റോസാ ചേട്ടത്തിയും കാവല്‍ മാലാഖയും പിന്നെ ചെകുത്താനും!
*****************************************************************
ഒത്തിരി വര്‍ഷങ്ങള്‍ക്കുമുന്‍പ് കേട്ടുമറന്ന ഒരു സംഭവമാണ് ഇവിടെ കുറിക്കാന്‍ പോകുന്നത്.
തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍ പള്ളിയില്‍ ചെകുത്താനെ (പിശാചിനെ) കുന്തംകൊണ്ട് കുത്തിനില്‍ക്കുന്ന വിശുദ്ധ റാഫേല്‍ മാലാഖയുടെ രൂപം പലരും കണ്ടിരിക്കും. കാവല്‍ മാലാഖയായ വിശുദ്ധ റാഫേലിനെ ഭക്തജനങ്ങള്‍ തൊട്ടുമുത്തി വണങ്ങുക പതിവാണ്.
ഒരുദിവസം പതിവുപോലെ റോസാ ചേട്ടത്തി കുര്‍ബാനയെല്ലാം കഴിഞ്ഞ് സകല പുണ്യവാന്മാരുടേയും പുണ്യവതികളുടേയും രൂപങ്ങള്‍ ഒന്നൊന്നായി തൊട്ടുമുത്തി ഒടുവില്‍ റാഫേല്‍ മാലാഖയുടെ രൂപത്തിന്റെ അരികിലെത്തി. അല്‍പനേരം കണ്ണടച്ചു പ്രാര്‍ഥിച്ചതിനുശേഷം റോസാ ചേട്ടത്തി ആ രൂപത്തില്‍ തൊട്ടുമുത്തി. എന്നാല്‍ തൊട്ടുമുത്തിയത് മാലാഖക്കുപകരം ചെകുത്താനെയായിരുന്നു.
ഇത് കണ്ടുനിന്ന പള്ളിയിലെ കൊച്ചച്ചന്‍ റോസാ ചേട്ടത്തിയോട് പറഞ്ഞു: അമ്മച്ചീ, അമ്മച്ചി ഇപ്പോള്‍ തൊട്ടുമുത്തിയത് ആരെയാണെന്ന് അറിയാമോ?
റോസാ ചേട്ടത്തി: എനിക്ക് കണ്ണിനു കാഴ്ചയൊന്നും നഷ്ടമായിട്ടില്ല എന്റച്ചോ.
കൊച്ചച്ചന്‍: എന്നിട്ടാണോ മാലാഖക്കു പകരം ചെകുത്താനെ അമ്മച്ചി മുത്തിയത്?
റോസാ ചേട്ടത്തി: (ഗൌരവം വിടാതെത്തന്നെ) അച്ചന്‍ കണ്ടത് ശരിതന്നെയാണ്. ഞാന്‍ മുത്തിയത് ഈ ചെകുത്താനെതന്നെയാണ്.
കൊച്ചച്ചന്‍: (അത്ഭുതത്തോടെ) എന്താ അമ്മച്ചി പറയുന്നേ? ചെകുത്താനെ ആരെങ്കിലും മുത്തുമോ?
റോസാ ചേട്ടത്തി: (അല്പം പരിഭവത്തോടെ) എന്റച്ചോ, ഇത്രയുംകാലം ഞാന്‍ ഈ മാലാഖയെതന്നെയാണ് മുത്തിയത്. എന്നിട്ട് എന്താ കാര്യം? മാലാഖ ഈ കുന്തവും പിടിച്ച് ഒരേ നില്‍പ്പാണ്. മാലാഖക്ക് എന്റെ കാര്യത്തേക്കാള്‍ ഈ ചെകുത്താന്റെ കാര്യമാണ് വലുത് എന്ന് മനസ്സിലായി. അതുകൊണ്ട്, ഇനിമുതല്‍ മാലാഖയെ മാറ്റി ഈ ചെകുത്താനെ ഒന്ന് മുത്തി നോക്കട്ടെ. ആരെക്കൊണ്ടാണ് ഗുണം ഉണ്ടാവുക എന്ന് പറയാന്‍ കഴിയില്ലല്ലോ? ആരേയും പിണക്കാന്‍ കഴിയില്ലല്ലോ.
ഇതുകേട്ട് കൊച്ചച്ചന്‍ ചിരിയടക്കാനാവാതെ അവിടെ നിന്നും സ്ഥലംവിട്ടു.
സ്നേഹിതരേ, ഇന്ന് നമ്മളില്‍ പലരും ഈ റോസാ ചേട്ടത്തിയെപ്പോലെയല്ലേ? പുറമേക്ക് വലിയ ദൈവവിശ്വാസിയാണെന്ന് പറയുമ്പോഴും കാര്യസാധ്യത്തിനായി ഏതു ചെകുത്താനേയും കൂട്ടുപിടിക്കുന്ന ഒരു പ്രവണത നമ്മളില്‍ ഇല്ലേ?
ഇക്കാര്യം മനസ്സിലാക്കിത്തരാന്‍വേണ്ടി മാത്രമാണ് ഈ റോസാ ചേട്ടത്തിയുടെ കഥ എഴുതിയത്.
പോള്‍സണ്‍ പാവറട്ടി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ