റായിപ്പോയി എന്ന് തോന്നി. ചിലരെങ്കിലും ആ കുട്ടിയോട് ക്ഷമാപണം നടത്തി.
അന്നത്തെ അധ്യാപകന്‍ ഞാന്‍ തന്നെയായിരുന്നു.
ചിലപ്പോഴൊക്കെ നമുക്കും ഇതുപോലെ തെറ്റുകള്‍ വന്നേക്കാം അല്ലേ?
പോള്‍സണ്‍ പാവറട്ടി - ദുബായ്
00971 50 5490334
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ