“പഞ്ചാരക്കുട്ടപ്പന്‍”
"പഞ്ചാരക്കുട്ടപ്പന്‍"; ഈ പേര് വായിക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ നമ്മുടെ കഥാനായകന്റെ ഏകദേശ ചിത്രം. ശരിതന്നെയാണ്; നമ്മുടെ കഥാനായകന്‍ തരുണീമണികളുടെ ഇടയില്‍ നല്ലൊരു പഞ്ചാരക്കുട്ടപ്പന്‍ തന്നെയാണ്. കാണാന്‍ സുന്ദരനും അതിലുപരി നല്ല വാക് ചാതുരിയും ഉള്ള നമ്മുടെ കഥാനായകന്റെ യഥാര്‍ത്ഥ പേര് ചാര്‍ളി എന്നാണ്. പക്ഷേ ചാര്‍ളി എന്ന പേരിനേക്കാള്‍ പഞ്ചാരക്കുട്ടപ്പന്‍ എന്ന പേരിലാണ് അദ്ദേഹം എവിടെയും അറിയപ്പെടുക.
കോളേജില്‍ പഠിക്കുന്ന കാലത്താണ് ചാര്‍ളിയുടെ ഈ സിദ്ധി പ്രകടമായി കണ്ടുതുടങ്ങിയത്. അതുവരെ ബോയ്സ് ഒണ്‍ലി സ്കൂളില്‍ പഠിച്ചതിനാല്‍ കോളേജില്‍ ആദ്യമായി പെണ്‍കുട്ടികളെ കണ്ടപ്പോള്‍ ഒരു പുതിയ ലോകത്ത് എത്തിയപോലെയാണ് ചാര്‍ളിക്ക് തോന്നിയത്. ആദ്യമൊക്കെ ചാര്‍ളിക്ക് പെണ്‍കുട്ടികളെ സമീപിക്കാന്‍ പേടിയായിരുന്നു. മറ്റു കൂട്ടുകാര്‍ പെണ്‍കുട്ടികളുമായി സല്ലപിക്കുന്നത് കാണുമ്പോള്‍ ചാര്‍ളിക്ക് അത്ഭുതമായിരുന്നു.
ചാര്‍ളിയുടെ നാണം കുണുങ്ങുന്ന മുഖഭാവം കണ്ടപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ഒരു രസം. അവര്‍ ചാര്‍ളിയോട് പേര് ചോദിക്കാനും വിശേഷങ്ങള്‍ ചോദിക്കാനും ഒക്കെ തുടങ്ങി. മെല്ലെ മെല്ലെ ചാര്‍ളി പെണ്‍കുട്ടികളുടെ ഇടയില്‍ ഒരു താരമായി മാറി. ക്ലാസ്സിലെ ആണ്‍കുട്ടികളുടെ പേരുകള്‍ ഒന്നുംതന്നെ അറിയില്ലെങ്കിലും എല്ലാ പെണ്‍കുട്ടികളുടേയും പേരും ഊരും എല്ലാം വളരെ കൃത്യമായി അറിയാമായിരുന്നു ചാര്‍ളിക്ക്.
"കോഴി തിന്നുന്നത് കാക്കയ്ക്ക് കണ്ടുകൂടാ" എന്നൊരു ചൊല്ലുണ്ടല്ലോ. ഇവിടേയും അതുതന്നെ സംഭവിച്ചു. ചാര്‍ളിയുടെ ക്ലാസിലെ ചില ആണ്‍കുട്ടികള്‍ക്ക് ചാര്‍ളിയോട് അസൂയ തോന്നിയതിനാല്‍ അവര്‍ കോളേജിലെ ചാര്‍ളിയുടെ വിശേഷങ്ങള്‍ ഓരോന്നും ചാര്‍ളിയുടെ വീട്ടില്‍ അറിയിച്ചിരുന്നു. രാത്രിയായാല്‍ ചാര്‍ളിക്ക് എന്നും വീട്ടില്‍ നിന്ന് വഴക്കും അടിയും. താന്‍ എന്ത് അപരാധമാണ് ചെയ്തത്? ക്ലാസില്‍ കൂടെ പഠിക്കുന്ന കുട്ടികളോട് സംസാരിക്കുന്നത് ഇത്രവലിയ അപരാധമാണോ? എന്ന് ചാര്‍ളി തിരിച്ചും ചോദിക്കും. അടുത്ത ദിവസം കോളേജില്‍ എത്തുന്നതോടെ കഴിഞ്ഞ രാത്രിയിലെ വീട്ടിലെ വഴക്കും അടിയും ഒക്കെ ചാര്‍ളി മറക്കും. പൂര്‍വാധികം ശക്തിയോടെ പെണ്‍കുട്ടികളുമായി ഇടപഴകും.
ഒരു കാര്യം പ്രത്യേകം പറയേണ്ടതുണ്ട്. എത്രമാത്രം പെണ്‍കുട്ടികളുമായി ചാര്‍ളി ഇടപെട്ടാലും എല്ലാം കേവലം പഞ്ചാരവര്‍ത്തമാനത്തില്‍ ഒതുങ്ങും. ഒരു പെണ്‍കുട്ടിയുടെ ദേഹത്തുപോലും ചാര്‍ളി തൊടാറില്ല. ആ ചിന്തപോലും ചാര്‍ളിക്ക് ഇല്ല എന്നതാണ് സത്യം. ചാര്‍ളിയുടെ ചില ആണ്‍കൂട്ടുകാര്‍ ചാര്‍ളിയെ ഇതിനെല്ലാം പ്രേരിപ്പിക്കുമെങ്കിലും ചാര്‍ളി ഒരിക്കലും അത്തരത്തില്‍ പെരുമാറുകയോ ചിന്തിക്കുകപോലുമോ ചെയ്യാറില്ല. അതുകൊണ്ടുതന്നെയാണ് എല്ലാ പെണ്‍കുട്ടികള്‍ക്കും ചാര്‍ളിയോട് നിര്‍ഭയം ഇടപഴകാന്‍ സാധിച്ചിരുന്നത്.
ചാര്‍ളിയുടെ ഈ മുന്നേറ്റം കണ്ട് ഒട്ടും സഹിക്കാതെ ഒരു വില്ലന്‍ ക്ലാസിലെ മിനി എന്ന ഒരു പെണ്‍കുട്ടിയുടെ സഹോദരനോട് ചാര്‍ളിയെക്കുറിച്ച് വളരെ മോശമായി പറയുകയും അദ്ദേഹത്തിന്റെ സഹോദരി മിനിയുമായി ചാര്‍ളി പ്രേമത്തിലാണെന്നും തട്ടിവിട്ടു. കേട്ടത് പാതി കേള്‍ക്കാത്തത് പാതി, പോക്കിരിയായ ആ സഹോദരന്‍ ചാര്‍ളിയുടെ സഹോദരന്റെ അടുത്ത് ചെന്ന് ഭീഷണിപ്പെടുത്തി സംസാരിച്ചു. അനുജനെ മര്യാദക്ക് വളര്‍ത്തിയില്ലെങ്കില്‍ രണ്ടുകാലും തല്ലിയൊടിക്കും എന്ന് പറഞ്ഞു.
കാര്യങ്ങളുടെ നിജസ്ഥിതി ഒന്നും മനസ്സിലാക്കാതെ അന്ന് രാത്രി ചാര്‍ളിയുടെ സഹോദരന്‍ ചാര്‍ളിയെ പൊതിരെ തല്ലി. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഒരു കുട്ടിയോടും പ്രേമം ഇല്ലെന്നും ചാര്‍ളി വിളിച്ചു പറയുന്നുണ്ടെങ്കിലും അതൊന്നും കേള്‍ക്കാന്‍ ആരും തയ്യാറായില്ല. അടിച്ചുകൊണ്ടിരുന്ന വടി ഓടിഞ്ഞപ്പോള്‍ അവിടെ കിടന്നിരുന്ന ഇലക്ട്രിക് വയര്‍ കൊണ്ടായി അടി. ദേഹമാസകലം പൊട്ടി ചോരയോലിച്ചു. ഇതെല്ലാം കഴിഞ്ഞ് ചാര്‍ളിയെ വീടിനു പുറത്താക്കി വാതിലടച്ചു. "ഇനി ഈ വീട്ടില്‍ കയറരുത്. എവിടെയെങ്കിലും പോയി ചത്തോ ..." എന്നാണ് ആ സഹോദരന്‍ ചാര്‍ളിയോട് ആക്രോശിച്ചത്.
അന്ന് പോയതാണ് ചാര്‍ളി. എവിടെ പോയെന്നോ തിരിച്ചു വരുമെന്നോ ആര്‍ക്കും അറിയില്ല.
അടുത്ത ദിവസം കോളേജില്‍ ഇക്കാര്യം പാട്ടായി. അപ്പോഴാണ് അറിയുന്നത് ഇതിനു സമാനമായ രീതിയില്‍തന്നെ മിനി എന്ന ആ പെണ്‍കുട്ടിയുടെ വീട്ടിലും സംഭവിച്ചു എന്ന്. ആ കുട്ടിയെ കോളേജിലേക്ക് പറഞ്ഞയക്കാതെയായി.
വിഷയം കോളേജ് പ്രിന്‍സിപ്പല്‍ വളരെ ഗൌരവമായിതന്നെ എടുത്തു. ചാര്‍ളിയെക്കുറിച്ചും ആ പെണ്‍കുട്ടിയെക്കുറിച്ചും കോളേജിലെ മറ്റു വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വളരെ നല്ല അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. പിന്നെങ്ങനെ ഇങ്ങനെയെല്ലാം സംഭവിച്ചു? ആര്‍ക്കും അറിയില്ലായിരുന്നു. വില്ലന്‍ ഒന്നുമറിയാത്തപോലെ പെരുമാറി. താനാണ് ഇതിന്റെ പുറകില്‍ കളിച്ചത് എന്ന് ആരെങ്കിലും ആ നിമിഷം അറിഞ്ഞാല്‍.... പിന്നത്തെകാര്യം ചിന്തിക്കണ്ട ....
*
*
*
ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ചാര്‍ളി നാട്ടില്‍ തിരിച്ചെത്തി. നാട്ടില്‍ എത്തിയെങ്കിലും സ്വന്തം വീട്ടില്‍ കയറാന്‍ ചാര്‍ളിക്ക് ഇഷ്ടമില്ലായിരുന്നു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ആരോ തനിക്കെതിരെ കളിച്ചതാണെന്നും വീട്ടുകാരേയും നാട്ടുകാരേയും ബോധ്യപ്പെടുത്താന്‍ മാത്രമാണ് ചാര്‍ളി നാട്ടില്‍ എത്തിയത്.
ചാര്‍ളി നാട്ടില്‍ എത്തിയ ശേഷം ആദ്യം പോയത് മിനിയുടെ വീട്ടിലേക്കാണ്. എന്തുവന്നാലും നേരിടാന്‍ തയ്യാറായിട്ടാണ് ചാര്‍ളി ആ വീട്ടില്‍ പോയത്. ആ പെണ്‍കുട്ടിയോട് അവളുടെ വീട്ടുകാരുടെ മുന്നില്‍ വച്ച് ചോദിക്കണം, താന്‍ അവളെ പ്രേമിക്കുകയോ മറ്റേതെങ്കിലും തരത്തില്‍ മോശമായി പെരുമാറുകയോ ചെയ്തിട്ടുണ്ടോ എന്ന്. താന്‍ കാരണം ആ പെണ്‍കുട്ടിയുടെ പഠിപ്പും മുടങ്ങിയിരുന്നു എന്ന് ചാര്‍ളി അറിഞ്ഞിരുന്നു.
ചാര്‍ളി മിനിയുടെ വീട്ടില്‍ എത്തി. പോക്കിരിയായ മിനിയുടെ സഹോദരന്‍ ചാര്‍ളിയെ കണ്ടപ്പോള്‍ ഓടിയെത്തി ചാര്‍ളിയെ കെട്ടിപ്പിടിച്ചു. ചാര്‍ളിക്ക് ഒന്നും മനസ്സിലായില്ല. ആ സഹോദരന്‍ ചാര്‍ളിയെ വീട്ടിലേക്ക് കൈപിടിച്ച് കയറ്റി. ചാര്‍ളിയുടെ കാലില്‍ വീണ് പൊട്ടിക്കരഞ്ഞു.
"പൊറുക്കാന്‍ കഴിയാത്ത തെറ്റാണ് ഞാന്‍ ചാര്‍ളിയോടും എന്റെ കൊച്ചു പെങ്ങളോടും ചെയ്തത്. ചാര്‍ളിയുടെ കൂട്ടുകാരന്‍ ലോറന്‍സ് എന്നോട് വന്ന് നിങ്ങളെക്കുറിച്ച് വളരെ മോശമായി പറഞ്ഞപ്പോള്‍ എന്റെ നിയന്ത്രണം ആകെ വിട്ടുപോയി. ചാര്‍ളിയുടെ സഹോദരനോട് അല്പം ഭീഷണിയുടെ സ്വരത്തില്‍ ഞാന്‍ സംസാരിച്ചപ്പോള്‍ ഇത്ര വലിയ കോലാഹലം ചാര്‍ളിയുടെ വീട്ടില്‍ ഉണ്ടാകുമെന്ന് ഞാനും കരുതിയില്ല. ...." സഹോദരന്‍ വിങ്ങിക്കൊണ്ട് പറഞ്ഞു.
എല്ലാം കേട്ട് ചാര്‍ളി അവിടെ സോഫയില്‍ ഇരുന്നു.
"എന്ത്? ലോറന്‍സോ? ലോറന്‍സാണോ ഞങ്ങളെക്കുറിച്ച് ഇങ്ങനെയൊക്കെ പറഞ്ഞത്? എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ലോറന്‍സ് എന്തിനിങ്ങനെ പറയണം?...." ചാര്‍ളി വളരെ വേദനയോടെ ചോദിച്ചു.
സഹോദരന്‍: പിന്നീടാണ് കാര്യങ്ങളെല്ലാം ഞങ്ങള്‍ അറിഞ്ഞത്. ലോറന്‍സിനു എന്റെ പെങ്ങളോട് ഇഷ്ടമുണ്ടായിരുന്നുവത്രേ. ചാര്‍ളി വളരെ സൌഹാര്‍ദ്ദത്തോടെ എന്റെ പെങ്ങളോട് പെരുമാറുന്നത് കണ്ടപ്പോള്‍ ലോറന്‍സിനു ചാര്‍ളിയോട് ഉള്ളില്‍ പകതോന്നി. ആ ദേഷ്യം തീര്‍ക്കാന്‍ വേണ്ടിയാണ് ലോറന്‍സ് എന്നോട് ഇങ്ങനെയൊക്കെ കള്ളം പറഞ്ഞത്. എല്ലാം ഞാന്‍ അറിഞ്ഞു എന്ന് മനസ്സിലായപ്പോള്‍ ലോറന്‍സ് നാട്ടില്‍ നിന്നും ഒളിച്ചോടി.
ചാര്‍ളി: ആട്ടെ, മിനി ഇപ്പോള്‍ ഇവിടെയുണ്ടോ?
ലോറന്‍സ് വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞു: അന്നത്തെ സംഭവത്തില്‍ ചാര്‍ളി നാടുവിട്ടുപോയതോടെ എന്റെ കൊച്ചുപെങ്ങളുടെ മനോനില തെറ്റി. അവള്‍ കാരണമാണ് ചാര്‍ളി നാടുവിട്ടു പോയത് എന്നാണ് അവള്‍ പറയുന്നത്. ദാ, അവള്‍ ആ മുറിയില്‍ ഉണ്ട്. ആരോടും മിണ്ടാതെ, ഒന്ന് ചിരിക്കുക പോലും ചെയ്യാതെ അവിടെ ഇരിക്കുന്നുണ്ട്.
ചാര്‍ളി: എനിക്കൊന്നു കാണാമോ?
സഹോദരന്‍: അതിനെന്താ? വരൂ.
ചാര്‍ളിയെ അടുത്തുള്ള മുറിയിലേക്ക് സഹോദരന്‍ കൂട്ടിക്കൊണ്ടു പോയി. അലസമായി ധരിച്ചിരിക്കുന്ന വേഷവും ചീകിയൊതുക്കാത്ത മുടിയുമായി മിനി അവിടെ അലക്ഷ്യമായി ഇരിക്കുന്നു.
സഹോദരന്‍: മിനിമോളേ, നോക്കൂ ഇതാരാണെന്ന് നോക്കൂ, നിന്റെ കൂട്ടുകാരന്‍ ചാര്‍ളിയാണ്.
മിനി ഭാവഭേധമില്ലാതെ ഇരുന്നു.
അവളുടെ അരികില്‍ ചെന്നുകൊണ്ട് ചാര്‍ളി പറഞ്ഞു: ഹായ് മിനി, നോക്കൂ, ഇത് ചാര്‍ളിയാണ്. അല്ല, മിനിയുടെ പഞ്ചാരക്കുട്ടപ്പന്‍.
പഞ്ചാരക്കുട്ടപ്പന്‍ എന്ന് കേട്ടതോടെ മിനിക്ക് ചെറിയൊരു ഭാവഭേദം ഉണ്ടായി.
ചാര്‍ളി: പഞ്ചാരക്കുട്ടപ്പന്‍ മിനിയെ കാണാന്‍ വന്നിരിക്കുവാ. എന്താ എന്നോട് പിണക്കമാണോ?
അവള്‍ മെല്ലെ ചാര്‍ളിയെ നോക്കി. അവര്‍ ഇരുവരും കണ്ണോടുകണ്‍ അല്പം നോക്കി. മിനി മെല്ലെ പുഞ്ചിരിച്ചു.
അവള്‍ മെല്ലെ പറഞ്ഞു: പഞ്ചാര .... കുട്ടപ്പന്‍.... എന്റെ പഞ്ചാരക്കുട്ടപ്പന്‍.... ഹായ് …
പോള്‍സണ്‍ പാവറട്ടി - ദുബായ്
00971 50 5490334
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ