29 മാർച്ച് 2012

വീടൊരു സ്വര്‍ഗ്ഗം!


വീടൊരു സ്വര്‍ഗ്ഗം!

അനൂപ്‌ ദുബായിലെ പ്രശസ്തമായ ഒരു സ്കൂളില്‍ എട്ടാം ക്ലാസിലാണ് പഠിക്കുന്നത് എങ്കിലും അവന്റെ കൈയ്യിലിരിപ്പും പെരുമാറ്റവും എല്ലാം അസഹനീയവും അതിരുവിട്ടതുമായിരുന്നു. വീട്ടിലായാലും പഠിക്കുന്ന സ്കൂളിലായാലും വേറെ എവിടെയാണെങ്കിലും അവന്‍ ആരേയും കൂട്ടാക്കില്ല. കൂടെ പഠിക്കുന്ന കുട്ടികളുമായി വഴക്കുണ്ടാക്കുക അവന്റെ ദിനചര്യപോലെയാണ്.

അനൂപിന്റെ ഈ പെരുമാറ്റം അസഹനീയമായപ്പോള്‍ ഒടുവില്‍ സ്കൂള്‍ മാനേജ്‌മന്റ്‌ അവന്റെ രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിപ്പിച്ചു. ഇങ്ങനെയാണെങ്കില്‍ വേറെ ഏതെങ്കിലും സ്കൂളില്‍ മകനെ ചേര്‍ക്കുന്നതായിരിക്കും നല്ലത് എന്ന് സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കളോട് പറഞ്ഞു. ഇത്തവണകൂടി മാപ്പാക്കണം എന്ന് പറഞ്ഞ് കരഞ്ഞു കാലുപിടിച്ചപ്പോള്‍ സ്കൂള്‍ അധികൃതര്‍ ഒടുവില്‍ സമ്മതിച്ചു.

അന്ന് രാത്രി അനൂപിന്റെ അച്ഛനും അമ്മയും അവനെ ഒത്തിരി വഴക്കുപറയുകയും തല്ലുകയും ചെയ്തു. ഇതിലും ഭേദം ഇങ്ങനെയൊന്ന് ഇല്ലാതിരിക്കുന്നതായിരുന്നു എന്ന് പറഞ്ഞ് അവര്‍ പിരാകുവാനും ശപിക്കുവാനും തുടങ്ങി. അനൂപ്‌ എന്നും എന്നപോലെ അന്നും കുറേനേരം കരഞ്ഞു. കരഞ്ഞു കരഞ്ഞു ക്ഷീണിച്ചപ്പോള്‍ ഉറങ്ങി.

അടുത്ത ദിവസം അവധി ആയിരുന്നതുകൊണ്ട് അനൂപിന് സ്കൂളില്‍ പോകേണ്ടതില്ലായിരുന്നു. അന്ന് അനൂപിന്റെ അച്ഛന്റെ സുഹൃത്തും അനൂപിന്റെ സ്കൂളിലെ അധ്യാപകനും ആയ മാത്യൂസ് സാറും ഭാര്യയും മകനുംകൂടി അവരുടെ വീട്ടില്‍ അതിഥിയായി വന്നു. അനൂപിന്റെ സ്കൂളിലെ വിശേഷങ്ങള്‍ അറിഞ്ഞുകൊണ്ടുതന്നെയാണ്‌ അവര്‍ വന്നിരിക്കുന്നത്.  

മാത്യൂസ് സാറിനെ കണ്ട ഉടനെ അനൂപിന്റെ അച്ഛന്‍ പറയാന്‍ തുടങ്ങി: ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടത് മാത്യൂസ് സാര്‍? ഇവനെക്കൊണ്ട് ഞങ്ങള്‍ പൊറുതിമുട്ടി.

മാത്യൂസ് സാര്‍: അരുണ്‍, എല്ലാം അങ്ങനെ ഒറ്റശ്വാസത്തില്‍ പറഞ്ഞ് അവസാനിപ്പിക്കല്ലേ. അനൂപിന്റെ കാര്യം സംസാരിക്കാന്‍തന്നെയാണ് ഞാന്‍ ഇപ്പോള്‍ ഇവിടെ വന്നിരിക്കുന്നത്. നമുക്ക് രണ്ടുപേര്‍ക്കും കുറച്ചുനേരം വെളിയില്‍ പോയി സംസാരിച്ചാലോ? ഇവര്‍ ഇവിടെ നില്‍ക്കട്ടെ. എന്താ?

അരുണ്‍: എവിടേക്ക് വേണമെങ്കിലും ഞാന്‍ വരാം. ഒരു സമാധാനവും ഇല്ലാതായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

അരുണ്‍ അകത്തുപോയി വേഷം മാറുന്നു. പിന്നീട് ഇരുവരുംകൂടി പുറത്തുപോകുന്നു.

അവര്‍ നേരെ അടുത്തുള്ള ഒരു ബീച്ചിലേക്കാണ് പോയത്. ഇരുവരും അവിടെ ഒരു ബെഞ്ചില്‍ ഇരുന്നു സംസാരിക്കാന്‍ തുടങ്ങി.

മാത്യൂസ് സാര്‍: അരുണ്‍, നമ്മള്‍ തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നമ്മുടെ വിവാഹത്തിന് മുന്‍പ് ബാച്ചലര്‍ ആയി ഒന്നിച്ച് ഒരു ഫ്ലാറ്റില്‍ ജീവിക്കുന്ന അന്ന് തുടങ്ങിയതാണ്‌. അതുകൊണ്ടുതന്നെ എനിക്ക് നിന്നേയും നിനക്ക് എന്നേയും വളരെ നന്നായി അറിയാം. ശരിയല്ലേ?

അരുണ്‍: അതിപ്പോള്‍ ഒരു പുതിയ കാര്യമല്ലല്ലോ? അതും ഇതും തമ്മില്‍ ഇപ്പോള്‍ എന്താണ് ബന്ധം?

മാത്യൂസ് സാര്‍: അതുപറയാം. അതിനുമുന്‍പ്‌ എനിക്ക് ചില കാര്യങ്ങള്‍ നിന്നോട് ചോദിച്ചറിയാനുണ്ട്. നിന്റെ സഹകരണം എനിക്ക് വേണം.

അരുണ്‍: (അല്പം ദേഷ്യത്തോടെ) എന്നെ ക്രോസ് വിസ്താരം നടത്താനാണോ ഇപ്പോള്‍ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വന്നിരിക്കുന്നത്?

മാത്യൂസ് സാര്‍: ഇതാണ് നിന്റെ പ്രശ്നം. ഈ മുന്‍കോപവും എടുത്തുചാട്ടവുമാണ് നിന്റെ എല്ലാ പ്രശ്നത്തിന്റേയും അടിത്തറ. നീ ആദ്യം സമാധാനമായിരിക്ക്.

അരുണ്‍: ശരി, ശരി. ഞാന്‍ ഒന്നും മിണ്ടുന്നില്ല, പോരേ? ചോദിക്കാനുള്ളത് ചോദിച്ചോളൂ.

മാത്യൂസ് സാര്‍: എനിക്കറിയേണ്ടത്, നിന്റെ മകന്‍ അനൂപ്‌ എന്തുകൊണ്ട് ഇങ്ങനെ ആയിപ്പോയി എന്നാണ്.

അരുണ്‍: അത് എന്നോടാണോ, അവനോടല്ലേ ചോദിക്കേണ്ടത്‌?

മാത്യൂസ് സാര്‍: അവനോടല്ല, അവന്റെ അച്ഛനായ നിന്നോട്തന്നെയാണ് ചോദിക്കേണ്ടത്‌. നിങ്ങള്‍ അച്ഛനും അമ്മയും എന്നെങ്കിലും ആ കുട്ടിയെ മനസ്സുകൊണ്ട് സ്നേഹിച്ചിട്ടുണ്ടോ? എന്തെങ്കിലും നല്ലവാക്ക് അവനോട് പറഞ്ഞിട്ടുണ്ടോ?

അരുണ്‍: ഇത്രയും പോക്കിരിത്തരം എല്ലാ ദിവസവും കാണിച്ചുവന്നാല്‍ പിന്നെങ്ങനെ അവനെ സ്നേഹിക്കും? എന്ത് നല്ലവാക്ക് അവനോട് പറയും?

മാത്യൂസ്: അരുണ്‍, പോക്കിരിത്തരം കാണിച്ചത് നിങ്ങളുടെ മകനല്ല; നിങ്ങള്‍ തന്നെയാണ്.

അരുണ്‍: ഞങ്ങള്‍ എന്ത് പോക്കിരിത്തരം കാണിച്ചുവെന്നാണ് പറയുന്നത്?

മാത്യൂസ്: ഞാന്‍ പറയുന്നത് ശാന്തമായി കേള്‍ക്കണം. നിങ്ങളുടെ മകന്‍ ജനിച്ച് അവന് ഒരു വയസ്സ് തികയുന്നതിനു മുന്‍പ് നിങ്ങള്‍ രണ്ടുപേര്‍ക്കും ജോലിക്ക് പോകേണ്ടതുകൊണ്ട് കുട്ടിയെ നോക്കാന്‍ ബുദ്ധിമുട്ടാകും എന്ന് പറഞ്ഞ് നിങ്ങള്‍ അവനെ നാട്ടില്‍ അയച്ചില്ലേ? അവന്റെ മുത്തച്ചന്റേയും മുത്തശ്ശിയുടേയും കൂടെയല്ലേ അവന്‍ പിന്നീട് വളര്‍ന്നത്‌?

അരുണ്‍: അത് പിന്നെ, അന്നത്തെ ഞങ്ങളുടെ സാഹചര്യത്തില്‍.....

മാത്യൂസ് സാര്‍: എന്ത് സാഹചര്യം? അങ്ങനെ സാഹചര്യമില്ലെങ്കില്‍ പിന്നെ എന്തിനാ നിങ്ങള്‍ രണ്ടുപേരും കൂടി ഇവിടെ ഒരുമിച്ച് ജീവിച്ചത്? ഒറ്റയ്ക്ക് കഴിഞ്ഞാല്‍ പോരായിരുന്നോ? എന്നുവച്ചാല്‍ നിങ്ങളുടെ സുഖജീവിതത്തിന് ഒരു തടസ്സവും ഉണ്ടാകാതിരിക്കാന്‍ അമ്മയുടെ മാറില്‍ കിടന്നുറങ്ങേണ്ട, ഒന്നുമറിയാത്ത ആ പാവം കുട്ടിയെ നിങ്ങള്‍ നാട്ടിലേക്ക് തള്ളിവിട്ടു. അതല്ലേ ശരി?

അരുണ്‍: അതുകൊണ്ട് അവന് അവിടെ ഒന്നിനും കുറവുണ്ടായില്ലല്ലോ? മാസാമാസം വേണ്ടതിലധികം പൈസ ഞാന്‍ നാട്ടിലേക്ക് അയച്ചു കൊടുതിരുന്നില്ലേ? എല്ലാ വര്‍ഷവും നാട്ടില്‍ പോകുമ്പോള്‍ എടുത്താല്‍ പൊങ്ങാത്ത അത്ര സാധനങ്ങള്‍ ഞങ്ങള്‍ അവന് കൊണ്ടുപോയി കൊടുത്തിരുന്നില്ലേ? പിന്നെ അവന് എന്തിന്റെ കുറവായിരുന്നു?

മാത്യൂസ് സാര്‍: ഒരേയൊരു കുറവേ ഉണ്ടായിരുന്നുള്ളൂ, അവന്റെ അച്ഛന്റേയും അമ്മയുടേയും സ്നേഹത്തിന്റേയും വാത്സല്യത്തിന്റേയും കുറവ്. അതിന്റെ വില എന്താണെന്ന് നിങ്ങള്‍ക്ക് അറിയാതെപോയി എന്നതാണ് സത്യം. കാശുകൊടുത്താല്‍ എന്തും കിട്ടും. എന്നാല്‍ ഒരു അച്ഛന്റേയും അമ്മയുടേയും സ്നേഹം കാശുകൊടുത്താല്‍ കിട്ടില്ല.  

അരുണ്‍: ഇനിയിപ്പോള്‍ അതൊക്കെ പറഞ്ഞിട്ട് എന്താ കാര്യം? നടക്കാവുന്ന വല്ല കാര്യവും ഉണ്ടെങ്കില്‍ പറയൂ.

മാത്യൂസ്: ശരിയാണ്, നിങ്ങള്‍ക്ക് എല്ലാം വളരെ നിസ്സാരം. സ്വന്തം മാതാപ്പിതാക്കളില്‍നിന്ന് സ്നേഹവും വാത്സല്യവും കിട്ടാതെ വന്നപ്പോള്‍ ആ കുട്ടി അത് തേടിയലഞ്ഞു. നാട്ടില്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് അവന്‍ എന്നും ഒറ്റപ്പെട്ടവനായി അവന് തോന്നി. അപ്പോള്‍ അവന് ശരിയെന്നു തോന്നുന്നത് അവന്‍ ചെയ്യാന്‍ തുടങ്ങി. അവന്റെ ശരികള്‍ മറ്റുള്ളവര്‍ക്ക് ശരിയല്ലാതായി തോന്നിയപ്പോള്‍ അവന്റെ ചെയ്തികളെ പോക്കിരിത്തരം എന്ന ഓമനപ്പേരില്‍ വിളിക്കാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ പലതും കഴിഞ്ഞു. ആറാം ക്ലാസ്സില്‍ എത്തിയതോടെ അവനെ നിയന്ത്രിക്കാന്‍ നാട്ടിലുള്ളവര്‍ക്ക് കഴിയില്ല എന്ന് തീര്‍ത്തു പറഞ്ഞതോടെ മനസ്സില്ലാ മനസ്സോടെ നിങ്ങള്‍ക്ക് അവനെ ഇങ്ങോട്ട് കൊണ്ടുവരേണ്ടിവന്നു. ഇതല്ലേ സത്യം?

അരുണ്‍: ഇങ്ങനെയൊക്കെ വരുമെന്ന് കരുതിയില്ലല്ലോ?

മാത്യൂസ് സാര്‍: കരുതണമായിരുന്നു. കരുതാതെ പോയത് നിങ്ങളുടെ വിവേകമില്ലായ്മ. ഇവിടെ വന്നപ്പോഴെങ്കിലും അച്ഛന്റേയും അമ്മയുടേയും സ്നേഹം കിട്ടും എന്ന് ആ കുട്ടി മനസ്സില്‍ വിചാരിച്ചു. പക്ഷേ, നിങ്ങളുടെ ദേഷ്യവും പകയുമെല്ലാം നിങ്ങള്‍ രണ്ടുപേരും കൂടി ആ കുട്ടിയോട് കാണിക്കുകയായിരുന്നു. പിന്നെങ്ങനെ ആ കുട്ടി നന്നാവും? എങ്ങനെ സന്തോഷിക്കും?

അരുണ്‍: ഞങ്ങള്‍ക്ക് തെറ്റുപറ്റിയിട്ടില്ല എന്ന് ഞങ്ങള്‍ പറയുന്നില്ല. എന്നാലും, അവന് ഒന്ന് നേരെയാവാന്‍ നോക്കിക്കൂടെ? ഞങ്ങള്‍ അവനെ എത്രമാത്രം ഉപദേശിച്ചിട്ടുണ്ട്!

മാത്യൂസ് സാര്‍: അരുണ്‍, നിങ്ങള്‍ വിഷമിക്കാന്‍ വേണ്ടി പറയുകയല്ല. അനൂപ്‌ നിങ്ങളുടെ വീട്ടിലെ എല്ലാ വിശേഷങ്ങളും പലപ്പോഴുമായി എന്നോട് പറയാറുണ്ട്. വാവിട്ടു കരഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ ഞാന്‍ അവനെ സമാധാനിപ്പിക്കും. നിങ്ങളുടെ ചോരയില്‍ പിറന്ന കുട്ടിയാണെങ്കിലും എനിക്കവന്‍ എന്റെ സ്വന്തം മകനെപ്പോലെയാണ്. മറ്റുള്ളവരെപ്പോലെ നല്ലവനായി വളരണം എന്ന് അവനും ആഗ്രഹമുണ്ട്. എന്നാല്‍ അച്ഛന്റേയും അമ്മയുടേയും മുഖം കാണുമ്പോള്‍ അവന്റെ ഉള്ളില്‍ അവന്‍പോലും അറിയാതെ പ്രതികാരാഗ്നി ജ്വലിക്കുകയാണെന്ന് അവന്‍ എന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

അരുണ്‍: (കുറ്റബോധത്തോടെ) ഇതൊന്നും എനിക്കറിയില്ലായിരുന്നു മാത്യൂസ് സാര്‍.

മാത്യൂസ് സാര്‍: അവനെ വഴക്കു പറയുന്നതിനിടയില്‍ അവനിലെ ഏതെങ്കിലും നന്മ അറിയാന്‍ നിങ്ങള്‍ ശ്രമിച്ചിട്ടുണ്ടോ? നിങ്ങളുടെ മകന്‍ നല്ലൊരു കലാകാരനാണ് എന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? അവന്‍ വരച്ച ഒരുപാട് ചിത്രങ്ങള്‍ അവന്‍ എനിക്ക് കാണിച്ചു തന്നിട്ടുണ്ട്. അച്ഛനും അമ്മയും ഈ ചിത്രങ്ങള്‍ കണ്ടാല്‍ നശിപ്പിച്ചു കളയുമോ എന്ന് ഭയന്നിട്ടാണ് അവന്‍ ഇക്കാര്യം നിങ്ങളോട് മറച്ചുവച്ചത്. ഭാവിയില്‍ നല്ലൊരു ചിത്രകാരനാകാനാണ് അവന്റെ മോഹം. അത് സാധിപ്പിച്ചു കൊടുക്കേണ്ടത് നമ്മുടെ കടമയാണ്.

ഇതെല്ലാം കേട്ട് അരുണിന്റെ കണ്ണില്‍ നിന്നും കുടുകുടാ കണ്ണുനീര്‍ വീഴാന്‍ തുടങ്ങി.

അരുണ്‍: മാത്യൂസ് സാര്‍, ഞാനിപ്പോള്‍ എല്ലാം മനസ്സിലാക്കുന്നു. എല്ലാം എന്റെ സ്വാര്‍ഥതകൊണ്ട് വന്നു ഭവിച്ചതാണ്. ഇതിന് എന്ത് പ്രായശ്ചിത്തമാണ് ഞാന്‍ ചെയ്യേണ്ടത്? പറയൂ.

മാത്യൂസ് സാറിന്റെ കൈ സ്വന്തം നെഞ്ചില്‍ പിടിച്ചുകൊണ്ട് ഒരു കൊച്ചുകുട്ടിയെപ്പോലെ അരുണ്‍ പൊട്ടിക്കരഞ്ഞു.

മാത്യൂസ് സാര്‍: പേറ്റുനോവ് ഇല്ലാതെ ഒരമ്മക്ക് കുഞ്ഞിനെ പ്രസവിക്കാനാവില്ലല്ലോ. എന്നാല്‍ പ്രസവശേഷം തന്റെ കുഞ്ഞിനെ കാണുന്നതോടെ ആ അമ്മ താന്‍ അനുഭവിച്ച പേറ്റുനോവ് പാടേ മറക്കുന്നു. ഇതാണ് ഇപ്പോള്‍ അരുണിന്റെ അവസ്ഥ. ഈ സത്യം വിളിച്ചുപറയാന്‍ വേണ്ടി ഞാന്‍ കുറേ നാളായി ശ്രമിക്കുന്നു. എന്നാല്‍ പലപ്പോഴും എനിക്കതിനു കഴിഞ്ഞില്ല. ഇനിയും ഞാനിത് പറയാതിരുന്നാല്‍ കാര്യങ്ങള്‍ നമ്മുടെ പിടിവിട്ടുപോകും എന്ന് എനിക്കുതോന്നി. അതുകൊണ്ടാണ്  ഇതെല്ലാം പറയാന്‍ വേണ്ടി ഞാന്‍ ഇന്ന് നിങ്ങളുടെ വീട്ടില്‍ വന്നത്.

അരുണ്‍: മാത്യൂസ് സാര്‍, ഞാനെങ്ങനെ എന്റെ മകന്റെ മുഖത്ത് നോക്കും?

മാത്യൂസ് സാര്‍: അരുണ്‍; തെറ്റുകളും കുറവുകളും എല്ലാം എല്ലാവര്‍ക്കും പറ്റും. എന്നാല്‍ ചെയ്തുപോയത്‌ തെറ്റാണെന്ന് മനസ്സിലായാല്‍ അത് തിരുത്തണം. അവനാണ് മനുഷ്യന്‍. മനുഷ്യന് മാത്രമേ ഇതിന് കഴിയൂ. അതുകൊണ്ട്, കഴിഞ്ഞതെല്ലാം മറന്ന് ഇനിമുതല്‍ നിങ്ങളുടെ മകനെ ജീവനുതുല്യം സ്നേഹിക്കണം. അവന്റെ അമ്മയോടും ഇതിനകം ഇക്കാര്യങ്ങള്‍ എന്റെ ഭാര്യ പറഞ്ഞുകൊടുത്തുകാണും. വിഷമിക്കണ്ട. എല്ലാം നല്ലതിനാണ് എന്ന് സമാധാനിക്കുക. സ്കൂളിലെ അവന്റെ കാര്യങ്ങള്‍ ഞാന്‍ നോക്കിക്കൊള്ളാം. അല്പം സമയമെടുത്താലും നിന്റെ മകനെ നേര്‍വഴിക്കു നയിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. സമാധാനമായിരിക്ക്. ... എന്നാല്‍ നമുക്ക് വീട്ടിലേക്കു മടങ്ങാം. എനിക്ക് വേറെ ഒരു പ്രോഗ്രാമിനു പോകേണ്ടതുണ്ട്.  

ഇരുവരും തിരിച്ച് വീട്ടിലേക്ക് മടങ്ങി. പോകുന്ന വഴി അരുണ്‍ ഒരു കടയില്‍ കയറി ചിത്രം വരക്കാനുള്ള കടലാസുകളും മറ്റു സാമഗ്രികളും എല്ലാം വാങ്ങി.

വീട്ടില്‍ എത്തിയ ഉടനെ അരുണ്‍ മകനെ സന്തോഷത്തോടെ വിളിച്ചു: എടാ മോനേ, അനൂപേ.

അനൂപ്‌ അച്ഛന്റെ അരികില്‍ മന്ദം മന്ദം എത്തി.

കൈയ്യിലുള്ള സാധനങ്ങള്‍ അനൂപിന്റെ കൈയ്യില്‍ കൊടുത്തുകൊണ്ട് പറഞ്ഞു: നീ നന്നായി ചിത്രം വരക്കും എന്ന് മാത്യൂസ് സാര്‍ പറഞ്ഞല്ലോ. അച്ഛന്‍ ഒന്ന് കാണട്ടെ. ഇതാ ഇതെല്ലാം നിനക്കുവേണ്ടി അച്ഛന്‍ വാങ്ങിച്ചതാണ്.

(തുടര്‍ന്ന് അരുണ്‍ ഭാര്യയെ വിളിച്ചു) എടീ രാധികേ, നീ കേട്ടോ, നമ്മുടെ മോന്‍ നല്ല ചിത്രകാരനാണെന്ന്. നമുക്കിവനെ നല്ലൊരു ചിത്രകാരനാക്കണം.

രാധിക നിറഞ്ഞ കണ്ണുകളോടെ മകനെ വാരിപ്പുണര്‍ന്നു ചുംബിച്ചു. ഇതെല്ലാം കണ്ട് നിറഞ്ഞ മനസ്സോടെ ഒരു ചെറുപുഞ്ചിരിയോടെ അനൂപ്‌ അവിടെ നിന്നു.

മാത്യൂസ് സാര്‍: അരുണ്‍, അപ്പോള്‍ ഞങ്ങള്‍ ഇറങ്ങട്ടെ. എന്തായാലും ഇനിമുതല്‍ ഈ വീടൊരു സ്വര്‍ഗ്ഗമായിരിക്കും, തീര്‍ച്ച. അല്ലേടാ അനൂപ്‌?

എല്ലാവരും ചിരിക്കുന്നു.  


പോള്‍സണ്‍ പാവറട്ടി - ദുബായ് 

00971 50 5490334

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ