സ്നേഹത്തിന് മരണമില്ല !
ജോണ്‍ സാമുവേല്‍ ദുബായിലെ ഒരു അമേരിക്കന്‍ കമ്പനിയില്‍ HR മാനേജര്‍ ആയിട്ടാണ് ജോലി ചെയ്തിരുന്നത്. അദ്ദേഹം തികഞ്ഞ ഭക്തനും അതിലുപരി മനുഷ്യസ്നേഹിയുമായിരുന്നു. പാവങ്ങളുടെ കണ്ണീരൊപ്പാന്‍ എന്നും അദ്ദേഹം മുന്നിലുണ്ടാവും. അതുകൊണ്ടുതന്നെ ദുബായിലെ ഒരുവിധം എല്ലാ സാമൂഹ്യപ്രവര്‍ത്തകരും അദ്ദേഹത്തെ അറിയും. ഒത്തിരിപേര്‍ക്ക് ജോണ്‍ സാമുവേലിന്റെ സഹായത്തോടെ ജോലി കിട്ടിയിട്ടുണ്ട്. എന്നാല്‍ കാര്യം കഴിഞ്ഞാല്‍ ഇത്തരം ജോണ്‍ സാമുവേല്‍മാരെ മറക്കുകയും തഴയുകയുമാണല്ലോ സാധാരണ പതിവ്.
എല്ലാവരേയും ആ ഗണത്തില്‍ പെടുത്താന്‍ കഴിയില്ല. നന്ദിയുള്ളവരും ഈ ഭൂമിയില്‍ ഉണ്ട് എന്നതിന്റെ ഒരു ഉദാഹരണം നമുക്കിവിടെ കാണാം.
ജോണ്‍ സാമുവേല്‍ എല്ലാ ദിവസവും വൈകീട്ട് അടുത്തുള്ള ഒരു പാര്‍ക്കില്‍ നടക്കുക പതിവുണ്ട്. ഒരു ദിവസം ഒരു ചെറുപ്പക്കാരന്‍ ആ പാര്‍ക്കിലെ ഒരു ബഞ്ചില്‍ താടിക്ക് കൈയ്യും കൊടുത്ത് ഇരിക്കുന്നത് ജോണ്‍ സാമുവേല്‍ ശ്രദ്ധിച്ചു. വിഷണ്ണനായി ഇരിക്കുന്ന ആ ചെറുപ്പക്കാരന്റെ അരികില്‍ ചെന്നുകൊണ്ട് ജോണ്‍ സാമുവേല്‍ ചോദിച്ചു,: മലയാളിയാണ് അല്ലേ?
ചെറുപ്പക്കാരന്‍ അതെ എന്ന് പറഞ്ഞു. ചെറിയൊരു പുഞ്ചിരി തൂകിക്കൊണ്ട് ചോദിച്ചു, സാറിനു എങ്ങനെ മനസ്സിലായി ഞാന്‍ മലയാളിയാണെന്ന്?
ജോണ്‍ സാമുവേല്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: വര്‍ഷം പത്തുമുപ്പതായില്ലേ ഈ മരുഭൂമിയില്‍ അലയുന്നു. ഇവിടത്തെ ഓരോ മണല്‍ത്തരിയെ കണ്ടാലും എനിക്ക് തിരിച്ചറിയാന്‍ കഴിയും അത് ഏത് ഇനമാണെന്ന്.
ചെറുപ്പക്കാരന്‍ ഭാവ്യതയോടും അത്ഭുതത്തോടുംകൂടി ചോദിച്ചു : ഓ, മുപ്പതു വര്‍ഷമായോ? എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. ഞാന്‍ ഒരു മാസമായതേയുള്ളൂ. വിസിറ്റ് വിസയില്‍ വന്നതാണ്.
ജോണ്‍ സാമുവേല്‍: എന്നിട്ട്? ജോലി ശരിയായോ?
ചെറുപ്പക്കാരന്‍: ഇല്ല സാര്‍. രണ്ടു മാസത്തെ വിസയാണുള്ളത്. അതില്‍ ഒരു മാസം കഴിഞ്ഞു. (കണ്ണില്‍ വെള്ളം നിറഞ്ഞു). വളരെ പ്രതീക്ഷയോടെയാണ് ഇവിടെ വന്നിറങ്ങിയത്. ബാങ്കില്‍ നിന്നും ലോണ്‍ എടുത്തിട്ടാണ് എന്നെ MBA പഠിപ്പിച്ചത്. വീട്ടുകാരും വളരെ പ്രതീക്ഷയോടെയാണ് അവിടെ കാത്തിരിക്കുന്നത്. എല്ലാം ശരിയാവും എന്ന് പറഞ്ഞ് ഞാന്‍ അവരെ ആശ്വസിപ്പിക്കുകയാണ്. (കരയുന്നു)
ജോണ്‍ സാമുവേല്‍: (ആശ്വസിപ്പിച്ചുകൊണ്ട്) എന്തിനാ കരയുന്നത്? വിഷമിക്കണ്ട. ഞാന്‍ പേര് ചോദിച്ചില്ല. എന്താണ് പേര്?
ചെറുപ്പക്കാരന്‍: ഷാജന്‍
ജോണ്‍ സാമുവേല്‍ : നോക്കൂ ഷാജന്‍, ഈ മരുഭൂമിയില്‍ ഒത്തിരി കണ്ണുനീര്‍ ഇതുപോലെ പലരുടെയും വീണിട്ടുണ്ട്. എന്നാല്‍ ആ കണ്ണുനീര്‍ പിന്നീട് സന്തോഷമായി മാറിയ ഒത്തിരി കഥകള്‍ എനിക്ക് നേരിട്ട് അറിയാം. അതുകൊണ്ട്, ഷാജന്റെ ഈ കണ്ണുനീരിനും നാളെ ഒരു സന്തോഷത്തിന്റെ കഥ പറയാന്‍ ഉണ്ടാകും എന്ന് എന്റെ മനസ്സ് പറയുന്നു. എന്നെക്കൊണ്ട് കഴിയുന്ന എല്ലാ സഹായങ്ങളും ഞാന്‍ ചെയ്തു തരാം. ധൈര്യമായിരിക്കൂ.
ഷാജന്‍: സാര്‍, ആദ്യമായാണ് ഒരാള്‍ ഇതുപോലെ ആശ്വാസവാക്ക് എന്നോട് പറയുന്നത്. പലരും എന്നെ കുറ്റപ്പെടുത്തുകയായിരുന്നു. ഞാന്‍ MBA പഠിച്ചു വന്നത് എന്തോ വലിയ അപരാധം ചെയ്തതുപോലെയാണ് പലരും എന്നോട് പെരുമാറുന്നത്.
ജോണ്‍ സാമുവേല്‍: ഷാജാ, നീ അതൊന്നും കാര്യമാക്കണ്ട. എന്റെ മകന്റെ പ്രായമേ ഉള്ളൂ നീ. അവനും പഠിക്കുന്നുണ്ട് MBA അവസാന വര്‍ഷത്തിന്. ഈ വര്‍ഷം കഴിഞ്ഞാല്‍ അവനും ഇതുപോലെ തൊഴില്‍ അന്വേഷിച്ചു നടക്കേണ്ടിവരും. നിന്നില്‍ ഞാന്‍ എന്റെ മകനെയാണ് കാണുന്നത്.
അവരുടെ ആ സംഭാഷണം വലിയൊരു സൌഹൃദമായി പരിണമിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവര്‍ പരസ്പരം ബന്ധപ്പെടുകയും സുഖദുഃഖങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തുപോന്നു. ഒടുവില്‍ ജോണ്‍ സാമുവേലിന്റെ ഓഫീസില്‍ തന്നെ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയി ഷാജന് ജോലി തരപ്പെടുത്തിക്കൊടുത്തു. ഷാജന്‍ ദൈവത്തോടും ജോണ്‍ സാമുവേല്‍ സാറിനോടും നന്ദി പറഞ്ഞുകൊണ്ട് ആ ജോലിയില്‍ പ്രവേശിച്ചു.
ദിവസങ്ങളും മാസങ്ങളും പലതും കടന്നുപോയി. ജോണ്‍ സാമുവേല്‍ ജോലിയില്‍ നിന്നും വിരമിക്കാറായി. ജോണ്‍ സാമുവേല്‍ വിരമിച്ചാല്‍ പിന്നെ ഷാജനാണ് ആ സ്ഥാനത്ത് തുടരുക. ഇതിനിടയില്‍ അവര്‍ തമ്മിലുള്ള സ്നേഹബന്ധം വളരെ ആഴപ്പെട്ടുകഴിഞ്ഞിരുന്നു.
ഒടുവില്‍ ആ ദിവസം വന്നു. ജോണ്‍ സാമുവേല്‍ സാര്‍ ജോലിയില്‍ നിന്നും വിരമിച്ചു. ഓഫീസിലെ എല്ലാവരുംകൂടി അദ്ദേഹത്തിന് നല്ലൊരു യാത്രയയപ്പ് നല്‍കി. തുടര്‍ന്ന് ഷാജന്‍ ആ സ്ഥാനം ഏറ്റെടുത്തു.
ഷാജന്‍ ജോണ്‍ സാമുവേലിനോട് പറഞ്ഞു,: സാര്‍, ഞാന്‍ ഇന്ന് ഇവിടെയായിരിക്കുന്നത് സാറിന്റെ നല്ല മനസ്സ് ഒന്നുകൊണ്ടുമാത്രമാണ്. അതിന്റെ നന്ദി എന്നും ഉണ്ടായിരിക്കും. സാറില്‍ നിന്നും ഒരുപാട് നല്ല കാര്യങ്ങള്‍ ഞാന്‍ പഠിച്ചു. ഞാന്‍ ഇന്ന് പുതിയൊരു മനുഷ്യനാണ്. സാര്‍ ഈ ലോകത്തിന്റെ ഏത് കോണില്‍ ആയിരുന്നാലും എന്റെ ഹൃദയത്തിന്റെ ഉള്ളില്‍ സാറുണ്ടായിരിക്കും. തീര്‍ച്ച.
അധികം താമസിയാതെ ജോണ്‍ സാമുവേല്‍ നീണ്ട ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്രയായി. ഒരുപാട് നല്ല ഓര്‍മ്മകളുമായിട്ടാണ് അദ്ദേഹം ദുബായിയോട് വിട പറഞ്ഞത്. പിന്നീട് നാട്ടില്‍ സാമൂഹ്യ പ്രവര്‍ത്തനവുമായി അദ്ദേഹം മുന്നോട്ടുപോയി. ആരോടും പരാതിയില്ല, ആരേയും ബുദ്ധിമുട്ടിക്കാനുമില്ല.
വര്‍ഷം ഒന്നുരണ്ട് കഴിഞ്ഞു. ഷാജന്‍ വളരെ മിടുക്കനായി ആ സ്ഥാപനത്തില്‍ തുടര്‍ന്നു. ഷാജന്റെ സ്ഥാപനം വളരെ നല്ല രീതിയില്‍ വളര്‍ന്നുവന്നതുകൊണ്ട് അദ്ദേഹത്തിന് ഒരു അസിസ്റ്റന്റ് - നെ ആവശ്യമായി. ജോലി ഒഴിവ് പത്രത്തില്‍ പരസ്യം കൊടുത്തു. ഒരുപാട് പേര്‍ ഇന്റര്‍വ്യൂവിനു വന്നു. വന്നവരെല്ലാം ഒന്നിനൊന്നു മെച്ചംതന്നെ. ഷാജന്‍ തന്നെയാണ് എല്ലാവരേയും ഇന്റര്‍വ്യൂ ചെയ്യുന്നത്.
ഏറ്റവും ഒടുവിലായി ഒരു ചെറുപ്പക്കാരന്‍ ഷാജന്റെ കാബിനിലേക്ക് കയറി വന്നു. ആകെ വിഷാദ ഭാവത്തിലാണ് അദ്ദേഹം വന്നിരുന്നത്. എന്താണ് വിഷാദത്തിനു കാരണം എന്ന് ഷാജന്‍ തിരക്കി.
അദ്ദേഹം പറഞ്ഞു: സാര്‍, എന്റെ പേര് സോളമന്‍. വളരെ വേദനയുള്ള ഒരു വാര്‍ത്ത കേട്ടിട്ടാണ് ഞാന്‍ ഇവിടെ ഇരിക്കുന്നത്. എന്റെ അപ്പച്ചന് ഒരു അറ്റാക്ക് ഉണ്ടായി. ഇത് രണ്ടാമത്തെ അറ്റാക്ക് ആണ്. അപ്പച്ചനെ കാണാന്‍ നാട്ടിലേക്ക് പോകണമെന്നുണ്ട്. പക്ഷേ വിസിറ്റ് വിസയില്‍ ജോലി അന്വേഷിക്കുന്ന ഞാന്‍ ഈ അവസരത്തില്‍ എങ്ങനെ നാട്ടില്‍ പോകും? (സോളമന്‍ കരയാന്‍ തുടങ്ങി).
ഷാജന്‍: എന്തിനാ കരയുന്നത്? വിഷമിക്കാതിരിക്കൂ. ആട്ടെ, അപ്പച്ചന്‍ നാട്ടില്‍ എന്തു ചെയ്യുന്നു? ജോലിയോ അതോ സ്വന്തം ബിസിനസോ?
സോളമന്‍: അപ്പച്ചന്‍ പത്തുമുപ്പതു വര്‍ഷം ഈ ദുബായിലായിരുന്നു. ഇപ്പോള്‍ നാട്ടില്‍ വെറുതെ ഇരിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞു പൊതുപ്രവര്‍ത്തകനായി നടക്കുകയാണ്.
ഷാജന്‍: എനിക്ക് അറിയാവുന്ന ഒരു നല്ല മനുഷ്യനുണ്ടായിരുന്നു. അദ്ദേഹവും സോളമന്റെ അപ്പച്ചനെപ്പോലെതന്നെയാണ്. നല്ല സ്നേഹമുള്ള മനുഷ്യന്‍. അദ്ദേഹമാണ് എന്നെ ഞാനാക്കിയത്. അദ്ദേഹത്തിന്റെ പേര് ജോണ്‍ സാമുവേല്‍ എന്നാണ്. പാവം. അദ്ദേഹം ഇപ്പോള്‍ എങ്ങനെയിരിക്കുന്നോ ആവോ? കുറച്ചുനാളായി ഞാന്‍ അദ്ദേഹത്തെ ഫോണ്‍ ചെയ്തിട്ട്.
സോളമന്‍: സാര്‍, സാര്‍ ഉദ്ദേശിക്കുന്ന ആള്‍ നല്ല ഉയരത്തില്‍ അല്പം കഷണ്ടി ആയിട്ടാണോ?
ഷാജന്‍: അതെ അതെ. എന്താ സോളമന്‍ അദ്ദേഹത്തെ അറിയുമോ?
സോളമന്‍: (അഭിമാനത്തോടെ) സാര്‍ അദ്ദേഹത്തിന്റെ മകനാണ് ഞാന്‍.
ഇത് കേട്ടപാടെ ഷോക്കടിച്ചതുപോലെ ഷാജന്‍ ചാടി എണീറ്റ് പറഞ്ഞു: ഞാന്‍ എന്താ ഈ കേള്‍ക്കുന്നത്? കാണുന്നത്? എന്റെ ജോണ്‍ സാമുവേല്‍ സാറിന്റെ മകനാണോ ഈ ഇരിക്കുന്നത്? അതും ഒരു ജോലി തേടി എന്റെ മുന്നില്‍? ഇനി എനിക്ക് വേറെ ഒന്നും നോക്കാനില്ല, മറ്റെന്തു യോഗ്യതയേക്കാളും ഞാന്‍ മികച്ചതായി കാണുന്നത് താങ്കള്‍ ജോണ്‍ സാമുവേല്‍ സാറിന്റെ മകനാണെന്നുള്ളതാണ്. അതുകൊണ്ട് ഈ ജോലി താങ്കള്‍ക്കുതന്നെ.
സോളമന്‍: (സന്തോഷത്തോടെ) സാര്‍, ഞാന്‍ ഇപ്പോള്‍ തന്നെ ഇക്കാര്യം വീട്ടില്‍ അറിയിക്കും. ഇതറിയുമ്പോള്‍ തീര്‍ച്ചയായും എന്റെ അപ്പച്ചന്‍ വേഗം സുഖം പ്രാപിക്കും.
ഷാജന്‍: ഇതില്‍പരം സന്തോഷം എനിക്കും വേറെ കിട്ടാനില്ല. ജോണ്‍ സാമുവേല്‍ സാറിലൂടെ എനിക്ക് കിട്ടിയ അതേ ജോലിതന്നെ ഞാന്‍ അദ്ദേഹത്തിന്റെ മകന് കൊടുക്കുന്നു. എനിക്കും സാറിനോട് സംസാരിക്കണം. സാറിനോട് എന്റെ അന്വേഷണം പ്രത്യേകം പറയണം കേട്ടോ.
ഈ സമയം സോളമന്റെ മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്യുന്നു.
സോളമന്‍: (വളരെ വിഷമിച്ചുകൊണ്ട്) സാര്‍, ഇത് വീട്ടില്‍നിന്നാണ്. അമ്മയാണെന്ന് തോന്നുന്നു.
ഷാജന്‍: എങ്കില്‍ സംസാരിക്കൂ. എനിക്കും സാറിന്റെ വിശേഷം അറിയണം.
സോളമന്‍ ഫോണില്‍ സംസാരിക്കുന്നു. അപ്പച്ചന് ഇപ്പോള്‍ സുഖമായെന്നും അത്യാഹിത വിഭാഗത്തില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റി എന്നുമാണ് നാട്ടില്‍ നിന്നും പറഞ്ഞത്. അക്കാര്യം സോളമന്‍ ഷാജനോട് പറഞ്ഞു.
ഷാജന്‍: അപ്പച്ചനോട് എനിക്കൊന്നു സംസാരിക്കാമോ എന്ന് ചോദിച്ചുനോക്കൂ.
സോളമന്‍: അമ്മേ, ഒരു സന്തോഷവാര്‍ത്തയുണ്ട്. എനിക്ക് ജോലി ശരിയായി. അപ്പച്ചന്റെ ഒരു കൂട്ടുകാരന്റെ ഓഫീസിലാണ് ജോലി കിട്ടിയത്. അദ്ദേഹംതന്നെയാണ് എനിക്ക് ജോലി ശരിയാക്കി തന്നത്. അദ്ദേഹത്തിന് അപ്പച്ചനോട് ഒന്ന് സംസാരിക്കണം എന്ന് പറയുന്നു. അദ്ദേഹം എന്റെ കൂടെയുണ്ട്. അപ്പച്ചന് ഒന്ന് കൊടുക്കാമോ?
തുടര്‍ന്ന് ഷാജനും ജോണ്‍ സാമുവേല്‍ സാറും ഫോണില്‍ സംസാരിക്കുന്നു.
ഷാജന്‍: ജോണ്‍ സാമുവേല്‍ സാറേ, ഇത് ഞാനാണ്, ഷാജന്‍. സാറിനു ഇപ്പോള്‍ സുഖമല്ലേ?
ജോണ്‍ സാമുവേല്‍: സുഖംതന്നെ. ഷാജന് അവിടെ സുഖമല്ലേ?
ഷാജന്‍: അതേ സാര്‍. ഞാന്‍ സുഖമായിരിക്കുന്നു. ഇനിയൊരു സന്തോഷ വാര്‍ത്തകൂടി പറയട്ടെ. സാറിനോട് എനിക്കൊരു കടം ഉണ്ടായിരുന്നു. അത് ഞാന്‍ ഇന്ന് കുറച്ച് വീട്ടി.
ജോണ്‍ സാമുവേല്‍: എന്ത്? കടമോ? എനിക്കോ? എനിക്കൊന്നും മനസ്സിലാകുന്നില്ല. എനിക്ക് ആരും ഒന്നും തരാനുമില്ല, ഞാന്‍ ആര്‍ക്കും ഒന്നും കൊടുക്കാനുമില്ല.
ഷാജന്‍: ഈ പറഞ്ഞത് സാറിന്റെ മനസ്സിന്റെ വലുപ്പം. എന്നാല്‍ ഞാന്‍ സാറിനു കടപ്പെട്ടിരിക്കുന്നത് കുറച്ചൊന്നുമല്ല. എന്നെ മുഴുവനായി തന്നെയാണ്. എന്നെ ഞാനാക്കിയ സാറിനോട് എനിക്ക് കടവും കടപ്പാടും ഇല്ലെന്നു പറഞ്ഞാല്‍ ദൈവം പൊറുക്കില്ല സാര്‍.
ജോണ്‍ സാമുവേല്‍: ഓ, അതാണോ കാര്യം? അതെല്ലാം ജീവിതത്തിന്റെ ഒരു ഭാഗമല്ലേ മോനേ? ഉള്ള കാലം നല്ലത് ചെയ്യുക. അത്രമാത്രം.
ഷാജന്‍: സാറിനെപ്പോലെ ഞാനും കുറച്ച് നല്ലത് ചെയ്യട്ടെ സാര്‍. തല്‍ക്കാലം സാറിന്റെ മകന് ഞാന്‍ എന്റെ ഓഫീസില്‍, അല്ല നമ്മുടെ ഓഫീസില്‍ ഒരു ജോലി കൊടുത്തിട്ടുണ്ട്. ഇനി മകന്റെ കാര്യം ഞാന്‍ നോക്കിക്കോളാം. സാര്‍ സന്തോഷമായി, സമാധാനമായി ഇരിക്കണം. കേട്ടോ സാര്‍?
ജോണ്‍ സാമുവേല്‍: നന്നായി വരട്ടെ മോനേ. എനിക്ക് അധികം സംസാരിക്കാന്‍ കഴിയില്ല. നമുക്ക് പിന്നീട് സംസാരിക്കാം കേട്ടോ.
ഷാജന്‍ സന്തോഷത്തോടെ ആ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു.
അങ്ങനെ, നന്ദിയും സ്നേഹവും ഉള്ളവര്‍ ഇനിയും അവശേഷിച്ചിട്ടില്ല എന്ന് ഷാജന്‍ തന്റെ പ്രവര്‍ത്തിയില്‍ തെളിയിച്ചു.
ഷാജന് എല്ലാവിധ നന്മകളും നേരുന്നു, ഒപ്പം ജോണ്‍ സാമുവേല്‍ എന്ന മഹാ മനുഷ്യസ്നേഹിയുടെ മുന്നില്‍ ഞാനെന്റെ ശിരസ്സ് നമിക്കുന്നു.
പോള്‍സണ്‍ പാവറട്ടി - ദുബായ്
00971 50 5490334
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ