27 ഫെബ്രുവരി 2012

ഇക്കര നില്‍ക്കുമ്പോള്‍ അക്കരപ്പച്ച !


ഇക്കര നില്‍ക്കുമ്പോള്‍ അക്കരപ്പച്ച !

*******************************************

ജോലിയുള്ള വിസയിലാണ് മഹേഷ്‌ ദുബായ് എന്ന സ്വപ്നഭൂമിയില്‍ വന്നിറങ്ങിയത്. ദുബായില്‍ എത്തിയ അടുത്ത ദിവസം തന്നെ മഹേഷ്‌ ജോലിയില്‍ പ്രവേശിച്ചു. താമസ സൌകര്യവും കമ്പനി കൊടുത്തിട്ടുണ്ട്‌. ഒരു റൂമില്‍ ഒരാള്‍ മാത്രം. നല്ല സൌകര്യവും വൃത്തിയും വെടിപ്പും ഉള്ള റൂം ആയിരുന്നു അത്.

കമ്പനി കൊടുക്കുന്ന ശമ്പളത്തില്‍ നിന്ന് റൂമിന്റെ വാടക തിരികെ പിടിക്കും. അതാണ്‌ വ്യവസ്ഥ. വാടക അല്പം കൂടുതലാണ് എന്നതില്‍ സംശയമില്ല. എന്നാലും എല്ലാ ജോലിക്കാരും കഴിയുന്നതും അവിടെത്തന്നെയാണ് കഴിഞ്ഞുകൂടാന്‍ ഇഷ്ടപ്പെടുന്നത്. വെളിയില്‍ ആര്‍ക്കെങ്കിലും താമസിക്കണമെങ്കില്‍ അതിനും അനുവാദം ഉണ്ട്. അപ്പോള്‍ വാടക തിരികെ പിടിക്കില്ല.

ഒന്നുരണ്ടു മാസം കഴിഞ്ഞപ്പോള്‍ മഹേഷിനു തോന്നി എന്തിനാ ഇത്രയും സംഖ്യ വാടകക്കായി നഷ്ടപ്പെടുത്തുന്നത്? വെളിയില്‍ ആണെങ്കില്‍ കുറച്ചുകൂടി കുറവില്‍ താമസ സൗകര്യം കിട്ടും. മാത്രമല്ല ഒന്നില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ അത്രയും കുറച്ചല്ലേ വാടക വരികയുള്ളൂ.

അങ്ങനെ മഹേഷ്‌ പുതിയ താമസ സ്ഥലത്തേക്ക് മാറി. അവിടെ നാലുപേര്‍ ഉണ്ട്. വളരെ ചെറിയൊരു റൂം. കമ്പനി റൂമിന്റെ അത്ര വൃത്തിയും വെടിപ്പും ഇല്ല. മഹേഷ്‌ ആകെ അസ്വസ്ഥനായി. അധികം താമസിയാതെ അവിടെനിന്നും താമസം മാറി.

പിന്നീട് ചെന്നുപെട്ട റൂം വിശാലവും സൌകര്യവും ഒക്കെയുള്ളതായിരുന്നു. ഒറ്റനോട്ടത്തില്‍ മഹേഷിന് ആ റൂം ഇഷ്ടപ്പെട്ടു, താമസം തുടങ്ങി. വ്യാഴാഴ്ച രാത്രി ആയപ്പോള്‍ വെളിയില്‍ നിന്നും ഏതാനും പേര്‍ റൂമില്‍ ഗസ്റ്റ് ആയി വന്നു. അവിടെ താമസിച്ചിരുന്നവരുടെ കൂട്ടുകാരാണ് അവര്‍. പിന്നീട് അവിടെ ആഘോഷമായിരുന്നു. കള്ളുകുടിയും പാട്ടും കൂത്തും, നേരം വെളുക്കോളം.  മഹേഷിന് അത് സഹിക്കാന്‍ കഴിഞ്ഞില്ല. തന്റെ അനിഷ്ടം കൂടെ താമസിക്കുന്നവരെ അറിയിച്ചു. അവര്‍ പറഞ്ഞു: ഇതൊക്കെയാണ് മഹേഷ്‌ ദുബായിലെ ജീവിതം. ആഴ്ചയില്‍ ഒരിക്കല്‍ ഉള്ള ഈ കമ്പനി കൂടല്‍ മാത്രമാണ് ആകെയുള്ള സന്തോഷം.

അധികം താമസിയാതെ മഹേഷ്‌ അവിടെനിന്നും താമസം മാറി. തുടര്‍ന്ന് ചെന്നുപെട്ടത് കൈകൊട്ടി പ്രാര്‍ത്ഥനക്കാരുടെ റൂമില്‍ ആണ്. അത് അതിലേറെ അസഹനീയമായിരുന്നു. എപ്പോള്‍ നോക്കിയാലും പ്രാര്‍ഥനയും ഉപദേശവും മാത്രം. ഒരുവിധത്തില്‍ ഒരു മാസം തികച്ച് മഹേഷ്‌ അവിടെനിന്നും ഓടി.

അങ്ങനെ ഓടിയോടി പരവശനായി മഹേഷ്‌. എവിടെപ്പോയാലും ഒന്നല്ലെങ്കില്‍ മറ്റൊരു പ്രശ്നം. ഒടുവില്‍ സഹിക്കവയ്യാതായപ്പോള്‍ തന്റെ കമ്പനിയുടെ താമസ സ്ഥലത്തേക്ക് തന്നെ മാറാന്‍ തീരുമാനിച്ചു മഹേഷ്‌. വാടക കുറച്ചു കൂടുതലായാലും കുഴപ്പമില്ല, ഇഷ്ടത്തിനും തൃപ്തിക്കും ജീവിക്കാമല്ലോ.

വീണ്ടും കമ്പനി റൂമില്‍ താമസമാക്കിയപ്പോള്‍ മഹേഷിന് വലിയൊരു ആശ്വാസം കിട്ടിയതുപോലെ തോന്നി. പക്ഷേ രാത്രിയില്‍ ഒറ്റയ്ക്ക് കിടക്കുമ്പോള്‍ ആകെ ഒറ്റപ്പെട്ടതുപോലെ തോന്നി മഹേഷിന്. കഴിഞ്ഞ ഏതാനും നാളുകള്‍ പല റൂമുകളില്‍ കഴിയുമ്പോള്‍ പലതരക്കാരായ പലരുടേയും കൂടെ കഴിഞ്ഞപ്പോള്‍ ആരൊക്കെയോ കൂടെ ഉണ്ടെന്നുള്ള ഒരു തോന്നല്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ .....

ഒരു ഉറച്ച തീരുമാനം എടുക്കാന്‍ കഴിയാതെ മഹേഷ്‌ തിരിഞ്ഞും മറിഞ്ഞും കിടന്നു, നേരം വെളുപ്പിച്ചു.

പോള്‍സണ്‍ പാവറട്ടി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ