05 മാർച്ച് 2012

ദുബായ് ലേബര്‍ കോടതിയും തൊഴിലാളികളും


ദുബായ് ലേബര്‍ കോടതിയും തൊഴിലാളികളും

സ്നേഹമുള്ള UAE പ്രവാസി സുഹൃത്തുക്കളേ, UAE - യിലെ തൊഴിലാളികള്‍ക്ക് സുശക്തമായ പരിരക്ഷ നല്‍കുന്ന നിയമങ്ങള്‍ UAE -യില്‍ ഉള്ള കാര്യം ഇപ്പോഴും പല തൊഴിലാളികള്‍ക്കും അറിയില്ല എന്നതാണ് സത്യം.

ആര്‍ക്കെങ്കിലും രണ്ടു മാസം തുടര്‍ച്ചയായി ശമ്പളം കിട്ടാതിരിക്കുകയോ കമ്പനിയില്‍ നിന്നും പിരിഞ്ഞു പോകുമ്പോള്‍ ലഭിക്കേണ്ട Leave Salary , Gratuity , ticket  മുതലായ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കാതിരിക്കുകയോ ചെയ്യുന്നപക്ഷം നേരെ ലേബര്‍ കോടതിയില്‍ പരാതിപ്പെടാവുന്നതാണ്. ആരും നിങ്ങളെ പിടിച്ച് അകത്തിടില്ല.

ലേബര്‍ കോടതി തൊഴിലാളികള്‍ക്ക് വേണ്ടിയാണ് എന്ന കാര്യം ഓര്‍മ്മയുണ്ടായിരിക്കട്ടെ. മാത്രമല്ല, ഇത് നമ്മുടെ ഇന്ത്യയല്ല, കേരളവുമല്ല. തൊഴിലാളികളുടെ ന്യായമായ ഏതൊരു പ്രശ്നവും വേണ്ടവിധം നടത്തിക്കൊടുക്കണം എന്നാണ് ഇവിടത്തെ ഭരണാധികാരികള്‍ ഉദ്യോഗസ്ഥര്‍ക്ക് കൊടുത്തിട്ടുള്ള കര്‍ശന നിര്‍ദ്ദേശം.

അതുകൊണ്ടുതന്നെ ലേബര്‍ കോടതിയില്‍ പോകാന്‍ യാതൊരു കാരണവശാലും പേടിക്കേണ്ടതില്ല. നമ്മള്‍ മലയാളികള്‍ക്ക് വേണ്ടാത്ത ഒരു വികാരമുണ്ട്‌, ഭയം എന്ന വികാരം. എന്തിനാണ് നമ്മള്‍ ഭയപ്പെടുന്നത്? ആരെയാണ് നമ്മള്‍ ഭയപ്പെടുന്നത്? ന്യായമായത് ചോദിച്ചു വാങ്ങിക്കുന്നതില്‍ ഒന്നിനേയും, ആരേയും ഭയക്കേണ്ടതില്ല.

ചിലര്‍ പറയുന്നത്  കേട്ടിട്ടുണ്ട്, "എനിക്ക് കേസും കൂട്ടവുമായി നടക്കാനൊന്നും വയ്യ. ഒന്നും കിട്ടിയില്ലെങ്കിലും വേണ്ട. തടി കേടാകാതെ നാട്ടില്‍ എത്തിയാല്‍ മതി....."

സ്നേഹിതാ, ഒരുപക്ഷേ നിങ്ങള്‍ക്ക് വേണ്ടായിരിക്കാം. നിങ്ങളുടെ ജീവിതം ഇത്രയൊക്കെ ആയില്ലേ, അല്ലേ? എന്നാല്‍ നിങ്ങളുടെ കുഞ്ഞുമക്കള്‍ക്ക് വേണം ഈ പൈസ. നിങ്ങളുടെ കുഞ്ഞുമക്കള്‍ നിങ്ങളെ പ്രതീക്ഷിച്ചാണ് ജീവിക്കുന്നത്. അവര്‍ക്കും കാണും ആഗ്രഹങ്ങളും അഭിലാഷങ്ങളും എല്ലാം. ആരുടേയും മോഷ്ടിക്കാനോ പിടിച്ചുപറിക്കാനോ ഒന്നുമല്ലല്ലോ പറയുന്നത്.

ഞാന്‍ ദുബായില്‍ പ്രവാസ ജീവിതം തുടങ്ങിയിട്ട് 25 വര്‍ഷമായി. ഇതിനകം ഒത്തിരി ഉയര്‍ച്ച താഴ്ചകള്‍ കണ്ടും കേട്ടും അനുഭവിച്ചും മനസ്സിലാക്കിയിട്ടുണ്ട്. അതിന്റെ വെളിച്ചത്തിലാണ് ഇപ്പോള്‍ ഇങ്ങനെ പ്രതികരിക്കാന്‍ തോന്നുന്നത്.

കൂട്ടത്തില്‍ ഒരു സത്യംകൂടി അറിയിക്കാന്‍ ആഗ്രഹിക്കുന്നു. "കള്ളന്‍ കപ്പലില്‍ തന്നെയുണ്ട്‌" ... എന്നുവെച്ചാല്‍ നമ്മള്‍ മലയാളികളെ / ഇന്ത്യക്കാരെ  ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് മലയാളികള്‍ / ഇന്ത്യക്കാര്‍ തന്നെയാണ്. മറക്കണ്ട.

ഇതിനകം പലരേയും ലേബര്‍ കോടതിയില്‍ വിട്ട് അവര്‍ക്ക് ന്യായമായ ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു, സന്തോഷിക്കുന്നു.

കഴിയുമെങ്കില്‍ ഈ സന്ദേശം മറ്റു കൂട്ടുകാരുമായി ഷെയര്‍ ചെയ്യുക. ആരെങ്കിലുമൊക്കെ രക്ഷപ്പെട്ടോട്ടെ. ആരെങ്കിലും രക്ഷപ്പെടുന്നതുകൊണ്ട് നിങ്ങള്‍ക്ക് വിരോധമൊന്നുമില്ലല്ലോ?

എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു.

പോള്‍സണ്‍ പാവറട്ടി

04 മാർച്ച് 2012

സ്വര്‍ഗ്ഗത്തിലേക്ക് പോകുന്ന വല്യമ്മച്ചി


സ്വര്‍ഗ്ഗത്തിലേക്ക് പോകുന്ന വല്യമ്മച്ചി
**********************************************
ഒരു ധ്യാനത്തിന് പോയി വന്നതിനു ശേഷം വല്യമ്മച്ചി എപ്പോള്‍ നോക്കിയായാലും പ്രാര്‍ത്ഥന തന്നെയാണ്. തന്നെ സ്വര്‍ഗ്ഗത്തിലേക്ക് ജീവനോടെ കൊണ്ടുപോകണേ എന്നാണ് പ്രാര്‍ത്ഥന. ഇത് കേള്‍ക്കുമ്പോള്‍ മരുമകള്‍ മുറുമുറുക്കുന്നത് കേള്‍ക്കാം, "ഓ, സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകാന്‍ പറ്റിയ ഒരു സാധനം. നടക്കുന്ന കാര്യം വല്ലതും പ്രാര്‍ഥിക്ക് തള്ളേ..."

മരുമകളുടെ മുറുമുറുപ്പൊന്നും കാര്യമാക്കാതെ വല്യമ്മച്ചി പ്രാര്‍ത്ഥന തുടര്‍ന്നുകൊണ്ടേയിരുന്നു. ദിവസങ്ങളും ആഴ്ചകളും പലതും കഴിഞ്ഞു. പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. മരുമകളുടെ പരിഹാസ ശരങ്ങളുടെ മുന്നില്‍ വല്യമ്മച്ചി പതറാന്‍ തുടങ്ങി. അതോടെ വല്യമ്മച്ചിയുടെ പ്രാര്‍ത്ഥനക്ക് ശബ്ദവും ശക്തിയും കൂടി.

വല്യമ്മച്ചിയുടെ ശക്തിയോടെയുള്ള പ്രാര്‍ത്ഥന കേട്ട് ദൈവത്തിനും ഇരിക്കാന്‍ പറ്റാതായി. ഒടുവില്‍ ദൈവം വല്യമ്മച്ചിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞു, "മകളേ, നിന്റെ പ്രാര്‍ത്ഥന ഞാന്‍ കേട്ടു. നിന്റെ ആഗ്രഹം നടക്കാന്‍ പോകുന്നു."

ഇത് കേട്ടപ്പോള്‍ വല്യമ്മച്ചിക്ക് സന്തോഷംകൊണ്ട് ഇരിക്കാന്‍ പറ്റാതായി.

ദൈവം തുടര്‍ന്നു, "നാളെ പുലര്‍ച്ചെ കൃത്യം നാല് മണിക്ക് ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഒരു ചരട് ഇറക്കിത്തരും. അതില്‍ പിടിച്ചാല്‍ മതി വല്യമ്മച്ചി താനേ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ന്നു പൊയ്ക്കോളും. സന്തോഷമായിരിക്കുക..."

ഇത് പറഞ്ഞ് ദൈവം അപ്രത്യക്ഷമായി.

പിന്നീട് വല്യമ്മച്ചിക്ക് ഇരിക്കപ്പൊറുതിയില്ല. വല്യമ്മച്ചി നേരെ മരുമകളെ വിളിച്ച് ഉണ്ടായ കാര്യങ്ങള്‍ പറഞ്ഞു. മരുമകളുണ്ടോ വിശ്വസിക്കുന്നു? അപ്പോഴും വല്യമ്മച്ചിയെ മരുമകള്‍ കളിയാക്കി.

കുറച്ചു കഴിഞ്ഞപ്പോള്‍ മരുമകള്‍ക്ക് ഒരു സംശയം, ഇനി ഈ തള്ള പറഞ്ഞത് എങ്ങാനും ശരിയാണെങ്കിലോ? എന്തായാലും ഒന്നുനോക്കിക്കളയാം. ചുരുങ്ങിയ സമയംകൊണ്ട് ഈ വാര്‍ത്ത കാട്ടുതീ പോലെ ആ നാട്ടിലെങ്ങും പടര്‍ന്നു. കേട്ടവര്‍ കേട്ടവര്‍ അവിടെ ഓടിയെത്തി വല്യമ്മച്ചിയോട് കാര്യങ്ങള്‍ തിരക്കി. വളരെ അഭിമാനത്തോടെ തല ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വല്യമ്മച്ചി എല്ലാവരോടും പറഞ്ഞു, "ഇതാണ് പറഞ്ഞത് ദൈവത്തെ വിളിക്കേണ്ട പോലെ വിളിച്ചാല്‍ ദൈവം വിളിപ്പുറത്ത് വരുമെന്ന്. എന്തായാലും നാളെ പുലര്‍ച്ചെ നാലുമണിക്ക് ഞാന്‍ സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നത് കാണാന്‍ നിങ്ങളെല്ലാവരും ഉണ്ടാവണം കേട്ടോ...."

സമയം രാത്രിയായി,... പാതിരയായി. ആ നാട് അന്ന് ഉറങ്ങിയിട്ടില്ല എന്ന് പറയാം. നാട്ടുകാര്‍ എല്ലാം വല്യമ്മച്ചിയുടെ വീടിനു ചുറ്റും നിറഞ്ഞു കവിഞ്ഞു നില്‍ക്കുകയാണ്. മണിക്കൂറുകള്‍ ഓരോന്നായി കൊഴിഞ്ഞുപോയി. ഒട്ടും വിശ്വാസമില്ലെങ്കിലും ഇനി അഥവാ പറഞ്ഞതുപോലെ നടക്കുകയാണെങ്കിലോ?  ... ഇതാണ് എല്ലാവരുടേയും ഉള്ളില്‍. സമയം നാലുമണി ആകുന്നതോടെ എല്ലാവരുടേയും ആകാംക്ഷ വര്‍ദ്ധിച്ചു. എല്ലാവരുടേയും നോട്ടം മുകളിലേക്കാണ്.

അതാ പെട്ടെന്ന് ആകാശത്തുനിന്ന് ഒരു വെളുത്ത നിറം കാണുന്നു. എല്ലാവരും ആകാംക്ഷയോടെ സൂക്ഷിച്ചു നോക്കിക്കൊണ്ടേയിരുന്നു. അതെ, ശരി തന്നെ, അതൊരു വെളുത്ത ചരടാണ്‌. ആ ചരട് മെല്ലെ മെല്ലെ താഴോട്ടു ഇറങ്ങി വരുന്നു. എല്ലാവരും പരസ്പരം അത്ഭുതത്തോടെ നോക്കുന്നു.

കൃത്യം നാലുമണി ആയതോടെ ആ വെളുത്ത ചരട് ഭൂമിയില്‍ മുട്ടി. ഉടനെ വല്യമ്മച്ചി ഒരു അശരീരി കേട്ടു, "ഇനി സമയം കളയാതെ കണ്ണടച്ച് ആ ചരടില്‍ പിടിക്കുക...."

വല്യമ്മച്ചി സന്തോഷത്തോടെ എല്ലാവരോടും യാത്ര പറഞ്ഞ് കണ്ണടച്ച് ആ ചരടില്‍ പിടിച്ചു. ആ ചരട് മെല്ലെ മെല്ലെ മുകളിലേക്ക് ഉയരാന്‍ തുടങ്ങി. ഇത് കണ്ടപ്പോള്‍ മരുമകള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. ഉടനെ മരുമകളും ആ ചരടിന്റെ ഒരു അറ്റത്ത്‌ പിടിച്ചു. അതാ മരുമകളും പൊങ്ങാന്‍ തുടങ്ങി. ഇത് കണ്ടപ്പോള്‍ വല്ലമ്മച്ചിയുടെ മകന്‍ ഭാര്യയുടെ കാലില്‍ പിടിച്ചു. തുടര്‍ന്നു ഓരോരുത്തരായി ഓരോരുത്തരുടെ കാലില്‍ പിടിച്ചു തൂങ്ങി. പിടിച്ചവരെല്ലാം ഉയര്‍ന്നുകൊണ്ടേയിരുന്നു. അങ്ങനെ അവിടെ കൂടിയിരുന്ന നാട്ടുകാരെല്ലാം മുകളിലേക്ക് ഉയരാന്‍ തുടങ്ങി.

കുറച്ചു കഴിഞ്ഞപ്പോള്‍ എവിടെവരെ എത്തി എന്നറിയാന്‍ വല്യമ്മച്ചി  കണ്ണ് തുറന്നു നോക്കി. മുകളില്‍ ആകാശം മാത്രം കാണാം. പിന്നീട് താഴോട്ട് നോക്കി. അപ്പോള്‍ അതാ മരുമകളും മകനും നാട്ടുകാരും എല്ലാവരും തന്നോടൊപ്പം മുകളിലേക്ക് വരുന്നത് കണ്ടു. ഇത് കണ്ടപ്പോള്‍ വല്യമ്മച്ചിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. പ്രത്യേകിച്ച് മരുമകള്‍ കൂടെ വരുന്നത്.

വല്യമ്മച്ചി ആക്രോശിച്ചു, "എടീ, ഇത് എനിക്കുവേണ്ടി സ്വര്‍ഗ്ഗത്തില്‍ നിന്ന് ദൈവം ഇറക്കിതന്ന ചരടാണ്‌. എനിക്കുവേണ്ടി മാത്രം. അതില്‍ പിടിച്ച് അങ്ങനെ ചുളുവില്‍ സ്വര്‍ഗ്ഗത്തിലേക്ക് പോകാമെന്ന് നീ വിചാരിക്കണ്ട. ഇറങ്ങിപ്പോടീ..."  

ഇതും പറഞ്ഞ് വല്യമ്മച്ചി മരുമകളെ ആഞ്ഞൊരു ചവിട്ട്. അതോടെ വല്യമ്മച്ചിയും മരുമകളും കൂടെയുള്ളവരും എല്ലാംകൂടി ചരടില്‍ നിന്നും പിടിവിട്ട് താഴെ പതിച്ചു. അതോടെ എല്ലാം കഴിഞ്ഞു.

പോള്‍സണ്‍ പാവറട്ടി
00971 50 5490334

03 മാർച്ച് 2012

ആനപ്പുറത്തിരിക്കുന്ന പാപ്പാനും താഴെയുള്ള പട്ടിയും.


ആനപ്പുറത്തിരിക്കുന്ന പാപ്പാനും താഴെയുള്ള പട്ടിയും.
*************************************************************

"ആനപ്പുറത്തിരിക്കുന്ന പാപ്പാന് താഴെ നില്‍ക്കുന്ന പട്ടിയെ പേടിക്കേണ്ടതില്ല" എന്നൊരു ചൊല്ലുണ്ട്. എല്ലായ്പ്പോഴും അത് ശരിയായിക്കൊള്ളണമെന്നുണ്ടോ? നമുക്കുനോക്കാം.

ബിജുവിന്റെ വീടിന്റെ മുന്നിലുള്ള റോഡിലൂടെ ഒരു ആന നടന്നു പോകുന്നുണ്ടായിരുന്നു. ആനയെ കണ്ടപ്പോള്‍ റോഡരികില്‍ തന്റെ പറമ്പില്‍ നിന്നുകൊണ്ട് ബിജുവിന്റെ പട്ടി കുരക്കാന്‍ തുടങ്ങി. കുരക്കുന്ന പട്ടിയെ കണ്ടപ്പോള്‍ ആനപ്പുറത്തിരിക്കുന്ന പാപ്പാന് മുകളില്‍ പറഞ്ഞ ചൊല്ല് ഓര്‍മ്മ വന്നു, "ആനപ്പുറത്തിരിക്കുന്ന പാപ്പാന് താഴെ നില്‍ക്കുന്ന പട്ടിയെ പേടിക്കേണ്ടതില്ല". പാപ്പാന്‍‌ ഒരു രസത്തിന് താഴെ നിന്ന് കുരക്കുന്ന പട്ടിയെ പ്രകോപിപ്പിക്കാന്‍ തുടങ്ങി. തന്റെ കൈയ്യില്‍ ഇരിക്കുന്ന തോട്ടികൊണ്ട്‌ താഴെ നില്‍ക്കുന്ന പട്ടിക്ക് ഒരു കുത്ത് കൊടുത്തു. വേദനകൊണ്ട് പട്ടി മോങ്ങിക്കൊണ്ട് ഓടിപ്പോയി.

കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ബിജു തന്റെ വീടും പറമ്പും എല്ലാം വിറ്റ് മറ്റൊരിടത്ത് താമസമാക്കി. പട്ടിയേയും കൂടെ കൊണ്ടുപോകും എന്ന് പറയേണ്ടതില്ലല്ലോ.

ഒരു ദിവസം വീണ്ടും അതാ പണ്ടത്തെ ആനയും പാപ്പാനും ആ വഴി വരുന്നു. ബിജുവിന്റെ പട്ടി ആനയെ കണ്ടതോടെ കുരക്കാന്‍ തുടങ്ങി. ഇത്തവണ കുരക്കുന്ന പട്ടിയെ കണ്ടപ്പോള്‍ പാപ്പാന് മുകളില്‍ പറഞ്ഞ ചൊല്ല് ശരിയല്ല എന്ന് തോന്നാന്‍ തുടങ്ങുകയും പേടിച്ച് വിറച്ച് ഇരിക്കാനും തുടങ്ങി. കാരണം എന്താണെന്നല്ലേ, ഇപ്പോള്‍ ആന നടന്നു പോകുന്നത് ഒരു താഴ്ന്ന പ്രദേശത്തുകൂടിയാണ്. പട്ടി നില്‍ക്കുന്നതോ ആനയോളം ഉയരമുള്ള പറമ്പിലും. ഈ സമയം പപ്പാന്‍ പണ്ടത്തെപ്പോലെ പട്ടിയെ പ്രകോപിപ്പിക്കാന്‍ തുടങ്ങിയാല്‍ എന്താകും അവസ്ഥ എന്ന് പറയേണ്ടതില്ലല്ലോ? ഒറ്റച്ചാട്ടത്തിന് പാപ്പാന്റെ കഴുത്തില്‍ പിടിക്കും. ശരിയല്ലേ?

സ്നേഹിതരേ, ഈ കൊച്ചു കഥയില്‍ ഒരു സന്ദേശം ഒളിഞ്ഞിരിക്കുന്നുണ്ട്. പണത്തിന്റേയും പ്രതാപത്തിന്റേയും "ആനപ്പുറത്ത്" ഇരിക്കുന്നവര്‍ക്ക്  ഒരു തോന്നല്‍ ഉണ്ടാവാം, താന്‍ "ആനപ്പുറത്ത്" ഇരിക്കുന്നതുകൊണ്ട്‌ ആരേയും പേടിക്കേണ്ടതില്ല, ബഹുമാനിക്കേണ്ടതില്ല എന്നൊക്കെ. എന്നാല്‍ ഒന്നോര്‍ക്കണം, ഇന്നല്ലെങ്കില്‍ നാളെ താന്‍ ഇരിക്കുന്ന "ആന" താഴ്ന്ന പ്രദേശത്തുകൂടി നടക്കാന്‍ ഇടവന്നേക്കാം. അന്നേരം മുന്‍പ് തന്നേക്കാള്‍ താഴെ ആയിരുന്നവര്‍ പലരും തന്നേക്കാള്‍ ഉയരത്തിലായിരിക്കും.

എന്നും എല്ലാവരും ഒരേ അവസ്ഥയില്‍ ആയിരിക്കില്ല. ഈയൊരു ചിന്ത എല്ലാവര്‍ക്കും ഉണ്ടായിരുന്നെങ്കില്‍ ഈ ലോകം എത്ര സുന്ദരമായേനെ, അല്ലെ?

എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു.

പോള്‍സണ്‍ പാവറട്ടി
00971 50 5490334

പാവറട്ടി ഔസേപ്പുണ്യാളനും ഭക്തന്‍ അന്തോണിയും !!


പാവറട്ടി ഔസേപ്പുണ്യാളനും ഭക്തന്‍ അന്തോണിയും !!
***********************************************************************

പാവറട്ടി യൌസേപ്പിതാവിന്റെ ഒരു ഭക്തനാണ് അന്തോണി ചേട്ടന്‍.. ഭക്തിയുടെ ശക്തി കണ്ട് നാട്ടുകാര്‍ അദ്ദേഹത്തെ വിളിക്കുന്നത്‌ ഭക്തന്‍ അന്തോണി എന്നാണ്.

പുണ്യാളന്റെ തിരുസ്വരൂപതിന്റെ മുന്നില്‍ നിന്ന് ഭക്തന്‍ അന്തോണി എന്നും ഇങ്ങനെ പ്രാര്‍ഥിക്കും, "എന്റെ പാവറട്ടി ഔസേപ്പുണ്യാളോ, ഇമ്മടെ കാര്യങ്ങളൊക്കെ നോക്കണം ട്ടാ. എനിക്ക് പറയാനുള്ളത് പറഞ്ഞു. ഇനിയുള്ള കാര്യങ്ങള്‍ പുണ്യാളന്‍ തന്നെ നോക്കിക്കോ..."

അങ്ങനെ വലിയ തട്ടലും മുട്ടലും ഒന്നും ഇല്ലാതെ അന്തോണി ചേട്ടനും കുടുംബവും കഴിഞ്ഞു പോരുകയായിരുന്നു. ആയിടക്ക്‌ അന്നാട്ടിലെ അത്ര വലിയ വിശ്വാസിയൊന്നുമല്ലാത്ത വര്‍ഗ്ഗീസ് മാപ്പിളക്ക് കേരളാ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചു. ഭക്തന്‍ അന്തോണിക്ക് ഇത് കേട്ട് സഹിക്കാന്‍ കഴിഞ്ഞില്ല. ഭക്തന്‍ അന്തോണി നേരെ പുണ്യാളന്റെ സന്നിധിയില്‍ എത്തി പരാതിപ്പെടാന്‍ തുടങ്ങി:

"എന്നാലും എന്റെ പാവറട്ടി ഔസേപ്പുണ്യാളോ, ഇതല്‍പ്പം കടന്ന കൈയ്യാണ് ട്ടാ. കടമുള്ള ഞായറാഴ്ച ദിവസങ്ങളില്‍ പോലും നേരെചൊവ്വേ പള്ളിയില്‍ വരാത്ത വര്‍ഗ്ഗീസ് മാപ്പിളക്ക് ഭാഗ്യക്കുറിയുടെ സമ്മാനം കൊടുത്തു. അതും ഒന്നാം സമ്മാനം തന്നെ. എന്നാല്‍ എന്നും മുടങ്ങാതെ പള്ളിയില്‍ വരികയും ഉത്തമ കത്തോലിക്കനായി ജീവിക്കുകയും ചെയ്യുന്ന എനിക്ക് ഇന്നേവരെ ഒരു ചെറിയ സമ്മാനമെങ്കിലും തന്നിട്ടുണ്ടോ? ... അതുകൊണ്ട് അടുത്ത മാസത്തെ കേരളാ ഭാഗ്യക്കുറിയുടെ സമ്മാനം എനിക്ക് തരണം. മറക്കരുത്...."

മാസങ്ങള്‍ ഒന്നും രണ്ടും കഴിഞ്ഞു. ഭക്തന്‍ അന്തോണിക്ക് സമ്മാനം ഒന്നും കിട്ടിയില്ല. സഹികെട്ട് ഭക്തന്‍ അന്തോണി പാവറട്ടി ഔസേപ്പുണ്യാളന്റെ സന്നിധിയില്‍ എത്തി ഇങ്ങനെ ആവലാതിപ്പെടാന്‍ തുടങ്ങി:

"എന്റെ പാവറട്ടി ഔസേപ്പുണ്യാളോ, നാള് കുറേ ആയി ഈയുള്ളോന്‍ ഒരു ചെറിയ കാര്യം ആവശ്യപ്പെട്ടിട്ട്. എന്നിട്ട് അതുപോലും ചെയ്തു തരാന്‍ പറ്റാത്ത ഈ പുണ്യാളന്‍ ആള് ശരിയല്ല. ലില്ലിപ്പൂവിന്റെ തണ്ടും കൈപിടിച്ച് അവിടെ നിന്നോ. ഇതിലും ഭേദം ...."

ഇത്രയും പറഞ്ഞു തീര്‍ന്നതോടെ യൌസേപ്പിതാവിന്റെ തിരുസ്വരൂപം ചെറുതായി ഇളകുന്നതായി ഭക്തന്‍ അന്തോണിക്ക് തോന്നി. ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോള്‍ അതാ കാണുന്നു യൌസേപ്പിതാവിന്റെ ആ തിരുസ്വരൂപം ജീവനുള്ളതായി മാറി. ഉടനെ ഭക്തന്‍ അന്തോണിയുടെ മുന്നില്‍ വന്നു നില്‍പ്പായി. ഇത് കണ്ട് ഭക്തന്‍ അന്തോണിയുടെ കണ്ണ് തള്ളിപ്പോയി.

യൌസേപ്പിതാവ് അന്തോണിയോട്‌ : മകനേ അന്തോണി, നിനക്ക് ഭാഗ്യക്കുറിയുടെ സമ്മാനം വേണം അല്ലേ? എങ്കില്‍ കൈ നീട്ടൂ.

ഭക്തന്‍ അന്തോണി യാന്ത്രികമായി കൈ നീട്ടി. യൌസേപ്പിതാവ് തന്‍റെ കൈയ്യില്‍ പിടിച്ചിരിക്കുന്ന ലില്ലിച്ചെടിയുടെ തണ്ടുകൊണ്ട് ആഞ്ഞൊരു അടി വച്ചുകൊടുത്തു. എന്റമ്മോ എന്ന് നിലവിളിച്ച് ഭക്തന്‍ അന്തോണി ചുറ്റും നോക്കി.

യൌസേപ്പിതാവ്: നീ ആദ്യം പോയി ലോട്ടറി ടിക്കറ്റ്‌ എടുക്ക്. എന്നിട്ട് വന്ന് പ്രാര്‍ഥിക്ക്. അപ്പോള്‍ ആലോചിക്കാം ബാക്കി കാര്യങ്ങള്‍ ...

അപ്പോഴാണ്‌ ഭക്തന്‍ അന്തോണിക്ക് ബോധ്യമായത് ലോട്ടറി ടിക്കറ്റ്‌ എടുക്കാതെയാണ് താന്‍ ഇത്രനാളും പ്രാര്‍ഥിക്കുകയും പരാതിപ്പെടുകയും ചെയ്തിരുന്നത് എന്ന്.

സ്നേഹിതരേ, ഇത് കേവലം ഒരു സാങ്കല്‍പ്പിക കഥ മാത്രമാണ്. സത്യത്തില്‍ നമ്മളില്‍ പലരും ഈ "ഭക്തന്‍ അന്തോണിയെ" പ്പോലെയല്ലേ? നാം ചെയ്യേണ്ട കര്‍മ്മം ചെയ്യാതെ ദൈവം തന്നില്ല ദൈവം തന്നില്ല എന്ന് പരാതിപ്പെടുന്നവരല്ലേ? ആയതിനാല്‍ നാം ചെയ്യേണ്ടത് നാം ചെയ്യുക. ദൈവത്തിന്റെ കാര്യം ദൈവത്തിനു വിട്ടുകൊടുക്കുക.

പോള്‍സണ്‍ പാവറട്ടി
00971 50 5490334

02 മാർച്ച് 2012

മെഴുക് മാധവന്‍ !!


മെഴുക് മാധവന്‍ !!
************************

മീശ മാധവനെ അറിയാമല്ലോ അല്ലേ? മീശ മാധവന്‍റെ വകയിലെ ഒരു അമ്മാവന്‍റെ മകനായിട്ടു വരും ഈ മെഴുക് മാധവന്‍...

ഇദ്ദേഹത്തിന് “ മെഴുക് മാധവന്‍"  " എന്ന പേര് വന്നത് എങ്ങനെ എന്ന് അറിയണ്ടേ? അത് മറ്റൊന്നുമല്ല, മറ്റുള്ളവരുടെ കാര്യത്തില്‍ മെഴുകുപോലെ ഉരുകുന്ന മനസ്സിന്‍റെ ഒരു ഉടമയാണ് ഇദ്ദേഹം. അതുകൊണ്ട് കൂട്ടുകാര്‍ ഇദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്ത ഒരു ഓമനപ്പേരാണ് മെഴുക് മാധവന്‍..

ആര്‍ക്കെങ്കിലും എന്തെങ്കിലും ഒരു പ്രശ്നമുണ്ടെന്ന് മാധവന്‍ അറിഞ്ഞാല്‍ പിന്നീട് അത് പരിഹരിക്കാതെ അദ്ദേഹത്തിന് ഉറക്കം വരില്ല. പ്രശ്നത്തിന്‍റെ ഗൌരവം എന്താണെന്നൊന്നും മാധവന്‍ നോക്കാറില്ല. അതുകൊണ്ടുതന്നെ പല പുലിവാലും മാധവന്‍ പിടിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും മാധവന്‍ കാര്യമാക്കാറില്ല.

മെഴുക് മാധവന്‍ പിടിച്ച ഒരു പുലിവാലിനെക്കുറിച്ച് ഇവിടെ പങ്കുവെക്കാം.

മാധവന്‍റെ ഒരു സുഹൃത്ത്‌ രാജന്‍ ബാബു ദുബായില്‍ ഒരു ബിസിനസ്‌ നടത്തി വരികയായിരുന്നു. ആഗോള സാമ്പത്തിക മാന്ദ്യം വന്നതോടെ അദ്ദേഹത്തിന്‍റെ ബിസിനസ്‌ ആകെ ആടിയുലഞ്ഞു. ലക്ഷക്കണക്കിന് ദിര്‍ഹംസ് മാര്‍ക്കറ്റില്‍നിന്നും പിരിഞ്ഞു കിട്ടാനുള്ളതില്‍ പലതും കിട്ടാതായി. എന്നാല്‍ കൊടുക്കാനുള്ളവര്‍ക്ക് കൊടുക്കാതിരിക്കാനും കഴിയില്ല. ഒടുവില്‍ വട്ടിപ്പലിശക്കാരന് കൊടുക്കാനുള്ള തവണകള്‍ പലതും മുടങ്ങിയതോടെ അയാള്‍ രാജന്‍ ബാബുവിന്‍റെ പേരില്‍ കേസ് കൊടുത്തു. രാജന്‍ ബാബു ജയിലിലായി.

ഇക്കാര്യം അറിഞ്ഞ മാധവന്‍ ഉടനെ വട്ടിപ്പലിശക്കാരനെ ചെന്നുകണ്ട് എന്തെങ്കിലും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയുമോ എന്ന് യാചിച്ചു നോക്കി. മാധവന്‍ ഒരു ബ്ലാങ്ക് ചെക്ക് കൊടുക്കുകയാണെങ്കില്‍ രാജന്‍ ബാബുവിനെ ഇറക്കാം എന്ന് അയാള്‍ പറഞ്ഞു. മാധവന്‍ അതിനു സമ്മതിച്ചു.

ഇതറിഞ്ഞ പലരും മാധവനെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം തന്‍റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. ചെയ്യാത്ത തെറ്റിന് ഒരാള്‍ ജയിലില്‍ കിടക്കുന്നതറിഞ്ഞ് തനിക്ക്‌ എങ്ങനെ ഉറങ്ങാന്‍ കഴിയും എന്നാണ് മാധവന്‍റെ ചോദ്യം.

അങ്ങനെ മെഴുക് മാധവന്‍റെ കാരുണ്യത്താല്‍ രാജന്‍ ബാബു ജയിലില്‍ നിന്നും മോചിതനായി. പക്ഷേ അതുകൊണ്ടൊന്നും കാര്യങ്ങള്‍ തീര്‍ന്നില്ല.  ബിസിനസ്‌ ആകെ താറുമാറായി. ഉദ്ദേശിച്ചപോലെ വട്ടിപ്പലിശക്കാരന്റെ കടം വീട്ടാന്‍ കഴിഞ്ഞില്ല. ഒടുവില്‍ വട്ടിപ്പലിശക്കാരന്‍ മെഴുക് മാധവനെ വിളിച്ച് കാര്യം പറഞ്ഞു, "ഏറിയാല്‍ ഒരാഴ്ചത്തെ അവധി തരാം. അതിനുള്ളില്‍ തന്‍റെ പണം മുഴുവന്‍ കിട്ടിയില്ലെങ്കില്‍ ജാമ്യം നിന്ന മാധവനെ അകത്താക്കും".

പറഞ്ഞതുപോലെത്തന്നെ സംഭവിച്ചു. നില്‍ക്കക്കള്ളിയില്ലാതായപ്പോള്‍ രാജന്‍ ബാബു മുങ്ങി.  മെഴുകുമാധവന്‍ ജയിലിലായി.  കേട്ടവരെല്ലാം മൂക്കത്ത് വിരല്‍വെച്ചു. ചിലര്‍ മെഴുകുമാധവനോട് സഹതാപം കാണിച്ചു. എന്നാല്‍ മറ്റു ചിലരാകട്ടെ മെഴുകുമാധവനെ മണ്ടന്‍, മരമണ്ടന്‍ എന്നൊക്കെ വിളിച്ച് ആക്ഷേപിച്ചു. സഹായിക്കാന്‍ മാത്രം ആരേയും കണ്ടില്ല.

ഇക്കാര്യം വിശദമായി ഞാന്‍ എന്‍റെ സ്പോണ്‍സര്‍ അറബിയോട് പറഞ്ഞു. നല്ലൊരു മനസ്സിന്‍റെ ഉടമയും പോലീസില്‍ ഉയര്‍ന്ന ഓഫീസറും ആയ അദ്ദേഹം സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന മെഴുകുമാധവന്റെ ഈ അവസ്ഥയെക്കുറിച്ച് കേട്ടപ്പോള്‍ വളരെ ദുഖിതനായി. അദ്ദേഹം ഉടനെ പോലീസ് മേധാവികളെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുകയും മെഴുക് മാധവനെ പുറത്തിറങ്ങാന്‍ സഹായിക്കുകയും ചെയ്തു. മാത്രമല്ല വട്ടിപ്പലിശക്കാരനെ അകത്താക്കുകയും ചെയ്തു. ദുബായില്‍ വട്ടിപ്പലിശ ബിസിനസ്‌ നിയമവിരുദ്ധമാണല്ലോ.

ജയിലില്‍ നിന്നും പുറത്തിറങ്ങിയ മെഴുകുമാധവനെ അറബി തന്‍റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ഇത്രയുംകാലം ചെയ്തുകൂട്ടിയ  നല്ല കാര്യങ്ങള്‍ക്ക് പാരിതോഷികമായി വലിയൊരു സംഖ്യ - (ഒരു ലക്ഷം ദിര്‍ഹംസ് - നാട്ടിലെ 13 ലക്ഷം രൂപയോള ം)- കൊടുക്കുകയും ചെയ്തു. ഇനി മുതല്‍ എന്ത് ആവശ്യം വന്നാലും തന്നെ വന്നുകാണണം എന്നു പറഞ്ഞാണ് അവര്‍ പിരിഞ്ഞത്.

അതോടെ മെഴുക് മാധവന്‍ സീറോയില്‍ നിന്നും ഹീറോ ആയി മാറി.

മെഴുക് മാധവന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

പോള്‍സണ്‍ പാവറട്ടി

00971 50 5490334

01 മാർച്ച് 2012

പൂജക്ക്‌ മുന്‍പ് പൂച്ചയെ കെട്ടിയിടണം!


പൂജക്ക്‌ മുന്‍പ് പൂച്ചയെ കെട്ടിയിടണം!
***************************************

ഒരിടത്തൊരിടത്ത് ഒരു പൂജാരിയുണ്ടായിരുന്നു. തന്റെ വീട്ടില്‍ ഒരു കാരണവശാലും പൂജ മുടങ്ങരുത്‌ എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍ പൂജ തുടങ്ങി കുറച്ചു കഴിയുമ്പോഴേക്കും വീട്ടിലെ കള്ളിപ്പൂച്ച പൂജ മുടക്കും. അത് എങ്ങനെയാണെന്നല്ലേ, പറയാം.

പൂജാരി പൂജയ്ക്കായി നെയ്യ്, പാല്‍, പഴം തുടങ്ങിയവയൊക്കെയാണ്  തയ്യാറാക്കി വയ്ക്കുക. ഭക്തിയുടെ നിറവില്‍ പൂജാരി കണ്ണുമടച്ച് മണി കിലുക്കുന്ന തക്കംനോക്കി കള്ളിപ്പൂച്ച പൂജാമുറിയില്‍ കടന്ന് നെയ്യും പാലും ഒക്കെ അകത്താക്കും.ഇതുകണ്ട് പൂജാരി കള്ളിപ്പൂച്ചയെ ഓടിപ്പിക്കാന്‍ ബഹളം കൂട്ടും. അതോടെ അന്നത്തെ പൂജ മുടങ്ങും.

കള്ളിപ്പൂച്ചയുടെ ഈ ശല്യം എന്നും തുടര്‍ന്നപ്പോള്‍ ഒരു ദിവസം പൂജാരി തന്റെ മകനെ വിളിച്ച് പറഞ്ഞു: ഈ പൂച്ചയെ കൊണ്ടുപോയി പുളിമരത്തില്‍ കെട്ടിയിടൂ. ഇനി എന്നും പൂജക്കുമുന്പ് പൂച്ചയെ പുളിമരത്തില്‍ കെട്ടിയിടണം. എങ്കിലേ പൂജ ഫലപ്രദമാകയുള്ളൂ.

അച്ഛന്റെ വാക്ക് കേട്ട് മകന്‍ എന്നും പൂജക്ക്‌ മുന്പ് പൂച്ചയെ പുളിമരത്തില്‍ കെട്ടിയിടുക പതിവാക്കി. ഒരു പൂച്ച ചത്താലും പിന്നെയും കാണും വീട്ടില്‍ വേറെ പൂച്ച.

നാളുകള്‍ പലതുകഴിഞ്ഞു. അച്ഛന്‍ പൂജാരിക്ക് വയസ്സായി. പൂജ ചെയ്യാനുള്ള ആരോഗ്യം ഇല്ലാതായി. മകന്‍ അച്ഛന്റെ ആ കര്‍മ്മം ഏറ്റെടുത്ത് സ്വയം ചെയ്യാന്‍ തുടങ്ങി. അപ്പോഴും പൂജക്ക്‌ മുന്‍പ് പൂച്ചയെ പുളിമരത്തില്‍ കെട്ടിയിടാന്‍ മകന്‍ മറക്കാറില്ല.

അച്ഛന്‍ പൂജാരിയുടെ കാലശേഷം കുറച്ചു കഴിഞ്ഞപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്ന അവസാനത്തെ പൂച്ചയും ചത്തു. മകന്‍ പൂജാരിക്ക് ആകെ വിഷമമായി. ഇനി പൂജ എങ്ങനെ നടത്തും? ഇതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അങ്ങനെ, അദ്ദേഹം അടുത്തുള്ള വീട്ടില്‍ പോയി അവിടത്തെ പൂച്ചയെ കുറച്ചുനേരത്തേക്ക് ഒന്ന് തരാമോ എന്ന് ചോദിച്ചു. പൂച്ചയെ എന്തിനാണെന്ന് അവര്‍ ചോദിച്ചപ്പോള്‍ മകന്‍ പൂജാരി പറഞ്ഞു: പൂജ നടത്താനാണ്. പൂജക്ക്‌ മുന്‍പ് പൂച്ചയെ പുളിമരത്തില്‍ കെട്ടിയിടുന്ന ഒരു ചടങ്ങുണ്ട്. എങ്കിലേ പൂജ ഫലപ്രദമാകുകയുള്ളൂ എന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. ഇത്രയും കാലം അത് തെറ്റാതെ ചെയ്തുപോന്നിട്ടുണ്ട്. അതുകൊണ്ട്.....പ്ലീസ്...

ഇതുകേട്ടപ്പോള്‍ അയല്‍വാസിക്ക്‌  ചിരി അടക്കാനായില്ലെങ്കിലും തല്‍ക്കാലം അത് പുറത്തുകാണിക്കാതെ തന്റെ പൂച്ചയെ പൂജ നടത്താന്‍ പൂജാരിക്ക് കൊടുത്തു.

സ്നേഹിതരേ, നമ്മളില്‍ പലരും ഈ മകന്‍ പൂജാരിയെപ്പോലെയല്ലേ പലപ്പോഴും ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും എല്ലാം? നമ്മുടെ മുന്‍തലമുറക്കാര്‍ പറഞ്ഞതും പ്രവര്‍ത്തിച്ചതുമായ പല കാര്യങ്ങളും അതേപടി നമ്മള്‍ ആവര്‍ത്തിക്കുന്നു. അതിലെ ന്യായാന്യായങ്ങള്‍ ഒന്നും ചിന്തിക്കുന്നേയില്ല. എന്തിനാണ് "അത്" ചെയ്യുന്നത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ വാ പൊളിച്ചു നില്‍ക്കാനല്ലാതെ വ്യക്തവും യുക്തവുമായ ഒരു മറുപടി കൊടുക്കാന്‍ പലര്‍ക്കും കഴിയാറില്ല എന്നതല്ലേ സത്യം? "എല്ലാവരും ചെയ്യുന്നു, അതുകൊണ്ട് ഞാനും ചെയ്യുന്നു" പലരുടേയും ഉത്തരം ഇങ്ങനെയായിരിക്കും.

ആയതിനാല്‍ ഇനിമുതല്‍ക്കെങ്കിലും നമ്മുടെ ചിന്തകളുടേയും പ്രവര്‍ത്തികളുടേയും സത്യം കണ്ടെത്തി അതിനനുസൃതം മുന്നോട്ടുപോകാന്‍ ശ്രമിക്കാം.

ഏവര്‍ക്കും നന്മകള്‍ നേരുന്നു.

പോള്‍സണ്‍ പാവറട്ടി    

29 ഫെബ്രുവരി 2012

റോസാ ചേട്ടത്തിയും കാവല്‍ മാലാഖയും പിന്നെ ചെകുത്താനും!


റോസാ ചേട്ടത്തിയും കാവല്‍ മാലാഖയും പിന്നെ ചെകുത്താനും!
*****************************************************************

ഒത്തിരി വര്‍ഷങ്ങള്‍ക്കുമുന്‍പ് കേട്ടുമറന്ന ഒരു സംഭവമാണ് ഇവിടെ കുറിക്കാന്‍ പോകുന്നത്.

തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍ പള്ളിയില്‍ ചെകുത്താനെ (പിശാചിനെ) കുന്തംകൊണ്ട് കുത്തിനില്‍ക്കുന്ന വിശുദ്ധ റാഫേല്‍ മാലാഖയുടെ രൂപം പലരും കണ്ടിരിക്കും. കാവല്‍ മാലാഖയായ വിശുദ്ധ റാഫേലിനെ ഭക്തജനങ്ങള്‍ തൊട്ടുമുത്തി വണങ്ങുക പതിവാണ്.

ഒരുദിവസം പതിവുപോലെ റോസാ ചേട്ടത്തി കുര്‍ബാനയെല്ലാം കഴിഞ്ഞ് സകല പുണ്യവാന്മാരുടേയും പുണ്യവതികളുടേയും രൂപങ്ങള്‍ ഒന്നൊന്നായി തൊട്ടുമുത്തി ഒടുവില്‍ റാഫേല്‍ മാലാഖയുടെ രൂപത്തിന്റെ അരികിലെത്തി. അല്‍പനേരം കണ്ണടച്ചു പ്രാര്‍ഥിച്ചതിനുശേഷം റോസാ ചേട്ടത്തി ആ രൂപത്തില്‍ തൊട്ടുമുത്തി. എന്നാല്‍ തൊട്ടുമുത്തിയത് മാലാഖക്കുപകരം ചെകുത്താനെയായിരുന്നു.

ഇത് കണ്ടുനിന്ന പള്ളിയിലെ കൊച്ചച്ചന്‍ റോസാ ചേട്ടത്തിയോട് പറഞ്ഞു: അമ്മച്ചീ, അമ്മച്ചി ഇപ്പോള്‍ തൊട്ടുമുത്തിയത് ആരെയാണെന്ന് അറിയാമോ?

റോസാ ചേട്ടത്തി: എനിക്ക് കണ്ണിനു കാഴ്ചയൊന്നും നഷ്ടമായിട്ടില്ല എന്റച്ചോ.   

കൊച്ചച്ചന്‍: എന്നിട്ടാണോ മാലാഖക്കു പകരം ചെകുത്താനെ അമ്മച്ചി മുത്തിയത്?

റോസാ ചേട്ടത്തി: (ഗൌരവം വിടാതെത്തന്നെ) അച്ചന്‍ കണ്ടത് ശരിതന്നെയാണ്. ഞാന്‍ മുത്തിയത് ഈ ചെകുത്താനെതന്നെയാണ്.

കൊച്ചച്ചന്‍: (അത്ഭുതത്തോടെ) എന്താ അമ്മച്ചി പറയുന്നേ? ചെകുത്താനെ ആരെങ്കിലും മുത്തുമോ?

റോസാ ചേട്ടത്തി: (അല്പം പരിഭവത്തോടെ) എന്റച്ചോ, ഇത്രയുംകാലം ഞാന്‍ ഈ മാലാഖയെതന്നെയാണ് മുത്തിയത്. എന്നിട്ട് എന്താ കാര്യം? മാലാഖ ഈ കുന്തവും പിടിച്ച് ഒരേ നില്‍പ്പാണ്. മാലാഖക്ക് എന്റെ കാര്യത്തേക്കാള്‍ ഈ ചെകുത്താന്റെ കാര്യമാണ് വലുത് എന്ന് മനസ്സിലായി. അതുകൊണ്ട്, ഇനിമുതല്‍ മാലാഖയെ മാറ്റി ഈ ചെകുത്താനെ ഒന്ന് മുത്തി നോക്കട്ടെ. ആരെക്കൊണ്ടാണ്‌ ഗുണം ഉണ്ടാവുക എന്ന് പറയാന്‍ കഴിയില്ലല്ലോ? ആരേയും പിണക്കാന്‍ കഴിയില്ലല്ലോ.

ഇതുകേട്ട് കൊച്ചച്ചന്‍ ചിരിയടക്കാനാവാതെ അവിടെ നിന്നും സ്ഥലംവിട്ടു.

സ്നേഹിതരേ, ഇന്ന് നമ്മളില്‍ പലരും ഈ റോസാ ചേട്ടത്തിയെപ്പോലെയല്ലേ? പുറമേക്ക് വലിയ ദൈവവിശ്വാസിയാണെന്ന് പറയുമ്പോഴും കാര്യസാധ്യത്തിനായി ഏതു ചെകുത്താനേയും കൂട്ടുപിടിക്കുന്ന ഒരു പ്രവണത നമ്മളില്‍ ഇല്ലേ?

ഇക്കാര്യം മനസ്സിലാക്കിത്തരാന്‍വേണ്ടി മാത്രമാണ് ഈ റോസാ ചേട്ടത്തിയുടെ കഥ എഴുതിയത്.

പോള്‍സണ്‍ പാവറട്ടി
 

ക്ഷമിക്കുന്ന സ്നേഹം!


ക്ഷമിക്കുന്ന സ്നേഹം!
***************************
ദുബായിലെ ഒരു കമ്പനിയുടെ നേടുംതൂണാണ് ബിനോയ്‌. പറയത്തക്ക വലിയ വിദ്യാഭ്യാസ യോഗ്യതയോന്നുമില്ലെങ്കിലും ആ കമ്പനിയിലെ ഏതൊരു കാര്യവും ബിനോയ്‌ മുഖേനയല്ലാതെ നടക്കില്ല. ബിനോയിയേക്കാള്‍ പഠിപ്പും വിവരവും ഉള്ളവര്‍ പലരും കമ്പനിയില്‍  ഉണ്ടെങ്കിലും കാര്യം നടക്കണമെങ്കില്‍ ഒടുവില്‍ ബിനോയ്‌ തന്നെ വേണം "യെസ്" പറയാന്‍. ചുരുക്കത്തില്‍ ബിനോയ്‌ ഇല്ലെങ്കില്‍ കമ്പനി ഇല്ല.  ഇതാണ് അവസ്ഥ.

ഒരിക്കല്‍ മാനേജ്‌മന്റ്‌ ഒരു തൊഴിലാളിയെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. ആ തൊഴിലാളിയുടെ തെറ്റുകൊണ്ടുതന്നെയാണ് അങ്ങനെ സംഭവിച്ചത് എന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല. മാനേജ്‌മന്റ്‌ ഇക്കാര്യം ബിനോയിയോട് സംസാരിച്ചു. ആ തൊഴിലാളിയുടെ വീട്ടിലെ അവസ്ഥ ബിനോയിക്ക് നല്ലതുപോലെ അറിയാവുന്നതുകൊണ്ട്‌ ആ തൊഴിലാളിയെ പിരിച്ചുവിടാതെ തല്‍ക്കാലം ഒരു വാണിംഗ് ലെറ്റര്‍ കൊടുത്താല്‍ പോരേ എന്ന് ബിനോയ്‌ ചോദിച്ചു. പക്ഷേ മാനേജ്‌മന്റ്‌ അതിനു തയ്യാറില്ലായിരുന്നു.

ബിനോയിയുടെ വാക്ക് അവര്‍ കേള്‍ക്കുന്നില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ ബിനോയ്‌ പറഞ്ഞു: അങ്ങനെയാണെങ്കില്‍ എന്നേയുംകൂടി ഒഴിവാക്കിയേക്കൂ. മനുഷ്യത്വപരമായി അദ്ദേഹത്തോട്  നിങ്ങള്‍ക്ക് സമീപിക്കാന്‍ കഴിയില്ലെങ്കില്‍ ഈ കമ്പനിയില്‍ ജോലിയില്‍ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

മാനേജ്‌മന്റ്‌ ബിനോയിയില്‍ നിന്നും ഈ പ്രതികരണം ഒരിക്കലും പ്രതീക്ഷിച്ചില്ല. "മധുരിച്ചിട്ട് തുപ്പാനും വയ്യ, കയ്ച്ചിട്ട് ഇറക്കാനും വയ്യ" എന്നു പറഞ്ഞതുപോലെയായി മാനേജ്‌മന്റ്‌. ഒടുവില്‍ ബിനോയിയുടെ വാക്ക് അവര്‍ എടുക്കാന്‍ തീരുമാനിച്ചു. അങ്ങനെ ആ തൊഴിലാളി തല്‍ക്കാലം രക്ഷപ്പെട്ടു.

ബിനോയ്‌ ആ തൊഴിലാളിക്കുവേണ്ടി സംസാരിച്ച കാര്യമെല്ലാം മാനേജ്‌മന്റ്‌ ആ തൊഴിലാളിയെ അറിയിച്ചു. ഒരുതരത്തില്‍ ബിനോയിയുടെ ദാനമാണ് തന്റെ ഇപ്പോഴത്തെ ജോലി എന്നും പറഞ്ഞു മനസ്സിലാക്കി കൊടുത്തു.  അപ്പോഴാണ്‌ അദ്ദേഹത്തിന്റെ കണ്ണ് തുറന്നത്. ചെയ്തുപോയ തെറ്റുകള്‍ പൊറുക്കണമെന്നും മേലില്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം മാനേജ്‌മന്റ്‌നോട് സത്യം ചെയ്തു.

തുടര്‍ന്ന് ആ കമ്പനിയിലെ ഏറ്റവും മിടുക്കനായ ഒരു തൊഴിലാളിയായി മാറി അദ്ദേഹം.

ഏതു ക്രിമിനലിനേയും  സ്നേഹംകൊണ്ട് തിരുത്താം എന്ന ഒരു സന്ദേശമാണ് ബിനോയ്‌ നമുക്ക്  ഇവിടെ നല്‍കുന്നത്.

പോള്‍സണ്‍ പാവറട്ടി

27 ഫെബ്രുവരി 2012

ഇക്കര നില്‍ക്കുമ്പോള്‍ അക്കരപ്പച്ച !


ഇക്കര നില്‍ക്കുമ്പോള്‍ അക്കരപ്പച്ച !

*******************************************

ജോലിയുള്ള വിസയിലാണ് മഹേഷ്‌ ദുബായ് എന്ന സ്വപ്നഭൂമിയില്‍ വന്നിറങ്ങിയത്. ദുബായില്‍ എത്തിയ അടുത്ത ദിവസം തന്നെ മഹേഷ്‌ ജോലിയില്‍ പ്രവേശിച്ചു. താമസ സൌകര്യവും കമ്പനി കൊടുത്തിട്ടുണ്ട്‌. ഒരു റൂമില്‍ ഒരാള്‍ മാത്രം. നല്ല സൌകര്യവും വൃത്തിയും വെടിപ്പും ഉള്ള റൂം ആയിരുന്നു അത്.

കമ്പനി കൊടുക്കുന്ന ശമ്പളത്തില്‍ നിന്ന് റൂമിന്റെ വാടക തിരികെ പിടിക്കും. അതാണ്‌ വ്യവസ്ഥ. വാടക അല്പം കൂടുതലാണ് എന്നതില്‍ സംശയമില്ല. എന്നാലും എല്ലാ ജോലിക്കാരും കഴിയുന്നതും അവിടെത്തന്നെയാണ് കഴിഞ്ഞുകൂടാന്‍ ഇഷ്ടപ്പെടുന്നത്. വെളിയില്‍ ആര്‍ക്കെങ്കിലും താമസിക്കണമെങ്കില്‍ അതിനും അനുവാദം ഉണ്ട്. അപ്പോള്‍ വാടക തിരികെ പിടിക്കില്ല.

ഒന്നുരണ്ടു മാസം കഴിഞ്ഞപ്പോള്‍ മഹേഷിനു തോന്നി എന്തിനാ ഇത്രയും സംഖ്യ വാടകക്കായി നഷ്ടപ്പെടുത്തുന്നത്? വെളിയില്‍ ആണെങ്കില്‍ കുറച്ചുകൂടി കുറവില്‍ താമസ സൗകര്യം കിട്ടും. മാത്രമല്ല ഒന്നില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ അത്രയും കുറച്ചല്ലേ വാടക വരികയുള്ളൂ.

അങ്ങനെ മഹേഷ്‌ പുതിയ താമസ സ്ഥലത്തേക്ക് മാറി. അവിടെ നാലുപേര്‍ ഉണ്ട്. വളരെ ചെറിയൊരു റൂം. കമ്പനി റൂമിന്റെ അത്ര വൃത്തിയും വെടിപ്പും ഇല്ല. മഹേഷ്‌ ആകെ അസ്വസ്ഥനായി. അധികം താമസിയാതെ അവിടെനിന്നും താമസം മാറി.

പിന്നീട് ചെന്നുപെട്ട റൂം വിശാലവും സൌകര്യവും ഒക്കെയുള്ളതായിരുന്നു. ഒറ്റനോട്ടത്തില്‍ മഹേഷിന് ആ റൂം ഇഷ്ടപ്പെട്ടു, താമസം തുടങ്ങി. വ്യാഴാഴ്ച രാത്രി ആയപ്പോള്‍ വെളിയില്‍ നിന്നും ഏതാനും പേര്‍ റൂമില്‍ ഗസ്റ്റ് ആയി വന്നു. അവിടെ താമസിച്ചിരുന്നവരുടെ കൂട്ടുകാരാണ് അവര്‍. പിന്നീട് അവിടെ ആഘോഷമായിരുന്നു. കള്ളുകുടിയും പാട്ടും കൂത്തും, നേരം വെളുക്കോളം.  മഹേഷിന് അത് സഹിക്കാന്‍ കഴിഞ്ഞില്ല. തന്റെ അനിഷ്ടം കൂടെ താമസിക്കുന്നവരെ അറിയിച്ചു. അവര്‍ പറഞ്ഞു: ഇതൊക്കെയാണ് മഹേഷ്‌ ദുബായിലെ ജീവിതം. ആഴ്ചയില്‍ ഒരിക്കല്‍ ഉള്ള ഈ കമ്പനി കൂടല്‍ മാത്രമാണ് ആകെയുള്ള സന്തോഷം.

അധികം താമസിയാതെ മഹേഷ്‌ അവിടെനിന്നും താമസം മാറി. തുടര്‍ന്ന് ചെന്നുപെട്ടത് കൈകൊട്ടി പ്രാര്‍ത്ഥനക്കാരുടെ റൂമില്‍ ആണ്. അത് അതിലേറെ അസഹനീയമായിരുന്നു. എപ്പോള്‍ നോക്കിയാലും പ്രാര്‍ഥനയും ഉപദേശവും മാത്രം. ഒരുവിധത്തില്‍ ഒരു മാസം തികച്ച് മഹേഷ്‌ അവിടെനിന്നും ഓടി.

അങ്ങനെ ഓടിയോടി പരവശനായി മഹേഷ്‌. എവിടെപ്പോയാലും ഒന്നല്ലെങ്കില്‍ മറ്റൊരു പ്രശ്നം. ഒടുവില്‍ സഹിക്കവയ്യാതായപ്പോള്‍ തന്റെ കമ്പനിയുടെ താമസ സ്ഥലത്തേക്ക് തന്നെ മാറാന്‍ തീരുമാനിച്ചു മഹേഷ്‌. വാടക കുറച്ചു കൂടുതലായാലും കുഴപ്പമില്ല, ഇഷ്ടത്തിനും തൃപ്തിക്കും ജീവിക്കാമല്ലോ.

വീണ്ടും കമ്പനി റൂമില്‍ താമസമാക്കിയപ്പോള്‍ മഹേഷിന് വലിയൊരു ആശ്വാസം കിട്ടിയതുപോലെ തോന്നി. പക്ഷേ രാത്രിയില്‍ ഒറ്റയ്ക്ക് കിടക്കുമ്പോള്‍ ആകെ ഒറ്റപ്പെട്ടതുപോലെ തോന്നി മഹേഷിന്. കഴിഞ്ഞ ഏതാനും നാളുകള്‍ പല റൂമുകളില്‍ കഴിയുമ്പോള്‍ പലതരക്കാരായ പലരുടേയും കൂടെ കഴിഞ്ഞപ്പോള്‍ ആരൊക്കെയോ കൂടെ ഉണ്ടെന്നുള്ള ഒരു തോന്നല്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ .....

ഒരു ഉറച്ച തീരുമാനം എടുക്കാന്‍ കഴിയാതെ മഹേഷ്‌ തിരിഞ്ഞും മറിഞ്ഞും കിടന്നു, നേരം വെളുപ്പിച്ചു.

പോള്‍സണ്‍ പാവറട്ടി

22 ഫെബ്രുവരി 2012

സ്നേഹത്തിനു പ്രതിഫലം കുരിശ്


സ്നേഹത്തിനു പ്രതിഫലം കുരിശ്
****************************************

പുറമേയ്ക്ക് ഒരു പരുക്കന്‍ സ്വഭാവം ഉള്ളവന്‍ എന്ന് തോന്നിക്കുമെങ്കിലും ഡെന്നീസ് ആളൊരു ശുദ്ധനാണ്. ചെയ്യുന്ന ജോലിയില്‍ നൂറല്ല നൂറ്റൊന്നു ശതമാനം ആത്മാര്‍ത്ഥത കാണിക്കുന്നതാണ് അദ്ദേഹത്തിന്റെ ബലഹീനത. തന്നെ ഏല്‍പ്പിച്ച ജോലി എത്ര ഭാരമുള്ളതാണെങ്കിലും ബുദ്ധിമുട്ടുള്ളതാണെങ്കിലും യാതൊരു പരാതിയും ഇല്ലാതെ വളരെ ഭംഗിയായിതന്നെ എല്ലാം ചെയ്തുതീര്‍ക്കും. പലപ്പോഴും സ്വന്തം ആരോഗ്യവും രോഗവുംപോലും വകവെക്കാതെ ജോലി ചെയ്യുമ്പോള്‍ സഹപ്രവര്‍ത്തകര്‍ പോലും അദ്ദേഹത്തെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. പക്ഷേ, ഡെന്നീസ് അതൊന്നും കാര്യമാക്കാറില്ല. താന്‍ കാരണം തന്റെ ബോസിന് യാതൊരു നഷ്ടവും വരരുത് എന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം.

മറ്റുള്ളവര്‍ക്ക് ജോലി തരപ്പെടുത്തിക്കൊടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ അടുത്ത ബലഹീനത. "ബലഹീനത" എന്ന് പറയുന്നതിന് കാരണമുണ്ട്, ഊരും പേരും ഒന്നും അറിയാത്തവരെ തന്റെ സ്വന്തക്കാരനാണ് ബന്ധക്കാരനാണ് എന്നൊക്കെ പറഞ്ഞാണ് പലയിടത്തും ജോലിയില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ ഇങ്ങനെ ജോലി നേടിയവരാകട്ടെ, കാര്യം കഴിയുമ്പോള്‍ ഡെന്നീസ് എന്ന സഹായിയെ മറക്കുന്നു എന്നതോ പോകട്ടെ, അവര്‍ ആ സ്ഥാപനത്തില്‍ കാട്ടിക്കൂട്ടുന്ന പ്രശ്നങ്ങള്‍ക്ക് പഴി കേള്‍ക്കേണ്ടി വരുന്നത് ഡെന്നീസ് ആണ്. എത്ര കയ്പ്പേറിയ അനുഭവം ഉണ്ടായാലും വീണ്ടും വീണ്ടും അതുതന്നെ ആവര്‍ത്തിക്കും ഡെന്നീസ്.

ഒടുവില്‍, തന്റെ കമ്പനിയില്‍ ജോലിക്കുവച്ച ഒരു "സ്നേഹിതന്റെ" പെരുമാറ്റദൂഷ്യംകൊണ്ട് തന്റെ ജോലിതന്നെ നഷ്ടമായി. ഇത്രയുംകാലം താന്‍ ആര്‍ക്കുവേണ്ടി കഷ്ടപ്പെട്ടുവോ അതേ ബോസ് തന്നെ അദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കാരണമോ, "സ്നേഹിതന്‍" കാരണം കമ്പനിക്ക് നഷ്ടം വന്നുവത്രേ.

നീറുന്ന മനസ്സുമായി ഡെന്നീസ് ആ സ്ഥാപനത്തിന്റെ പടിയിറങ്ങി. ദൂരെ ഒരിടത്തുപോയി ഏകനായി ഇരുന്ന് അല്‍പനേരം കരഞ്ഞു. ചെയ്തുപോയ "അപരാധം" എന്താണെന്ന് മനസ്സിലാവാതെ ഏറെനേരം അവിടെ ഇരുന്നു. സ്നേഹത്തിനു പ്രതിഫലം കുരിശ് ആണെന്ന് അന്ന് അദ്ദേഹത്തിന് മനസ്സിലായി.

ഡെന്നീസ് എന്ന നല്ല മനുഷ്യന്റെ മുന്നില്‍ ഞാന്‍ ശിരസ്സ്‌ നമിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

പോള്‍സണ്‍ പാവറട്ടി

21 ഫെബ്രുവരി 2012

22 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കുഞ്ഞ് ജനിച്ചു.

22 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കുഞ്ഞ് ജനിച്ചു.
*****************************************************

ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്ന വിശ്വാസത്തെ ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിക്കുന്ന ഒരു വിശേഷമാണ് ഇവിടെ കുറിക്കാന്‍ പോകുന്നത്.

എന്റെ ഒരു സ്നേഹിതന്‍, ഫ്രാന്‍സീസ് - മോളീ ദമ്പതികള്‍ വിവാഹം കഴിഞ്ഞ് വര്‍ഷം ഏറെ ആയിട്ടും ഒരു കുഞ്ഞിക്കാല് കാണാത്തതില്‍ തീര്‍ത്തും ദുഖിതരായിരുന്നു. എങ്കിലും ദൈവത്തില്‍ വിശ്വാസം അര്‍പ്പിച്ച് അവര്‍ കാത്തിരുന്നു. അഞ്ചും പത്തും വര്‍ഷമൊന്നുമല്ല, നീണ്ട 22 വര്‍ഷം. ഒടുവില്‍ അവരുടെ വിശ്വാസം സഫലമായി. ദൈവം അവര്‍ക്ക് ഒരു പെണ്‍കുഞ്ഞിനെ നല്‍കി സന്തോഷിപ്പിച്ചു.

ഗുരുവായൂര്‍ അടുത്ത് തൈക്കാട് ആണ് ഫ്രാന്‍സിസ് - മോളീ ദമ്പതികളുടെ വീട്. ഫ്രാന്‍സിസ് (55 വയസ്സ് ) മൂന്നു പതീറ്റാണ്ടായി ദുബായ് -ഇല്‍ ആണ് ജോലി ചെയ്യുന്നത്. മോളീ (47 വയസ്സ്) ഫ്രാന്‍സിസിന് താങ്ങും തണലുമായി എന്നും കൂടെയുണ്ട്. വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥനാ ജീവിതമാണ് അവരുടേത്.

യേധന  (yeadhana ) എന്ന ഒരു ബൈബിള്‍ നാമമാണ് പെണ്‍കുഞ്ഞിന് ഇട്ടിരിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

ഫ്രാന്‍സിസ് - മോളി ദമ്പതികളുടെ ഈ സന്തോഷത്തില്‍ നമുക്കും പങ്കുചേരാം. യേധനമോള്‍ക്ക്‌ ആയുരാരോഗ്യം ആശംസിക്കാം. അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാം.

വിവാഹം കഴിഞ്ഞ് ഏറെ വര്‍ഷങ്ങളായിട്ടും കുഞ്ഞുങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഈ വാര്‍ത്ത പ്രത്യാശ നല്‍കും എന്നതില്‍ ഒരു സംശയവുമില്ല. കാത്തിരിക്കാം, ദൈവത്തിന്റെ സമയത്തിനു വേണ്ടി. ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്ന വിശ്വാസം ഒരിക്കല്‍ക്കൂടി നമുക്ക് ഏറ്റുപറയാം.

ഏവരേയും ദൈവം അനുഗ്രഹിക്കട്ടെ.

പോള്‍സണ്‍ പാവറട്ടി - ദുബായ്

20 ഫെബ്രുവരി 2012

ആരോരുമില്ലാത്ത ഒരു ഗള്‍ഫ്‌കാരന്റെ കഥ.


ആരോരുമില്ലാത്ത ഒരു ഗള്‍ഫ്‌കാരന്റെ കഥ.
****************************************************
ഞാനും എന്റെ കുടുംബവും പതിവായി സന്ദര്‍ശിക്കുന്ന ഒരു വൃദ്ധമന്ദിരമുണ്ട്. പാലക്കാട് മലമ്പുഴയിലെ കൃപാസദന്‍. അവിടെയുള്ള അന്തേവാസികളുടെ പ്രത്യേകത അവര്‍ തികച്ചും നിര്‍ധനരും ആരോരുമില്ലാത്തവരും ആണെന്നുള്ളതാണ്. ഇന്ന് പലയിടങ്ങളിലും വൃദ്ധമന്ദിരങ്ങള്‍ തികച്ചും ഒരു ബിസിനസ്‌ ആയി നടത്തുമ്പോള്‍ കൃപാസദന്‍ എന്ന ഈ വൃദ്ധമന്ദിരം അതില്‍നിന്നെല്ലാം വ്യത്യസ്തമാണ്.

പതിവായി ഞാന്‍ അവിടെ പോകുന്നതുകൊണ്ട്‌ അവിടെയുള്ളവര്‍ക്കെല്ലാം എന്നെ നല്ല പരിചയമാണ്. ഞാന്‍ അവരോടെല്ലാം വിശേഷം ചോദിച്ചറിയുമ്പോള്‍ ഞാന്‍ അറിയാതെ പലപ്പോഴും എന്റെ മിഴികള്‍ നിറയാറുണ്ട്. ഒരുകാലത്ത് സ്വന്തം സുഖങ്ങള്‍ ഉപേക്ഷിച്ച് വളരെ സന്തോഷത്തോടെ കുഞ്ഞുമക്കളെ വളര്‍ത്തി വലുതാക്കിയ മാതാപ്പിതാക്കളാണ് അവര്‍ ഓരോരുത്തരും. മക്കള്‍ വളര്‍ന്നു വലുതായപ്പോള്‍, സ്വന്തമായി പറക്കാന്‍ പ്രാപ്തിയായപ്പോള്‍ ആ മക്കള്‍ക്ക്‌ മാതാപ്പിതാക്കള്‍ ഒരു ഭാരമായി, ശാപമായി. അവരെ ഉപേക്ഷിച്ച് മക്കള്‍ സ്വന്തം സുഖം തേടിപോയി.

ഒടുവില്‍ ആരോരുമില്ലാതെ രോഗവും ദുരിതവുമായി മരണത്തോട് മല്ലടിച്ച് കഴിയുമ്പോഴായിരിക്കും ഇവരെക്കുറിച്ച് കൃപാസദന്റെ ഡയറക്ടര്‍ അച്ചന്‍ അറിയുന്നത്. അച്ചന്‍ ഉടനെചെന്ന് ആരോരുമില്ലാത്ത ആ വൃദ്ധരെ സ്വന്തം മാതാപ്പിതാക്കളെപ്പോലെ കണ്ട് തന്റെ വൃദ്ധമന്ദിരത്തിലേക്ക്  കൂട്ടിക്കൊണ്ടുവരും. പിന്നീട് അവരുടെ മരണംവരെ അവര്‍ക്ക് കൂട്ട് ഈ വൈദികനും അവിടത്തെ മറ്റു അന്തേവാസികളും മാത്രം. അവിടെ അഡ്മിഷന്‍ ഫീസ്‌ ഇല്ല, പ്രതിമാസ ഫീസ്‌ ഇല്ല....ഉണ്ണാനും ഉടുക്കാനും ഉറങ്ങാനും ഒന്നിനും ഫീസ്‌ ഇല്ല. എല്ലാം സൌജന്യം.

ഇതിനിടയില്‍ ഞാന്‍ ഒരാളെ പരിചയപ്പെട്ടു. അച്ചന്‍ എനിക്ക് പരിചയപ്പെടുത്തി തന്നു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. കാരണം അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിയില്ല.

അച്ചന്‍ പറഞ്ഞു: ഇത് തോമസ്‌ ചേട്ടന്‍. നിങ്ങളെപ്പോലെ ഒരു ഗള്‍ഫ്‌ കാരന്‍.

ഇതുകേട്ടപ്പോള്‍ ഞാന്‍ അച്ചന്റെ മുഖത്തേക്ക് നോക്കി. എന്റെ നോട്ടത്തിന്റെ അര്‍ഥം മനസ്സിലായപ്പോള്‍ അച്ചന്‍ ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞു തന്നു. കഥ ഇങ്ങനെ:

തോമസ്‌ കുറേകാലം ദുബായില്‍ ഉണ്ടായിരുന്നു. നല്ല ജോലിയും വരുമാനവും ഉണ്ടായിരുന്നു. വീട്ടിലുള്ളവരെ ഒരു കരക്കെത്തിച്ച് ഒടുവില്‍ തോമസ്‌ വിവാഹിതനായി. സുന്ദരിയും അത്യാവശ്യം വിദ്യാഭ്യാസവും ഉള്ളവള്‍ ആയിരുന്നു ഭാര്യ.

മധുവിധുവിന്റെ ആ നല്ല നാളുകള്‍ കഴിഞ്ഞ് അദ്ദേഹം ഗള്‍ഫിലേക്ക് തിരികെ പോയി. തുടര്‍ന്ന് കത്തുകളിലൂടെയായിരുന്നു ജീവിതം. ഇന്നത്തെപ്പോലെ ഫോണ്‍ സൗകര്യം ഒന്നും ഉണ്ടായിരുന്നില്ല. സന്തോഷവും ദുഖവും എല്ലാം കത്തുകളിലൂടെ പരസ്പരം പങ്കിട്ട് അങ്ങനെ കുറേനാള്‍ ജീവിച്ചു. കിട്ടുന്നതെല്ലാം ഭാര്യയുടെ പേരില്‍ അയച്ചുകൊടുത്തു. അടുത്ത ലീവിന് നാട്ടില്‍ വരുമ്പോള്‍ സ്വന്തമായി ഒരു ചെറിയ വീട് പണിയണം എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.

മാസങ്ങള്‍ പലതും ഇങ്ങനെ കഴിഞ്ഞുപോയി. ഒടുവില്‍ നാട്ടിലേക്ക് പോകാനുള്ള ലീവ് പാസ്സായി. സന്തോഷത്തോടെ ഓരോ ദിവസവും തള്ളിനീക്കി. ആ ദിവസം എത്രയും വേഗം ഒന്നുവന്നെങ്കില്‍ എന്ന സ്വപ്നവുമായി ഓരോ ദിവസവും കഴിച്ചുകൂട്ടി.

ഒരു ദിവസം തോമസ്‌ അറിഞ്ഞു, സ്നേഹം മതിവരെ കൊടുത്ത തന്റെ ഭാര്യ മറ്റൊരുവന്റെ കൂടെ നാടുവിട്ടുപോയി. അതുവരെ അയച്ചുകൊടുത്ത എല്ലാ പണവും കൊണ്ടുപോയി.

ഇതുകെട്ടതോടെ ഷോക്കേറ്റപോലെ തോമസ്‌ ബോധം നഷ്ടപ്പെട്ടു വീണു. ആ വീഴ്ചയില്‍ അദ്ദേഹത്തിന്റെ ഒരുവശം മുഴുവന്‍ തളര്‍ന്നു. സംസാരശേഷിയും  നഷ്ടപ്പെട്ടു.

ഈ അവസ്ഥയില്‍ തോമസ്‌ നാട്ടില്‍ എത്തിയപ്പോള്‍ പിന്നെ ആര്‍ക്കും വേണ്ട ഈ "ഗള്‍ഫ്‌കാരനെ". വീട്ടിലുള്ളവരും ഇദ്ദേഹത്തെ സഹായിക്കാന്‍ ഇല്ല എന്ന വിവരം കൃപാസദന്റെ ഡയറക്ടര്‍ അച്ചന്‍ അറിഞ്ഞതോടെ അച്ചന്‍ നേരിട്ട് പോയി തോമസിനെ കൃപാസദനിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അന്നുമുതല്‍ ഇന്നുവരെ തോമസ്‌ ചേട്ടന്‍ എന്ന ആരോരുമില്ലാത്ത ഗള്‍ഫ്‌കാരന്‍ ഒരു ഭാഗം തളര്‍ന്ന്, സംസാരശേഷിയില്ലാതെ ഈ വൃദ്ധമന്ദിരത്തില്‍ കഴിയുന്നു.

ഇത് ഒരു സിനിമാകഥയല്ല. പച്ചയായ ജീവിതയാഥാര്‍ത്ഥ്യം ആണ്. ഇതുപോലെ ഒരു ഗതി ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.

പോള്‍സണ്‍ പാവറട്ടി - ദുബായ്

16 ഫെബ്രുവരി 2012

ടീന ടോംസ് എന്ന മാലാഖ


ടീന ടോംസ് എന്ന മാലാഖ
********************************
ഗള്‍ഫിലെ ഒരു ആസ്പത്രിയില്‍ കാര്‍ഡിയോളജി വിഭാഗത്തില്‍ സേവനം ചെയ്യുന്ന ഒരു നേഴ്സ് ആണ് ടീന ടോംസ്. ഹൃദയ സംബന്ധമായ രോഗവുമായി, തകര്‍ന്ന മനസ്സുമായി വരുന്ന രോഗികളെ ഹൃദയപൂര്‍വ്വം സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുമ്പോള്‍ ഓരോ രോഗിയും ആ നേഴ്സ്നെ സ്വന്തം സഹോദരിയെപ്പോലെ സ്നേഹിക്കുന്നു. അത്രമാത്രം ആത്മബന്ധം രോഗികളുമായി ഉണ്ടാക്കിയെടുക്കാന്‍ ആ നേഴ്സ് എപ്പോഴും ശ്രമിക്കാറുണ്ട്.

രോഗികളെ ശുശ്രൂഷിക്കുന്നതിനിടയില്‍ നേരിയ സ്വരത്തില്‍ പാട്ട് പാടുക ടീനയുടെ പതിവാണ്. സ്വരമാധുരിയോടെയുള്ള ടീനയുടെ പാട്ട് കേള്‍ക്കുമ്പോള്‍ പല രോഗികളും തന്റെ വേദന മറന്ന് ഒരിക്കല്‍ക്കൂടി ആ പാട്ട് പാടാമോ സിസ്റ്റര്‍ എന്ന് ടീനയോട് ചോദിക്കാറുണ്ട്. ടീന അവരുടെ സന്തോഷത്തിനു വേണ്ടി വീണ്ടും പാടും. പാട്ടുപാടുന്ന ടീനയുടെ സാമിപ്യം പല രോഗികളും ഇഷ്ടപ്പെടുന്നു എന്ന് എല്ലാവര്‍ക്കും മനസ്സിലായി. മാത്രമല്ല, പല രോഗികള്‍ക്കും പെട്ടെന്ന് രോഗം ഭേദമാവുന്നതും കാണാന്‍ തുടങ്ങി. അവര്‍ പറയും ടീന ടോംസ് ഒരു മാലാഖയാണ്.

ഒരിക്കല്‍ ആസ്പത്രിയുടെ ഡയറക്ടര്‍ സാര്‍ ഹൃദയസംബന്ധമായ രോഗവുമായി ആ ആസ്പത്രിയില്‍ പ്രവേശിക്കപ്പെട്ടു. അദ്ദേഹം ഡയറക്ടര്‍ ആണെന്ന് ടീനയ്ക്ക് അറിയില്ലായിരുന്നു. ടീന പതിവുപോലെ  രോഗിയായ ഡയറക്ടര്‍ സാറിന്റെ അടുത്തും പാട്ടുപാടി പരിചരിക്കാന്‍ തുടങ്ങി. ടീനയുടെ പാട്ടുപാടി, സ്നേഹത്തോടെയുള്ള പരിചരണം ഡയറക്ടര്‍ സാറിന് വളരെ ഇഷ്ടപ്പെട്ടു. അദ്ദേഹം ടീനയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ടീനയുടെ വിനയവും ദൈവവിശ്വാസവും മനുഷ്യത്വപരമായ സമീപനവും സര്‍വ്വോപരി പാട്ടുപാടി രോഗികളെ പരിച്ചരിക്കുന്നതും എല്ലാം എല്ലാം ഡയറക്ടര്‍ സാറിന് ഒത്തിരി ഇഷ്ടമായി.

ഡയറക്ടര്‍ സാര്‍ രോഗം ഭേദമായി പുറത്തു വന്നതിനു ശേഷം ആദ്യം ചെയ്തത് എങ്ങനെ മ്യൂസിക്‌ തെറാപ്പി തന്റെ ആസ്പത്രിയില്‍ തുടങ്ങാം എന്ന അന്വേഷണമാണ്.  അധികം താമസിയാതെ തന്റെ ആസ്പത്രിയില്‍ മ്യൂസിക്‌ തെറാപ്പി ആരംഭിച്ചു. ടീനയെ അതിന്റെ ചാര്‍ജ് ഏല്‍പ്പിക്കുകയും ചെയ്തു. അപ്പോള്‍ മാത്രമാണ് ടീന അറിയുന്നത് മുന്‍പ് അവിടെ കിടന്നിരുന്ന രോഗി ഡയറക്ടര്‍ സാര്‍ ആയിരുന്നു എന്ന്.

അങ്ങനെ നമ്മുടെ നായിക ടീന ടോംസ് എന്ന മാലാഖ ഇന്ന് മ്യൂസിക്‌ തെറാപ്പിയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തി അതിവേഗം ബഹുദൂരം മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുകയാണ്.

ടീന ടോംസ്ന്  എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നുകൊള്ളുന്നു.

പോള്‍സണ്‍ പാവറട്ടി

14 ഫെബ്രുവരി 2012

സിനിമാനടന്‍ കുഞ്ഞച്ചന്‍.


സിനിമാനടന്‍ കുഞ്ഞച്ചന്‍.
*******************************

കുറച്ച് ബുദ്ധിമാന്ദ്യം ഉള്ളവനായിരുന്നു കുഞ്ഞച്ചന്‍. ആരെ കണ്ടാലും ചിരിക്കും. ആരോടും അങ്ങോട്ട്‌ കയറി സംസാരിക്കാറില്ല. ആരെങ്കിലും കുഞ്ഞച്ചനോട് സംസാരിച്ചാല്‍ എല്ലാം കേട്ട് ചിരിക്കും. അത്രമാത്രം. പെണ്ണ് കെട്ടേണ്ട പ്രായം കഴിഞ്ഞിട്ടും പെണ്ണ് കെട്ടാതെ നടക്കുന്ന കുഞ്ഞച്ചനെ കുരങ്ങുകളിപ്പിക്കല്‍ അവിടത്തെ ചെറുപ്പക്കാരുടെ പതിവായിരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അന്നാട്ടിലെ ഒരു “തകര”.

സിനിമ കുഞ്ഞച്ചന്റെ ഒരു ബലഹീനതയായിരുന്നു. സിനിമാ താരങ്ങളുടെ ഫോട്ടോ കണ്ടാല്‍ അത് നോക്കി കുറേനേരം അങ്ങനെ നില്‍ക്കും. ഇത് മനസ്സിലാക്കി ഒരു ദിവസം ചാക്കോച്ചന്‍ ഒരു സിനിമാ നടന്റെ പേരില്‍ കുഞ്ഞച്ചന് ഒരു കത്തെഴുതി. അടുത്ത ദിവസം പോസ്റ്റ്‌മാന്‍ ആ കത്ത് കുഞ്ഞച്ചന് കൊടുത്തു. എഴുത്തും വായനയും അറിയാത്ത കുഞ്ഞച്ചന്‍ തനിക്ക് ജീവിതത്തില്‍ ആദ്യമായി കിട്ടിയ കത്ത് അമ്മക്ക് കാണിച്ചുകൊടുത്തു. കത്ത് വായിച്ചപ്പോള്‍ അമ്മയും അത്ഭുതപ്പെട്ടുപോയി. തന്റെ മോനെ ആരോ കളിപ്പിച്ചതാണെന്ന് പെട്ടെന്ന് ആ അമ്മക്ക് മനസ്സിലായില്ല. അമ്മ കുഞ്ഞച്ചനോട് പറഞ്ഞു: ഇത് ഒരു സിനിമാ നടന്റെ കത്താണ്.... ഇത് കേട്ടപ്പോള്‍ കുഞ്ഞച്ചന് അധിയായ സന്തോഷമായി.

അന്ന് വൈകീട്ട് കുഞ്ഞച്ചന്‍ ആ കത്തുമായി കൂട്ടുകാരുടെ അടുത്ത് പോയി. ചാക്കോച്ചന്‍ കുഞ്ഞച്ചന്റെ വരവ് പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു. കുഞ്ഞച്ചനെ കണ്ടതോടെ ചാക്കോച്ചന്‍ ചോദിച്ചു: എന്താ കുഞ്ഞച്ചാ ഇന്ന് മുഖത്ത് ഒരു സന്തോഷമുണ്ടല്ലോ?

കുഞ്ഞച്ചന്‍ കൈയ്യില്‍ ഇരിക്കുന്ന കത്ത് ചാക്കോച്ചന് നീട്ടി. ചാക്കോച്ചന്‍ എല്ലാവരും കേള്‍ക്കേ ആ കത്ത് ഉറക്കെ വായിച്ചു. എന്നിട്ട് ഒരു കമന്റും പാസ്സാക്കി,: അപ്പൊ നമ്മുടെ കുഞ്ഞച്ചന്‍ ആള്‍ നിസ്സാരക്കാരനല്ല. കണ്ടില്ലേ സിനിമാ നടന്മാരോക്കെയാണ് കുഞ്ഞച്ചന്റെ കൂട്ടുകാര്‍....."

ഇത് കേട്ട് എല്ലാവരും ചിരിച്ചു. കുഞ്ഞച്ചനും അവരോടൊപ്പം ചിരിച്ചു.

അവര്‍ ആ കത്ത് തിരിച്ചും മറിച്ചും പരിശോധിച്ചു നോക്കിയപ്പോള്‍ ഒടുവില്‍ മനസ്സിലായി ഇത് ചാക്കോച്ചന്റെ വേലയാണെന്ന്. പക്ഷേ അക്കാര്യം അവര്‍ കുഞ്ഞച്ചനെ അറിയിച്ചില്ല.

അടുത്ത ദിവസം വേറൊരുത്തന്‍ ഇതുപോലെ വേറെ ഒരു സിനിമാ നടന്റെ പേരില്‍ മറ്റൊരു കത്ത് കുഞ്ഞച്ചന് അയച്ചു. തുടര്‍ന്ന് ഓരോരുത്തരും മാറിമാറി ഓരോ സിനിമാ നടന്റെയോ നടിയുടെയോ പേര് വച്ച് കുഞ്ഞച്ചന് കത്ത് അയക്കാന്‍ തുടങ്ങി. അങ്ങനെ നാട്ടില്‍ ഇത് പാട്ടായി. അതുവരെ ആരും അറിയാതിരുന്ന കുഞ്ഞച്ചനെ ആളുകള്‍ തിരിച്ചറിയാനും കാണാന്‍ വരാനും വിശേഷം ചോദിക്കാനും തുടങ്ങി. ഒടുവില്‍ നല്ലൊരു പേരും കിട്ടി, "സിനിമാനടന്‍ കുഞ്ഞച്ചന്‍".

ആയിടക്ക്‌ ഒരിക്കല്‍ അന്നാട്ടില്‍ ഒരു സിനിമാ ഷൂട്ടിംഗ് വന്നുപെട്ടു. ഷൂട്ടിംഗ് കാണാന്‍ നാട്ടുകാരോടൊപ്പം കുഞ്ഞച്ചനും പോയി. ഷൂട്ടിങ്ങിന്റെ ഇടയില്‍ പലരും “സിനിമാ നടന്‍ കുഞ്ഞച്ചന്‍ സിനിമാ നടന്‍ കുഞ്ഞച്ചന്‍” എന്ന് കുഞ്ഞച്ചനെക്കുറിച്ച്  പറയുന്നത് സംവിധായകന്‍ കേള്‍ക്കാന്‍ ഇടവന്നു. സംവിധായകന്‍ ഈ കുഞ്ഞച്ചനെക്കുറിച്ച് അവിടത്തെ ആള്‍ക്കാരോട് ചോദിച്ചറിഞ്ഞു. കുഞ്ഞച്ചന്റെ കഥ കേട്ട സംവിധായകന് കുഞ്ഞച്ചനോട് സ്നേഹവും അലിവും തോന്നി.

സംവിധായകന്‍ കുഞ്ഞച്ചനെ അരികില്‍ വിളിച്ച് വിശേഷങ്ങള്‍ ചോദിച്ചു. എല്ലാവരോടും എന്നപോലെ ചിരി മാത്രമായിരുന്നു കുഞ്ഞച്ചന്റെ മറുപടി. സംവിധായകന്‍ ചോദിച്ചു, സിനിമയില്‍ അഭിനയിക്കാന്‍ ഇഷ്ടമാണോ? ഇഷ്ടമാണെന്ന് കുഞ്ഞച്ചന്‍ ചിരിച്ച് തലയാട്ടി കാണിച്ചു. ഉടനെ സംവിധായകന്‍ തിരക്കഥാകൃത്തിനെ വിളിച്ച് പറഞ്ഞു, കുഞ്ഞച്ചന് പറ്റിയ ഒരു വേഷം ഉടനെ എഴുതുക. ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന നാട്ടുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ കണ്ണുതള്ളി നില്‍ക്കുകയാണ്.

കുറച്ച് കഴിഞ്ഞപ്പോള്‍ തിരക്കഥാകൃത്ത് കുഞ്ഞച്ചന്റെ റോള്‍ എഴുതി കൊണ്ടുവന്നു സംവിധായകന് ഏല്‍പ്പിച്ചു. സംവിധായകന്‍ അത് വായിച്ചു തൃപ്തനായി. എന്നിട്ട് അവിടെ കൂടിയിരിക്കുന്ന നാട്ടുകാരോട് ഉറക്കെ പറഞ്ഞു: നിങ്ങളുടെ കുഞ്ഞച്ചന്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു. അതും നായകന്റേയും നായികയുടേയും കൂടെ. ഇനിമുതല്‍ നിങ്ങളുടെ കുഞ്ഞച്ചന്‍ ശരിക്കും ഒരു സിനിമാനടന്‍ ആയിരിക്കും. എന്റെ അടുത്ത പടങ്ങളിലും ഞാന്‍ കുഞ്ഞച്ചന് അനുയോജ്യമായ റോളുകള്‍ കൊടുക്കുന്നതാണ്. നിങ്ങള്‍ എന്ത് പറയുന്നു?

നാട്ടുകാര്‍ ഒന്നടങ്കം പറഞ്ഞു: ഞങ്ങള്‍ക്ക് സന്തോഷമായി. അങ്ങനെ ഞങ്ങള്‍ക്കും ഒരു സിനിമാനടനെ കിട്ടി.... ഇത് പറഞ്ഞ് എല്ലാവരുംകൂടി കുഞ്ഞച്ചനെ എടുത്തുപൊക്കി, നൃത്തം ചെയ്തു.

അങ്ങനെ ഒരു പേരും ഇല്ലാതിരുന്നവന്‍ പേര് കേട്ടവനായി, എല്ലാവര്‍ക്കും വേണ്ടപ്പെട്ടവനായി.

പോള്‍സണ്‍ പാവറട്ടി - ദുബായ്

13 ഫെബ്രുവരി 2012

മനുഷ്യനിലെ പന്നി സ്വഭാവം!


മനുഷ്യനിലെ പന്നി സ്വഭാവം!
************************************

ബുദ്ധിയും വിവേകവും ഉള്ള ഒരു മനുഷ്യന് സ്വര്‍ണ്ണവും രത്നവും വൈഡൂര്യവും എല്ലാം വിലമതിക്കുന്നതുതന്നെ, സംശയമില്ല. എന്നാല്‍ ഇതേ വിലമതിക്കുന്ന വസ്തുക്കള്‍ ഒരു പന്നിയുടെ മുന്നില്‍ ഇട്ടുകൊടുത്തു നോക്കൂ. പന്നിക്കുണ്ടോ ഇവയുടെ മൂല്യം അറിയുന്നു? അതേസമയം ഒരു കുട്ട നിറയെ അമേദ്യം അഥവാ വിസര്‍ജ്യം പന്നിയുടെ മുന്നില്‍ വെച്ചുകൊടുത്തു നോക്കൂ. ആ പന്നി സന്തോഷംകൊണ്ട് മതിമറക്കുകയും അതില്‍ കിടന്നു ഉരുണ്ടു മറിയുകയും ചെയ്യും. ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ ഒന്ന് പരീക്ഷിച്ചു നോക്കിക്കോളൂ.

ചില മനുഷ്യരും ഇതേ പന്നിയെപ്പോലെയാണ്. അന്യരിലെ നന്മയെ കാണാതെ കുറ്റവും കുറവും മാത്രം ചികഞ്ഞു കണ്ടുപിടിക്കുകയും അത് മറ്റുള്ളവരെ അറിയിച്ച് അതില്‍ സന്തോഷവും ആനന്ദവും കാണുന്നവരാണ്. ഇത് ഒരുതരം മനോവൈകല്യമാണെന്നാണ് മനശാസ്ത്രം പറയുന്നത്. അന്യരെ വിമര്‍ശിക്കുന്നവനും വിമര്‍ശിക്കപ്പെടുന്നവനെപ്പോലെ കുറ്റങ്ങളും കുറവുകളും ഒട്ടും കുറയാതെയുള്ളവനാണ് എന്ന വസ്തുത സൌകര്യപൂര്‍വ്വം മറക്കുന്നു അല്ലെങ്കില്‍ മറച്ചുവക്കുന്നു. അതല്ലേ സത്യം?

ഈ അടുത്ത കാലത്തായി ഫേസ് ബുക്കിലും മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ - കളിലും നിരന്തരം കണ്ടുവരുന്ന ഒരു പ്രവണതയാണ് മറ്റുള്ളവരെക്കുറിച്ചുള്ള കുറ്റം പറച്ചില്‍. പ്രിഥ്വിരാജ്, ശ്രീശാന്ത്‌, സന്തോഷ്‌ പണ്ഡിറ്റ്‌ ... തുടങ്ങി പലരെക്കുറിച്ചും കണ്ടു ഈ കുറ്റം പറച്ചിലുകള്‍. അവരെ പരിഹസിച്ചതുകൊണ്ടോ കളിയാക്കിയതുകൊണ്ടോ കുറ്റം പറഞ്ഞതുകൊണ്ടോ അവര്‍ക്കൊന്നും പ്രത്യേകിച്ച് ദോഷം സംഭവിച്ചില്ല എന്ന വസ്തുതയും കൂടി അറിഞ്ഞാല്‍ നന്നായിരിക്കും. സന്തോഷ്‌ പണ്ഡിറ്റ്‌ ആണെങ്കില്‍ കൂടുതല്‍ പ്രശസ്തനാവുകയും ചെയ്തു. (ഈ കുറ്റം പറച്ചില്‍ കൊണ്ട് അങ്ങനെയെങ്കിലും ഒരു ഗുണം ഒരാള്‍ക്കെങ്കിലും ഉണ്ടായി എന്ന കാര്യത്തില്‍ ഇക്കൂട്ടര്‍ക്ക് സന്തോഷിക്കാം, സമാധാനിക്കാം).

സ്നേഹിതരേ, ഇനിയെങ്കിലും മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും ചികഞ്ഞു കണ്ടുപിടിച്ച് അവരെ സമൂഹമധ്യത്തില്‍ അവഹേളിക്കാതെ അവരിലെ നന്മ, അത് എത്ര ചെറുതാണെങ്കിലും അത് കണ്ടുപിടിച്ച് അതിനെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കാം. അങ്ങനെ നമ്മളിലെ പന്നിയുടെ സ്വഭാവത്തെ ഉന്മൂലനം ചെയ്യാം.

ഏവര്‍ക്കും നന്മ നേരുന്നു.

പോള്‍സണ്‍ പാവറട്ടി - ദുബായ്

10 ഫെബ്രുവരി 2012

പ്രവാസികളുടെ പ്രാര്‍ത്ഥന


പ്രവാസികളുടെ പ്രാര്‍ത്ഥന
***************************************

അദ്ധ്വാനിക്കുന്നോര്‍ക്കും ഭാരം വഹിപ്പോര്‍ക്കും
അത്താണിയായിടും തമ്പുരാനേ
അപ്പത്തിനായ്‌ ഞങ്ങള്‍ ചെയ്തീടുമദ്ധ്വാനം
അര്‍ത്ഥവത്താക്കി നീ തീര്‍ക്കേണമേ

അങ്ങകലെ നാട്ടില്‍ വേറിട്ടു കഴിയുന്ന
ഞങ്ങള്‍ തന്‍ കുടുംബങ്ങളെയോര്‍ത്ത്
വിങ്ങും മനസ്സുമായ് മരുഭൂവില്‍ കഴിയുന്ന
ഞങ്ങള്‍ക്ക് നീയല്ലാതാരുമില്ലാശ്രയം

പൊള്ളുന്ന വെയിലത്തും കോച്ചും തണുപ്പത്തും
പൊഴിയുന്ന മഞ്ഞത്തും ചൊരിയുന്ന മഴയത്തും
പതറാതെ തളരാതെ വേല ചെയ്തീടുവാന്‍
പാവങ്ങള്‍ ഞങ്ങള്‍ക്ക് നീയല്ലോ ശക്തി

ഇഷ്ടമില്ലാ തൊഴില്‍ ചെയ്യേണ്ടി വന്നാലും
കഷ്ടപ്പാടൊത്തിരി പേറേണ്ടി വന്നാലും
അഷ്ടിക്കു വകയില്ലാതലയേണ്ടി വന്നാലും
നഷ്ടപ്പെടുത്തില്ല ഞങ്ങള്‍ തന്‍ വിശ്വാസം

                ***

പോള്‍സണ്‍ പാവറട്ടി  

07 ജനുവരി 2012

മലമ്പുഴയിലേക്ക് ഒരു തീര്‍ഥയാത്ര.


ഇത്തവണ ക്രിസ്തുമസിനു  ഞാന്‍ നാട്ടില്‍ പോയപ്പോള്‍ കുടുംബസമേതം ഒരുകൊച്ചു തീര്‍ഥയാത്ര നടത്തി. പാലക്കാട്‌ മലമ്പുഴയിലെ പരിശുദ്ധ കന്യകാമാതാവിന്റെ നാമധേയത്തിലുള്ള ഒരു കൊച്ചു  ദേവാലയത്തിലേക്കാണ് പോയത്.  ആ ദേവാലയത്തിലെ വികാരി ഫാദര്‍ ജോണ്‍ മരിയ വിയാനി ആ കൊച്ചു ദേവാലയത്തെക്കുറിച്ചും അവിടെ നടന്നുകൊണ്ടിരിക്കുന്ന അത്ഭുതങ്ങളെക്കുറിച്ചും വളരെ വിശദമായിത്തന്നെ ഞങ്ങളോട് വിവരിച്ചുതന്നു. ആ വൈദികന്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി അവിടെ സേവനം ചെയ്തുകൊണ്ടിരിക്കുകയാണ്.

ഇപ്പോള്‍ അവിടെ നിലവിലുള്ള ദേവാലയം ഏതാണ്ട് 28 വര്‍ഷങ്ങള്‍ക്കു മുന്‍പ് അവിടത്തെ ജനങ്ങള്‍ക്ക്‌ പാല്‍പ്പൊടിയും മറ്റും വിതരണം ചെയ്തിരുന്ന ഒരു ഷെഡ്‌ ആണത്രേ. തികച്ച് 50 പേര്‍ക്കുപോലും നില്‍ക്കാന്‍ കഴിയാത്ത അത്ര ചെറിയ ഒരു ഷെഡ്‌., അതാണ്‌ പിന്നീട് ദേവാലയമായി മാറ്റിയത്. സ്ഥലസൗകര്യം കുറവായതിനാല്‍ ഇപ്പോള്‍ അതിന്റെ അടുത്ത് പുതിയൊരു ദേവാലയം പണിയുന്നുണ്ട്.

ഈ കൊച്ചു ദേവാലയത്തിലെ മാതാവിന്റെ അത്ഭുത തിരുസ്വരൂപത്തെ തൊട്ടു വണങ്ങുന്നവര്‍ക്ക് ഒത്തിരി അനുഗ്രഹങ്ങള്‍ കിട്ടുന്നുണ്ട്‌ എന്നാണു അറിയാന്‍ കഴിഞ്ഞത്. വിവാഹ തടസ്സം മാറിക്കിട്ടുന്നതിനും കുഞ്ഞുമക്കള്‍ ഉണ്ടാകാനും ജോലി ലഭിക്കാനും മറ്റും മറ്റുമായി ഒത്തിരിപേര്‍ വളരെ അകലെനിന്നുപോലും അവിടേക്ക് എത്തുന്നുണ്ട് എന്നാണ് അറിഞ്ഞത്.

ആ ദേവാലയത്തില്‍ കുറച്ചുനേരം മുട്ടുകുത്തി പ്രാര്‍ഥിച്ചപ്പോള്‍ ഞങ്ങള്‍ക്കും മനസ്സിന് ഒത്തിരി സന്തോഷവും സമാധാനവും ലഭിച്ചു. പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണത്തിന് എന്നെക്കൊണ്ട് കഴിയുന്ന സഹായവും കൊടുത്തുകൊണ്ട് ഞങ്ങള്‍ മടങ്ങി.

ആര്‍ക്കെങ്കിലും ആ കൊച്ചു ദേവാലയത്തിലേക്ക് പോകണമെന്നുണ്ടെങ്കില്‍, അവിടത്തെ വികാരിയച്ചനെ ബന്ധപ്പെടണം എന്നുണ്ടെങ്കില്‍ അച്ചന്റെ ഫോണ്‍ നമ്പര്‍ താഴെ കുറിക്കുന്നു.

Rev.Fr.John Maria Viani: 0091 9020098498   /    0091 491 2815665