സിനിമാനടന്‍ കുഞ്ഞച്ചന്‍.
*******************************
കുറച്ച് ബുദ്ധിമാന്ദ്യം ഉള്ളവനായിരുന്നു കുഞ്ഞച്ചന്‍. ആരെ കണ്ടാലും ചിരിക്കും. ആരോടും അങ്ങോട്ട് കയറി സംസാരിക്കാറില്ല. ആരെങ്കിലും കുഞ്ഞച്ചനോട് സംസാരിച്ചാല്‍ എല്ലാം കേട്ട് ചിരിക്കും. അത്രമാത്രം. പെണ്ണ് കെട്ടേണ്ട പ്രായം കഴിഞ്ഞിട്ടും പെണ്ണ് കെട്ടാതെ നടക്കുന്ന കുഞ്ഞച്ചനെ കുരങ്ങുകളിപ്പിക്കല്‍ അവിടത്തെ ചെറുപ്പക്കാരുടെ പതിവായിരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അന്നാട്ടിലെ ഒരു “തകര”.
സിനിമ കുഞ്ഞച്ചന്റെ ഒരു ബലഹീനതയായിരുന്നു. സിനിമാ താരങ്ങളുടെ ഫോട്ടോ കണ്ടാല്‍ അത് നോക്കി കുറേനേരം അങ്ങനെ നില്‍ക്കും. ഇത് മനസ്സിലാക്കി ഒരു ദിവസം ചാക്കോച്ചന്‍ ഒരു സിനിമാ നടന്റെ പേരില്‍ കുഞ്ഞച്ചന് ഒരു കത്തെഴുതി. അടുത്ത ദിവസം പോസ്റ്റ്‌മാന്‍ ആ കത്ത് കുഞ്ഞച്ചന് കൊടുത്തു. എഴുത്തും വായനയും അറിയാത്ത കുഞ്ഞച്ചന്‍ തനിക്ക് ജീവിതത്തില്‍ ആദ്യമായി കിട്ടിയ കത്ത് അമ്മക്ക് കാണിച്ചുകൊടുത്തു. കത്ത് വായിച്ചപ്പോള്‍ അമ്മയും അത്ഭുതപ്പെട്ടുപോയി. തന്റെ മോനെ ആരോ കളിപ്പിച്ചതാണെന്ന് പെട്ടെന്ന് ആ അമ്മക്ക് മനസ്സിലായില്ല. അമ്മ കുഞ്ഞച്ചനോട് പറഞ്ഞു: ഇത് ഒരു സിനിമാ നടന്റെ കത്താണ്.... ഇത് കേട്ടപ്പോള്‍ കുഞ്ഞച്ചന് അധിയായ സന്തോഷമായി.
അന്ന് വൈകീട്ട് കുഞ്ഞച്ചന്‍ ആ കത്തുമായി കൂട്ടുകാരുടെ അടുത്ത് പോയി. ചാക്കോച്ചന്‍ കുഞ്ഞച്ചന്റെ വരവ് പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു. കുഞ്ഞച്ചനെ കണ്ടതോടെ ചാക്കോച്ചന്‍ ചോദിച്ചു: എന്താ കുഞ്ഞച്ചാ ഇന്ന് മുഖത്ത് ഒരു സന്തോഷമുണ്ടല്ലോ?
കുഞ്ഞച്ചന്‍ കൈയ്യില്‍ ഇരിക്കുന്ന കത്ത് ചാക്കോച്ചന് നീട്ടി. ചാക്കോച്ചന്‍ എല്ലാവരും കേള്‍ക്കേ ആ കത്ത് ഉറക്കെ വായിച്ചു. എന്നിട്ട് ഒരു കമന്റും പാസ്സാക്കി,: അപ്പൊ നമ്മുടെ കുഞ്ഞച്ചന്‍ ആള്‍ നിസ്സാരക്കാരനല്ല. കണ്ടില്ലേ സിനിമാ നടന്മാരോക്കെയാണ് കുഞ്ഞച്ചന്റെ കൂട്ടുകാര്‍....."
ഇത് കേട്ട് എല്ലാവരും ചിരിച്ചു. കുഞ്ഞച്ചനും അവരോടൊപ്പം ചിരിച്ചു.
അവര്‍ ആ കത്ത് തിരിച്ചും മറിച്ചും പരിശോധിച്ചു നോക്കിയപ്പോള്‍ ഒടുവില്‍ മനസ്സിലായി ഇത് ചാക്കോച്ചന്റെ വേലയാണെന്ന്. പക്ഷേ അക്കാര്യം അവര്‍ കുഞ്ഞച്ചനെ അറിയിച്ചില്ല.
അടുത്ത ദിവസം വേറൊരുത്തന്‍ ഇതുപോലെ വേറെ ഒരു സിനിമാ നടന്റെ പേരില്‍ മറ്റൊരു കത്ത് കുഞ്ഞച്ചന് അയച്ചു. തുടര്‍ന്ന് ഓരോരുത്തരും മാറിമാറി ഓരോ സിനിമാ നടന്റെയോ നടിയുടെയോ പേര് വച്ച് കുഞ്ഞച്ചന് കത്ത് അയക്കാന്‍ തുടങ്ങി. അങ്ങനെ നാട്ടില്‍ ഇത് പാട്ടായി. അതുവരെ ആരും അറിയാതിരുന്ന കുഞ്ഞച്ചനെ ആളുകള്‍ തിരിച്ചറിയാനും കാണാന്‍ വരാനും വിശേഷം ചോദിക്കാനും തുടങ്ങി. ഒടുവില്‍ നല്ലൊരു പേരും കിട്ടി, "സിനിമാനടന്‍ കുഞ്ഞച്ചന്‍".
ആയിടക്ക് ഒരിക്കല്‍ അന്നാട്ടില്‍ ഒരു സിനിമാ ഷൂട്ടിംഗ് വന്നുപെട്ടു. ഷൂട്ടിംഗ് കാണാന്‍ നാട്ടുകാരോടൊപ്പം കുഞ്ഞച്ചനും പോയി. ഷൂട്ടിങ്ങിന്റെ ഇടയില്‍ പലരും “സിനിമാ നടന്‍ കുഞ്ഞച്ചന്‍ സിനിമാ നടന്‍ കുഞ്ഞച്ചന്‍” എന്ന് കുഞ്ഞച്ചനെക്കുറിച്ച് പറയുന്നത് സംവിധായകന്‍ കേള്‍ക്കാന്‍ ഇടവന്നു. സംവിധായകന്‍ ഈ കുഞ്ഞച്ചനെക്കുറിച്ച് അവിടത്തെ ആള്‍ക്കാരോട് ചോദിച്ചറിഞ്ഞു. കുഞ്ഞച്ചന്റെ കഥ കേട്ട സംവിധായകന് കുഞ്ഞച്ചനോട് സ്നേഹവും അലിവും തോന്നി.
സംവിധായകന്‍ കുഞ്ഞച്ചനെ അരികില്‍ വിളിച്ച് വിശേഷങ്ങള്‍ ചോദിച്ചു. എല്ലാവരോടും എന്നപോലെ ചിരി മാത്രമായിരുന്നു കുഞ്ഞച്ചന്റെ മറുപടി. സംവിധായകന്‍ ചോദിച്ചു, സിനിമയില്‍ അഭിനയിക്കാന്‍ ഇഷ്ടമാണോ? ഇഷ്ടമാണെന്ന് കുഞ്ഞച്ചന്‍ ചിരിച്ച് തലയാട്ടി കാണിച്ചു. ഉടനെ സംവിധായകന്‍ തിരക്കഥാകൃത്തിനെ വിളിച്ച് പറഞ്ഞു, കുഞ്ഞച്ചന് പറ്റിയ ഒരു വേഷം ഉടനെ എഴുതുക. ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന നാട്ടുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ കണ്ണുതള്ളി നില്‍ക്കുകയാണ്.
കുറച്ച് കഴിഞ്ഞപ്പോള്‍ തിരക്കഥാകൃത്ത് കുഞ്ഞച്ചന്റെ റോള്‍ എഴുതി കൊണ്ടുവന്നു സംവിധായകന് ഏല്‍പ്പിച്ചു. സംവിധായകന്‍ അത് വായിച്ചു തൃപ്തനായി. എന്നിട്ട് അവിടെ കൂടിയിരിക്കുന്ന നാട്ടുകാരോട് ഉറക്കെ പറഞ്ഞു: നിങ്ങളുടെ കുഞ്ഞച്ചന്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു. അതും നായകന്റേയും നായികയുടേയും കൂടെ. ഇനിമുതല്‍ നിങ്ങളുടെ കുഞ്ഞച്ചന്‍ ശരിക്കും ഒരു സിനിമാനടന്‍ ആയിരിക്കും. എന്റെ അടുത്ത പടങ്ങളിലും ഞാന്‍ കുഞ്ഞച്ചന് അനുയോജ്യമായ റോളുകള്‍ കൊടുക്കുന്നതാണ്. നിങ്ങള്‍ എന്ത് പറയുന്നു?
നാട്ടുകാര്‍ ഒന്നടങ്കം പറഞ്ഞു: ഞങ്ങള്‍ക്ക് സന്തോഷമായി. അങ്ങനെ ഞങ്ങള്‍ക്കും ഒരു സിനിമാനടനെ കിട്ടി.... ഇത് പറഞ്ഞ് എല്ലാവരുംകൂടി കുഞ്ഞച്ചനെ എടുത്തുപൊക്കി, നൃത്തം ചെയ്തു.
അങ്ങനെ ഒരു പേരും ഇല്ലാതിരുന്നവന്‍ പേര് കേട്ടവനായി, എല്ലാവര്‍ക്കും വേണ്ടപ്പെട്ടവനായി.
പോള്‍സണ്‍ പാവറട്ടി - ദുബായ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ