22 മാർച്ച് 2012

വിജയം അദ്ധ്വാനിക്കുന്നവന് സ്വന്തം


വിജയം അദ്ധ്വാനിക്കുന്നവന് സ്വന്തം

പ്രകാശനും രമേശനും ഒരേ നാട്ടുകാരും കൂട്ടുകാരുമാണ്. ഇരുവരും പ്രീ-ഡിഗ്രി വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. പ്രീ-ഡിഗ്രി പഠനത്തിനു ശേഷം ഇരുവരും നാട്ടില്‍ പലതരം ചെറിയ ചെറിയ ജോലികള്‍ ചെയ്തെങ്കിലും അതിലൊന്നും വിജയിച്ചില്ല. ഇടത്തരം കുടുംബമായിരുന്നു അവരുടേത്.

അങ്ങനെയിരിക്കേ അടുത്തുള്ള ഒരു ദുബായ്ക്കാരന്‍ ഏതാനും ഫ്രീ വിസകള്‍ കൊണ്ടുവന്നിട്ടുണ്ട് എന്നറിഞ്ഞു. (വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫ്രീ വിസ എന്നൊരു പരിപാടി ഉണ്ടായിരുന്നു. ഫ്രീ വിസയില്‍ ആര്‍ക്കും ദുബായിലേക്ക് വരുകയും ഏതെങ്കിലും കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്യാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ പരിപാടി ഇല്ല.) പ്രകാശനും രമേശനും ദുബായ്ക്കാരന്‍  നാട്ടുകാരന്റെ വീട്ടില്‍ ചെന്ന് തങ്ങള്‍ക്കും ദുബായിലേക്ക് പോയാല്‍ കൊള്ളാമെന്നുണ്ട് എന്നു പറഞ്ഞു. അതിനു നല്ലൊരു സംഖ്യ കൊടുക്കണം. തല്‍ക്കാലം പലയിടത്തുനിന്നുമായി വിസക്കും യാത്രക്കും വേണ്ട പൈസ കടം മേടിച്ച് അധികം താമസിയാതെ ദുബായ് എന്ന സ്വപ്നഭൂമിയില്‍ അവര്‍ എത്തി.

അത് ഒരു ജൂലൈ മാസമായിരുന്നു. ചുട്ടുപഴുത്തു നില്‍ക്കുന്ന മരുഭൂമി. എങ്ങും ഈന്തപ്പനകള്‍ കുലച്ചു നില്‍ക്കുന്നു. (ഗള്‍ഫില്‍ ഏറ്റവും ചൂടുള്ള കാലത്താണ് ഈന്തപ്പനകള്‍ കുലയ്ക്കുക). ഇരുവര്‍ക്കും താമസിക്കാന്‍ നാട്ടിലെ ചേരിപ്രദേശം പോലെയുള്ള ഒരു സ്ഥലത്ത് ഒരു കൊച്ചു മുറിയില്‍ മറ്റു പലരോടുമൊപ്പം ഇടം കിട്ടി.

അടുത്ത ദിവസം മുതല്‍ ജോലിയന്വേഷണം ആരംഭിച്ചു. ഇന്നത്തെപ്പോലെ തലയുയര്‍ത്തി നില്‍ക്കുന്ന വലിയ കെട്ടിടങ്ങളോ ചൂട് സഹിക്കാന്‍ വയ്യാതാകുമ്പോള്‍ ഒന്ന് കയറി നില്‍ക്കാനെങ്കിലും ഉള്ള ഷോപ്പിംഗ്‌ മാളുകളോ ഒന്നും ഉണ്ടായിരുന്നില്ല. എവിടെ നോക്കിയാലും നീണ്ടുപരന്നു കിടക്കുന്ന മരുഭൂമി. അതിനിടയില്‍ അവിടെയും ഇവിടെയും ആയി ഏതാനും ചില കെട്ടിടങ്ങള്‍.   

കാണുന്ന കെട്ടിടങ്ങളിലെല്ലാം അവര്‍ കയറി ചോദിക്കും എന്തെങ്കിലും ജോലിയുണ്ടോ എന്ന്. ഇല്ല ഇല്ല എന്ന മറുപടി കേട്ട് കേട്ട് അവര്‍ തളര്‍ന്നു. പുറത്താണെങ്കില്‍ ചുട്ടുപൊള്ളുന്ന വെയില്‍ അകത്താണെങ്കില്‍ ജോലിയൊന്നും കിട്ടാത്തതിന്റെ നിരാശയും സങ്കടവും. വീട്ടുകാരെ ഓര്‍ക്കുമ്പോള്‍ ചങ്കുപൊട്ടിപ്പോകും. ദിവസങ്ങള്‍ പലതും അങ്ങനെ കടന്നുപോയി.

ഒരു ദിവസം അവര്‍ കടന്നുചെന്നത് ഒരു എ.സി. റിപെയര്‍ കടയിലാണ്. അത് ഒരു മലയാളിയുടെ കടയായിരുന്നു. അവര്‍ ആ മലയാളിയോട് ജോലി കിട്ടുമോ എന്ന് തിരക്കി. ചൂടുകാലം ആയിരുന്നതുകൊണ്ട് ആ എ.സി. കടയില്‍ നല്ല തിരക്കായിരുന്നു. പണി കൂടുതല്‍ ഉണ്ടായിരുന്നതുകൊണ്ട് സഹായിക്കാന്‍ രണ്ടുപേരെ കിട്ടിയാല്‍ നന്നായിരിക്കും എന്ന് എ.സി. കടക്കാരന് തോന്നിയതുകൊണ്ട് ഇരുവര്‍ക്കും അവിടെ ഹെല്‍പര്‍ ആയി ജോലി കിട്ടി. ഇരുവരും സന്തോഷത്തോടെ അന്നുതന്നെ ജോലിയില്‍ പ്രവേശിച്ചു.

ചെയ്തു ശീലമില്ലാതിരുന്നതുകൊണ്ടും ചൂടിന്റെ കാഠിന്യം കൊണ്ടും രാത്രി ആകുമ്പോഴേക്കും ഇരുവരും തളര്‍ന്നുപോയി. എങ്കിലും അവര്‍ പിടിച്ചുനിന്നു. ഏതാനും ദിവസങ്ങള്‍ അങ്ങനെ തള്ളിനീക്കി.

ഒരു ദിവസം രമേശന്‍ പറഞ്ഞു: എടാ പ്രകാശാ, എന്നെക്കൊണ്ട് വയ്യ ഈ കഠിനമായ പണി ചെയ്യാന്‍.

പ്രകാശന്‍ പറഞ്ഞു: എടാ രമേശാ, നമ്മള്‍ അല്പം ബുദ്ധിമുട്ടിയാലും നമ്മുടെ കുടുംബം കരകേറില്ലേ? നമ്മളെപ്പോലെയുള്ള മനുഷ്യരല്ലേ നമ്മുടെ കൂടെ ജോലി ചെയ്യുന്നവരും താമസിക്കുന്നവരും എല്ലാം. എല്ലാവരും കഷ്ടപ്പെടുന്നത് അവരവരുടെ കുടുംബങ്ങള്‍ക്കുവേണ്ടിയാണ്.

രമേശന്‍: എനിക്ക് നിന്റെ വേദാന്തമൊന്നും കേള്‍ക്കണ്ട. എന്തായാലും ഞാനില്ല ഈ പണിക്ക്.

പ്രകാശന്‍: എനിക്ക് പറയാനുള്ളതെല്ലാം ഞാന്‍ പറഞ്ഞു. ഇനിയെല്ലാം നിന്റെ ഇഷ്ടം.

തുടര്‍ന്ന് രമേശന്‍ ആ ജോലിക്ക് പോയില്ല. അതുവരെ ചെയ്തതിന്റെ കൂലി അവനു കിട്ടി. പ്രകാശനാവട്ടെ വളരെ ഉത്സാഹപൂര്‍വ്വം അവനെ ഏല്‍പ്പിച്ച ജോലി ചെയ്തുപോന്നു.

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ രമേശന് ഒരു ഓഫീസില്‍ ഓഫിസ് ബോയിയുടെ ജോലി കിട്ടി. രമേശന് വളരെ സന്തോഷമായി. ഓഫീസില്‍ ആകുമ്പോള്‍ വലിയ കഷ്ടപ്പാടൊന്നും ഉണ്ടാവില്ല. മാത്രമല്ല, എ.സി.ഉള്ളതുകൊണ്ട് ചൂടും ഏല്‍ക്കേണ്ടി വരില്ല.

മാസങ്ങള്‍ പലതും കഴിഞ്ഞു. ഹെല്‍പര്‍ ആയി ജോലിക്ക് കയറിയ പ്രകാശന്‍ പണിയെല്ലാം നന്നായി പഠിച്ചു, നല്ലൊരു എ.സി.മെക്കാനിക് ആയി മാറി. രമേശനാവട്ടെ ഓഫീസില്‍ കേവലം ഒരു ഓഫീസ് ബോയ്‌ ആയി മടിയനായി കഴിഞ്ഞുകൂടി.

വര്‍ഷം അഞ്ച് കഴിഞ്ഞു. ഇതിനിടയില്‍ രമേശന്‍ മൂന്ന് കമ്പനികള്‍ മാറി. പ്രകാശന്‍ അതേ സ്ഥാപനത്തില്‍ വിശ്വസ്തനായി തുടര്‍ന്നു. ആയിടയ്ക്ക് പ്രാകശന്റെ കമ്പനി മുതലാളിക്ക് സുഖമില്ലാതാവുകയും സ്ഥാപനം കൊണ്ടുനടത്താന്‍ കഴിയാതെ വരുകയും ചെയ്തു. അദ്ദേഹത്തിന്റെ മുന്നില്‍ രണ്ടു വഴികളേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകില്‍ കമ്പനി എന്നെന്നേക്കുമായി അടച്ചുപൂട്ടുക, അല്ലെങ്കില്‍ താല്‍പര്യമുള്ള ആര്‍ക്കെങ്കിലും കമ്പനി നടത്താന്‍ ഏല്‍പ്പിക്കുക.  അദ്ദേഹം തന്റെ എല്ലാ തൊഴിലാളികളേയും  വിളിച്ചുകൂട്ടി ഇക്കാര്യം പറഞ്ഞു.

എല്ലാവരും ആകെ ചിന്താകുഴപ്പത്തിലായി. കമ്പനി അടച്ചുപൂട്ടിയാല്‍ എല്ലാവര്‍ക്കും ജോലിയില്ലാതാവും. കമ്പനി നടത്തിക്കൊണ്ടുപോകുക എന്നുവച്ചാല്‍ അതത്ര എളുപ്പമുള്ള കാര്യമല്ല. എന്ത് മറുപടി പറയണം എന്നറിയാതെ അവര്‍ കുഴഞ്ഞു.

അപ്പോള്‍ പ്രകാശന്‍ പറഞ്ഞു: കമ്പനി നടത്തിക്കൊണ്ടുപോകുവാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ എനിക്ക് ഒറ്റയ്ക്ക് അത് ബുദ്ധിമുട്ടായിരിക്കും. ആരെങ്കിലുമൊക്കെ സഹകരിക്കാന്‍ തയ്യാറാണെങ്കില്‍ നമുക്കുതന്നെ ഈ സ്ഥാപനം കൊണ്ടുനടത്താം. അങ്ങനെയാവുമ്പോള്‍ നമുക്കാര്‍ക്കും ജോലി നഷ്ടപ്പെടുകയുമില്ല.

ഇതുകേട്ട് രാജേഷ്‌ പറഞ്ഞു: ഞാനും സഹകരിക്കാം. നമ്മുടെ മുതലാളി ചോര നീരാക്കി ഉണ്ടാക്കിയ ഈ പ്രസ്ഥാനം അടച്ചുപൂട്ടാന്‍ നാം അനുവദിച്ചുകൂടാ.

അങ്ങനെ പ്രകാശനും രാജേഷുംകൂടി ആ പ്രസ്ഥാനം ഏറ്റെടുത്തു. ആദ്യമൊക്കെ വളരെ കഷ്ടപ്പാട് അനുഭവിക്കേണ്ടി വന്നെങ്കിലും പിന്നെ പിന്നെ എല്ലാം ശരിയായി. ആ സ്ഥാപനം നാള്‍ക്കുനാള്‍ വളരാന്‍ തുടങ്ങി. ഓരോ വര്‍ഷവും കൂടുതല്‍ കൂടുതല്‍ പുതിയ കരാറുകള്‍ കിട്ടാന്‍ തുടങ്ങി. പണി കൂടുന്നതനുസരിച്ച് തൊഴിലാളികളുടെ എണ്ണം കൂടി.

വര്‍ഷങ്ങള്‍ പലതും പിന്നിട്ടപ്പോള്‍ ഇന്ന് പ്രകാശന്‍ ഒരു നല്ല മുതലാളിയായി മാറി. വീടും കാറും മറ്റു സൌകര്യങ്ങളും എല്ലാം പ്രകാശന്‍ അദ്ധ്വാനിച്ച് നേടിയെടുത്തു. അതേസമയം പ്രകാശന്റെ സുഹൃത്ത്‌ രമേശന്‍ ഇപ്പോഴും കഷ്ടപ്പാടില്‍ തന്നെ. ഓഫീസ് ബോയിയില്‍ നിന്നും ഡ്രൈവര്‍ ആയി പ്രൊമോഷന്‍ കിട്ടി. അത്രമാത്രം. ഇത് എത്രാമത്തെ കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്ന് ഒരുപക്ഷേ രമേശനുപോലും അറിയില്ലായിരിക്കും.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും പ്രകാശനും രമേശനും തമ്മിലുള്ള സൌഹൃദത്തിന് ഇന്നും ഒരു കോട്ടവും വന്നിട്ടില്ല. രമേശന്റെ കുടുംബത്തെ കഴിയുന്നതുപോലെയൊക്കെ പ്രകാശന്‍ സഹായിക്കും. പണംകൊണ്ട് വേര്‍തിരിക്കാവുന്നതല്ല സ്നേഹം എന്ന് അവര്‍ തെളിയിച്ചു.

പോള്‍സണ്‍ പാവറട്ടി - ദുബായ്


00971 50 5490334

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ