18 മാർച്ച് 2012

പരിശുദ്ധാത്മാവിനെ പൂച്ച പിടിച്ചു!!


പരിശുദ്ധാത്മാവിനെ പൂച്ച പിടിച്ചു!!

ഇത് കേവലം ഒരു കഥയാണോ ആണോ അതോ ഉണ്ടായ സംഭവമാണോ എന്ന് എനിക്ക് അറിയില്ല. ചെറുപ്പത്തില്‍ പാവറട്ടി പള്ളിയില്‍ ഒരു ധ്യാന പ്രസംഗത്തിനിടയില്‍ കേട്ടതാണ്. അത് എല്ലാവരോടും ഒന്ന് സരസമായി പങ്കുവക്കാം എന്ന് കരുതി, അത്രമാത്രം.

ഒരിടത്ത് ഒരു ഉപദേശി ഉണ്ടായിരുന്നു. അദ്ദേഹം ആ നാട്ടിലെ സകല മുക്കിലും മൂലയിലും നടന്ന് സ്വര്‍ഗ്ഗത്തെക്കുറിച്ചും  ദൈവത്തെക്കുറിച്ചും പരിശുദ്ധാത്മാവിനെക്കുറിച്ചും ഒക്കെ ഘോരഘോരം കവലപ്രസംഗം നടത്താറുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ കവലപ്രസംഗം കേള്‍ക്കാന്‍ ആരും  നിന്നുകൊടുക്കാറില്ല എന്നതാണ് സത്യം.

തന്നെ ആരും ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലായപ്പോള്‍ അദ്ദേഹത്തിന് ആകെ നിരാശയായി. ജനങ്ങളുടെ ശ്രദ്ധ പിടിച്ചെടുക്കാന്‍ എന്തുചെയ്യും? ഇതായി അദ്ദേഹത്തിന്റെ ചിന്ത. ഒരു ദിവസമെങ്കില്‍ ഒരു ദിവസം എല്ലാവരുടേയും ശ്രദ്ധ പിടിച്ചെടുക്കണം എന്ന വാശിയായി അദ്ദേഹത്തിന്. ഇതിനായി ഒരു ഉപായം അദ്ദേഹത്തിന്റെ മനസ്സില്‍ രൂപം കൊണ്ടു.

അടുത്ത ദിവസം നേരം പുലര്‍ന്നപ്പോള്‍ ആ നാട്ടിലെ എല്ലാ വീട്ടുമുറ്റത്തും ഒരു നോട്ടീസ് കണ്ടു. അതില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്, "ഇന്ന് വൈകീട്ട് കൃത്യം അഞ്ചു മണിക്ക് അടുത്തുള്ള പഞ്ചായത്ത്  വക പൊതുമൈതാനത്ത് ഒരു അത്ഭുതം നടക്കാന്‍ പോകുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നും പരിശുദ്ധാത്മാവ് പറന്നിറങ്ങുന്നത് എല്ലാവര്‍ക്കും നഗ്നനേത്രങ്ങള്‍കൊണ്ട് കാണാം. ഇത് വിശ്വസിക്കുന്നവര്‍ക്ക് സ്വാഗതം... എന്ന്, നിങ്ങളുടെ സ്നേഹമുള്ള ഉപദേശി..."

ഈ നോട്ടീസ് വായിച്ച് എല്ലാവരും ചിരിച്ചു തള്ളി. ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്നം എന്ന് പറഞ്ഞ് എല്ലാവരും ആ ഉപദേശിയെ കളിയാക്കി. ഉപദേശിക്ക് യാതൊരു കൂസലുമില്ല. അദ്ദേഹം തന്റെ ശിഷ്യനുമൊത്ത് വൈകീട്ടത്തെ പരിപാടിക്കുള്ള ഒരുക്കത്തിലായിരുന്നു.

സമയം ഉച്ച കഴിഞ്ഞു,.. രണ്ടുമണിയായി,... മൂന്നുമണിയായി... നേരത്തെ നോട്ടീസ് വായിച്ച് കളിയാക്കി ചിരിച്ച പല മാന്യന്മാരും തലയില്‍ മുണ്ടിട്ട് ആരും കാണുന്നില്ല എന്ന ഭാവത്തില്‍ പഞ്ചായത്ത് പൊതുമൈതാനത്ത് എത്താന്‍ തുടങ്ങി. പരിശുദ്ധാത്മാവ് ഇറങ്ങിവരാന്‍ സാധ്യത ഇല്ല എന്നുതന്നെയാണ് അപ്പോഴും അവരുടെ വിശ്വാസം. എന്നാലും, ഇനി അഥവാ അങ്ങനെ വല്ലതും സംഭവിച്ചാലോ? പരിശുദ്ധാത്മാവിനെ കാണാനുള്ള ഒരു ചാന്‍സ് വെറുതെ കളയണ്ടല്ലോ. ഇതായിരുന്നു എല്ലാവരുടേയും ഉള്ളില്‍.

സമയം നാലുമണി ആയതോടെ പൊതുമൈതാനം ജനങ്ങളെക്കൊണ്ട് നിറഞ്ഞു. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോക്കിയപ്പോള്‍ മനസ്സിലായി, എല്ലാവരും പരിചയക്കാര്‍ തന്നെ. കൂട്ടത്തിലുണ്ട് ഇടവകപ്പള്ളിയിലെ വികാരിയച്ചനും കൂടെ കപ്യാരും.

ഇതെല്ലാം കണ്ട് ഉപദേശിക്ക് ഒത്തിരി സന്തോഷമായി. കിട്ടിയ ചാന്‍സ് കളയാതെ ഉപദേശി തുടങ്ങി പ്രസംഗം. കൂടിയിരുന്നവര്‍ക്ക് കേട്ടല്ലേ പറ്റൂ. എല്ലാവരും അക്ഷമരായി എല്ലാം കേട്ടിരുന്നു.  

സമയം അഞ്ചുമണി ആകാറായി. ഉപദേശിയുടെ പ്രസംഗം ഉച്ചസ്ഥായിയില്‍ എത്തി.  ആ സമയം ഉപദേശിയുടെ ശിഷ്യന്‍ ഉപദേശിയുടെ അരികില്‍ വന്ന് ഉപദേശിയുടെ കാതില്‍ മെല്ലെ പറഞ്ഞു, "ഉപദേശീ, നമ്മുടെ പണി പാളി, നമ്മുടെ പരിശുദ്ധാത്മാവിനെ പൂച്ച പിടിച്ചു..."

കാര്യം എന്താണെന്ന് മനസ്സിലായോ? പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ പറന്നിറങ്ങും എന്നാണ് ഉപദേശി പ്രസംഗിച്ചുകൊണ്ടിരുന്നത്. അതിനുവേണ്ടി ഒരു പ്രാവിനെ പിടിച്ച് കൂട്ടില്‍ അടച്ചിട്ടിട്ടുണ്ടായിരുന്നു. കൃത്യം അഞ്ചുമണി ആകുമ്പോള്‍ ആ പ്രാവിനെ ആരും കാണാതെ അടുത്തുള്ള ഉയരമുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്ന് പറത്തിവിടാന്‍ ശിഷ്യനെ ചട്ടംകെട്ടി വച്ചിരിക്കുകയായിരുന്നു. ആ പ്രാവിനെയാണ് ഇപ്പോള്‍ പൂച്ച പിടിച്ചു എന്നു പറഞ്ഞത്.

ഇനിയിപ്പോള്‍ എന്തുചെയ്യും? പരിശുദ്ധാത്മാവിനെ കാണിച്ചുകൊടുത്തില്ലെങ്കില്‍ ജീവനുംകൊണ്ട് അവിടെനിന്നു പോകാന്‍ കഴിയില്ല എന്നു ഉപദേശിക്കു മനസ്സിലായി. പെട്ടെന്ന് ഒരു ഉപായം ഉപദേശിയുടെ മനസ്സില്‍ വന്നു.

ഇനിയും പ്രസംഗിച്ചു നില്‍ക്കുന്നത് പന്തിയല്ല എന്നു മനസ്സിലായപ്പോള്‍ ഉപദേശി സര്‍വ്വ ശക്തിയുമുപയോഗിച്ചു ആകാശത്തേക്ക് കൈചൂണ്ടി പറഞ്ഞു: അതാ അങ്ങോട്ട്‌ നോക്കൂ, പരിശുദ്ധാത്മാവ് അതാ പറന്നിറങ്ങി വരുന്നു. ... എല്ലാവരും കാണുന്നില്ലേ? ....

എല്ലാവരും കൈ ചൂണ്ടിയ ഭാഗത്തേക്ക് വളരെ ആകാംക്ഷയോടെ നോക്കി. ആരും ഒന്നും കാണുന്നില്ല. എല്ലാവരും പരസ്പരം നോക്കാന്‍ തുടങ്ങി. ആരും ഒന്നും കാണുന്നില്ല എന്നു മനസ്സിലായി.

ഇത് മനസ്സിലാക്കി ഉപദേശി തന്റെ അടുത്ത അടവ് പ്രയോഗിച്ചു: അങ്ങനെ ചുമ്മാ നോക്കിയാലൊന്നും പരിശുദ്ധാത്മാവിനെ കാണാന്‍ കഴിയില്ല. എന്തുകൊണ്ടെന്നാല്‍ പരിശുദ്ധാത്മാവ് ദൈവമാകുന്നു. അതിനാല്‍ ഹൃദയത്തില്‍ പരിശുദ്ധി ഉള്ളവര്‍ക്കേ പരിശുദ്ധാത്മാവിനെ കാണാന്‍ കഴിയൂ.... ഇനി നോക്കൂ കാണുന്നുണ്ടോ?

എല്ലാവരും നോക്കിയെങ്കിലും ആരും ഒന്നും കണ്ടില്ല. അവര്‍ക്ക് തോന്നി ഇനി ഒരുപക്ഷേ തന്റെ മനസ്സ് ശുദ്ധിയല്ലാത്തതു കൊണ്ടായിരിക്കും തനിക്കു കാണാന്‍ കഴിയാത്തത്.

ഉപദേശി അടുത്ത അടവിലേക്ക് കടന്നു: ബഹുമാനപ്പെട്ട വികാരിയച്ചന്‍ എന്തായാലും കാണാതിരിക്കില്ല. അദ്ദേഹത്തിന്റെ മനസ്സ് ശുദ്ധിയുള്ളതാണ്, നിര്‍മ്മലമാണ്. ശരിയല്ലേ അച്ചാ? ഇപ്പോള്‍ പരിശുദ്ധാത്മാവിനെ കാണാന്‍ കഴിയുന്നില്ലേ?

വികാരിയച്ചന്‍ ശരിക്കും പെട്ടുപോയി. കാണാന്‍ കഴിയില്ല എന്നു സത്യം പറഞ്ഞാല്‍ വികാരിയച്ചന്റെ മനസ്സ് ശുദ്ധമല്ല എന്ന് എല്ലാവരും വിളിച്ചുപറയും. പിന്നെ ഈ നാട്ടില്‍ ഒരു അച്ചനായിട്ട് ജീവിക്കാന്‍ കഴിയില്ല. ഉടനെ അച്ചന്‍ ഒരു തന്ത്രം പ്രയോഗിച്ചു. അച്ചന്‍ വിളിച്ചു പറഞ്ഞു: "ഇപ്പോള്‍ എനിക്ക് കുറേശ്ശെ കാണാന്‍ കഴിയുന്നുണ്ട്. ..."

ഉപദേശി വിട്ടില്ല. അദ്ദേഹം പറഞ്ഞു: "കുറച്ചല്ല, തികച്ചും വ്യക്തമായിതന്നെ കാണാം. മനസ്സിന്റെ ശുദ്ധിക്ക് അനുസരിച്ചിരിക്കും ദൃശ്യം.

ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്ന് മനസ്സിലായപ്പോള്‍ അച്ചന്‍ വിളിച്ചു പറഞ്ഞു: "അതെ അതെ, ഇപ്പോള്‍ ഞാന്‍ വളരെ വ്യക്തമായി കാണുന്നുണ്ട്....പരിശുദ്ധാത്മാവ് അതാ ഇറങ്ങിയിറങ്ങി വരുന്നു..."

അവിടെയുള്ള എല്ലാവര്‍ക്കും അത്ഭുതംതോന്നി. അച്ചന്‍ ഏതായാലും കള്ളം പറയാന്‍ സാധ്യതയില്ല. അപ്പോള്‍പിന്നെ തന്റെ മനസ്സിന്റെ ശുദ്ധിയില്ലായ്മകൊണ്ടു തന്നെയായിരിക്കും താന്‍ കാണാത്തത് എന്ന് അവര്‍ ഓരോരുത്തര്‍ക്കും തോന്നി.

ഉടനെ അച്ചന്റെ കൂടെയുള്ള കപ്യാര്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു: "അച്ചന്‍ കാണുന്നുണ്ടെങ്കില്‍ ഞാനും കാണുന്നുണ്ട്...."

ഇത് കേട്ട് അടുത്തുനിന്നിരുന്ന ചാക്കോച്ചന്‍ പറഞ്ഞു: "അച്ചനും കപ്യാരും കാണുന്നുണ്ടെങ്കില്‍ ഞാനും കാണുന്നുണ്ട്..."

അടുത്ത ആള്‍: "അച്ചനും കപ്യാരും ചാക്കോച്ചനും കാണുന്നുണ്ടെങ്കില്‍ ഞാനും കാണുന്നുണ്ട്...."

എന്തിനധികം പറയുന്നു, അവിടെ കൂടിയിരുന്ന എല്ലാവരും ഒരേസ്വരത്തില്‍ വിളിച്ചു പറഞ്ഞു: "ഞാന്‍ കണ്ടു, പരിശുദ്ധാത്മാവിനെ കണ്ടു...ഹോ, എന്തൊരു മനോഹരമായ ദൃശ്യം!...”

ഈ സമയംകൊണ്ട്‌ ഉപദേശിയും ശിഷ്യനും സ്ഥലം വിട്ടു.



പോള്‍സണ്‍ പാവറട്ടി - ദുബായ്
 

00971 50 5490334

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ