29 മാർച്ച് 2012

പലവിചാരം കൂടാതെ പ്രാര്‍ഥിക്കാന്‍ കഴിയുമോ?


പലവിചാരം കൂടാതെ പ്രാര്‍ഥിക്കാന്‍ കഴിയുമോ?

പലവിചാരം കൂടാതെ പ്രാര്‍ഥിക്കണം എന്നാണല്ലോ പറഞ്ഞു കേട്ടിട്ടുള്ളത്. എനിക്കാണെങ്കില്‍ പ്രാര്‍ഥിക്കാന്‍ ഇരുന്നാല്‍ ഉടനെ മനസ്സില്‍ പലവിധ ചിന്തകള്‍ വരാന്‍ തുടങ്ങും. അപ്പോള്‍ എനിക്ക് തോന്നും പ്രാര്‍ത്ഥന മുടക്കാനുള്ള സാത്താന്റെ വേലയായിരിക്കും ഈ പലവിചാരം ഉണ്ടാകല്‍ എന്ന്.

ഒരിക്കല്‍ പണ്ഡിതനായ ഒരു വൈദികനോട് ഞാനിക്കാര്യം സംസാരിച്ചു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്:  നമ്മളൊക്കെ മജ്ജയും മാംസവും ഉള്ള മനുഷ്യരാണ്. അതുകൊണ്ടുതന്നെ സദാസമയവും മനസ്സില്‍ എന്തെങ്കിലുമൊക്കെ ചിന്തകള്‍ വന്നും പോയ്ക്കൊണ്ടുമിരിക്കും. ഇത് ആരുടേയും തെറ്റോ കുറ്റമോ സാത്താന്റെ തട്ടിപ്പോ ഒന്നുമല്ല. നമ്മുടെ ജീവിതവുമായി ബന്ധമുള്ള കാര്യങ്ങള്‍ മാത്രമേ നമ്മുടെ മനസ്സില്‍ വരികയുള്ളൂ. അതൊരുപക്ഷേ കഴിഞ്ഞുപോയ ചില സംഭവങ്ങളാവാം, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാവാം, നാളെ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളാവാം.

നമ്മുടെ പ്രാര്‍ത്ഥനക്കിടയില്‍ ഇത്തരം ഒരു ചിന്ത വരുന്നതുകൊണ്ട് നാം മനസ്സിലാക്കണം ഒരുപക്ഷേ ദൈവം ഇക്കാര്യത്തെക്കുറിച്ച് നമ്മളോട് എന്തോ പറയാന്‍ ഉദ്ദേശിക്കുന്നുണ്ട്. അതെന്താണെന്ന് പ്രാര്‍ത്ഥനക്കുശേഷം കുറച്ചുനേരം മൌനമായി ഇരുന്ന് ദൈവത്തോട് ചോദിക്കുക. അപ്പോള്‍ ദൈവം അതിന്റെ മറുപടി വ്യക്തമായി പറഞ്ഞുതരും. നമ്മളും ദൈവവും തമ്മില്‍ നടത്തുന്ന ഈ സംഭാഷണമാണ് യഥാര്‍ത്ഥ പ്രാര്‍ത്ഥന.

ഇത് കേട്ടപ്പോള്‍ എനിക്ക് ആശ്വാസമായി. പിന്നീട് പ്രാര്‍ഥിക്കുമ്പോള്‍ എന്തു ചിന്ത വന്നാലും അത് ദൈവം അനുവദിക്കുന്നതാണ് എന്ന് എനിക്ക് മനസ്സിലാവും. ചിലപ്പോള്‍ എനിക്ക് വിരോധമുള്ളവരുടേയോ എന്നോട് വിരോധമുള്ളവരുടേയോ മുഖമായിരിക്കും മനസ്സില്‍ വരുക. അപ്പോള്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കും. അങ്ങനെ എന്റെ പ്രാര്‍ത്ഥന ലളിതമായി നടത്താന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്.

സ്നേഹിതരേ, ഈ പറഞ്ഞത് ശരിയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ ഇന്നുമുതല്‍ നിങ്ങള്‍ക്കും ഈ രീതി ശ്രമിച്ചുനോക്കാം. അതുകൊണ്ട് ദോഷമൊന്നും ഉണ്ടാവില്ല; തീര്‍ച്ച.

പോള്‍സണ്‍ പാവറട്ടി - ദുബായ്
00971 50 5490334

പങ്കാളിത്ത തകരാറ്


പങ്കാളിത്ത തകരാറ്

PARTNERSHIP DEED അഥവാ പങ്കാളിത്ത കരാറ്. ഇതായിരുന്നു COMMERCE പരീക്ഷയില്‍ എഴുതാന്‍ ഉണ്ടായിരുന്ന ഉപന്യാസ ചോദ്യം. രണ്ടുപേജില്‍ കവിയാതെ ഉത്തരം  എഴുതണം. പരീക്ഷ കഴിഞ്ഞ് അധ്യാപകന്‍ പരീക്ഷാ പേപ്പര്‍ നോക്കുമ്പോള്‍ ഒരു വിദ്യാര്‍ഥിയുടെ ഉത്തരപേപ്പറില്‍ കണ്ടത് ഇങ്ങനെയാണ് PARTNERSHIP DEED അഥവാ പങ്കാളിത്ത തകരാറ്‌.-...... . ആദ്യം ഈ തെറ്റ് അധ്യാപകന്റെ ശ്രദ്ധയില്‍ പെട്ടില്ല. പക്ഷേ വീണ്ടും വീണ്ടും ഇതേ തെറ്റ് ആവര്‍ത്തിച്ചു കണ്ടപ്പോള്‍ അധ്യാപകന് തോന്നി തന്നെ കളിയാക്കാന്‍ വേണ്ടിയായിരിക്കും വിദ്യാര്‍ഥി ഇങ്ങനെ മനപൂര്‍വം എഴുതിയത് എന്ന്. അധ്യാപകന്‍ ആ വാക്കുകളുടെ താഴെ ചുവന്ന മഷികൊണ്ട് വരച്ചിട്ടു. ചുരുങ്ങിയത് ഇരുപതു തവണയെങ്കിലും ആ വാക്ക് ആവര്‍ത്തിച്ചിട്ടുണ്ട് എന്നാണ് ഓര്‍മ്മ.

അടുത്ത ദിവസം, മാര്‍ക്കിട്ട ഉത്തരക്കടലാസുകള്‍ ക്ലാസില്‍ കൊടുക്കുന്ന സമയത്ത് എല്ലാവര്‍ക്കും കൊടുത്തു തീര്‍ന്നതിനു ശേഷം പങ്കാളിത്ത തകരാറ്‌ എന്ന് എഴുതിയ കുട്ടിയെ വിളിച്ച് അധ്യാപകന്റെ അടുത്ത് വരാന്‍ പറഞ്ഞു. ഭാവഭേദമൊന്നുമില്ലാതെ കുട്ടി അധ്യാപകന്റെ അരികില്‍ എത്തി.

അധ്യാപകന്‍ ചോദിച്ചു: PARTNERSHIP DEED - ന്റെ മലയാള വാക്ക് എന്താണ്?

വിദ്യാര്‍ഥി: "പങ്കാളിത്ത കരാറ്". (ശരിയായിതന്നെ ഉത്തരം പറഞ്ഞു)

അധ്യാപകന്‍  "പങ്കാളിത്ത കരാറ്" എന്ന ആ വാക്ക് ഈ ബ്ലാക്ക്‌ ബോര്‍ഡില്‍ ഒന്ന് എഴുതൂ.

വിദ്യാര്‍ഥി നല്ല കൈയ്യക്ഷരത്തില്‍ എഴുതി, "പങ്കാളിത്ത തകരാറ്‌"" “

ഇതുകണ്ട് എല്ലാ കുട്ടികളും ചിരിക്കാന്‍ തുടങ്ങി. അധ്യാപകനും ചിരി വരാതിരുന്നില്ല. രണ്ടുമൂന്നു വട്ടം അതേ വാക്ക് എഴുതിപ്പിച്ചു. എല്ലായ്പ്പോഴും എഴുതിയത് ഒരേപോലെ. വായിക്കാന്‍ പറഞ്ഞാല്‍ "പങ്കാളിത്ത കരാറ്" എന്ന് ശരിക്കും വായിക്കുന്നുമുണ്ട്‌. മറ്റുള്ളവര്‍ എന്തിനാണ് ചിരിക്കുന്നത് എന്ന് ഈ കുട്ടിക്ക് മനസ്സിലായില്ല.

പിന്നീടാണ് അദ്ധ്യാപകന് മനസ്സിലായത്‌ വിദ്യാര്‍ഥി മനപൂര്‍വം തെറ്റി എഴുതിയതല്ല എന്ന്. മലയാളം പുതിയ ലിപിയില്‍ കൂട്ടക്ഷരങ്ങള്‍ മുറിച്ചു മുറിച്ചാണല്ലോ എഴുതുന്നത്‌. ആ കുട്ടി വായിച്ചിരുന്ന COMMERCE മലയാള പുസ്തകത്തില്‍ "പങ്കാളിത്ത" എന്ന വാക്ക് "പങ്കാളിത് ത" എന്നാണ് എഴുതിയിരുന്നത്. കുട്ടിയുടെ മനസ്സില്‍ രണ്ടു "ത" ഉണ്ട്. എഴുതി വന്നപ്പോള്‍ "പങ്കാളിത്ത തകരാറ്‌" “ എന്നായിപ്പോയി എന്നുമാത്രം.

വസ്തുത അധ്യാപകന് മനസ്സിലായപ്പോള്‍ ആ തെറ്റ് വിദ്യാര്‍ഥിക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു. ആ കുട്ടിയെ കളിയാക്കി ചിരിച്ച മറ്റു വിദ്യാര്‍ഥികള്‍ക്കും അപ്പോള്‍ ചിരിച്ചത് തെറ്റായിപ്പോയി എന്ന് തോന്നി. ചിലരെങ്കിലും ആ കുട്ടിയോട് ക്ഷമാപണം നടത്തി.

അന്നത്തെ അധ്യാപകന്‍ ഞാന്‍ തന്നെയായിരുന്നു.  

ചിലപ്പോഴൊക്കെ നമുക്കും ഇതുപോലെ തെറ്റുകള്‍ വന്നേക്കാം അല്ലേ?


പോള്‍സണ്‍ പാവറട്ടി - ദുബായ്
00971 50 5490334

വീടൊരു സ്വര്‍ഗ്ഗം!


വീടൊരു സ്വര്‍ഗ്ഗം!

അനൂപ്‌ ദുബായിലെ പ്രശസ്തമായ ഒരു സ്കൂളില്‍ എട്ടാം ക്ലാസിലാണ് പഠിക്കുന്നത് എങ്കിലും അവന്റെ കൈയ്യിലിരിപ്പും പെരുമാറ്റവും എല്ലാം അസഹനീയവും അതിരുവിട്ടതുമായിരുന്നു. വീട്ടിലായാലും പഠിക്കുന്ന സ്കൂളിലായാലും വേറെ എവിടെയാണെങ്കിലും അവന്‍ ആരേയും കൂട്ടാക്കില്ല. കൂടെ പഠിക്കുന്ന കുട്ടികളുമായി വഴക്കുണ്ടാക്കുക അവന്റെ ദിനചര്യപോലെയാണ്.

അനൂപിന്റെ ഈ പെരുമാറ്റം അസഹനീയമായപ്പോള്‍ ഒടുവില്‍ സ്കൂള്‍ മാനേജ്‌മന്റ്‌ അവന്റെ രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിപ്പിച്ചു. ഇങ്ങനെയാണെങ്കില്‍ വേറെ ഏതെങ്കിലും സ്കൂളില്‍ മകനെ ചേര്‍ക്കുന്നതായിരിക്കും നല്ലത് എന്ന് സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കളോട് പറഞ്ഞു. ഇത്തവണകൂടി മാപ്പാക്കണം എന്ന് പറഞ്ഞ് കരഞ്ഞു കാലുപിടിച്ചപ്പോള്‍ സ്കൂള്‍ അധികൃതര്‍ ഒടുവില്‍ സമ്മതിച്ചു.

അന്ന് രാത്രി അനൂപിന്റെ അച്ഛനും അമ്മയും അവനെ ഒത്തിരി വഴക്കുപറയുകയും തല്ലുകയും ചെയ്തു. ഇതിലും ഭേദം ഇങ്ങനെയൊന്ന് ഇല്ലാതിരിക്കുന്നതായിരുന്നു എന്ന് പറഞ്ഞ് അവര്‍ പിരാകുവാനും ശപിക്കുവാനും തുടങ്ങി. അനൂപ്‌ എന്നും എന്നപോലെ അന്നും കുറേനേരം കരഞ്ഞു. കരഞ്ഞു കരഞ്ഞു ക്ഷീണിച്ചപ്പോള്‍ ഉറങ്ങി.

അടുത്ത ദിവസം അവധി ആയിരുന്നതുകൊണ്ട് അനൂപിന് സ്കൂളില്‍ പോകേണ്ടതില്ലായിരുന്നു. അന്ന് അനൂപിന്റെ അച്ഛന്റെ സുഹൃത്തും അനൂപിന്റെ സ്കൂളിലെ അധ്യാപകനും ആയ മാത്യൂസ് സാറും ഭാര്യയും മകനുംകൂടി അവരുടെ വീട്ടില്‍ അതിഥിയായി വന്നു. അനൂപിന്റെ സ്കൂളിലെ വിശേഷങ്ങള്‍ അറിഞ്ഞുകൊണ്ടുതന്നെയാണ്‌ അവര്‍ വന്നിരിക്കുന്നത്.  

മാത്യൂസ് സാറിനെ കണ്ട ഉടനെ അനൂപിന്റെ അച്ഛന്‍ പറയാന്‍ തുടങ്ങി: ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടത് മാത്യൂസ് സാര്‍? ഇവനെക്കൊണ്ട് ഞങ്ങള്‍ പൊറുതിമുട്ടി.

മാത്യൂസ് സാര്‍: അരുണ്‍, എല്ലാം അങ്ങനെ ഒറ്റശ്വാസത്തില്‍ പറഞ്ഞ് അവസാനിപ്പിക്കല്ലേ. അനൂപിന്റെ കാര്യം സംസാരിക്കാന്‍തന്നെയാണ് ഞാന്‍ ഇപ്പോള്‍ ഇവിടെ വന്നിരിക്കുന്നത്. നമുക്ക് രണ്ടുപേര്‍ക്കും കുറച്ചുനേരം വെളിയില്‍ പോയി സംസാരിച്ചാലോ? ഇവര്‍ ഇവിടെ നില്‍ക്കട്ടെ. എന്താ?

അരുണ്‍: എവിടേക്ക് വേണമെങ്കിലും ഞാന്‍ വരാം. ഒരു സമാധാനവും ഇല്ലാതായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

അരുണ്‍ അകത്തുപോയി വേഷം മാറുന്നു. പിന്നീട് ഇരുവരുംകൂടി പുറത്തുപോകുന്നു.

അവര്‍ നേരെ അടുത്തുള്ള ഒരു ബീച്ചിലേക്കാണ് പോയത്. ഇരുവരും അവിടെ ഒരു ബെഞ്ചില്‍ ഇരുന്നു സംസാരിക്കാന്‍ തുടങ്ങി.

മാത്യൂസ് സാര്‍: അരുണ്‍, നമ്മള്‍ തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നമ്മുടെ വിവാഹത്തിന് മുന്‍പ് ബാച്ചലര്‍ ആയി ഒന്നിച്ച് ഒരു ഫ്ലാറ്റില്‍ ജീവിക്കുന്ന അന്ന് തുടങ്ങിയതാണ്‌. അതുകൊണ്ടുതന്നെ എനിക്ക് നിന്നേയും നിനക്ക് എന്നേയും വളരെ നന്നായി അറിയാം. ശരിയല്ലേ?

അരുണ്‍: അതിപ്പോള്‍ ഒരു പുതിയ കാര്യമല്ലല്ലോ? അതും ഇതും തമ്മില്‍ ഇപ്പോള്‍ എന്താണ് ബന്ധം?

മാത്യൂസ് സാര്‍: അതുപറയാം. അതിനുമുന്‍പ്‌ എനിക്ക് ചില കാര്യങ്ങള്‍ നിന്നോട് ചോദിച്ചറിയാനുണ്ട്. നിന്റെ സഹകരണം എനിക്ക് വേണം.

അരുണ്‍: (അല്പം ദേഷ്യത്തോടെ) എന്നെ ക്രോസ് വിസ്താരം നടത്താനാണോ ഇപ്പോള്‍ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വന്നിരിക്കുന്നത്?

മാത്യൂസ് സാര്‍: ഇതാണ് നിന്റെ പ്രശ്നം. ഈ മുന്‍കോപവും എടുത്തുചാട്ടവുമാണ് നിന്റെ എല്ലാ പ്രശ്നത്തിന്റേയും അടിത്തറ. നീ ആദ്യം സമാധാനമായിരിക്ക്.

അരുണ്‍: ശരി, ശരി. ഞാന്‍ ഒന്നും മിണ്ടുന്നില്ല, പോരേ? ചോദിക്കാനുള്ളത് ചോദിച്ചോളൂ.

മാത്യൂസ് സാര്‍: എനിക്കറിയേണ്ടത്, നിന്റെ മകന്‍ അനൂപ്‌ എന്തുകൊണ്ട് ഇങ്ങനെ ആയിപ്പോയി എന്നാണ്.

അരുണ്‍: അത് എന്നോടാണോ, അവനോടല്ലേ ചോദിക്കേണ്ടത്‌?

മാത്യൂസ് സാര്‍: അവനോടല്ല, അവന്റെ അച്ഛനായ നിന്നോട്തന്നെയാണ് ചോദിക്കേണ്ടത്‌. നിങ്ങള്‍ അച്ഛനും അമ്മയും എന്നെങ്കിലും ആ കുട്ടിയെ മനസ്സുകൊണ്ട് സ്നേഹിച്ചിട്ടുണ്ടോ? എന്തെങ്കിലും നല്ലവാക്ക് അവനോട് പറഞ്ഞിട്ടുണ്ടോ?

അരുണ്‍: ഇത്രയും പോക്കിരിത്തരം എല്ലാ ദിവസവും കാണിച്ചുവന്നാല്‍ പിന്നെങ്ങനെ അവനെ സ്നേഹിക്കും? എന്ത് നല്ലവാക്ക് അവനോട് പറയും?

മാത്യൂസ്: അരുണ്‍, പോക്കിരിത്തരം കാണിച്ചത് നിങ്ങളുടെ മകനല്ല; നിങ്ങള്‍ തന്നെയാണ്.

അരുണ്‍: ഞങ്ങള്‍ എന്ത് പോക്കിരിത്തരം കാണിച്ചുവെന്നാണ് പറയുന്നത്?

മാത്യൂസ്: ഞാന്‍ പറയുന്നത് ശാന്തമായി കേള്‍ക്കണം. നിങ്ങളുടെ മകന്‍ ജനിച്ച് അവന് ഒരു വയസ്സ് തികയുന്നതിനു മുന്‍പ് നിങ്ങള്‍ രണ്ടുപേര്‍ക്കും ജോലിക്ക് പോകേണ്ടതുകൊണ്ട് കുട്ടിയെ നോക്കാന്‍ ബുദ്ധിമുട്ടാകും എന്ന് പറഞ്ഞ് നിങ്ങള്‍ അവനെ നാട്ടില്‍ അയച്ചില്ലേ? അവന്റെ മുത്തച്ചന്റേയും മുത്തശ്ശിയുടേയും കൂടെയല്ലേ അവന്‍ പിന്നീട് വളര്‍ന്നത്‌?

അരുണ്‍: അത് പിന്നെ, അന്നത്തെ ഞങ്ങളുടെ സാഹചര്യത്തില്‍.....

മാത്യൂസ് സാര്‍: എന്ത് സാഹചര്യം? അങ്ങനെ സാഹചര്യമില്ലെങ്കില്‍ പിന്നെ എന്തിനാ നിങ്ങള്‍ രണ്ടുപേരും കൂടി ഇവിടെ ഒരുമിച്ച് ജീവിച്ചത്? ഒറ്റയ്ക്ക് കഴിഞ്ഞാല്‍ പോരായിരുന്നോ? എന്നുവച്ചാല്‍ നിങ്ങളുടെ സുഖജീവിതത്തിന് ഒരു തടസ്സവും ഉണ്ടാകാതിരിക്കാന്‍ അമ്മയുടെ മാറില്‍ കിടന്നുറങ്ങേണ്ട, ഒന്നുമറിയാത്ത ആ പാവം കുട്ടിയെ നിങ്ങള്‍ നാട്ടിലേക്ക് തള്ളിവിട്ടു. അതല്ലേ ശരി?

അരുണ്‍: അതുകൊണ്ട് അവന് അവിടെ ഒന്നിനും കുറവുണ്ടായില്ലല്ലോ? മാസാമാസം വേണ്ടതിലധികം പൈസ ഞാന്‍ നാട്ടിലേക്ക് അയച്ചു കൊടുതിരുന്നില്ലേ? എല്ലാ വര്‍ഷവും നാട്ടില്‍ പോകുമ്പോള്‍ എടുത്താല്‍ പൊങ്ങാത്ത അത്ര സാധനങ്ങള്‍ ഞങ്ങള്‍ അവന് കൊണ്ടുപോയി കൊടുത്തിരുന്നില്ലേ? പിന്നെ അവന് എന്തിന്റെ കുറവായിരുന്നു?

മാത്യൂസ് സാര്‍: ഒരേയൊരു കുറവേ ഉണ്ടായിരുന്നുള്ളൂ, അവന്റെ അച്ഛന്റേയും അമ്മയുടേയും സ്നേഹത്തിന്റേയും വാത്സല്യത്തിന്റേയും കുറവ്. അതിന്റെ വില എന്താണെന്ന് നിങ്ങള്‍ക്ക് അറിയാതെപോയി എന്നതാണ് സത്യം. കാശുകൊടുത്താല്‍ എന്തും കിട്ടും. എന്നാല്‍ ഒരു അച്ഛന്റേയും അമ്മയുടേയും സ്നേഹം കാശുകൊടുത്താല്‍ കിട്ടില്ല.  

അരുണ്‍: ഇനിയിപ്പോള്‍ അതൊക്കെ പറഞ്ഞിട്ട് എന്താ കാര്യം? നടക്കാവുന്ന വല്ല കാര്യവും ഉണ്ടെങ്കില്‍ പറയൂ.

മാത്യൂസ്: ശരിയാണ്, നിങ്ങള്‍ക്ക് എല്ലാം വളരെ നിസ്സാരം. സ്വന്തം മാതാപ്പിതാക്കളില്‍നിന്ന് സ്നേഹവും വാത്സല്യവും കിട്ടാതെ വന്നപ്പോള്‍ ആ കുട്ടി അത് തേടിയലഞ്ഞു. നാട്ടില്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് അവന്‍ എന്നും ഒറ്റപ്പെട്ടവനായി അവന് തോന്നി. അപ്പോള്‍ അവന് ശരിയെന്നു തോന്നുന്നത് അവന്‍ ചെയ്യാന്‍ തുടങ്ങി. അവന്റെ ശരികള്‍ മറ്റുള്ളവര്‍ക്ക് ശരിയല്ലാതായി തോന്നിയപ്പോള്‍ അവന്റെ ചെയ്തികളെ പോക്കിരിത്തരം എന്ന ഓമനപ്പേരില്‍ വിളിക്കാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ പലതും കഴിഞ്ഞു. ആറാം ക്ലാസ്സില്‍ എത്തിയതോടെ അവനെ നിയന്ത്രിക്കാന്‍ നാട്ടിലുള്ളവര്‍ക്ക് കഴിയില്ല എന്ന് തീര്‍ത്തു പറഞ്ഞതോടെ മനസ്സില്ലാ മനസ്സോടെ നിങ്ങള്‍ക്ക് അവനെ ഇങ്ങോട്ട് കൊണ്ടുവരേണ്ടിവന്നു. ഇതല്ലേ സത്യം?

അരുണ്‍: ഇങ്ങനെയൊക്കെ വരുമെന്ന് കരുതിയില്ലല്ലോ?

മാത്യൂസ് സാര്‍: കരുതണമായിരുന്നു. കരുതാതെ പോയത് നിങ്ങളുടെ വിവേകമില്ലായ്മ. ഇവിടെ വന്നപ്പോഴെങ്കിലും അച്ഛന്റേയും അമ്മയുടേയും സ്നേഹം കിട്ടും എന്ന് ആ കുട്ടി മനസ്സില്‍ വിചാരിച്ചു. പക്ഷേ, നിങ്ങളുടെ ദേഷ്യവും പകയുമെല്ലാം നിങ്ങള്‍ രണ്ടുപേരും കൂടി ആ കുട്ടിയോട് കാണിക്കുകയായിരുന്നു. പിന്നെങ്ങനെ ആ കുട്ടി നന്നാവും? എങ്ങനെ സന്തോഷിക്കും?

അരുണ്‍: ഞങ്ങള്‍ക്ക് തെറ്റുപറ്റിയിട്ടില്ല എന്ന് ഞങ്ങള്‍ പറയുന്നില്ല. എന്നാലും, അവന് ഒന്ന് നേരെയാവാന്‍ നോക്കിക്കൂടെ? ഞങ്ങള്‍ അവനെ എത്രമാത്രം ഉപദേശിച്ചിട്ടുണ്ട്!

മാത്യൂസ് സാര്‍: അരുണ്‍, നിങ്ങള്‍ വിഷമിക്കാന്‍ വേണ്ടി പറയുകയല്ല. അനൂപ്‌ നിങ്ങളുടെ വീട്ടിലെ എല്ലാ വിശേഷങ്ങളും പലപ്പോഴുമായി എന്നോട് പറയാറുണ്ട്. വാവിട്ടു കരഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ ഞാന്‍ അവനെ സമാധാനിപ്പിക്കും. നിങ്ങളുടെ ചോരയില്‍ പിറന്ന കുട്ടിയാണെങ്കിലും എനിക്കവന്‍ എന്റെ സ്വന്തം മകനെപ്പോലെയാണ്. മറ്റുള്ളവരെപ്പോലെ നല്ലവനായി വളരണം എന്ന് അവനും ആഗ്രഹമുണ്ട്. എന്നാല്‍ അച്ഛന്റേയും അമ്മയുടേയും മുഖം കാണുമ്പോള്‍ അവന്റെ ഉള്ളില്‍ അവന്‍പോലും അറിയാതെ പ്രതികാരാഗ്നി ജ്വലിക്കുകയാണെന്ന് അവന്‍ എന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

അരുണ്‍: (കുറ്റബോധത്തോടെ) ഇതൊന്നും എനിക്കറിയില്ലായിരുന്നു മാത്യൂസ് സാര്‍.

മാത്യൂസ് സാര്‍: അവനെ വഴക്കു പറയുന്നതിനിടയില്‍ അവനിലെ ഏതെങ്കിലും നന്മ അറിയാന്‍ നിങ്ങള്‍ ശ്രമിച്ചിട്ടുണ്ടോ? നിങ്ങളുടെ മകന്‍ നല്ലൊരു കലാകാരനാണ് എന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? അവന്‍ വരച്ച ഒരുപാട് ചിത്രങ്ങള്‍ അവന്‍ എനിക്ക് കാണിച്ചു തന്നിട്ടുണ്ട്. അച്ഛനും അമ്മയും ഈ ചിത്രങ്ങള്‍ കണ്ടാല്‍ നശിപ്പിച്ചു കളയുമോ എന്ന് ഭയന്നിട്ടാണ് അവന്‍ ഇക്കാര്യം നിങ്ങളോട് മറച്ചുവച്ചത്. ഭാവിയില്‍ നല്ലൊരു ചിത്രകാരനാകാനാണ് അവന്റെ മോഹം. അത് സാധിപ്പിച്ചു കൊടുക്കേണ്ടത് നമ്മുടെ കടമയാണ്.

ഇതെല്ലാം കേട്ട് അരുണിന്റെ കണ്ണില്‍ നിന്നും കുടുകുടാ കണ്ണുനീര്‍ വീഴാന്‍ തുടങ്ങി.

അരുണ്‍: മാത്യൂസ് സാര്‍, ഞാനിപ്പോള്‍ എല്ലാം മനസ്സിലാക്കുന്നു. എല്ലാം എന്റെ സ്വാര്‍ഥതകൊണ്ട് വന്നു ഭവിച്ചതാണ്. ഇതിന് എന്ത് പ്രായശ്ചിത്തമാണ് ഞാന്‍ ചെയ്യേണ്ടത്? പറയൂ.

മാത്യൂസ് സാറിന്റെ കൈ സ്വന്തം നെഞ്ചില്‍ പിടിച്ചുകൊണ്ട് ഒരു കൊച്ചുകുട്ടിയെപ്പോലെ അരുണ്‍ പൊട്ടിക്കരഞ്ഞു.

മാത്യൂസ് സാര്‍: പേറ്റുനോവ് ഇല്ലാതെ ഒരമ്മക്ക് കുഞ്ഞിനെ പ്രസവിക്കാനാവില്ലല്ലോ. എന്നാല്‍ പ്രസവശേഷം തന്റെ കുഞ്ഞിനെ കാണുന്നതോടെ ആ അമ്മ താന്‍ അനുഭവിച്ച പേറ്റുനോവ് പാടേ മറക്കുന്നു. ഇതാണ് ഇപ്പോള്‍ അരുണിന്റെ അവസ്ഥ. ഈ സത്യം വിളിച്ചുപറയാന്‍ വേണ്ടി ഞാന്‍ കുറേ നാളായി ശ്രമിക്കുന്നു. എന്നാല്‍ പലപ്പോഴും എനിക്കതിനു കഴിഞ്ഞില്ല. ഇനിയും ഞാനിത് പറയാതിരുന്നാല്‍ കാര്യങ്ങള്‍ നമ്മുടെ പിടിവിട്ടുപോകും എന്ന് എനിക്കുതോന്നി. അതുകൊണ്ടാണ്  ഇതെല്ലാം പറയാന്‍ വേണ്ടി ഞാന്‍ ഇന്ന് നിങ്ങളുടെ വീട്ടില്‍ വന്നത്.

അരുണ്‍: മാത്യൂസ് സാര്‍, ഞാനെങ്ങനെ എന്റെ മകന്റെ മുഖത്ത് നോക്കും?

മാത്യൂസ് സാര്‍: അരുണ്‍; തെറ്റുകളും കുറവുകളും എല്ലാം എല്ലാവര്‍ക്കും പറ്റും. എന്നാല്‍ ചെയ്തുപോയത്‌ തെറ്റാണെന്ന് മനസ്സിലായാല്‍ അത് തിരുത്തണം. അവനാണ് മനുഷ്യന്‍. മനുഷ്യന് മാത്രമേ ഇതിന് കഴിയൂ. അതുകൊണ്ട്, കഴിഞ്ഞതെല്ലാം മറന്ന് ഇനിമുതല്‍ നിങ്ങളുടെ മകനെ ജീവനുതുല്യം സ്നേഹിക്കണം. അവന്റെ അമ്മയോടും ഇതിനകം ഇക്കാര്യങ്ങള്‍ എന്റെ ഭാര്യ പറഞ്ഞുകൊടുത്തുകാണും. വിഷമിക്കണ്ട. എല്ലാം നല്ലതിനാണ് എന്ന് സമാധാനിക്കുക. സ്കൂളിലെ അവന്റെ കാര്യങ്ങള്‍ ഞാന്‍ നോക്കിക്കൊള്ളാം. അല്പം സമയമെടുത്താലും നിന്റെ മകനെ നേര്‍വഴിക്കു നയിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. സമാധാനമായിരിക്ക്. ... എന്നാല്‍ നമുക്ക് വീട്ടിലേക്കു മടങ്ങാം. എനിക്ക് വേറെ ഒരു പ്രോഗ്രാമിനു പോകേണ്ടതുണ്ട്.  

ഇരുവരും തിരിച്ച് വീട്ടിലേക്ക് മടങ്ങി. പോകുന്ന വഴി അരുണ്‍ ഒരു കടയില്‍ കയറി ചിത്രം വരക്കാനുള്ള കടലാസുകളും മറ്റു സാമഗ്രികളും എല്ലാം വാങ്ങി.

വീട്ടില്‍ എത്തിയ ഉടനെ അരുണ്‍ മകനെ സന്തോഷത്തോടെ വിളിച്ചു: എടാ മോനേ, അനൂപേ.

അനൂപ്‌ അച്ഛന്റെ അരികില്‍ മന്ദം മന്ദം എത്തി.

കൈയ്യിലുള്ള സാധനങ്ങള്‍ അനൂപിന്റെ കൈയ്യില്‍ കൊടുത്തുകൊണ്ട് പറഞ്ഞു: നീ നന്നായി ചിത്രം വരക്കും എന്ന് മാത്യൂസ് സാര്‍ പറഞ്ഞല്ലോ. അച്ഛന്‍ ഒന്ന് കാണട്ടെ. ഇതാ ഇതെല്ലാം നിനക്കുവേണ്ടി അച്ഛന്‍ വാങ്ങിച്ചതാണ്.

(തുടര്‍ന്ന് അരുണ്‍ ഭാര്യയെ വിളിച്ചു) എടീ രാധികേ, നീ കേട്ടോ, നമ്മുടെ മോന്‍ നല്ല ചിത്രകാരനാണെന്ന്. നമുക്കിവനെ നല്ലൊരു ചിത്രകാരനാക്കണം.

രാധിക നിറഞ്ഞ കണ്ണുകളോടെ മകനെ വാരിപ്പുണര്‍ന്നു ചുംബിച്ചു. ഇതെല്ലാം കണ്ട് നിറഞ്ഞ മനസ്സോടെ ഒരു ചെറുപുഞ്ചിരിയോടെ അനൂപ്‌ അവിടെ നിന്നു.

മാത്യൂസ് സാര്‍: അരുണ്‍, അപ്പോള്‍ ഞങ്ങള്‍ ഇറങ്ങട്ടെ. എന്തായാലും ഇനിമുതല്‍ ഈ വീടൊരു സ്വര്‍ഗ്ഗമായിരിക്കും, തീര്‍ച്ച. അല്ലേടാ അനൂപ്‌?

എല്ലാവരും ചിരിക്കുന്നു.  


പോള്‍സണ്‍ പാവറട്ടി - ദുബായ് 

00971 50 5490334

25 മാർച്ച് 2012

“പഞ്ചാരക്കുട്ടപ്പന്‍”


“പഞ്ചാരക്കുട്ടപ്പന്‍”

"പഞ്ചാരക്കുട്ടപ്പന്‍"; ഈ പേര് വായിക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ നമ്മുടെ കഥാനായകന്റെ ഏകദേശ ചിത്രം. ശരിതന്നെയാണ്; നമ്മുടെ കഥാനായകന്‍ തരുണീമണികളുടെ ഇടയില്‍ നല്ലൊരു പഞ്ചാരക്കുട്ടപ്പന്‍ തന്നെയാണ്. കാണാന്‍ സുന്ദരനും അതിലുപരി നല്ല വാക് ചാതുരിയും ഉള്ള നമ്മുടെ കഥാനായകന്റെ യഥാര്‍ത്ഥ പേര് ചാര്‍ളി എന്നാണ്. പക്ഷേ ചാര്‍ളി എന്ന പേരിനേക്കാള്‍ പഞ്ചാരക്കുട്ടപ്പന്‍ എന്ന പേരിലാണ് അദ്ദേഹം എവിടെയും അറിയപ്പെടുക.

കോളേജില്‍ പഠിക്കുന്ന കാലത്താണ് ചാര്‍ളിയുടെ ഈ സിദ്ധി പ്രകടമായി കണ്ടുതുടങ്ങിയത്. അതുവരെ ബോയ്സ് ഒണ്‍ലി സ്കൂളില്‍ പഠിച്ചതിനാല്‍ കോളേജില്‍ ആദ്യമായി പെണ്‍കുട്ടികളെ കണ്ടപ്പോള്‍ ഒരു പുതിയ ലോകത്ത് എത്തിയപോലെയാണ് ചാര്‍ളിക്ക് തോന്നിയത്. ആദ്യമൊക്കെ ചാര്‍ളിക്ക് പെണ്‍കുട്ടികളെ സമീപിക്കാന്‍ പേടിയായിരുന്നു. മറ്റു കൂട്ടുകാര്‍ പെണ്‍കുട്ടികളുമായി സല്ലപിക്കുന്നത്‌ കാണുമ്പോള്‍ ചാര്‍ളിക്ക് അത്ഭുതമായിരുന്നു.

ചാര്‍ളിയുടെ നാണം കുണുങ്ങുന്ന മുഖഭാവം കണ്ടപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ഒരു രസം. അവര്‍ ചാര്‍ളിയോട് പേര് ചോദിക്കാനും വിശേഷങ്ങള്‍ ചോദിക്കാനും ഒക്കെ തുടങ്ങി. മെല്ലെ മെല്ലെ ചാര്‍ളി പെണ്‍കുട്ടികളുടെ ഇടയില്‍ ഒരു താരമായി മാറി. ക്ലാസ്സിലെ ആണ്‍കുട്ടികളുടെ പേരുകള്‍ ഒന്നുംതന്നെ അറിയില്ലെങ്കിലും എല്ലാ പെണ്‍കുട്ടികളുടേയും പേരും ഊരും എല്ലാം വളരെ കൃത്യമായി അറിയാമായിരുന്നു ചാര്‍ളിക്ക്.

"കോഴി തിന്നുന്നത് കാക്കയ്ക്ക് കണ്ടുകൂടാ" എന്നൊരു ചൊല്ലുണ്ടല്ലോ. ഇവിടേയും അതുതന്നെ സംഭവിച്ചു. ചാര്‍ളിയുടെ ക്ലാസിലെ ചില ആണ്‍കുട്ടികള്‍ക്ക് ചാര്‍ളിയോട് അസൂയ തോന്നിയതിനാല്‍ അവര്‍ കോളേജിലെ ചാര്‍ളിയുടെ വിശേഷങ്ങള്‍ ഓരോന്നും ചാര്‍ളിയുടെ വീട്ടില്‍ അറിയിച്ചിരുന്നു. രാത്രിയായാല്‍ ചാര്‍ളിക്ക് എന്നും വീട്ടില്‍ നിന്ന് വഴക്കും അടിയും. താന്‍ എന്ത് അപരാധമാണ് ചെയ്തത്? ക്ലാസില്‍ കൂടെ പഠിക്കുന്ന കുട്ടികളോട് സംസാരിക്കുന്നത് ഇത്രവലിയ അപരാധമാണോ? എന്ന് ചാര്‍ളി തിരിച്ചും ചോദിക്കും. അടുത്ത ദിവസം കോളേജില്‍ എത്തുന്നതോടെ കഴിഞ്ഞ രാത്രിയിലെ വീട്ടിലെ വഴക്കും അടിയും ഒക്കെ ചാര്‍ളി മറക്കും. പൂര്‍വാധികം ശക്തിയോടെ പെണ്‍കുട്ടികളുമായി ഇടപഴകും.

ഒരു കാര്യം പ്രത്യേകം പറയേണ്ടതുണ്ട്. എത്രമാത്രം പെണ്‍കുട്ടികളുമായി ചാര്‍ളി ഇടപെട്ടാലും എല്ലാം കേവലം പഞ്ചാരവര്‍ത്തമാനത്തില്‍ ഒതുങ്ങും. ഒരു പെണ്‍കുട്ടിയുടെ ദേഹത്തുപോലും ചാര്‍ളി തൊടാറില്ല. ആ ചിന്തപോലും ചാര്‍ളിക്ക് ഇല്ല എന്നതാണ് സത്യം. ചാര്‍ളിയുടെ ചില ആണ്‍കൂട്ടുകാര്‍ ചാര്‍ളിയെ ഇതിനെല്ലാം പ്രേരിപ്പിക്കുമെങ്കിലും ചാര്‍ളി ഒരിക്കലും അത്തരത്തില്‍ പെരുമാറുകയോ ചിന്തിക്കുകപോലുമോ ചെയ്യാറില്ല. അതുകൊണ്ടുതന്നെയാണ് എല്ലാ പെണ്‍കുട്ടികള്‍ക്കും ചാര്‍ളിയോട് നിര്‍ഭയം ഇടപഴകാന്‍ സാധിച്ചിരുന്നത്.

ചാര്‍ളിയുടെ ഈ മുന്നേറ്റം കണ്ട് ഒട്ടും സഹിക്കാതെ ഒരു വില്ലന്‍ ക്ലാസിലെ മിനി എന്ന ഒരു പെണ്‍കുട്ടിയുടെ സഹോദരനോട് ചാര്‍ളിയെക്കുറിച്ച് വളരെ മോശമായി പറയുകയും അദ്ദേഹത്തിന്റെ സഹോദരി മിനിയുമായി ചാര്‍ളി പ്രേമത്തിലാണെന്നും തട്ടിവിട്ടു.  കേട്ടത് പാതി കേള്‍ക്കാത്തത് പാതി, പോക്കിരിയായ ആ സഹോദരന്‍ ചാര്‍ളിയുടെ സഹോദരന്റെ അടുത്ത് ചെന്ന് ഭീഷണിപ്പെടുത്തി സംസാരിച്ചു. അനുജനെ മര്യാദക്ക് വളര്‍ത്തിയില്ലെങ്കില്‍ രണ്ടുകാലും തല്ലിയൊടിക്കും എന്ന് പറഞ്ഞു.

കാര്യങ്ങളുടെ നിജസ്ഥിതി ഒന്നും മനസ്സിലാക്കാതെ അന്ന് രാത്രി ചാര്‍ളിയുടെ സഹോദരന്‍ ചാര്‍ളിയെ പൊതിരെ തല്ലി. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഒരു കുട്ടിയോടും പ്രേമം ഇല്ലെന്നും ചാര്‍ളി വിളിച്ചു പറയുന്നുണ്ടെങ്കിലും അതൊന്നും കേള്‍ക്കാന്‍ ആരും തയ്യാറായില്ല. അടിച്ചുകൊണ്ടിരുന്ന വടി ഓടിഞ്ഞപ്പോള്‍ അവിടെ കിടന്നിരുന്ന ഇലക്ട്രിക്‌ വയര്‍ കൊണ്ടായി അടി. ദേഹമാസകലം പൊട്ടി ചോരയോലിച്ചു. ഇതെല്ലാം കഴിഞ്ഞ് ചാര്‍ളിയെ വീടിനു പുറത്താക്കി വാതിലടച്ചു. "ഇനി ഈ വീട്ടില്‍ കയറരുത്. എവിടെയെങ്കിലും പോയി ചത്തോ ..." എന്നാണ് ആ സഹോദരന്‍ ചാര്‍ളിയോട് ആക്രോശിച്ചത്.

അന്ന് പോയതാണ് ചാര്‍ളി. എവിടെ പോയെന്നോ തിരിച്ചു വരുമെന്നോ ആര്‍ക്കും അറിയില്ല.

അടുത്ത ദിവസം കോളേജില്‍ ഇക്കാര്യം പാട്ടായി. അപ്പോഴാണ്‌ അറിയുന്നത് ഇതിനു സമാനമായ രീതിയില്‍തന്നെ മിനി എന്ന ആ പെണ്‍കുട്ടിയുടെ വീട്ടിലും സംഭവിച്ചു എന്ന്. ആ കുട്ടിയെ കോളേജിലേക്ക് പറഞ്ഞയക്കാതെയായി.

വിഷയം കോളേജ് പ്രിന്‍സിപ്പല്‍ വളരെ ഗൌരവമായിതന്നെ എടുത്തു. ചാര്‍ളിയെക്കുറിച്ചും ആ പെണ്‍കുട്ടിയെക്കുറിച്ചും കോളേജിലെ മറ്റു വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വളരെ നല്ല അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. പിന്നെങ്ങനെ ഇങ്ങനെയെല്ലാം സംഭവിച്ചു? ആര്‍ക്കും അറിയില്ലായിരുന്നു. വില്ലന്‍ ഒന്നുമറിയാത്തപോലെ പെരുമാറി. താനാണ് ഇതിന്റെ പുറകില്‍ കളിച്ചത് എന്ന് ആരെങ്കിലും ആ നിമിഷം അറിഞ്ഞാല്‍.... പിന്നത്തെകാര്യം ചിന്തിക്കണ്ട ....

*
*
*
ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ചാര്‍ളി നാട്ടില്‍ തിരിച്ചെത്തി. നാട്ടില്‍ എത്തിയെങ്കിലും സ്വന്തം വീട്ടില്‍ കയറാന്‍ ചാര്‍ളിക്ക് ഇഷ്ടമില്ലായിരുന്നു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ആരോ തനിക്കെതിരെ കളിച്ചതാണെന്നും വീട്ടുകാരേയും നാട്ടുകാരേയും ബോധ്യപ്പെടുത്താന്‍ മാത്രമാണ് ചാര്‍ളി നാട്ടില്‍ എത്തിയത്.

ചാര്‍ളി നാട്ടില്‍ എത്തിയ ശേഷം ആദ്യം പോയത് മിനിയുടെ വീട്ടിലേക്കാണ്. എന്തുവന്നാലും നേരിടാന്‍ തയ്യാറായിട്ടാണ് ചാര്‍ളി ആ വീട്ടില്‍ പോയത്. ആ പെണ്‍കുട്ടിയോട് അവളുടെ വീട്ടുകാരുടെ മുന്നില്‍ വച്ച് ചോദിക്കണം, താന്‍ അവളെ പ്രേമിക്കുകയോ മറ്റേതെങ്കിലും തരത്തില്‍ മോശമായി പെരുമാറുകയോ ചെയ്തിട്ടുണ്ടോ എന്ന്. താന്‍ കാരണം ആ പെണ്‍കുട്ടിയുടെ പഠിപ്പും മുടങ്ങിയിരുന്നു എന്ന് ചാര്‍ളി അറിഞ്ഞിരുന്നു.

ചാര്‍ളി മിനിയുടെ വീട്ടില്‍ എത്തി. പോക്കിരിയായ മിനിയുടെ സഹോദരന്‍ ചാര്‍ളിയെ കണ്ടപ്പോള്‍ ഓടിയെത്തി ചാര്‍ളിയെ കെട്ടിപ്പിടിച്ചു. ചാര്‍ളിക്ക് ഒന്നും മനസ്സിലായില്ല. ആ സഹോദരന്‍ ചാര്‍ളിയെ വീട്ടിലേക്ക് കൈപിടിച്ച് കയറ്റി. ചാര്‍ളിയുടെ കാലില്‍ വീണ് പൊട്ടിക്കരഞ്ഞു.

"പൊറുക്കാന്‍ കഴിയാത്ത തെറ്റാണ് ഞാന്‍ ചാര്‍ളിയോടും എന്റെ കൊച്ചു പെങ്ങളോടും ചെയ്തത്. ചാര്‍ളിയുടെ കൂട്ടുകാരന്‍ ലോറന്‍സ് എന്നോട് വന്ന് നിങ്ങളെക്കുറിച്ച് വളരെ മോശമായി പറഞ്ഞപ്പോള്‍ എന്റെ നിയന്ത്രണം ആകെ വിട്ടുപോയി. ചാര്‍ളിയുടെ സഹോദരനോട് അല്പം ഭീഷണിയുടെ സ്വരത്തില്‍ ഞാന്‍ സംസാരിച്ചപ്പോള്‍ ഇത്ര വലിയ കോലാഹലം ചാര്‍ളിയുടെ വീട്ടില്‍ ഉണ്ടാകുമെന്ന് ഞാനും കരുതിയില്ല. ...." സഹോദരന്‍ വിങ്ങിക്കൊണ്ട് പറഞ്ഞു.

എല്ലാം കേട്ട് ചാര്‍ളി അവിടെ സോഫയില്‍ ഇരുന്നു.

"എന്ത്? ലോറന്‍സോ? ലോറന്‍സാണോ ഞങ്ങളെക്കുറിച്ച്‌ ഇങ്ങനെയൊക്കെ പറഞ്ഞത്? എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ലോറന്‍സ് എന്തിനിങ്ങനെ പറയണം?...." ചാര്‍ളി വളരെ വേദനയോടെ ചോദിച്ചു.

സഹോദരന്‍: പിന്നീടാണ് കാര്യങ്ങളെല്ലാം ഞങ്ങള്‍ അറിഞ്ഞത്. ലോറന്‍സിനു എന്റെ പെങ്ങളോട് ഇഷ്ടമുണ്ടായിരുന്നുവത്രേ. ചാര്‍ളി വളരെ സൌഹാര്‍ദ്ദത്തോടെ എന്റെ പെങ്ങളോട് പെരുമാറുന്നത് കണ്ടപ്പോള്‍ ലോറന്‍സിനു ചാര്‍ളിയോട് ഉള്ളില്‍ പകതോന്നി. ആ ദേഷ്യം തീര്‍ക്കാന്‍ വേണ്ടിയാണ് ലോറന്‍സ് എന്നോട് ഇങ്ങനെയൊക്കെ കള്ളം പറഞ്ഞത്. എല്ലാം ഞാന്‍ അറിഞ്ഞു എന്ന് മനസ്സിലായപ്പോള്‍ ലോറന്‍സ് നാട്ടില്‍ നിന്നും ഒളിച്ചോടി.

ചാര്‍ളി: ആട്ടെ, മിനി ഇപ്പോള്‍ ഇവിടെയുണ്ടോ?

ലോറന്‍സ് വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞു: അന്നത്തെ സംഭവത്തില്‍ ചാര്‍ളി നാടുവിട്ടുപോയതോടെ എന്റെ കൊച്ചുപെങ്ങളുടെ മനോനില തെറ്റി. അവള്‍ കാരണമാണ് ചാര്‍ളി നാടുവിട്ടു പോയത് എന്നാണ് അവള്‍ പറയുന്നത്. ദാ, അവള്‍ ആ മുറിയില്‍ ഉണ്ട്. ആരോടും മിണ്ടാതെ, ഒന്ന് ചിരിക്കുക പോലും ചെയ്യാതെ അവിടെ ഇരിക്കുന്നുണ്ട്.

ചാര്‍ളി: എനിക്കൊന്നു കാണാമോ?

സഹോദരന്‍: അതിനെന്താ? വരൂ.

ചാര്‍ളിയെ അടുത്തുള്ള മുറിയിലേക്ക് സഹോദരന്‍ കൂട്ടിക്കൊണ്ടു പോയി. അലസമായി ധരിച്ചിരിക്കുന്ന വേഷവും ചീകിയൊതുക്കാത്ത മുടിയുമായി മിനി അവിടെ അലക്ഷ്യമായി ഇരിക്കുന്നു.

സഹോദരന്‍: മിനിമോളേ, നോക്കൂ ഇതാരാണെന്ന് നോക്കൂ, നിന്റെ കൂട്ടുകാരന്‍ ചാര്‍ളിയാണ്.

മിനി ഭാവഭേധമില്ലാതെ ഇരുന്നു.

അവളുടെ അരികില്‍ ചെന്നുകൊണ്ട് ചാര്‍ളി പറഞ്ഞു: ഹായ് മിനി, നോക്കൂ, ഇത് ചാര്‍ളിയാണ്. അല്ല, മിനിയുടെ പഞ്ചാരക്കുട്ടപ്പന്‍.

പഞ്ചാരക്കുട്ടപ്പന്‍ എന്ന് കേട്ടതോടെ മിനിക്ക് ചെറിയൊരു ഭാവഭേദം ഉണ്ടായി.

ചാര്‍ളി: പഞ്ചാരക്കുട്ടപ്പന്‍ മിനിയെ കാണാന്‍ വന്നിരിക്കുവാ. എന്താ എന്നോട് പിണക്കമാണോ?

അവള്‍ മെല്ലെ ചാര്‍ളിയെ നോക്കി. അവര്‍ ഇരുവരും കണ്ണോടുകണ്‍ അല്പം നോക്കി. മിനി മെല്ലെ പുഞ്ചിരിച്ചു.

അവള്‍ മെല്ലെ പറഞ്ഞു: പഞ്ചാര .... കുട്ടപ്പന്‍.... എന്റെ പഞ്ചാരക്കുട്ടപ്പന്‍.... ഹായ് …



പോള്‍സണ്‍ പാവറട്ടി - ദുബായ്


00971 50 5490334

22 മാർച്ച് 2012

വിജയം അദ്ധ്വാനിക്കുന്നവന് സ്വന്തം


വിജയം അദ്ധ്വാനിക്കുന്നവന് സ്വന്തം

പ്രകാശനും രമേശനും ഒരേ നാട്ടുകാരും കൂട്ടുകാരുമാണ്. ഇരുവരും പ്രീ-ഡിഗ്രി വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. പ്രീ-ഡിഗ്രി പഠനത്തിനു ശേഷം ഇരുവരും നാട്ടില്‍ പലതരം ചെറിയ ചെറിയ ജോലികള്‍ ചെയ്തെങ്കിലും അതിലൊന്നും വിജയിച്ചില്ല. ഇടത്തരം കുടുംബമായിരുന്നു അവരുടേത്.

അങ്ങനെയിരിക്കേ അടുത്തുള്ള ഒരു ദുബായ്ക്കാരന്‍ ഏതാനും ഫ്രീ വിസകള്‍ കൊണ്ടുവന്നിട്ടുണ്ട് എന്നറിഞ്ഞു. (വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫ്രീ വിസ എന്നൊരു പരിപാടി ഉണ്ടായിരുന്നു. ഫ്രീ വിസയില്‍ ആര്‍ക്കും ദുബായിലേക്ക് വരുകയും ഏതെങ്കിലും കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്യാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ പരിപാടി ഇല്ല.) പ്രകാശനും രമേശനും ദുബായ്ക്കാരന്‍  നാട്ടുകാരന്റെ വീട്ടില്‍ ചെന്ന് തങ്ങള്‍ക്കും ദുബായിലേക്ക് പോയാല്‍ കൊള്ളാമെന്നുണ്ട് എന്നു പറഞ്ഞു. അതിനു നല്ലൊരു സംഖ്യ കൊടുക്കണം. തല്‍ക്കാലം പലയിടത്തുനിന്നുമായി വിസക്കും യാത്രക്കും വേണ്ട പൈസ കടം മേടിച്ച് അധികം താമസിയാതെ ദുബായ് എന്ന സ്വപ്നഭൂമിയില്‍ അവര്‍ എത്തി.

അത് ഒരു ജൂലൈ മാസമായിരുന്നു. ചുട്ടുപഴുത്തു നില്‍ക്കുന്ന മരുഭൂമി. എങ്ങും ഈന്തപ്പനകള്‍ കുലച്ചു നില്‍ക്കുന്നു. (ഗള്‍ഫില്‍ ഏറ്റവും ചൂടുള്ള കാലത്താണ് ഈന്തപ്പനകള്‍ കുലയ്ക്കുക). ഇരുവര്‍ക്കും താമസിക്കാന്‍ നാട്ടിലെ ചേരിപ്രദേശം പോലെയുള്ള ഒരു സ്ഥലത്ത് ഒരു കൊച്ചു മുറിയില്‍ മറ്റു പലരോടുമൊപ്പം ഇടം കിട്ടി.

അടുത്ത ദിവസം മുതല്‍ ജോലിയന്വേഷണം ആരംഭിച്ചു. ഇന്നത്തെപ്പോലെ തലയുയര്‍ത്തി നില്‍ക്കുന്ന വലിയ കെട്ടിടങ്ങളോ ചൂട് സഹിക്കാന്‍ വയ്യാതാകുമ്പോള്‍ ഒന്ന് കയറി നില്‍ക്കാനെങ്കിലും ഉള്ള ഷോപ്പിംഗ്‌ മാളുകളോ ഒന്നും ഉണ്ടായിരുന്നില്ല. എവിടെ നോക്കിയാലും നീണ്ടുപരന്നു കിടക്കുന്ന മരുഭൂമി. അതിനിടയില്‍ അവിടെയും ഇവിടെയും ആയി ഏതാനും ചില കെട്ടിടങ്ങള്‍.   

കാണുന്ന കെട്ടിടങ്ങളിലെല്ലാം അവര്‍ കയറി ചോദിക്കും എന്തെങ്കിലും ജോലിയുണ്ടോ എന്ന്. ഇല്ല ഇല്ല എന്ന മറുപടി കേട്ട് കേട്ട് അവര്‍ തളര്‍ന്നു. പുറത്താണെങ്കില്‍ ചുട്ടുപൊള്ളുന്ന വെയില്‍ അകത്താണെങ്കില്‍ ജോലിയൊന്നും കിട്ടാത്തതിന്റെ നിരാശയും സങ്കടവും. വീട്ടുകാരെ ഓര്‍ക്കുമ്പോള്‍ ചങ്കുപൊട്ടിപ്പോകും. ദിവസങ്ങള്‍ പലതും അങ്ങനെ കടന്നുപോയി.

ഒരു ദിവസം അവര്‍ കടന്നുചെന്നത് ഒരു എ.സി. റിപെയര്‍ കടയിലാണ്. അത് ഒരു മലയാളിയുടെ കടയായിരുന്നു. അവര്‍ ആ മലയാളിയോട് ജോലി കിട്ടുമോ എന്ന് തിരക്കി. ചൂടുകാലം ആയിരുന്നതുകൊണ്ട് ആ എ.സി. കടയില്‍ നല്ല തിരക്കായിരുന്നു. പണി കൂടുതല്‍ ഉണ്ടായിരുന്നതുകൊണ്ട് സഹായിക്കാന്‍ രണ്ടുപേരെ കിട്ടിയാല്‍ നന്നായിരിക്കും എന്ന് എ.സി. കടക്കാരന് തോന്നിയതുകൊണ്ട് ഇരുവര്‍ക്കും അവിടെ ഹെല്‍പര്‍ ആയി ജോലി കിട്ടി. ഇരുവരും സന്തോഷത്തോടെ അന്നുതന്നെ ജോലിയില്‍ പ്രവേശിച്ചു.

ചെയ്തു ശീലമില്ലാതിരുന്നതുകൊണ്ടും ചൂടിന്റെ കാഠിന്യം കൊണ്ടും രാത്രി ആകുമ്പോഴേക്കും ഇരുവരും തളര്‍ന്നുപോയി. എങ്കിലും അവര്‍ പിടിച്ചുനിന്നു. ഏതാനും ദിവസങ്ങള്‍ അങ്ങനെ തള്ളിനീക്കി.

ഒരു ദിവസം രമേശന്‍ പറഞ്ഞു: എടാ പ്രകാശാ, എന്നെക്കൊണ്ട് വയ്യ ഈ കഠിനമായ പണി ചെയ്യാന്‍.

പ്രകാശന്‍ പറഞ്ഞു: എടാ രമേശാ, നമ്മള്‍ അല്പം ബുദ്ധിമുട്ടിയാലും നമ്മുടെ കുടുംബം കരകേറില്ലേ? നമ്മളെപ്പോലെയുള്ള മനുഷ്യരല്ലേ നമ്മുടെ കൂടെ ജോലി ചെയ്യുന്നവരും താമസിക്കുന്നവരും എല്ലാം. എല്ലാവരും കഷ്ടപ്പെടുന്നത് അവരവരുടെ കുടുംബങ്ങള്‍ക്കുവേണ്ടിയാണ്.

രമേശന്‍: എനിക്ക് നിന്റെ വേദാന്തമൊന്നും കേള്‍ക്കണ്ട. എന്തായാലും ഞാനില്ല ഈ പണിക്ക്.

പ്രകാശന്‍: എനിക്ക് പറയാനുള്ളതെല്ലാം ഞാന്‍ പറഞ്ഞു. ഇനിയെല്ലാം നിന്റെ ഇഷ്ടം.

തുടര്‍ന്ന് രമേശന്‍ ആ ജോലിക്ക് പോയില്ല. അതുവരെ ചെയ്തതിന്റെ കൂലി അവനു കിട്ടി. പ്രകാശനാവട്ടെ വളരെ ഉത്സാഹപൂര്‍വ്വം അവനെ ഏല്‍പ്പിച്ച ജോലി ചെയ്തുപോന്നു.

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ രമേശന് ഒരു ഓഫീസില്‍ ഓഫിസ് ബോയിയുടെ ജോലി കിട്ടി. രമേശന് വളരെ സന്തോഷമായി. ഓഫീസില്‍ ആകുമ്പോള്‍ വലിയ കഷ്ടപ്പാടൊന്നും ഉണ്ടാവില്ല. മാത്രമല്ല, എ.സി.ഉള്ളതുകൊണ്ട് ചൂടും ഏല്‍ക്കേണ്ടി വരില്ല.

മാസങ്ങള്‍ പലതും കഴിഞ്ഞു. ഹെല്‍പര്‍ ആയി ജോലിക്ക് കയറിയ പ്രകാശന്‍ പണിയെല്ലാം നന്നായി പഠിച്ചു, നല്ലൊരു എ.സി.മെക്കാനിക് ആയി മാറി. രമേശനാവട്ടെ ഓഫീസില്‍ കേവലം ഒരു ഓഫീസ് ബോയ്‌ ആയി മടിയനായി കഴിഞ്ഞുകൂടി.

വര്‍ഷം അഞ്ച് കഴിഞ്ഞു. ഇതിനിടയില്‍ രമേശന്‍ മൂന്ന് കമ്പനികള്‍ മാറി. പ്രകാശന്‍ അതേ സ്ഥാപനത്തില്‍ വിശ്വസ്തനായി തുടര്‍ന്നു. ആയിടയ്ക്ക് പ്രാകശന്റെ കമ്പനി മുതലാളിക്ക് സുഖമില്ലാതാവുകയും സ്ഥാപനം കൊണ്ടുനടത്താന്‍ കഴിയാതെ വരുകയും ചെയ്തു. അദ്ദേഹത്തിന്റെ മുന്നില്‍ രണ്ടു വഴികളേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകില്‍ കമ്പനി എന്നെന്നേക്കുമായി അടച്ചുപൂട്ടുക, അല്ലെങ്കില്‍ താല്‍പര്യമുള്ള ആര്‍ക്കെങ്കിലും കമ്പനി നടത്താന്‍ ഏല്‍പ്പിക്കുക.  അദ്ദേഹം തന്റെ എല്ലാ തൊഴിലാളികളേയും  വിളിച്ചുകൂട്ടി ഇക്കാര്യം പറഞ്ഞു.

എല്ലാവരും ആകെ ചിന്താകുഴപ്പത്തിലായി. കമ്പനി അടച്ചുപൂട്ടിയാല്‍ എല്ലാവര്‍ക്കും ജോലിയില്ലാതാവും. കമ്പനി നടത്തിക്കൊണ്ടുപോകുക എന്നുവച്ചാല്‍ അതത്ര എളുപ്പമുള്ള കാര്യമല്ല. എന്ത് മറുപടി പറയണം എന്നറിയാതെ അവര്‍ കുഴഞ്ഞു.

അപ്പോള്‍ പ്രകാശന്‍ പറഞ്ഞു: കമ്പനി നടത്തിക്കൊണ്ടുപോകുവാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ എനിക്ക് ഒറ്റയ്ക്ക് അത് ബുദ്ധിമുട്ടായിരിക്കും. ആരെങ്കിലുമൊക്കെ സഹകരിക്കാന്‍ തയ്യാറാണെങ്കില്‍ നമുക്കുതന്നെ ഈ സ്ഥാപനം കൊണ്ടുനടത്താം. അങ്ങനെയാവുമ്പോള്‍ നമുക്കാര്‍ക്കും ജോലി നഷ്ടപ്പെടുകയുമില്ല.

ഇതുകേട്ട് രാജേഷ്‌ പറഞ്ഞു: ഞാനും സഹകരിക്കാം. നമ്മുടെ മുതലാളി ചോര നീരാക്കി ഉണ്ടാക്കിയ ഈ പ്രസ്ഥാനം അടച്ചുപൂട്ടാന്‍ നാം അനുവദിച്ചുകൂടാ.

അങ്ങനെ പ്രകാശനും രാജേഷുംകൂടി ആ പ്രസ്ഥാനം ഏറ്റെടുത്തു. ആദ്യമൊക്കെ വളരെ കഷ്ടപ്പാട് അനുഭവിക്കേണ്ടി വന്നെങ്കിലും പിന്നെ പിന്നെ എല്ലാം ശരിയായി. ആ സ്ഥാപനം നാള്‍ക്കുനാള്‍ വളരാന്‍ തുടങ്ങി. ഓരോ വര്‍ഷവും കൂടുതല്‍ കൂടുതല്‍ പുതിയ കരാറുകള്‍ കിട്ടാന്‍ തുടങ്ങി. പണി കൂടുന്നതനുസരിച്ച് തൊഴിലാളികളുടെ എണ്ണം കൂടി.

വര്‍ഷങ്ങള്‍ പലതും പിന്നിട്ടപ്പോള്‍ ഇന്ന് പ്രകാശന്‍ ഒരു നല്ല മുതലാളിയായി മാറി. വീടും കാറും മറ്റു സൌകര്യങ്ങളും എല്ലാം പ്രകാശന്‍ അദ്ധ്വാനിച്ച് നേടിയെടുത്തു. അതേസമയം പ്രകാശന്റെ സുഹൃത്ത്‌ രമേശന്‍ ഇപ്പോഴും കഷ്ടപ്പാടില്‍ തന്നെ. ഓഫീസ് ബോയിയില്‍ നിന്നും ഡ്രൈവര്‍ ആയി പ്രൊമോഷന്‍ കിട്ടി. അത്രമാത്രം. ഇത് എത്രാമത്തെ കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്ന് ഒരുപക്ഷേ രമേശനുപോലും അറിയില്ലായിരിക്കും.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും പ്രകാശനും രമേശനും തമ്മിലുള്ള സൌഹൃദത്തിന് ഇന്നും ഒരു കോട്ടവും വന്നിട്ടില്ല. രമേശന്റെ കുടുംബത്തെ കഴിയുന്നതുപോലെയൊക്കെ പ്രകാശന്‍ സഹായിക്കും. പണംകൊണ്ട് വേര്‍തിരിക്കാവുന്നതല്ല സ്നേഹം എന്ന് അവര്‍ തെളിയിച്ചു.

പോള്‍സണ്‍ പാവറട്ടി - ദുബായ്


00971 50 5490334

21 മാർച്ച് 2012

ഓടുന്ന ബസ്സിനുള്ളില്‍ ഓടിയാല്‍ !!


ഓടുന്ന ബസ്സിനുള്ളില്‍ ഓടിയാല്‍ !!

ഓടുന്ന ബസ്സിനുള്ളില്‍ ഓടിയാല്‍ എന്തു സംഭവിക്കും എന്ന് പറയേണ്ടതുണ്ടോ? മുഖമടിച്ചു താഴെ വീഴും, അത്രതന്നെ. ഇതില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ സ്വയം പരീക്ഷിച്ചു നോക്കാവുന്നതേയുള്ളൂ.

ഒരു വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഏതാനും നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, കൈയ്യും തലയും പുറത്തിടരുത്, സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കണം, മറ്റുള്ളവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കാതെ ഇരിക്കണം....എന്നിങ്ങനെ ഏതാനും സാമാന്യ മര്യാദകള്‍ പാലിക്കേണ്ടത് ഓരോ യാത്രക്കാരന്റേയും കടമയാണ്. അതിനും പുറമേ, വാഹനം ഓടിക്കുവാന്‍ ഒരു ഡ്രൈവര്‍ ഉണ്ടെങ്കില്‍ ആ വ്യക്തിയില്‍ വിശ്വസിക്കണം. യാത്രക്കാരന്‍ നേരെചൊവ്വേ ഇരുന്നുകൊടുത്താല്‍ മതി. പിന്നെയുള്ള പണി ഡ്രൈവറുടെയാണ്. ഡ്രൈവര്‍ വേണ്ടപോലെ വാഹനം നിയന്ത്രിക്കുകയും ഓരോ യാത്രക്കാരനേയും അവരവരുടെ സ്ഥലങ്ങളില്‍ എത്തിക്കുകയും ചെയ്യും.

ഇതൊക്കെ ആര്‍ക്കാണ് അറിയാത്തത് എന്നായിരിക്കും ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നത്. എന്നാല്‍ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് മറ്റൊന്നാണ്.

നമ്മുടെ ജീവിതവും ഒരു വാഹനത്തിലെ യാത്രതന്നെയാണ്. നമ്മുടെ ജീവിതയാത്രയെ നിയന്ത്രിക്കുന്നത്‌ സാക്ഷാല്‍ ദൈവവും. ഇത്ര നല്ല "ഡ്രൈവര്‍" നമ്മുടെ ജീവിതമാകുന്ന വാഹനത്തെ നിയന്ത്രിക്കുമ്പോള്‍ പിന്നെ നമ്മള്‍ എന്തിനാണ് ഇങ്ങനെ ആധിയും വ്യാധിയും കൊള്ളുന്നത്‌? നമ്മളെ യഥാസമയം യഥാസ്ഥലത്ത് "ഡ്രൈവര്‍" എത്തിക്കില്ല എന്ന് കരുതിയിട്ടാണോ? വീണ്ടും ഓര്‍മ്മിപ്പിക്കുന്നു, ഓടുന്ന വാഹനത്തിന്റെ ഉള്ളില്‍ സര്‍വ്വശക്തിയും ഉപയോഗിച്ച് ഓടാന്‍ ശ്രമിച്ചാല്‍ എത്തേണ്ടിടത്ത് എത്തില്ല എന്നുമാത്രമല്ല, ആഗ്രഹിക്കാത്തിടത്ത്‌ എത്തുകയും ചെയ്യും. പിന്നീട് കിടന്നു മോങ്ങിയിട്ട് വല്ല കാര്യവുമുണ്ടോ?

സ്നേഹിതരേ, സത്യത്തില്‍ ഇതല്ലേ അനുദിനം നമ്മുടെ ജീവിതത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്? എല്ലാ ജാതിമതസ്ഥരായ വിശ്വാസികളും ഉറക്കെ വിളിച്ചുപറയുന്നു ദൈവത്തില്‍ വിശ്വാസമുണ്ടെന്ന്. എന്നാല്‍, കാര്യങ്ങള്‍ തങ്ങള്‍ ഉദ്ദേശിച്ചപോലെ നടക്കുന്നില്ല എന്നു കാണുമ്പോള്‍ ഇതേ ദൈവത്തെ മറികടക്കാനും ഇക്കൂട്ടര്‍ ശ്രമിക്കുന്നു. എന്നിട്ടോ?....

കപടമനുഷ്യന്‍ പറയുക ഇങ്ങനെയാണ്, "നേട്ടങ്ങള്‍ എല്ലാം സ്വന്തം കഴിവുകൊണ്ട്; എന്നാല്‍ സ്വന്തം കുരുത്തക്കേടില്‍നിന്ന് വല്ല ദോഷവും വന്നുഭവിച്ചാലോ, അതെല്ലാം ദൈവം തന്ന വിധി." എന്തൊരു വിരോധാഭാസമാണ് അല്ലേ?

പോള്‍സണ്‍ പാവറട്ടി
 

00971 50 5490334

20 മാർച്ച് 2012

അറബിയെ സുഖിപ്പിച്ചാല്‍ !!


അറബിയെ സുഖിപ്പിച്ചാല്‍ !!

ഒരു അറബിയുടെ പെര്‍ഫ്യൂം കമ്പനിയിലെ സെയില്‍സ് മാന്‍ ആണ് റഫീക്ക്. ജോലിയുടെ കാര്യത്തിലായാലും മറ്റു വ്യക്തിപരമായ കാര്യങ്ങളിലായാലും റഫീക്ക് എന്നും സത്യസന്ധതയും വിശ്വസ്തതയും പുലര്‍ത്തിയിരുന്നു. കമ്പനി മുതലാളിയായ അറബിക്കും റഫീക്കിനെ വളരെ കാര്യമാണ്.

നാട്ടിലെ കോട്ടക്കല്‍ എന്ന സ്ഥലത്തെ പിഴിച്ചില്‍ ചികിത്സയെക്കുറിച്ച് അറബി കേട്ടിട്ടുണ്ട്. അദ്ദേഹത്തിന് കോട്ടക്കലില്‍ പോയി പിഴിച്ചില്‍ ചികിത്സ നടത്തിയാല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ ഭാഷ ഒരു പ്രശ്നമായതുകൊണ്ട്‌ ശങ്കിച്ചു നില്‍ക്കുമ്പോളാണ് റഫീക്കിന്റെ വീട് കോട്ടക്കലിന് അടുത്താണ് എന്ന് അറബി അറിഞ്ഞത്. ഉടനെ അറബി തന്റെ ആഗ്രഹം റഫീക്കിനോട് പറയുകയും തന്റെ കൂട്ടിന് നാട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. യാത്രാ ചെലവെല്ലാം അറബിതന്നെ വഹിച്ചുകൊള്ളാം എന്നും പറഞ്ഞതോടെ റഫീക്കിന് സന്തോഷവും ആശ്വാസവും ആയി.

ഇരുവരും നാട്ടില്‍ എത്തി. ആദ്യം അറബിയെ കൂട്ടിക്കൊണ്ടുപോയത്  റഫീക്കിന്റെ വീട്ടിലേക്കാണ്. റഫീക്കിന്റെ കൊച്ചു വീടും വീട്ടിലുള്ള ഉപ്പ, ഉമ്മ, ഭാര്യ, മൂന്നു മക്കള്‍, സഹോദരങ്ങള്‍ എന്നിവരേയും കണ്ടപ്പോള്‍ അറബിക്ക് അത്ഭുതം തോന്നി. അദ്ദേഹം റഫീക്കിനോട് ചോദിച്ചു: നിങ്ങള്‍ എല്ലാവരുംകൂടി എങ്ങനെയാണ് ഈ കൊച്ചു കുടിലില്‍ താമസിക്കുന്നത്?

ഇത് ഒരു കൊച്ചു കുടില്‍ അല്ലെന്നും തന്നെ സംബന്ധിച്ച് ഇതൊരു കൊട്ടാരമാണെന്നും വര്‍ഷങ്ങളോളം ഗള്‍ഫില്‍ ജോലി ചെയ്ത് പൂവണിഞ്ഞ തന്റെ സ്വപ്നമാണെന്നും അഭിമാനത്തോടെ റഫീക്ക് പറഞ്ഞപ്പോള്‍ അറബിക്ക് റഫീക്കിനോടുള്ള സ്നേഹവും ബഹുമാനവും പതിന്മടങ്ങ്‌ കൂടി.

വീട്ടിലെ ലഘുഭക്ഷണത്തിനു ശേഷം ഇരുവരും നേരെ കോട്ടക്കല്‍ ചികിത്സാ കേന്ദ്രത്തിലേക്ക് പോയി. മുന്‍കൂട്ടി പറഞ്ഞുവച്ചിരുന്നതു കൊണ്ട് അറബിക്ക് താമസിക്കാനും മറ്റും ഉള്ള എല്ലാ സൌകര്യങ്ങളും അവിടെ ഒരുക്കിയിരുന്നു. നാട്ടിലെ ജനങ്ങളുടെ സ്നേഹവും ബഹുമാനവും എല്ലാം കണ്ടപ്പോള്‍ അറബിക്ക് വളരെ സന്തോഷമായി. എല്ലാ കാര്യങ്ങള്‍ക്കും റഫീക്കും കുടുംബവും ഒപ്പം ഉണ്ടായിരുന്നു.

ഏതാനും ദിവസത്തെ ചികിത്സ കഴിഞ്ഞ് ഗള്‍ഫിലേക്ക് തിരിക്കുന്നതിനു മുന്‍പ് ഒരിക്കല്‍കൂടി അറബി റഫീക്കിന്റെ വീട്ടില്‍ പോയി. അത്രയും ദിവസം എല്ലാ കാര്യങ്ങളിലും തന്നെ സഹായിച്ചതിന് പാരിതോഷികമായി ഒരു കൊച്ചു പാരിതോഷികം തരാന്‍ ഉദ്ദേശിക്കുന്നുണ്ട് എന്നും അത് റഫീക്ക് ഗള്‍ഫില്‍ തിരിച്ചെത്തിയാല്‍ ഉടനെ കൊടുക്കുമെന്നും അറബി പറഞ്ഞു. തല്‍ക്കാലം കൈയ്യില്‍ ഉണ്ടായിരുന്ന ഒരു കെട്ട് നോട്ടുകള്‍ റഫീക്കിന്റെ ഉപ്പയെ ഏല്‍പ്പിച്ചു. അത് ഏതാണ്ട് 25,000 രൂപയുണ്ടായിരുന്നു. എല്ലാവരോടും നന്ദി പറഞ്ഞ് അദ്ദേഹം ഗള്‍ഫിലേക്ക് തിരിച്ചു.

ഗള്‍ഫില്‍ തിരിച്ചെത്തിയ ശേഷം അറബി റഫീക്കിനെ വിളിച്ച് താന്‍ പറഞ്ഞിരുന്ന പാരിതോഷികം കൊടുത്തു. പുതിയൊരു വലിയ വീട് പണിയാനുള്ള സംഖ്യയാണ് ഇത്തവണ കൊടുത്തത്. തികഞ്ഞില്ലെങ്കില്‍ പറയണം എന്നുകൂടി റഫീക്കിനോട് പറഞ്ഞു.

റഫീക്കിന് വിശ്വസിക്കാനായില്ല. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പാരിതോഷികമായിരുന്നു അത്. റഫീക്കിന്റെ കണ്ണില്‍ നിന്നും ജലധാര കുടുകുടാ ഒഴുകാന്‍ തുടങ്ങി. അറബി റഫീക്കിനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു: റഫീക്കിനെപ്പോലെയുള്ള നല്ല മനുഷ്യര്‍ ഉള്ളതുകൊണ്ടായിരിക്കും നിങ്ങളുടെ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിക്കുന്നത്‌ അല്ലേ? റഫീക്കിന്റെ ഉപ്പയും ഉമ്മയും ഭാര്യയും മക്കളും സഹോദരങ്ങളും എല്ലാം ഇനിമുതല്‍ എന്റെ വീട്ടിലെ അംഗങ്ങളായിരിക്കും. ഇനി ഞാന്‍ നിങ്ങളുടെ പുതിയ വീട്ടിലേക്കാണ് വരുക....
   
ഈ വാര്‍ത്ത കാട്ടുതീ പോലെ റഫീക്കിന്റെ കൂട്ടുകാരുടെ ചെവിയില്‍ എത്തി. എല്ലാവരും റഫീക്കിനെ മുക്തകണ്ഠം പ്രശംസിച്ചു. എല്ലാം ദൈവാനുഗ്രഹം മാത്രം എന്ന് റഫീക്ക് മറുപടി പറയുകയും ചെയ്തു.

ഈ വാര്‍ത്ത കേട്ടതിനു ശേഷം റഫീക്കിന്റെ ഒരു സഹമുറിയന്‍ ഉമ്മറിന് ഉറക്കമില്ലാതായി. തന്റെ അറബിയെ ഇതുപോലെ ഒന്ന് നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ താനും രക്ഷപ്പെട്ടേക്കാം എന്ന ചിന്തയാണ് ഉമ്മറിന്റെ ഉള്ളില്‍ നിറഞ്ഞത്‌. അതിനുള്ള ഉപായം ചിന്തിച്ചുകൊണ്ട് നടന്നു ഉമ്മര്‍.

അടുത്ത ദിവസം മുതല്‍ ഉമ്മര്‍ തന്റെ അറബി മുതലാളിയോട് കോട്ടക്കല്‍ പിഴിച്ചില്‍ ചികിത്സയെക്കുറിച്ചും റഫീക്കിന്റെ അറബി അവിടെ പോയി ചികിത്സിച്ചു സന്തോഷത്തോടെ തിരിച്ചുവന്ന കാര്യവും എല്ലാം സദാസമയവും പറഞ്ഞുകൊണ്ടേയിരുന്നു. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ അദ്ദേഹം യാത്രക്ക് സമ്മതിച്ചു. എന്നാല്‍ ഉമ്മറിന്റെ യാത്രാ ചെലവൊന്നും വഹിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. എന്നാലും കുഴപ്പമില്ല, കിട്ടാന്‍ പോകുന്ന വലിയ നിധിക്കു മുന്നില്‍ ഈ ചെലവൊന്നും ഒരു പ്രശ്നമല്ല എന്ന് ഉമ്മര്‍ മനസ്സില്‍ കണ്ടു.

ഇരുവരും നാട്ടിലെത്തി. അറബിയെ ഉമ്മര്‍ നേരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഒരു കൊച്ചുവീടും അവിടെ ഉണ്ടായിരുന്ന ഒരുപാട് കുടുംബാംഗങ്ങളേയും കണ്ടപ്പോള്‍ അറബിക്ക് ആകെ അസ്വസ്ഥമായി. എത്രയും വേഗം പിഴിച്ചില്‍ കേന്ദ്രത്തിലേക്ക് പോകണം എന്നായി അറബി. അവര്‍ അങ്ങോട്ട്‌ യാത്രയായി.

ഈ യാത്രക്കിടയില്‍ ഉമ്മര്‍ തന്റെ കൊച്ചുവീടിനെക്കുറിച്ചും തന്റെ കഷ്ടപ്പാടിനെക്കുറിച്ചും എല്ലാം നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു. എന്നാല്‍ ഉമ്മര്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് അറബിക്ക് മനസ്സിലായി. രണ്ടുവര്‍ഷം മുന്‍പ് ഉമ്മറിന്റെ പുതിയ വീട്ടില്‍ താമസമാക്കിയതിന്റെ ഫോട്ടോകള്‍ അറബിക്ക് ഉമ്മര്‍ കാണിച്ചു കൊടുത്തിരുന്നു. അതില്‍ കാണുന്ന വീടല്ല ഇത് എന്ന് അറബിക്ക് ഒറ്റനോട്ടത്തില്‍തന്നെ മനസ്സിലായി. ഉമ്മര്‍ അക്കാര്യം മറന്നു പോയിരുന്നു.

ചികിത്സയെല്ലാം കഴിഞ്ഞ് അറബി നേരിട്ട് ഗള്‍ഫിലേക്ക് പറന്നു. ഉമ്മറിന്റെ വീട്ടിലേക്ക് പോകാന്‍ ഇഷ്ടപ്പെട്ടില്ല, കാരണം അത് ഉമ്മറിന്റെ വീടല്ലെന്നും, മറ്റാരുടേയോ വീട് തന്നെ പറ്റിക്കാന്‍ വേണ്ടി ഒരുക്കിയതാണെന്നും അറബിക്ക് മനസ്സിലായിരുന്നു.

ഗള്‍ഫില്‍ തിരിച്ചെത്തിയതിനു ശേഷം അടുത്ത ദിവസം അറബി ഉമ്മറിനെ തന്റെ കാബിനിലേക്ക്‌ വിളിപ്പിച്ചു. ഉമ്മര്‍ ആ വിളിയും കാതോര്‍ത്തിരിക്കുകയായിരുന്നു. വളരെ സന്തോഷത്തോടെ ഉമ്മര്‍ അറബിയുടെ കാബിനിലേക്ക്‌ കുതിച്ചെത്തി.

അറബി ഉമ്മറിനോട്: ഉമ്മര്‍, നീയൊരു നല്ല മുസല്‍മാന്‍ ആണെന്നാണ്‌ ഇതുവരെ ഞാന്‍ ധരിച്ചിരുന്നത്. അത് തെറ്റാണെന്ന് എനിക്കിപ്പോള്‍ മനസ്സിലായി.

ഉമ്മര്‍ ഒന്നും പിടികിട്ടാതെ ആകെ പകച്ചു നിന്നുപോയി.

അറബി: കള്ളം പറയുന്നവരെ എനിക്കുവേണ്ട. രണ്ടുവര്‍ഷം മുന്‍പ് നിന്റെ വീടുമാറ്റത്തിന്റെ എന്നു പറഞ്ഞ് ഏതാനും ഫോട്ടോസ് എനിക്ക് കാണിച്ചു തന്നത് ഓര്‍മ്മയുണ്ടോ? ആ ഫോട്ടോസില്‍ കണ്ട വീട്ടിലേക്കല്ലല്ലോ നീ എന്നെ കൂട്ടിക്കൊണ്ടുപോയത്?   

എന്ത് മറുപടി പറയണം എന്നറിയാതെ ഉമ്മര്‍ നിന്ന് പരുങ്ങാന്‍ തുടങ്ങി. അറബിയില്‍ നിന്നും ഈ പ്രതികരണം ഒരിക്കലും പ്രതീക്ഷിച്ചതല്ല.

അറബി: അതുകൊണ്ട് ഒരു മാസത്തെ സമയം തരാം. ഉടനെ വേറെ ജോലി അന്വേഷിച്ചു പൊയ്ക്കോളൂ. നിന്റെ വീട്ടുകാരെ ആലോചിച്ച് ഞാന്‍ വേറെ നടപടി ഒന്നും എടുക്കുന്നില്ല. കള്ളന്മാരേയും ചതിയന്മാരേയും ഈ കമ്പനിയില്‍ വേണ്ട.

കലങ്ങിയ കണ്ണുകളുമായി ഉമ്മര്‍ പുറത്തുപോയി.

പോള്‍സണ്‍ പാവറട്ടി - ദുബായ്  
 

00971 50 5490334

18 മാർച്ച് 2012

ഈശ്വരന്‍ വിചാരിച്ചാലും രക്ഷപ്പെടാത്തവര്‍!


ഈശ്വരന്‍ വിചാരിച്ചാലും രക്ഷപ്പെടാത്തവര്‍!

ഇങ്ങനേയും ഉണ്ടത്രേ ഒരു കൂട്ടര്‍, ഈശ്വരന്‍ വിചാരിച്ചാലും രക്ഷപ്പെടാത്തവര്‍! അതെന്താ അങ്ങനെ എന്നാവും ചിന്തിക്കുന്നത്. ഇതാ കേട്ടോളൂ. (ഇതൊരു സാങ്കല്‍പ്പിക കഥ മാത്രമാണ് ട്ടോ.ദയവായി മറ്റൊരു തരത്തില്‍ ഇതിനെ കാണരുത്).

ഒരിക്കല്‍ ശിവനും പാര്‍വതിയും കൂടി അവരുടെ വീടിന്റെ മട്ടുപ്പാവില്‍ വിശേഷങ്ങള്‍ പറഞ്ഞ് ഉലാത്തുകയായിരുന്നു. ആ സമയം ഒരു ശിവഭക്തന്‍ "ശിവ ശിവ ശിവ..." എന്ന് ജപിച്ചുകൊണ്ട്‌  അങ്ങകലെനിന്ന് നടന്നു വരുന്നത് പാര്‍വതി കാണുവാന്‍ ഇടയായി.

പാര്‍വതി ശിവനോട് പറഞ്ഞു: ദാ നോക്കൂ, അങ്ങയുടെ ഒരു ഭക്തനല്ലേ അങ്ങയുടെ നാമം ജപിച്ചുകൊണ്ട്‌ നടന്നുവരുന്നത്. എത്രകാലമായി ആ പാവം അങ്ങയെ വിളിച്ചപേക്ഷിക്കുന്നു! ആ പാവത്തിനോട് ഒന്നു കനിഞ്ഞുകൂടെ?

ശിവന്‍: എന്റെ പാര്‍വതീ, കാര്യങ്ങള്‍ മനസ്സിലാക്കാതെ നീ വെറുതെ ഓരോന്നും പറയല്ലേ. ഞാന്‍ കനിയാത്തതുകൊണ്ടല്ല ആ ഭക്തന്‍ രക്ഷപ്പെടാത്തത്, അദ്ദേഹത്തിന് അതിനുള്ള യോഗമില്ലാത്തതുകൊണ്ടാണ്.

പാര്‍വതി: അങ്ങെന്താണ് പറയുന്നത്? സാക്ഷാല്‍ ഈശ്വരനായ അങ്ങ് കനിഞ്ഞിട്ടും ഒരു മനുഷ്യന്‍ രക്ഷപ്പെടുന്നില്ലെന്നോ? എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല അങ്ങയുടെ വാക്കുകള്‍.

ശിവന്‍: പറഞ്ഞ് പറഞ്ഞ് ഇപ്പോള്‍ എന്റെ വാക്കും വിശ്വസിക്കാതെയായോ? ശരി, ഞാന്‍ പറഞ്ഞത് വിശ്വസിക്കണ്ട, നേരില്‍ കാണുമ്പോള്‍ വിശ്വസിക്കുമല്ലോ? ദാ, ഞാനൊരു കാര്യം ചെയ്യാം. ആ ഭക്തന്‍ നമ്മുടെ വീടിന്റെ മുന്നിലൂടെ ആണല്ലോ നടന്നു പോകുക? അദ്ദേഹം നടന്നു പോകുന്ന വഴിക്ക് രത്നങ്ങള്‍ നിറച്ച ഒരു കിഴി ഞാന്‍ വയ്ക്കാം. അദ്ദേഹത്തിന് യോഗമുണ്ടെങ്കില്‍ അദ്ദേഹം അത് എടുത്തുകൊണ്ടുപോയി രക്ഷപ്പെട്ടോട്ടെ. എന്തു പറയുന്നു?

പാര്‍വതി: കൊള്ളാം, നല്ല കാര്യം.

ശിവനും പാര്‍വതിയും കൂടി ഒരു കിഴിയില്‍ നിറയെ രത്നങ്ങള്‍ നിറച്ച് ആ ഭക്തന്‍ നടന്നു വരുന്ന വഴിയില്‍ വച്ചു. എന്നിട്ട് മട്ടുപ്പാവില്‍ പോയി നിന്ന് അദ്ദേഹത്തെ നിരീക്ഷിച്ചു.

ആ ഭക്തന്‍ "ശിവ ശിവ ശിവ ..." എന്ന് ജപിച്ചുകൊണ്ട് മുന്നോട്ടു നടന്നു കൊണ്ടേയിരുന്നു. രത്നങ്ങള്‍ നിറച്ച കിഴി കിടക്കുന്ന സ്ഥലത്ത് എത്താറായി. ആ വഴിക്കാണെങ്കില്‍ വേറെ ഒരു മനുഷ്യനും നടന്നുപോകുന്നുമില്ല.

പാര്‍വതിക്ക് ഉള്ളില്‍ സന്തോഷമായി. ഹാവൂ, എത്രയും വേഗം അദ്ദേഹം ആ നിധി കണ്ടെത്തി രക്ഷപ്പെട്ടാല്‍ മതിയായിരുന്നു എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ടേയിരുന്നു. എന്നിട്ടുവേണം ശിവന്റെ മുന്നില്‍ ഒന്നു നിവര്‍ന്നു നില്‍ക്കാന്‍.

ആ ഭക്തന്‍ അന്നേരം ഇങ്ങനെ പിറുപിറുക്കാന്‍ തുടങ്ങി: എത്ര കാലമായി ഇങ്ങനെ ശിവ ശിവ ശിവ ... എന്ന് ജപിച്ചുകൊണ്ട്‌ കണ്ണും തുറന്നു നടക്കുന്നു? ഒരു നിധിപോലും കാണാനുള്ള യോഗമില്ല.... എന്നാല്‍ ഇനി കുറച്ചുനാള്‍ കണ്ണടച്ച് നടന്നു നോക്കിയാലോ? അങ്ങനെയെങ്കിലും ശിവന്‍ പ്രസാദിച്ചെങ്കിലോ?

തുടര്‍ന്ന് അദ്ദേഹം രണ്ടു കണ്ണുകളും അടച്ച് നടക്കാന്‍ തുടങ്ങി. നടന്ന് നടന്ന് ആ നിധിക്കരികില്‍ എത്തി. പാര്‍വതിക്ക് ഇത് കണ്ട് ആകെ അങ്കലാപ്പായി.  

ആ ഭക്തന്‍ നിധിയും കടന്നു നടന്നു നീങ്ങി. കുറച്ചകലെ എത്തിയപ്പോള്‍ ഒരു കല്ലില്‍ കാല്‍ തട്ടി താഴെ വീണപ്പോള്‍ കണ്ണുതുറന്നു. എന്നിട്ട് വീണ്ടും പിറുപിറുക്കാന്‍ തുടങ്ങി: ഒരു രക്ഷയുമില്ല....കണ്ണ് തുറന്നിട്ടും രക്ഷയില്ല കണ്ണടച്ചിട്ടും രക്ഷയില്ല, ശിവ ശിവ...

ഇതെല്ലാം കണ്ടുകൊണ്ട്‌ തലകുനിച്ചു നില്‍ക്കുന്ന പാര്‍വതിയോട് ശിവന്‍ ചോദിച്ചു: ഇപ്പോള്‍ എങ്ങനെയുണ്ട്? എല്ലാം കണ്ടില്ലേ?  ഈശ്വരന്‍ കനിയാത്തതാണോ പ്രശ്നം? ... അതാണ്‌ പറഞ്ഞത്. ഈശ്വരാനുഗ്രം കിട്ടാനും വേണം ഒരു യോഗം.

മനുഷ്യന്‍ ആഗ്രഹിക്കുന്ന സമയം ആയിക്കൊള്ളണമെന്നില്ല ഈശ്വരന്റെ സമയം. ഈശ്വരന്റെ സമയത്തിനായി ക്ഷമയോടെ കാത്തുനില്‍ക്കുന്നവനേ രക്ഷപ്പെടൂ.

പോള്‍സണ്‍ പാവറട്ടി - ദുബായ്
 

00971 50 5490334

പരിശുദ്ധാത്മാവിനെ പൂച്ച പിടിച്ചു!!


പരിശുദ്ധാത്മാവിനെ പൂച്ച പിടിച്ചു!!

ഇത് കേവലം ഒരു കഥയാണോ ആണോ അതോ ഉണ്ടായ സംഭവമാണോ എന്ന് എനിക്ക് അറിയില്ല. ചെറുപ്പത്തില്‍ പാവറട്ടി പള്ളിയില്‍ ഒരു ധ്യാന പ്രസംഗത്തിനിടയില്‍ കേട്ടതാണ്. അത് എല്ലാവരോടും ഒന്ന് സരസമായി പങ്കുവക്കാം എന്ന് കരുതി, അത്രമാത്രം.

ഒരിടത്ത് ഒരു ഉപദേശി ഉണ്ടായിരുന്നു. അദ്ദേഹം ആ നാട്ടിലെ സകല മുക്കിലും മൂലയിലും നടന്ന് സ്വര്‍ഗ്ഗത്തെക്കുറിച്ചും  ദൈവത്തെക്കുറിച്ചും പരിശുദ്ധാത്മാവിനെക്കുറിച്ചും ഒക്കെ ഘോരഘോരം കവലപ്രസംഗം നടത്താറുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ കവലപ്രസംഗം കേള്‍ക്കാന്‍ ആരും  നിന്നുകൊടുക്കാറില്ല എന്നതാണ് സത്യം.

തന്നെ ആരും ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലായപ്പോള്‍ അദ്ദേഹത്തിന് ആകെ നിരാശയായി. ജനങ്ങളുടെ ശ്രദ്ധ പിടിച്ചെടുക്കാന്‍ എന്തുചെയ്യും? ഇതായി അദ്ദേഹത്തിന്റെ ചിന്ത. ഒരു ദിവസമെങ്കില്‍ ഒരു ദിവസം എല്ലാവരുടേയും ശ്രദ്ധ പിടിച്ചെടുക്കണം എന്ന വാശിയായി അദ്ദേഹത്തിന്. ഇതിനായി ഒരു ഉപായം അദ്ദേഹത്തിന്റെ മനസ്സില്‍ രൂപം കൊണ്ടു.

അടുത്ത ദിവസം നേരം പുലര്‍ന്നപ്പോള്‍ ആ നാട്ടിലെ എല്ലാ വീട്ടുമുറ്റത്തും ഒരു നോട്ടീസ് കണ്ടു. അതില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്, "ഇന്ന് വൈകീട്ട് കൃത്യം അഞ്ചു മണിക്ക് അടുത്തുള്ള പഞ്ചായത്ത്  വക പൊതുമൈതാനത്ത് ഒരു അത്ഭുതം നടക്കാന്‍ പോകുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നും പരിശുദ്ധാത്മാവ് പറന്നിറങ്ങുന്നത് എല്ലാവര്‍ക്കും നഗ്നനേത്രങ്ങള്‍കൊണ്ട് കാണാം. ഇത് വിശ്വസിക്കുന്നവര്‍ക്ക് സ്വാഗതം... എന്ന്, നിങ്ങളുടെ സ്നേഹമുള്ള ഉപദേശി..."

ഈ നോട്ടീസ് വായിച്ച് എല്ലാവരും ചിരിച്ചു തള്ളി. ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്നം എന്ന് പറഞ്ഞ് എല്ലാവരും ആ ഉപദേശിയെ കളിയാക്കി. ഉപദേശിക്ക് യാതൊരു കൂസലുമില്ല. അദ്ദേഹം തന്റെ ശിഷ്യനുമൊത്ത് വൈകീട്ടത്തെ പരിപാടിക്കുള്ള ഒരുക്കത്തിലായിരുന്നു.

സമയം ഉച്ച കഴിഞ്ഞു,.. രണ്ടുമണിയായി,... മൂന്നുമണിയായി... നേരത്തെ നോട്ടീസ് വായിച്ച് കളിയാക്കി ചിരിച്ച പല മാന്യന്മാരും തലയില്‍ മുണ്ടിട്ട് ആരും കാണുന്നില്ല എന്ന ഭാവത്തില്‍ പഞ്ചായത്ത് പൊതുമൈതാനത്ത് എത്താന്‍ തുടങ്ങി. പരിശുദ്ധാത്മാവ് ഇറങ്ങിവരാന്‍ സാധ്യത ഇല്ല എന്നുതന്നെയാണ് അപ്പോഴും അവരുടെ വിശ്വാസം. എന്നാലും, ഇനി അഥവാ അങ്ങനെ വല്ലതും സംഭവിച്ചാലോ? പരിശുദ്ധാത്മാവിനെ കാണാനുള്ള ഒരു ചാന്‍സ് വെറുതെ കളയണ്ടല്ലോ. ഇതായിരുന്നു എല്ലാവരുടേയും ഉള്ളില്‍.

സമയം നാലുമണി ആയതോടെ പൊതുമൈതാനം ജനങ്ങളെക്കൊണ്ട് നിറഞ്ഞു. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോക്കിയപ്പോള്‍ മനസ്സിലായി, എല്ലാവരും പരിചയക്കാര്‍ തന്നെ. കൂട്ടത്തിലുണ്ട് ഇടവകപ്പള്ളിയിലെ വികാരിയച്ചനും കൂടെ കപ്യാരും.

ഇതെല്ലാം കണ്ട് ഉപദേശിക്ക് ഒത്തിരി സന്തോഷമായി. കിട്ടിയ ചാന്‍സ് കളയാതെ ഉപദേശി തുടങ്ങി പ്രസംഗം. കൂടിയിരുന്നവര്‍ക്ക് കേട്ടല്ലേ പറ്റൂ. എല്ലാവരും അക്ഷമരായി എല്ലാം കേട്ടിരുന്നു.  

സമയം അഞ്ചുമണി ആകാറായി. ഉപദേശിയുടെ പ്രസംഗം ഉച്ചസ്ഥായിയില്‍ എത്തി.  ആ സമയം ഉപദേശിയുടെ ശിഷ്യന്‍ ഉപദേശിയുടെ അരികില്‍ വന്ന് ഉപദേശിയുടെ കാതില്‍ മെല്ലെ പറഞ്ഞു, "ഉപദേശീ, നമ്മുടെ പണി പാളി, നമ്മുടെ പരിശുദ്ധാത്മാവിനെ പൂച്ച പിടിച്ചു..."

കാര്യം എന്താണെന്ന് മനസ്സിലായോ? പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ പറന്നിറങ്ങും എന്നാണ് ഉപദേശി പ്രസംഗിച്ചുകൊണ്ടിരുന്നത്. അതിനുവേണ്ടി ഒരു പ്രാവിനെ പിടിച്ച് കൂട്ടില്‍ അടച്ചിട്ടിട്ടുണ്ടായിരുന്നു. കൃത്യം അഞ്ചുമണി ആകുമ്പോള്‍ ആ പ്രാവിനെ ആരും കാണാതെ അടുത്തുള്ള ഉയരമുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്ന് പറത്തിവിടാന്‍ ശിഷ്യനെ ചട്ടംകെട്ടി വച്ചിരിക്കുകയായിരുന്നു. ആ പ്രാവിനെയാണ് ഇപ്പോള്‍ പൂച്ച പിടിച്ചു എന്നു പറഞ്ഞത്.

ഇനിയിപ്പോള്‍ എന്തുചെയ്യും? പരിശുദ്ധാത്മാവിനെ കാണിച്ചുകൊടുത്തില്ലെങ്കില്‍ ജീവനുംകൊണ്ട് അവിടെനിന്നു പോകാന്‍ കഴിയില്ല എന്നു ഉപദേശിക്കു മനസ്സിലായി. പെട്ടെന്ന് ഒരു ഉപായം ഉപദേശിയുടെ മനസ്സില്‍ വന്നു.

ഇനിയും പ്രസംഗിച്ചു നില്‍ക്കുന്നത് പന്തിയല്ല എന്നു മനസ്സിലായപ്പോള്‍ ഉപദേശി സര്‍വ്വ ശക്തിയുമുപയോഗിച്ചു ആകാശത്തേക്ക് കൈചൂണ്ടി പറഞ്ഞു: അതാ അങ്ങോട്ട്‌ നോക്കൂ, പരിശുദ്ധാത്മാവ് അതാ പറന്നിറങ്ങി വരുന്നു. ... എല്ലാവരും കാണുന്നില്ലേ? ....

എല്ലാവരും കൈ ചൂണ്ടിയ ഭാഗത്തേക്ക് വളരെ ആകാംക്ഷയോടെ നോക്കി. ആരും ഒന്നും കാണുന്നില്ല. എല്ലാവരും പരസ്പരം നോക്കാന്‍ തുടങ്ങി. ആരും ഒന്നും കാണുന്നില്ല എന്നു മനസ്സിലായി.

ഇത് മനസ്സിലാക്കി ഉപദേശി തന്റെ അടുത്ത അടവ് പ്രയോഗിച്ചു: അങ്ങനെ ചുമ്മാ നോക്കിയാലൊന്നും പരിശുദ്ധാത്മാവിനെ കാണാന്‍ കഴിയില്ല. എന്തുകൊണ്ടെന്നാല്‍ പരിശുദ്ധാത്മാവ് ദൈവമാകുന്നു. അതിനാല്‍ ഹൃദയത്തില്‍ പരിശുദ്ധി ഉള്ളവര്‍ക്കേ പരിശുദ്ധാത്മാവിനെ കാണാന്‍ കഴിയൂ.... ഇനി നോക്കൂ കാണുന്നുണ്ടോ?

എല്ലാവരും നോക്കിയെങ്കിലും ആരും ഒന്നും കണ്ടില്ല. അവര്‍ക്ക് തോന്നി ഇനി ഒരുപക്ഷേ തന്റെ മനസ്സ് ശുദ്ധിയല്ലാത്തതു കൊണ്ടായിരിക്കും തനിക്കു കാണാന്‍ കഴിയാത്തത്.

ഉപദേശി അടുത്ത അടവിലേക്ക് കടന്നു: ബഹുമാനപ്പെട്ട വികാരിയച്ചന്‍ എന്തായാലും കാണാതിരിക്കില്ല. അദ്ദേഹത്തിന്റെ മനസ്സ് ശുദ്ധിയുള്ളതാണ്, നിര്‍മ്മലമാണ്. ശരിയല്ലേ അച്ചാ? ഇപ്പോള്‍ പരിശുദ്ധാത്മാവിനെ കാണാന്‍ കഴിയുന്നില്ലേ?

വികാരിയച്ചന്‍ ശരിക്കും പെട്ടുപോയി. കാണാന്‍ കഴിയില്ല എന്നു സത്യം പറഞ്ഞാല്‍ വികാരിയച്ചന്റെ മനസ്സ് ശുദ്ധമല്ല എന്ന് എല്ലാവരും വിളിച്ചുപറയും. പിന്നെ ഈ നാട്ടില്‍ ഒരു അച്ചനായിട്ട് ജീവിക്കാന്‍ കഴിയില്ല. ഉടനെ അച്ചന്‍ ഒരു തന്ത്രം പ്രയോഗിച്ചു. അച്ചന്‍ വിളിച്ചു പറഞ്ഞു: "ഇപ്പോള്‍ എനിക്ക് കുറേശ്ശെ കാണാന്‍ കഴിയുന്നുണ്ട്. ..."

ഉപദേശി വിട്ടില്ല. അദ്ദേഹം പറഞ്ഞു: "കുറച്ചല്ല, തികച്ചും വ്യക്തമായിതന്നെ കാണാം. മനസ്സിന്റെ ശുദ്ധിക്ക് അനുസരിച്ചിരിക്കും ദൃശ്യം.

ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്ന് മനസ്സിലായപ്പോള്‍ അച്ചന്‍ വിളിച്ചു പറഞ്ഞു: "അതെ അതെ, ഇപ്പോള്‍ ഞാന്‍ വളരെ വ്യക്തമായി കാണുന്നുണ്ട്....പരിശുദ്ധാത്മാവ് അതാ ഇറങ്ങിയിറങ്ങി വരുന്നു..."

അവിടെയുള്ള എല്ലാവര്‍ക്കും അത്ഭുതംതോന്നി. അച്ചന്‍ ഏതായാലും കള്ളം പറയാന്‍ സാധ്യതയില്ല. അപ്പോള്‍പിന്നെ തന്റെ മനസ്സിന്റെ ശുദ്ധിയില്ലായ്മകൊണ്ടു തന്നെയായിരിക്കും താന്‍ കാണാത്തത് എന്ന് അവര്‍ ഓരോരുത്തര്‍ക്കും തോന്നി.

ഉടനെ അച്ചന്റെ കൂടെയുള്ള കപ്യാര്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു: "അച്ചന്‍ കാണുന്നുണ്ടെങ്കില്‍ ഞാനും കാണുന്നുണ്ട്...."

ഇത് കേട്ട് അടുത്തുനിന്നിരുന്ന ചാക്കോച്ചന്‍ പറഞ്ഞു: "അച്ചനും കപ്യാരും കാണുന്നുണ്ടെങ്കില്‍ ഞാനും കാണുന്നുണ്ട്..."

അടുത്ത ആള്‍: "അച്ചനും കപ്യാരും ചാക്കോച്ചനും കാണുന്നുണ്ടെങ്കില്‍ ഞാനും കാണുന്നുണ്ട്...."

എന്തിനധികം പറയുന്നു, അവിടെ കൂടിയിരുന്ന എല്ലാവരും ഒരേസ്വരത്തില്‍ വിളിച്ചു പറഞ്ഞു: "ഞാന്‍ കണ്ടു, പരിശുദ്ധാത്മാവിനെ കണ്ടു...ഹോ, എന്തൊരു മനോഹരമായ ദൃശ്യം!...”

ഈ സമയംകൊണ്ട്‌ ഉപദേശിയും ശിഷ്യനും സ്ഥലം വിട്ടു.



പോള്‍സണ്‍ പാവറട്ടി - ദുബായ്
 

00971 50 5490334

15 മാർച്ച് 2012

കന്യാസ്ത്രീകള്‍ കുമ്പസാരം കേട്ടാല്‍!!


കന്യാസ്ത്രീകള്‍ കുമ്പസാരം കേട്ടാല്‍!!

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ എല്‍തുരുത്ത് സെന്റ്‌ അലോഷ്യസ് കോളേജില്‍ ബി-കോമിനു പഠിക്കുന്ന കാലം. അന്ന് അവിടെ ഒരു പ്രോഗ്രാമില്‍ പങ്കെടുത്ത കരിപ്പേരിയച്ചന്‍ പറഞ്ഞ കഥയാണ്‌ എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നത്.

കത്തോലിക്കാ സഭയില്‍ കുമ്പസാരം വളരെ പ്രധാനപ്പെട്ട അതിലുപരി വളരെ പവിത്രമായ ഒരു കൂദാശയാണ്. സഭയിലെ വൈദികര്‍ക്കു മാത്രമേ ജനങ്ങളുടെ കുമ്പസാരം കേള്‍ക്കാന്‍ അധികാരമുള്ളൂ, അനുവാദമുള്ളൂ. കന്യാസ്ത്രീകള്‍ക്കു അതിനുള്ള അനുവാദമില്ല. അങ്ങനെയിരിക്കേ  അതിനെ ചോദ്യം ചെയ്യാന്‍ ചില കന്യാസ്ത്രീകള്‍ തയ്യാറായി.

പരാതിയുമായി കന്യാസ്ത്രീകള്‍ മദര്‍ സുപ്പീരിയറിനോടൊപ്പം ആര്‍ച്ച് ബിഷപ്പിന്റെ അരമനയില്‍ എത്തി. ആര്‍ച്ച് ബിഷപ്പിന്റെ അടുത്ത് അവര്‍ പരാതി ബോധിപ്പിച്ചു. കന്യാസ്ത്രീകള്‍ക്കും കുമ്പസാരം കേള്‍ക്കാനുള്ള അനുവാദം എന്തുകൊണ്ട് തന്നുകൂടാ? വൈദികരെപ്പോലെതന്നെ കന്യാസ്ത്രീകളും ദൈവവേലക്കായി ജീവിതം ഉഴിഞ്ഞുവച്ചവരല്ലേ?....അങ്ങനെ പോയി അവരുടെ പരാതികള്‍. ആര്‍ച്ച് ബിഷപ്‌ അവരുടെ പരാതികള്‍ ക്ഷമയോടെ ശ്രവിച്ച് അവരോട് ഇങ്ങനെ മറുപടി പറഞ്ഞു:

"ബഹുമാനപ്പെട്ട സിസ്റ്റര്‍മാരേ, ഞാന്‍ പറയാതെതന്നെ നിങ്ങള്‍ക്ക് അറിയാമല്ലോ കുമ്പസാരത്തിന്റെ പ്രാധാന്യവും പവിത്രതയും എല്ലാം. ജീവന്‍ കളയേണ്ടിവന്നാലും കുമ്പസാര രഹസ്യം ഒരിക്കലും പരസ്യമാക്കാന്‍ പാടില്ലാത്തതാണ്. സ്ത്രീകള്‍ക്ക് പൊതുവേ രഹസ്യം സൂക്ഷിച്ചുവക്കാന്‍ കഴിയില്ല എന്നാണല്ലോ പറയുന്നത്. പിന്നെങ്ങനെ സ്ത്രീകളായ കന്യാസ്ത്രീകള്‍ക്ക് ജനങ്ങളുടെ കുമ്പസാരം കേള്‍ക്കാനുള്ള അനുവാദം കൊടുക്കാന്‍ കഴിയും?"

മദര്‍ സുപ്പീരിയര്‍ പറഞ്ഞു: "പിതാവേ, സാധാരണ സ്ത്രീകളെപ്പോലെ ഞങ്ങളെ കാണാന്‍ കഴിയുമോ? അവരേക്കാള്‍ ദൈവീകമായി അല്‍പം ഉയര്‍ന്ന അവസ്ഥയല്ലേ ഞങ്ങള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ ഇത്തരം പവിത്രമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും രഹസ്യമായി സൂക്ഷിക്കാനും എല്ലാം ഞങ്ങള്‍ക്ക് കഴിയും...."

ആര്‍ച്ച് ബിഷപ്പ്: "സിസ്റ്റര്‍മാര്‍ എന്നോട് ദേഷ്യപ്പെടരുത്‌, ഞാന്‍ മനസ്സിലാക്കിയിടത്തോളം രഹസ്യം സൂക്ഷിക്കുന്ന കാര്യത്തില്‍ എല്ലാ സ്ത്രീകളും ഒരുപോലെ ബലഹീനരാണെന്നാണ്."

മദര്‍ സുപ്പീരിയര്‍: "പിതാവേ, തര്‍ക്കിക്കുകയാണെന്ന് തോന്നരുത്, ഞങ്ങള്‍ കന്യാസ്ത്രീകള്‍ക്ക് കുമ്പസാര രഹസ്യം സൂക്ഷിച്ചുവക്കാന്‍ കഴിയും എന്നുതന്നെയാണ് ഞങ്ങള്‍ ഉറപ്പിച്ചു പറയുന്നത്."

ഇരുവരുടേയും വാദപ്രതിവാദങ്ങള്‍ അവസാനിക്കുന്നില്ല എന്ന് കണ്ടപ്പോള്‍ ആര്‍ച്ച് ബിഷപ്പ് കന്യാസ്ത്രീകളോട് ഇങ്ങനെ പറഞ്ഞു: "സിസ്റ്റര്‍മാര്‍ പറയുന്നതനുസരിച്ച്, നിങ്ങള്‍ക്ക് കുമ്പസാര രഹസ്യം സൂക്ഷിക്കാന്‍ കഴിയും എന്നാണ് പറയുന്നതെങ്കില്‍ നമുക്കൊരു പരീക്ഷണ കുമ്പസാരം നടത്താം. നാളെ രാവിലെ പള്ളിയില്‍ കുര്‍ബാന നടക്കുമ്പോള്‍ നിങ്ങളില്‍ ഒരാള്‍ കുമ്പസാരക്കൂട്ടില്‍ ചെന്നിരിക്കട്ടെ. അപ്പോള്‍ ഞാന്‍ അവിടെ കുമ്പസാരിക്കാന്‍ വരും. വേറെ ആരുടേയും കുമ്പസാരം കേള്‍ക്കരുത്‌. പിന്നീട് ഞാന്‍ പറയും നിങ്ങള്‍ വിജയിച്ചോ ഇല്ലയോ എന്ന്.... എന്തുപറയുന്നു?

അവര്‍ അന്യോന്യം നോക്കിക്കൊണ്ട്‌ വിജയഭാവത്തില്‍ പറഞ്ഞു സമ്മതമാണെന്ന്.

അടുത്ത ദിവസം അതിരാവിലെ അവരില്‍ അതിസമര്‍ത്ഥയായ ഒരു കന്യാസ്ത്രീയെ ആര്‍ച്ച് ബിഷപ്പിന്റെ കുമ്പസാരം കേള്‍ക്കാന്‍ അവര്‍ ഒരുക്കി. കുര്‍ബാനയ്ക്ക് സമയമായി. പള്ളിയില്‍ ഭക്തജനങ്ങള്‍ നിറഞ്ഞു. ചെറുപ്പക്കാരിയായ ഒരു കന്യാസ്ത്രീ കുമ്പസാരക്കൂട്ടില്‍ ചെന്നിരിക്കുന്നത് കണ്ടപ്പോള്‍ ജനങ്ങള്‍ പരസ്പരം നോക്കാനും പിറുപിറുക്കാനും തുടങ്ങി.

താമസിയാതെ ആര്‍ച്ച് ബിഷപ്പ് കുമ്പസാരക്കൂടിന്റെ അടുത്തേക്ക് നടന്നു പോകുന്നത് കണ്ടപ്പോള്‍ ജനങ്ങള്‍ അന്ധാളിച്ചു നിന്നുപോയി. ഇതെന്തുകഥ!! എല്ലാവരും അന്യോന്യം നോക്കി ചോദിക്കുന്നു.

ആര്‍ച്ച് ബിഷപ്പ് കുമ്പസാരക്കൂടിന്റെ അരികില്‍ മുട്ടുകുത്തി. സാധാരണ എന്നപോലെ കുമ്പസാരം തുടങ്ങി. പാപം പറഞ്ഞത് ഇങ്ങനെയാണ്,:ഞാനൊരു മുട്ടയിട്ടു"

കന്യാസ്ത്രീ കുമ്പസാരക്കൂട്ടില്‍ ഇരുന്നുകൊണ്ട് ആകെ വിയര്‍ക്കാന്‍ തുടങ്ങി. ചെയ്ത പാപങ്ങള്‍ക്ക്‌ പരിഹാരം നിര്‍ദ്ദേശിക്കേണ്ട സമയമായി. പാപം എന്താണെന്നും അതിന്റെ ഗൌരവം കണക്കിലെടുത്തും വേണമല്ലോ പാപപരിഹാരം നിര്‍ദ്ദേശിക്കാന്‍. ആര്‍ച്ച് ബിഷപ്പ് മുട്ടയിട്ടു എന്ന് പറഞ്ഞാല്‍ അത് എന്ത് പാപമായിരിക്കും? കന്യാസ്ത്രീ ചിന്തിക്കാന്‍ തുടങ്ങി. കോഴി മുട്ടയിട്ടു, താറാവ് മുട്ടയിട്ടു എന്നൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. ആദ്യമായിട്ടാണ് ഒരു മനുഷ്യന്‍ അതും ആര്‍ച്ച് ബിഷപ്പ് മുട്ടയിട്ടു എന്ന് കേള്‍ക്കുന്നത്. ... മുട്ടയിടുന്നത്‌ പാപമാണോ? അതോ പാപമാണെങ്കില്‍ അതിന് എന്താണ് പരിഹാരം നിര്‍ദ്ദേശിക്കേണ്ടത്?....

കന്യാസ്ത്രീയുടെ വിയര്‍പ്പും വെപ്രാളവും കണ്ടപ്പോള്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു,: "സിസ്റ്റര്‍ വിഷമിക്കണ്ട. ആദ്യമായി കുമ്പസാരം കേള്‍ക്കുന്നതുകൊണ്ട്‌ വെപ്രാളം ഉണ്ടാകാം. സാരമില്ല. ഇതിന്റെ പാപപരിഹാരം ഇന്ന് പറയണമെന്നില്ല, നാളെ ഇതേ സമയം വീണ്ടും ഇതേ കുമ്പസാരക്കൂട്ടില്‍ വച്ച് പറഞ്ഞാല്‍ മതി..."

ഇത് പറഞ്ഞ് ആര്‍ച്ച് ബിഷപ്പ് എഴുന്നേറ്റുപോയി. പിന്നാലെ കന്യാസ്ത്രീയും വിളറി വെളുത്ത മുഖവുമായി എഴുന്നേറ്റുപോയി. ജനങ്ങള്‍ കണ്ണുതുറിപ്പിച്ച്‌ നോക്കുന്നുണ്ട്. യാതൊന്നും ശ്രദ്ധിക്കാതെ കന്യാസ്ത്രീ പള്ളിയില്‍നിന്നും പുറത്തുപോയി.

തുടര്‍ന്ന് ആ കന്യാസ്ത്രീ ആകെ പരുങ്ങലിലായി. ഭക്ഷണം വേണ്ട, ആരോടും സംസാരമില്ല, എല്ലായ്പ്പോഴും ഒരേ ചിന്ത മാത്രം: "ആര്‍ച്ച് ബിഷപ്പ് മുട്ടയിട്ടു. ഇത് എന്ത് പാപമാണ്? ഇതിന്റെ പാപപരിഹാരം എന്തായിരിക്കണം?...."

പൊതുവേ ചിരിയും കളിയും വാചക കസര്‍ത്തുമായി ഓടിനടക്കുന്ന ഈ കന്യാസ്ത്രീക്ക് ഇതെന്തുപറ്റി? മറ്റു കന്യാസ്ത്രീകള്‍ ചോദിക്കാന്‍ തുടങ്ങി. അവരോട് എന്തെങ്കിലും പറയാന്‍ കഴിയുമോ? പറഞ്ഞുപോയാല്‍ കുമ്പസാര രഹസ്യം പരസ്യമാവില്ലേ?

സമയം രാത്രിയായി. എല്ലാ കന്യാസ്ത്രീകളും ഉറങ്ങാന്‍ അവരവരുടെ മുറിയില്‍ പോയി. കഥാനായിക കന്യാസ്ത്രീക്ക് ഉറങ്ങാന്‍ കഴിയുന്നില്ല. അവരുടെ വെപ്രാളം കണ്ടപ്പോള്‍ സഹകന്യാസ്ത്രീ കാര്യം എന്താണെന്ന് ചോദിച്ചു. ഒന്നുമില്ല, ഒന്നുമില്ല എന്ന് മറുപടി പറഞ്ഞെങ്കിലും സഹ കന്യാസ്ത്രീ ചോദ്യം തുടര്‍ന്നുകൊണ്ടേയിരുന്നു.

തീരെ പിടിച്ചുനില്‍ക്കാന്‍ കഴിയാതായപ്പോള്‍ കഥാനായിക കന്യാസ്ത്രീ സഹ കന്യാസ്ത്രിയോടു പറഞ്ഞു: "സിസ്റ്റര്‍, വേറെ ആരോടും പറയരുത്. ഇന്ന് നമ്മുടെ ആര്‍ച്ച് ബിഷപ്പ് വന്ന് കുമ്പസാരിച്ചത് എന്താണെന്നോ, ആര്‍ച്ച് ബിഷപ്പ് ഒരു മുട്ടയിട്ടു എന്ന്. ഇത് എന്ത് പാപമാണ് സിസ്റ്റര്‍? ഇതിനു എന്ത് പാപപരിഹാരമാണ് ഞാന്‍ കൊടുക്കേണ്ടത്? നാളെ പിതാവ് വീണ്ടും കുമ്പസാരക്കൂട്ടിലേക്ക് വരുമ്പോള്‍ പറഞ്ഞുകൊടുക്കാന്‍ ഒരു പരിഹാരം പറഞ്ഞുതരുമോ സിസ്റ്റര്‍?"

ഇതുകേട്ടപ്പോള്‍ സഹ കന്യാസ്ത്രീയും ആകെ അങ്കലാപ്പിലായി. താനും ആദ്യമായിട്ടാണ് ഇങ്ങനെയൊരു പാപം കേള്‍ക്കുന്നത് എന്ന് പറഞ്ഞു. ആ സിസ്റ്റര്‍ മെല്ലെ അടുത്ത റൂമിലെ മറ്റൊരു കന്യാസ്ത്രീയോട് ഇക്കാര്യം പോയി ചോദിച്ചു. ആ കന്യാസ്ത്രീയും കൈ മലര്‍ത്തി. അങ്ങനെ ഓരോ കന്യാസ്ത്രീകളോടും മാറി മാറി ചോദിച്ചു. ആര്‍ക്കും ഉത്തരമില്ല.

തുടര്‍ന്ന് ആ രാത്രി മുഴുവന്‍ അവര്‍ എല്ലാവരും ഉറങ്ങാതെ ഇതിനെക്കുറിച്ച്‌ ആലോചിച്ച് ഇരുന്നു. നേരം പുലര്‍ച്ചെ ആയപ്പോള്‍ അടുക്കളപ്പണിക്കും മറ്റുമായി വരാറുള്ള റോസാ ചേട്ടത്തി ചട്ടയും മുണ്ടും എടുത്ത് അവിടെ എത്തി. കന്യാസ്ത്രീകളുടെ ഉറക്കമൊഴിഞ്ഞ കണ്ണുകളും അവരുടെ പിറുപിറുക്കലും മറ്റും കണ്ടപ്പോള്‍ റോസാ ചേട്ടത്തിക്ക് എന്തോ പന്തികേട്‌ മണത്തു. എന്താണ് കാര്യം എന്ന് ചോദിച്ചെങ്കിലും ഒന്നുമില്ല എന്ന് പറഞ്ഞ് ഒഴിയാന്‍ കന്യാസ്ത്രീകള്‍ ശ്രമിച്ചു.

റോസാ ചേട്ടത്തിയുണ്ടോ വിടുന്നു? കന്യാസ്ത്രീകളുടെ സംസാരം പാത്തും പതുങ്ങിയും കേള്‍ക്കാന്‍ ശ്രമിക്കുകയായി റോസാ ചേട്ടത്തി. അതിനിടയില്‍ ഒരു കന്യാസ്ത്രീ റോസാ ചേട്ടത്തിയെ രഹസ്യമായി വിളിച്ച് കാര്യം പറഞ്ഞു: "എന്റെ പോന്നു ചേട്ടത്തിയല്ലേ? ഞങ്ങളെ ഒന്നു സഹായിക്കാമോ? ഞങ്ങള്‍ ഇപ്പോള്‍ ത്രിശങ്കുവിലാണ് നില്‍ക്കുന്നത്. നിങ്ങള്‍ സാധാരണ  വീട്ടമ്മയായതുകൊണ്ട് ഒരു പക്ഷേ ഇതിന്റെ ഉത്തരം കിട്ടുമായിരിക്കും. ആര്‍ച്ച് ബിഷപ്പ് ഒരു മുട്ടയിട്ടുവത്രേ. അത് എന്ത് പാപമായിരിക്കും ചേട്ടത്തി?..."

റോസാ ചേട്ടത്തി: "എന്താ ഞാനീ കേള്‍ക്കണേ? കോഴി മുട്ടയിടുന്നതും കാക്ക മുട്ടയിടുന്നതും ഒക്കെ ഞാന്‍ കേട്ടിടുണ്ട്. ആദ്യമായിട്ടാണ് ആര്‍ച്ച് ബിഷപ്പ് മുട്ടയിടുന്നത്‌ ഞാന്‍ കേള്‍ക്കുന്നത്. എന്തായാലും എനിക്കൊന്നും അറിയില്ല. ഇനി എന്റെ കെട്ട്യോനോട് ഒന്നു ചോദിച്ചുനോക്കാം. അവര്‍ ആണുങ്ങളാവുമ്പോള്‍ ഒരുപക്ഷേ ഇങ്ങനെ വല്ല കുരുത്തക്കേടും ഉണ്ടോ എന്നറിയില്ലല്ലോ?"

സിസ്റ്റര്‍ പറഞ്ഞു:  "ചേട്ടത്തി ഇക്കാര്യം വേറെ ആരോടും പറയരുതുട്ടോ. ഇത് കുമ്പസാര രഹസ്യമാണ്."

റോസാ ചേട്ടത്തി: "അത് എനിക്കറിയില്ലേ സിസ്റ്റര്‍. പറയേണ്ട കാര്യമുണ്ടോ? കുമ്പസാര രഹസ്യം തല പോയാലും പറയരുത് എന്നാണല്ലോ. അതുകൊണ്ട് ഞാനും എന്റെ കെട്ട്യോനും വേറെ ആരോടും പറയില്ല. എന്തായാലും പള്ളിയില്‍ കുര്‍ബാന തുടങ്ങുന്നതിനു മുന്‍പ് ഞാനിതിന്റെ മറുപടി തന്നിരിക്കും പോരെ?"

സമയം നീങ്ങിക്കൊണ്ടേയിരുന്നു. പള്ളിയില്‍ കുര്‍ബാനയ്ക്ക് സമയമായി. ജനങ്ങള്‍ പള്ളിയില്‍ നിറഞ്ഞു. തലേ ദിവസത്തെക്കാള്‍ കൂടുതല്‍ ജനങ്ങള്‍ ഉണ്ടായിരുന്നു അന്ന് പള്ളിയില്‍. കഥാനായിക കന്യാസ്ത്രീ വെപ്രാളം പുറത്തു കാണിക്കാതെ നേരേ കുമ്പസാരക്കൂട്ടില്‍ പോയിരുന്നു.

ആര്‍ച്ച് ബിഷപ്പ് കുമ്പസാരക്കൂടിനെ ലക്ഷ്യമാക്കി നടന്നു വരുന്നു. പള്ളിയകത്തുള്ള എല്ലാവരുടേയും നോട്ടം ആര്‍ച്ച് ബിഷപ്പിലേക്ക് മാത്രം. അവര്‍ പിറുപിറുക്കുന്നത് കേള്‍ക്കാം, "ദാ പോകുന്നു മുട്ടയിട്ട ആര്‍ച്ച് ബിഷപ്പ്, മുട്ടയിട്ട ആര്‍ച്ച് ബിഷപ്പ്....." ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ട് ആര്‍ച്ച് ബിഷപ്പ് കുമ്പസാരക്കൂടിന്റെ അരികില്‍ എത്തി.

മുട്ടുകുത്തി. കുമ്പസാരക്കൂട്ടില്‍ ഇരിക്കുന്ന കന്യാസ്ത്രീയോട് മെല്ലെ ചോദിച്ചു, " അല്ല സിസ്റ്റര്‍, ഇന്നലെ ഞാന്‍ ഈ കുമ്പസാരക്കൂട്ടില്‍ നമ്മള്‍ മാത്രം കേള്‍ക്കുന്ന സ്വരത്തില്‍ പറഞ്ഞ കാര്യം ഈ നാട്ടുകാര്‍ എങ്ങനെയാണ് അറിഞ്ഞത്?"

സിസ്റ്റര്‍ അക്ഷരാര്‍ത്ഥത്തില്‍ കണ്ണുതള്ളി. സിസ്റ്റര്‍ പറഞ്ഞു: "പിതാവേ എന്നോട് ക്ഷമിക്കണം. "പിതാവ് മുട്ടയിട്ടു" എന്ന് പറഞ്ഞപ്പോള്‍ അത് എന്ത് പാപമാണ് എന്നറിയാന്‍ ഞാന്‍ എന്റെ സഹ കന്യാസ്ത്രീയോട് ചോദിച്ചതേയുള്ളൂ. അതിത്ര പുലിവാലാകും എന്ന് ഞാന്‍ വിചാരിച്ചില്ല. ഇനി ആവര്‍ത്തിക്കില്ല പിതാവേ..."

കുര്‍ബാന കഴിഞ്ഞ് പരാതിയുമായി അരമനയില്‍ വന്നിരുന്ന എല്ലാ കന്യാസ്ത്രീകളേയും വിളിച്ച് അവരോട് ആര്‍ച്ച് ബിഷപ്പ് ചോദിച്ചു: "ഇനി നിങ്ങള്‍ തന്നെ പറയൂ, ഒരു നിസ്സാരമായ കാര്യം പോലും നിങ്ങള്‍ക്ക് രഹസ്യമാക്കി വക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെങ്ങനെ നിങ്ങള്‍ക്ക് കുമ്പസാരം  കേള്‍ക്കാനുള്ള അനുവാദം തരും? ഞാന്‍ ഒരു മുട്ടയിട്ടു എന്ന് പറഞ്ഞത് നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടി മാത്രമാണ്. പറയൂ, നിങ്ങള്‍ക്ക് കുമ്പസാരം കേള്‍ക്കാനുള്ള അനുവാദം തരണോ?"

എല്ലാവരും തലകുനിച്ചിരുന്നു, ഒരക്ഷരം മിണ്ടാതെ.

പോള്‍സണ്‍ പാവറട്ടി - ദുബായ്