14 മാർച്ച് 2012

സ്നേഹത്തിന് മരണമില്ല !


സ്നേഹത്തിന് മരണമില്ല !

ജോണ്‍ സാമുവേല്‍ ദുബായിലെ ഒരു അമേരിക്കന്‍ കമ്പനിയില്‍ HR മാനേജര്‍ ആയിട്ടാണ് ജോലി ചെയ്തിരുന്നത്. അദ്ദേഹം തികഞ്ഞ ഭക്തനും അതിലുപരി മനുഷ്യസ്നേഹിയുമായിരുന്നു. പാവങ്ങളുടെ കണ്ണീരൊപ്പാന്‍ എന്നും അദ്ദേഹം മുന്നിലുണ്ടാവും. അതുകൊണ്ടുതന്നെ ദുബായിലെ ഒരുവിധം എല്ലാ സാമൂഹ്യപ്രവര്‍ത്തകരും അദ്ദേഹത്തെ അറിയും. ഒത്തിരിപേര്‍ക്ക് ജോണ്‍ സാമുവേലിന്റെ സഹായത്തോടെ ജോലി കിട്ടിയിട്ടുണ്ട്. എന്നാല്‍ കാര്യം കഴിഞ്ഞാല്‍ ഇത്തരം ജോണ്‍ സാമുവേല്‍മാരെ മറക്കുകയും തഴയുകയുമാണല്ലോ സാധാരണ പതിവ്.

എല്ലാവരേയും ആ ഗണത്തില്‍ പെടുത്താന്‍ കഴിയില്ല. നന്ദിയുള്ളവരും ഈ ഭൂമിയില്‍ ഉണ്ട് എന്നതിന്റെ ഒരു ഉദാഹരണം നമുക്കിവിടെ കാണാം.

ജോണ്‍ സാമുവേല്‍ എല്ലാ ദിവസവും വൈകീട്ട് അടുത്തുള്ള ഒരു പാര്‍ക്കില്‍ നടക്കുക പതിവുണ്ട്. ഒരു ദിവസം ഒരു ചെറുപ്പക്കാരന്‍ ആ പാര്‍ക്കിലെ ഒരു ബഞ്ചില്‍ താടിക്ക് കൈയ്യും കൊടുത്ത് ഇരിക്കുന്നത് ജോണ്‍ സാമുവേല്‍ ശ്രദ്ധിച്ചു. വിഷണ്ണനായി ഇരിക്കുന്ന ആ ചെറുപ്പക്കാരന്റെ അരികില്‍ ചെന്നുകൊണ്ട് ജോണ്‍ സാമുവേല്‍ ചോദിച്ചു,: മലയാളിയാണ് അല്ലേ?

ചെറുപ്പക്കാരന്‍ അതെ എന്ന് പറഞ്ഞു. ചെറിയൊരു പുഞ്ചിരി തൂകിക്കൊണ്ട്‌ ചോദിച്ചു, സാറിനു എങ്ങനെ മനസ്സിലായി ഞാന്‍ മലയാളിയാണെന്ന്?

ജോണ്‍ സാമുവേല്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: വര്‍ഷം പത്തുമുപ്പതായില്ലേ ഈ മരുഭൂമിയില്‍ അലയുന്നു. ഇവിടത്തെ ഓരോ മണല്‍ത്തരിയെ കണ്ടാലും എനിക്ക് തിരിച്ചറിയാന്‍ കഴിയും അത് ഏത് ഇനമാണെന്ന്.

ചെറുപ്പക്കാരന്‍ ഭാവ്യതയോടും അത്ഭുതത്തോടുംകൂടി ചോദിച്ചു : ഓ, മുപ്പതു വര്‍ഷമായോ? എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. ഞാന്‍ ഒരു മാസമായതേയുള്ളൂ. വിസിറ്റ് വിസയില്‍ വന്നതാണ്.

ജോണ്‍ സാമുവേല്‍: എന്നിട്ട്? ജോലി ശരിയായോ?

ചെറുപ്പക്കാരന്‍: ഇല്ല സാര്‍. രണ്ടു മാസത്തെ വിസയാണുള്ളത്. അതില്‍ ഒരു മാസം കഴിഞ്ഞു. (കണ്ണില്‍ വെള്ളം നിറഞ്ഞു). വളരെ പ്രതീക്ഷയോടെയാണ് ഇവിടെ വന്നിറങ്ങിയത്. ബാങ്കില്‍ നിന്നും ലോണ്‍ എടുത്തിട്ടാണ് എന്നെ MBA പഠിപ്പിച്ചത്. വീട്ടുകാരും വളരെ പ്രതീക്ഷയോടെയാണ് അവിടെ കാത്തിരിക്കുന്നത്. എല്ലാം ശരിയാവും എന്ന് പറഞ്ഞ് ഞാന്‍ അവരെ ആശ്വസിപ്പിക്കുകയാണ്. (കരയുന്നു)

ജോണ്‍ സാമുവേല്‍: (ആശ്വസിപ്പിച്ചുകൊണ്ട്) എന്തിനാ കരയുന്നത്? വിഷമിക്കണ്ട. ഞാന്‍ പേര് ചോദിച്ചില്ല. എന്താണ് പേര്?

ചെറുപ്പക്കാരന്‍: ഷാജന്‍

ജോണ്‍ സാമുവേല്‍ : നോക്കൂ ഷാജന്‍, ഈ മരുഭൂമിയില്‍ ഒത്തിരി കണ്ണുനീര്‍ ഇതുപോലെ പലരുടെയും വീണിട്ടുണ്ട്. എന്നാല്‍ ആ കണ്ണുനീര്‍ പിന്നീട് സന്തോഷമായി മാറിയ ഒത്തിരി കഥകള്‍ എനിക്ക് നേരിട്ട് അറിയാം. അതുകൊണ്ട്, ഷാജന്റെ ഈ കണ്ണുനീരിനും നാളെ ഒരു സന്തോഷത്തിന്റെ കഥ പറയാന്‍ ഉണ്ടാകും എന്ന് എന്റെ മനസ്സ് പറയുന്നു. എന്നെക്കൊണ്ട് കഴിയുന്ന എല്ലാ സഹായങ്ങളും ഞാന്‍ ചെയ്തു തരാം. ധൈര്യമായിരിക്കൂ.

ഷാജന്‍: സാര്‍, ആദ്യമായാണ്‌ ഒരാള്‍ ഇതുപോലെ ആശ്വാസവാക്ക് എന്നോട് പറയുന്നത്. പലരും എന്നെ കുറ്റപ്പെടുത്തുകയായിരുന്നു. ഞാന്‍ MBA പഠിച്ചു വന്നത് എന്തോ വലിയ അപരാധം ചെയ്തതുപോലെയാണ് പലരും എന്നോട് പെരുമാറുന്നത്.

ജോണ്‍ സാമുവേല്‍: ഷാജാ, നീ അതൊന്നും കാര്യമാക്കണ്ട. എന്റെ മകന്റെ പ്രായമേ ഉള്ളൂ നീ. അവനും പഠിക്കുന്നുണ്ട് MBA അവസാന വര്‍ഷത്തിന്. ഈ വര്‍ഷം കഴിഞ്ഞാല്‍ അവനും ഇതുപോലെ തൊഴില്‍ അന്വേഷിച്ചു നടക്കേണ്ടിവരും. നിന്നില്‍ ഞാന്‍ എന്റെ മകനെയാണ് കാണുന്നത്.

അവരുടെ ആ സംഭാഷണം വലിയൊരു സൌഹൃദമായി പരിണമിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവര്‍ പരസ്പരം ബന്ധപ്പെടുകയും സുഖദുഃഖങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തുപോന്നു. ഒടുവില്‍ ജോണ്‍ സാമുവേലിന്റെ ഓഫീസില്‍ തന്നെ അദ്ദേഹത്തിന്റെ അസിസ്റ്റന്റ്‌ ആയി ഷാജന് ജോലി തരപ്പെടുത്തിക്കൊടുത്തു.  ഷാജന്‍ ദൈവത്തോടും ജോണ്‍ സാമുവേല്‍ സാറിനോടും നന്ദി പറഞ്ഞുകൊണ്ട് ആ ജോലിയില്‍ പ്രവേശിച്ചു.

ദിവസങ്ങളും മാസങ്ങളും പലതും കടന്നുപോയി. ജോണ്‍ സാമുവേല്‍ ജോലിയില്‍ നിന്നും വിരമിക്കാറായി. ജോണ്‍ സാമുവേല്‍ വിരമിച്ചാല്‍ പിന്നെ ഷാജനാണ് ആ സ്ഥാനത്ത് തുടരുക. ഇതിനിടയില്‍ അവര്‍ തമ്മിലുള്ള സ്നേഹബന്ധം വളരെ ആഴപ്പെട്ടുകഴിഞ്ഞിരുന്നു.  

ഒടുവില്‍ ആ ദിവസം വന്നു. ജോണ്‍ സാമുവേല്‍ സാര്‍ ജോലിയില്‍ നിന്നും വിരമിച്ചു. ഓഫീസിലെ എല്ലാവരുംകൂടി അദ്ദേഹത്തിന് നല്ലൊരു യാത്രയയപ്പ് നല്‍കി. തുടര്‍ന്ന് ഷാജന്‍ ആ സ്ഥാനം ഏറ്റെടുത്തു.

ഷാജന്‍ ജോണ്‍ സാമുവേലിനോട് പറഞ്ഞു,: സാര്‍, ഞാന്‍ ഇന്ന് ഇവിടെയായിരിക്കുന്നത് സാറിന്റെ നല്ല മനസ്സ് ഒന്നുകൊണ്ടുമാത്രമാണ്. അതിന്റെ നന്ദി എന്നും ഉണ്ടായിരിക്കും. സാറില്‍ നിന്നും ഒരുപാട് നല്ല കാര്യങ്ങള്‍ ഞാന്‍ പഠിച്ചു. ഞാന്‍ ഇന്ന് പുതിയൊരു മനുഷ്യനാണ്. സാര്‍ ഈ ലോകത്തിന്റെ ഏത് കോണില്‍ ആയിരുന്നാലും എന്റെ ഹൃദയത്തിന്റെ ഉള്ളില്‍ സാറുണ്ടായിരിക്കും. തീര്‍ച്ച.

അധികം താമസിയാതെ ജോണ്‍ സാമുവേല്‍ നീണ്ട ഗള്‍ഫ്‌ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്രയായി. ഒരുപാട് നല്ല ഓര്‍മ്മകളുമായിട്ടാണ് അദ്ദേഹം ദുബായിയോട് വിട പറഞ്ഞത്. പിന്നീട് നാട്ടില്‍ സാമൂഹ്യ പ്രവര്‍ത്തനവുമായി അദ്ദേഹം മുന്നോട്ടുപോയി. ആരോടും പരാതിയില്ല, ആരേയും ബുദ്ധിമുട്ടിക്കാനുമില്ല.

വര്‍ഷം ഒന്നുരണ്ട് കഴിഞ്ഞു. ഷാജന്‍ വളരെ മിടുക്കനായി ആ സ്ഥാപനത്തില്‍ തുടര്‍ന്നു. ഷാജന്റെ സ്ഥാപനം വളരെ നല്ല രീതിയില്‍ വളര്‍ന്നുവന്നതുകൊണ്ട് അദ്ദേഹത്തിന് ഒരു അസിസ്റ്റന്റ്‌ - നെ ആവശ്യമായി. ജോലി ഒഴിവ് പത്രത്തില്‍ പരസ്യം കൊടുത്തു. ഒരുപാട് പേര്‍ ഇന്റര്‍വ്യൂവിനു വന്നു. വന്നവരെല്ലാം ഒന്നിനൊന്നു മെച്ചംതന്നെ. ഷാജന്‍ തന്നെയാണ് എല്ലാവരേയും ഇന്റര്‍വ്യൂ ചെയ്യുന്നത്.

ഏറ്റവും ഒടുവിലായി ഒരു ചെറുപ്പക്കാരന്‍ ഷാജന്റെ കാബിനിലേക്ക്‌ കയറി വന്നു. ആകെ വിഷാദ ഭാവത്തിലാണ് അദ്ദേഹം വന്നിരുന്നത്. എന്താണ് വിഷാദത്തിനു കാരണം എന്ന് ഷാജന്‍ തിരക്കി.

അദ്ദേഹം പറഞ്ഞു: സാര്‍, എന്റെ പേര് സോളമന്‍. വളരെ വേദനയുള്ള ഒരു വാര്‍ത്ത കേട്ടിട്ടാണ് ഞാന്‍ ഇവിടെ ഇരിക്കുന്നത്. എന്റെ അപ്പച്ചന് ഒരു അറ്റാക്ക്‌ ഉണ്ടായി. ഇത് രണ്ടാമത്തെ അറ്റാക്ക് ആണ്. അപ്പച്ചനെ കാണാന്‍ നാട്ടിലേക്ക് പോകണമെന്നുണ്ട്. പക്ഷേ വിസിറ്റ് വിസയില്‍ ജോലി അന്വേഷിക്കുന്ന ഞാന്‍ ഈ അവസരത്തില്‍ എങ്ങനെ നാട്ടില്‍ പോകും? (സോളമന്‍ കരയാന്‍ തുടങ്ങി).

ഷാജന്‍: എന്തിനാ കരയുന്നത്? വിഷമിക്കാതിരിക്കൂ. ആട്ടെ, അപ്പച്ചന്‍ നാട്ടില്‍ എന്തു ചെയ്യുന്നു? ജോലിയോ അതോ സ്വന്തം ബിസിനസോ?

സോളമന്‍: അപ്പച്ചന്‍ പത്തുമുപ്പതു വര്‍ഷം ഈ ദുബായിലായിരുന്നു. ഇപ്പോള്‍ നാട്ടില്‍ വെറുതെ ഇരിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞു പൊതുപ്രവര്‍ത്തകനായി നടക്കുകയാണ്.

ഷാജന്‍: എനിക്ക് അറിയാവുന്ന ഒരു നല്ല മനുഷ്യനുണ്ടായിരുന്നു. അദ്ദേഹവും സോളമന്റെ അപ്പച്ചനെപ്പോലെതന്നെയാണ്. നല്ല സ്നേഹമുള്ള മനുഷ്യന്‍. അദ്ദേഹമാണ് എന്നെ ഞാനാക്കിയത്. അദ്ദേഹത്തിന്റെ പേര് ജോണ്‍ സാമുവേല്‍ എന്നാണ്. പാവം. അദ്ദേഹം ഇപ്പോള്‍ എങ്ങനെയിരിക്കുന്നോ ആവോ? കുറച്ചുനാളായി ഞാന്‍ അദ്ദേഹത്തെ ഫോണ്‍ ചെയ്തിട്ട്.

സോളമന്‍: സാര്‍, സാര്‍ ഉദ്ദേശിക്കുന്ന ആള്‍ നല്ല ഉയരത്തില്‍ അല്പം കഷണ്ടി ആയിട്ടാണോ?

ഷാജന്‍: അതെ അതെ. എന്താ സോളമന്‍ അദ്ദേഹത്തെ അറിയുമോ?

സോളമന്‍: (അഭിമാനത്തോടെ) സാര്‍ അദ്ദേഹത്തിന്റെ മകനാണ് ഞാന്‍.

ഇത് കേട്ടപാടെ ഷോക്കടിച്ചതുപോലെ ഷാജന്‍ ചാടി എണീറ്റ്‌ പറഞ്ഞു: ഞാന്‍ എന്താ ഈ കേള്‍ക്കുന്നത്? കാണുന്നത്? എന്റെ ജോണ്‍ സാമുവേല്‍ സാറിന്റെ മകനാണോ ഈ ഇരിക്കുന്നത്? അതും ഒരു ജോലി തേടി എന്റെ മുന്നില്‍? ഇനി എനിക്ക് വേറെ ഒന്നും നോക്കാനില്ല, മറ്റെന്തു യോഗ്യതയേക്കാളും ഞാന്‍ മികച്ചതായി കാണുന്നത് താങ്കള്‍ ജോണ്‍ സാമുവേല്‍ സാറിന്റെ മകനാണെന്നുള്ളതാണ്. അതുകൊണ്ട് ഈ ജോലി താങ്കള്‍ക്കുതന്നെ.

സോളമന്‍: (സന്തോഷത്തോടെ) സാര്‍, ഞാന്‍ ഇപ്പോള്‍ തന്നെ ഇക്കാര്യം വീട്ടില്‍ അറിയിക്കും. ഇതറിയുമ്പോള്‍ തീര്‍ച്ചയായും എന്റെ അപ്പച്ചന്‍ വേഗം സുഖം പ്രാപിക്കും.  

ഷാജന്‍: ഇതില്‍പരം സന്തോഷം എനിക്കും വേറെ കിട്ടാനില്ല. ജോണ്‍ സാമുവേല്‍ സാറിലൂടെ എനിക്ക് കിട്ടിയ അതേ ജോലിതന്നെ ഞാന്‍ അദ്ദേഹത്തിന്റെ മകന് കൊടുക്കുന്നു. എനിക്കും സാറിനോട് സംസാരിക്കണം. സാറിനോട് എന്റെ അന്വേഷണം പ്രത്യേകം പറയണം കേട്ടോ.

ഈ സമയം സോളമന്റെ മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്യുന്നു.

സോളമന്‍: (വളരെ വിഷമിച്ചുകൊണ്ട്) സാര്‍, ഇത് വീട്ടില്‍നിന്നാണ്. അമ്മയാണെന്ന് തോന്നുന്നു.

ഷാജന്‍: എങ്കില്‍ സംസാരിക്കൂ. എനിക്കും സാറിന്റെ വിശേഷം അറിയണം.

സോളമന്‍ ഫോണില്‍ സംസാരിക്കുന്നു. അപ്പച്ചന് ഇപ്പോള്‍ സുഖമായെന്നും അത്യാഹിത വിഭാഗത്തില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റി എന്നുമാണ് നാട്ടില്‍ നിന്നും പറഞ്ഞത്. അക്കാര്യം സോളമന്‍ ഷാജനോട് പറഞ്ഞു.

ഷാജന്‍: അപ്പച്ചനോട് എനിക്കൊന്നു സംസാരിക്കാമോ എന്ന് ചോദിച്ചുനോക്കൂ.

സോളമന്‍: അമ്മേ, ഒരു സന്തോഷവാര്‍ത്തയുണ്ട്. എനിക്ക് ജോലി ശരിയായി. അപ്പച്ചന്റെ ഒരു കൂട്ടുകാരന്റെ ഓഫീസിലാണ് ജോലി കിട്ടിയത്. അദ്ദേഹംതന്നെയാണ് എനിക്ക് ജോലി ശരിയാക്കി തന്നത്. അദ്ദേഹത്തിന് അപ്പച്ചനോട് ഒന്ന് സംസാരിക്കണം എന്ന് പറയുന്നു. അദ്ദേഹം എന്റെ കൂടെയുണ്ട്. അപ്പച്ചന് ഒന്ന് കൊടുക്കാമോ?

തുടര്‍ന്ന് ഷാജനും ജോണ്‍ സാമുവേല്‍ സാറും ഫോണില്‍ സംസാരിക്കുന്നു.

ഷാജന്‍: ജോണ്‍ സാമുവേല്‍ സാറേ, ഇത് ഞാനാണ്, ഷാജന്‍. സാറിനു ഇപ്പോള്‍ സുഖമല്ലേ?

ജോണ്‍ സാമുവേല്‍: സുഖംതന്നെ. ഷാജന് അവിടെ സുഖമല്ലേ?

ഷാജന്‍: അതേ സാര്‍. ഞാന്‍ സുഖമായിരിക്കുന്നു. ഇനിയൊരു സന്തോഷ വാര്‍ത്തകൂടി പറയട്ടെ. സാറിനോട് എനിക്കൊരു കടം ഉണ്ടായിരുന്നു. അത് ഞാന്‍ ഇന്ന് കുറച്ച് വീട്ടി.

ജോണ്‍ സാമുവേല്‍: എന്ത്? കടമോ? എനിക്കോ? എനിക്കൊന്നും മനസ്സിലാകുന്നില്ല. എനിക്ക് ആരും ഒന്നും തരാനുമില്ല, ഞാന്‍ ആര്‍ക്കും ഒന്നും കൊടുക്കാനുമില്ല.

ഷാജന്‍: ഈ പറഞ്ഞത് സാറിന്റെ മനസ്സിന്റെ വലുപ്പം. എന്നാല്‍ ഞാന്‍ സാറിനു കടപ്പെട്ടിരിക്കുന്നത് കുറച്ചൊന്നുമല്ല. എന്നെ മുഴുവനായി തന്നെയാണ്. എന്നെ ഞാനാക്കിയ സാറിനോട് എനിക്ക് കടവും കടപ്പാടും ഇല്ലെന്നു പറഞ്ഞാല്‍ ദൈവം പൊറുക്കില്ല സാര്‍.

ജോണ്‍ സാമുവേല്‍: ഓ, അതാണോ കാര്യം? അതെല്ലാം ജീവിതത്തിന്റെ ഒരു ഭാഗമല്ലേ മോനേ? ഉള്ള കാലം നല്ലത് ചെയ്യുക. അത്രമാത്രം.

ഷാജന്‍: സാറിനെപ്പോലെ ഞാനും കുറച്ച് നല്ലത് ചെയ്യട്ടെ സാര്‍. തല്‍ക്കാലം സാറിന്റെ മകന് ഞാന്‍ എന്റെ ഓഫീസില്‍, അല്ല നമ്മുടെ ഓഫീസില്‍ ഒരു ജോലി കൊടുത്തിട്ടുണ്ട്‌. ഇനി മകന്റെ കാര്യം ഞാന്‍ നോക്കിക്കോളാം. സാര്‍ സന്തോഷമായി, സമാധാനമായി ഇരിക്കണം. കേട്ടോ സാര്‍?

ജോണ്‍ സാമുവേല്‍: നന്നായി വരട്ടെ മോനേ. എനിക്ക് അധികം സംസാരിക്കാന്‍ കഴിയില്ല. നമുക്ക് പിന്നീട് സംസാരിക്കാം കേട്ടോ.

ഷാജന്‍ സന്തോഷത്തോടെ ആ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു.

അങ്ങനെ, നന്ദിയും സ്നേഹവും ഉള്ളവര്‍ ഇനിയും അവശേഷിച്ചിട്ടില്ല എന്ന് ഷാജന്‍ തന്റെ പ്രവര്‍ത്തിയില്‍ തെളിയിച്ചു.

ഷാജന് എല്ലാവിധ നന്മകളും നേരുന്നു, ഒപ്പം ജോണ്‍ സാമുവേല്‍ എന്ന മഹാ മനുഷ്യസ്നേഹിയുടെ മുന്നില്‍ ഞാനെന്റെ ശിരസ്സ്‌ നമിക്കുന്നു.

പോള്‍സണ്‍ പാവറട്ടി - ദുബായ് 

00971 50 5490334

 
 

13 മാർച്ച് 2012

കൈയ്യില്‍ കാശിരുന്നാല്‍... !!


കൈയ്യില്‍ കാശിരുന്നാല്‍... !!

തൃശൂര്‍ അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് ബഹു.കുണ്ടുകുളം പിതാവ് പണ്ടൊരിക്കല്‍ ഒരു പ്രസംഗത്തില്‍ ഹാസ്യാത്മകമായി പറഞ്ഞ ഒരു കാര്യം ഞാന്‍ ഇടയ്ക്ക് ഓര്‍ക്കാറുണ്ട്. ആ കാര്യം ഞാനിവിടെ കുറിക്കാം.

കുണ്ടുകുളം പിതാവ് ബിഷപ്പ് ആകുന്നതിനു മുന്‍പ് ഒരു പള്ളിയില്‍ വികാരിയായി സേവനം ചെയ്യുന്ന കാലം. പാവപ്പെട്ടവരും സാധാരണക്കാരും എന്നും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. ഏതൊരുവനും ഏതു പാതിരായ്ക്കും അച്ചന്റെ മുറിയില്‍ കയറിവരാനും സങ്കടങ്ങള്‍ പറയാനും സ്വാതന്ത്ര്യമുണ്ട്. വരുന്നവര്‍ സമാധാനമായേ വീട്ടിലേക്ക് മടങ്ങിപോകാറുള്ളൂ. (അതുകൊണ്ടു തന്നെയാണ് പില്‍ക്കാലത്ത്‌ "പാവങ്ങളുടെ പിതാവ്" എന്ന വിശേഷണം കുണ്ടുകുളം പിതാവിന് കിട്ടിയത്.)

ആ ഇടവകയിലെ ഓരോ കുടുംബത്തേയും ഓരോ വ്യക്തിയേയും അച്ചന് നന്നായി അറിയാം. ഏതു വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായാലും അവസാനത്തെ മധ്യസ്ഥന്‍ കുണ്ടുകുളം അച്ചനായിരിക്കും. അച്ചന്‍ ഒരു വാക്ക് പറഞ്ഞാല്‍ അതിനെ ഖണ്ഡിച്ചു പറയാന്‍ ആര്‍ക്കും നാക്ക് ഉയരില്ല. അത്രയും ബഹുമാനമായിരുന്നു ആ ഇടവകക്കാര്‍ക്ക് അച്ചനോട് ഉണ്ടായിരുന്നത്.

ആയിടയ്ക്ക് ഒരു ദിവസം ഇടവകയിലെ ഒരു കുഞ്ഞാടായ ലോനപ്പന്‍ ചേട്ടന്റെ വീട്ടില്‍ അപ്പനും മക്കളും തമ്മില്‍ വലിയൊരു വഴക്ക് ഉണ്ടായി. വിഷയം എന്താണെന്നോ? ലോനപ്പന്‍ ചേട്ടന്‍ അദ്ദേഹത്തിന്റെ പേരില്‍ ഉണ്ടായിരുന്ന കുറച്ച് ഭൂമി വിറ്റു. വലിയൊരു സംഖ്യയും കിട്ടി. ആ പൈസയുടെ ഓഹാരിയെചൊല്ലിയാണ് തര്‍ക്കം.

മൂത്തവന്‍ പറയുന്നു, "ഞാന്‍ കഷ്ടപ്പെട്ടാണ്‌ വീട് പുലര്‍ത്തുന്നത്. അതുകൊണ്ട് കൂടുതല്‍ ഓഹരി എനിക്ക് കിട്ടണം.”    

അപ്പോള്‍ ഏറ്റവും ഇളയവന്‍ പറയുന്നു, “ഞാനാണ് ഏറ്റവും ഇളയ കുട്ടി. അതുകൊണ്ട് കൃസ്ത്യന്‍ പാരമ്പര്യം അനുസരിച്ച് എനിക്കാണ് കൂടുതല്‍ ഓഹരി കിട്ടേണ്ടത്."

പിന്നെയുള്ള മൂന്നുമക്കള്‍ പെണ്‍കുട്ടികള്‍ ആയിരുന്നതുകൊണ്ടും അവരുടെ കല്യാണം കഴിഞ്ഞിരുന്നതുകൊണ്ടും അവരില്‍ നിന്ന് വലിയ ഒച്ചപ്പാടൊന്നും ഉണ്ടായില്ല.

തര്‍ക്കം മൂത്ത് കൈയ്യാങ്കളിയുടെ വക്കത്തെത്തി. അപ്പോള്‍ സമയം രാത്രിയായിരുന്നു. ചുറ്റുമുള്ള നാട്ടുകാര്‍ ഒരു സിനിമ കാണുന്ന ഭാവത്തില്‍ എല്ലാം കണ്ട് രസിക്കുകയും അത്യാവശ്യം മൂപ്പിച്ചു കൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു. (അതാണല്ലോ പൊതുവേ നമ്മള്‍ മലയാളികള്‍ക്ക് അറിയാവുന്ന കാര്യം.)

കാര്യങ്ങളുടെ പോക്ക് ശരിയല്ല എന്ന് കണ്ടപ്പോള്‍ തലമൂത്ത ഒരു അയല്‍വാസി ലോനപ്പന്‍ ചേട്ടനോട് പറഞ്ഞു, "ചേട്ടാ, ഇത് ഇവിടെ തീരുന്ന ലക്ഷണമൊന്നുമില്ല. നമുക്ക് കുണ്ടുകുളം അച്ചന്റെ അടുത്തുപോയി സംസാരിക്കാം. അച്ചന്‍ എന്താണ് പറയുന്നത് എന്നുവച്ചാല്‍ അതുപോലെയങ്ങു ചെയ്യാം. എന്താ സമ്മതമല്ലേ?..."

അങ്ങനെ എല്ലാവരുംകൂടി കുണ്ടുകുളം അച്ചന്റെ മേടയില്‍ എത്തി. കൂടെ പണം നിറച്ച പെട്ടിയും (പണ്ടത്തെ ട്രങ്ക് പെട്ടി) ഉണ്ടായിരുന്നു. ലോനപ്പന്‍ ചേട്ടന്‍ ഉണ്ടായ കാര്യങ്ങള്‍ അച്ചനോട് പറഞ്ഞു. എന്ത് മറുപടി പറയണം എന്നറിയാതെ അച്ചനും ആകെ വല്ലാതായി. ഒടുവില്‍ അച്ചന്‍ പറഞ്ഞു, "ഇപ്പോള്‍ സമയം രാത്രിയായല്ലോ. ഇന്ന് തല്‍ക്കാലം എല്ലാവരും വീട്ടില്‍ പോയി നന്നായി ഉറങ്ങ്‌. നാളെ നേരം വെളുത്ത് നമുക്ക് നല്ലൊരു പരിഹാരം ഉണ്ടാക്കാം. അതുവരെ ഈ പണപ്പെട്ടി ഇവിടെ ഇരിക്കട്ടെ...."

അച്ചന്റെ വാക്ക് മാനിച്ച് എല്ലാവരും വീട്ടിലേക്ക് തിരിച്ചു. പോകും വഴി ലോനപ്പന്‍ ചേട്ടന്‍ അച്ചനോട് പറഞ്ഞു, "എന്റച്ചോ, ഈ പണപ്പെട്ടി അച്ചന്റെ പക്കല്‍ ഇരിക്കുന്നതുകൊണ്ട്‌ എനിക്കിന്ന് സമാധാനമായി ഉറങ്ങാം. ഇത് ഇന്ന് എന്റെ വീട്ടില്‍ ആയിരുന്നെങ്കില്‍ എനിക്ക് ഉറങ്ങാന്‍ കഴിയില്ല...."

അവര്‍ പോയതിനു ശേഷം അച്ചന്‍ തന്റെ മുറിയുടെ വാതിലടച്ച്‌ കുറച്ചുനേരം ആ പണപ്പെട്ടിയും നോക്കിയിരുന്ന് ചിന്തിച്ചു. മിനിട്ടുകള്‍ മണിക്കൂറായത് അച്ചന്‍ അറിഞ്ഞില്ല. അച്ചന്‍ മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടത്തംതന്നെ. അച്ചന് ഉറക്കം വരുന്നില്ല. പണപ്പെട്ടി കാണുമ്പോള്‍ ഉള്ളില്‍ ആകെ ആധിയും അങ്കലാപ്പും.

അച്ചന്‍ ഇങ്ങനെ ചിന്തിക്കാന്‍ തുടങ്ങി, "പണപ്പെട്ടി എന്റെ പക്കല്‍ ഉള്ള കാര്യം ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. ആരെങ്കിലും ഇന്ന് രാത്രി ഇവിടെ കയറി ഇത് മോഷ്ടിച്ചാല്‍ നാളെ കാലത്ത് ഞാന്‍ അവരോട് എന്ത് പറയും? … കള്ളന്‍ കൊണ്ടുപോയെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്നെ പിന്നെ ഒരു കള്ളനായല്ലേ എല്ലാവരും കാണുകയുള്ളൂ.....   ലോനപ്പന്‍ ചേട്ടനും മക്കളും ഇപ്പോള്‍ കൂര്‍ക്കം വലിച്ച് ഉറങ്ങുന്നുണ്ടാവും. എനിക്കാണെങ്കില്‍ ഉറക്കവും വരുന്നില്ല.... ഈ പണപ്പെട്ടികൊണ്ടുള്ള തലവേദന കുറച്ചൊന്നുമല്ലല്ലോ ദൈവമേ.... എങ്ങനെയെങ്കിലും നേരം ഒന്നു വെളുത്തുകിട്ടിയാല്‍ മതി.... കുറച്ച് പണം വന്നപ്പോള്‍ ഇതാണ് എന്റെ അവസ്ഥയെങ്കില്‍ ലക്ഷങ്ങളും കോടികളും കൈയ്യില്‍ ഉള്ളവരുടെ അവസ്ഥ എന്തായിരിക്കും?.... എന്റമ്മേ, എനിക്ക് ചിന്തിക്കാനേ കഴിയുന്നില്ല....."

ഇങ്ങനെ ഓരോന്നും ചിന്തിച്ച് അച്ചന്‍ നേരംവെളുപ്പിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. കപ്യാര്‍ പുലര്‍ച്ചമണി അടിച്ചപ്പോഴാണ്‌ കുര്‍ബാനയ്ക്ക് നേരമായി എന്ന് മനസ്സിലായത്‌. പണപ്പെട്ടി മുറിയില്‍ വച്ചിട്ട് കുര്‍ബാന ചൊല്ലാന്‍ പോകാനും അച്ചന് ധൈര്യമില്ല. പോകാതിരിക്കാന്‍ കഴിയുമോ, അതുമില്ല. ഒടുവില്‍ ആ പെട്ടി ഒരു വെളുത്ത തുണിയില്‍ പൊതിഞ്ഞ് കുര്‍ബാന ചൊല്ലാന്‍ പോകുമ്പോള്‍ കൂടെകൊണ്ടുപോയി ആരും കാണാതെ സങ്കീര്‍ത്തിയില്‍ ഒരു സ്ഥലത്ത് കൊണ്ടുപോയി വച്ചു.

കുര്‍ബാന ചൊല്ലുമ്പോഴും അച്ചന്റെ ചിന്ത മുഴുവന്‍ ആ പണപ്പെട്ടിയെക്കുറിച്ചായിരുന്നു. ആരും അത് അടിച്ചുമാറ്റല്ലേ ദൈവമേ എന്ന് മാത്രമായിരുന്നു ആ കുര്‍ബാന തീരുംവരെ അച്ചന്റെ ഒരേയൊരു പ്രാര്‍ത്ഥന. മുന്നിലേക്ക്‌ നോക്കുമ്പോള്‍ അതാ കാണുന്നു ലോനപ്പന്‍ ചേട്ടനും സാധാരണ ഞായറാഴ്ചകളിലല്ലാതെ പള്ളിയില്‍ വരാത്ത ലോനപ്പന്‍ ചേട്ടന്റെ മക്കളും "ഭക്തിപൂര്‍വ്വം" കുര്‍ബാനയില്‍ പങ്കുകൊള്ളുന്നു.

കുര്‍ബാന കഴിഞ്ഞ ഉടനെ ലോനപ്പന്‍ ചേട്ടനും മക്കളും മറ്റു ഏതാനും നാട്ടുകാരും അച്ചന്റെ മുറിയില്‍ എത്തി. അച്ചന്‍ തുണിയില്‍ പൊതിഞ്ഞ പണപ്പെട്ടിയുമായി അവിടെ എത്തി. ഒരുവിധത്തില്‍ അപ്പനേയും മക്കളേയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി, പണം യഥാവിധം അവര്‍ക്ക് വീതിച്ചു നല്‍കി അവരെ രമ്യതയിലാക്കി. എന്നിട്ട് അച്ചന്‍ അവരോട് ചോദിച്ചു, "ഇന്നലെ രാത്രി നിങ്ങള്‍ നന്നായി ഉറങ്ങിയില്ലേ?"

ലോനപ്പന്‍ ചേട്ടന്‍, "ഉവ്വച്ചോ, ഇന്നലെ ഇവിടന്നു ചെന്നപാടേ ഭക്ഷണവും കഴിച്ചു കിടന്ന കിടപ്പാ. പുലര്‍ച്ചമണി അടിച്ചപ്പോഴാ ഉണര്‍ന്നത്. ഹോ, എന്തൊരു ഉറക്കമായിരുന്നു എന്റച്ചോ....ഈ അടുത്ത കാലത്തൊന്നും ഞാന്‍ ഇതുപോലെ ഉറങ്ങിയിട്ടില്ല....പണപ്പെട്ടി അച്ചന്റെ പക്കല്‍ ആയതു നന്നായി"

അച്ചന്‍, "അതേതായാലും നന്നായി. നിങ്ങള്‍ ഭാഗ്യവാന്മാര്‍. എന്നാല്‍ ഞാന്‍ ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല. ഈ പണം എന്നത് ഉറക്കം കളയുന്ന ഒരു സാധനമാണെന്ന് എനിക്കിപ്പഴാ മനസ്സിലായത്‌. അതുകൊണ്ട്, ഇനി മേലാല്‍ പണം സൂക്ഷിക്കുന്ന ഏര്‍പ്പാട് ഉണ്ടാവില്ല. കൈയ്യിലെ കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിക്കുന്നതിനെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്, എന്നാല്‍ ഇതിപ്പോള്‍ "കൈയ്യില്‍ കാശ്  ഇരുന്നാല്‍ ഉറക്കം നഷ്ടപ്പെടും" എന്ന കാര്യം പുതിയ അറിവാണ്..."

അതുകേട്ട് എല്ലാവരും പൊട്ടിച്ചിരിച്ച് സന്തോഷത്തോടെ തിരികെ പോയി.

പോള്‍സണ്‍ പാവറട്ടി - ദുബായ്

12 മാർച്ച് 2012

ചോദിക്കേണ്ടിടത്ത് ചോദിക്കണം...


ചോദിക്കേണ്ടിടത്ത് ചോദിക്കണം...
--------------------------------------------------

ദുബായില്‍ വിസിറ്റ് വിസയില്‍ വന്നിറങ്ങിയതാണ് ജിന്‍സ് എന്ന ചെറുപ്പക്കാരന്‍. വിസിറ്റ് വിസയില്‍ വന്നു എന്നു പറയുമ്പോള്‍ ദുബായ് വിസിറ്റ് ചെയ്യാന്‍ അഥവാ സന്ദര്‍ശിക്കാന്‍ വന്നതാണ് എന്ന് തെറ്റിദ്ധരിക്കണ്ട. ജോലി അന്വേഷിച്ചുതന്നെയാണ് അദ്ദേഹം വന്നത്.

ജിന്‍സിന് ദുബായില്‍ സ്വന്തക്കാരെന്നു പറയാന്‍ വേറെ ആരുമില്ല. ഞങ്ങള്‍ തമ്മില്‍ മുന്‍പേ പരിചയമുള്ളതുകൊണ്ട് എല്ലാ കാര്യങ്ങള്‍ക്കും ജിന്‍സ് എന്നെയാണ് സമീപിക്കുക. കഴിയാവുന്ന എല്ലാ സഹായവും ചെയ്തുകൊടുക്കാന്‍ എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. പല സ്ഥാപനങ്ങളിലും പല വ്യക്തികള്‍ക്കും ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുത്തിക്കൊടുത്തു.

ജിന്‍സ് ഉയര്‍ന്ന വിദ്യാഭാസം ഉള്ളവനാണ്. പക്ഷേ, പഠിച്ചത് ഫിലോസഫി അഥവാ തത്വശാസ്ത്രമാണ്. അത് അദ്ദേഹത്തെ ശരിക്കും അലട്ടിയിരുന്നു. എവിടെ ഇന്റര്‍വ്യൂവിനു പോയാലും അവരെല്ലാം അദ്ദേഹത്തെ കളിയാക്കി ചോദിക്കും, "നിങ്ങളുടെ ഫിലോസഫി കൊണ്ട് ഇവിടെ ദുബായില്‍ എന്ത് ചെയ്യാന്‍ കഴിയും സുഹൃത്തേ?' എന്ന്. ഒന്നും മിണ്ടാതെ ദുഃഖഭാരത്തോടെ അദ്ദേഹം അവിടെ നിന്ന് ഇറങ്ങിപ്പോരും.

ഞങ്ങള്‍ തമ്മില്‍ എന്നും എല്ലാ കാര്യങ്ങളും പങ്കുവക്കുമായിരുന്നു. അദ്ദേഹത്തെ സാന്ത്വനിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കും. സമാധാനം നടിച്ചുകൊണ്ട്‌ അദ്ദേഹം ഓരോ ദിനവും തള്ളിനീക്കി.

കാര്യങ്ങള്‍ വിചാരിച്ചപോലെ നടക്കുന്നില്ല എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. “ഉയര്‍ന്ന വിദ്യാഭ്യാസം ഒരു ശാപമായി” എന്ന് പലപ്പോഴും അദ്ദേഹം പറയുമായിരുന്നു. സെക്യൂരിറ്റിക്കാരന്റെ ജോലിക്ക് പോയാലോ എന്നുവരെ അദ്ദേഹം ചിന്തിച്ചു. ഞാന്‍ വഴക്ക് പറഞ്ഞതുകൊണ്ടുമാത്രം ആ ഉദ്യമത്തില്‍നിന്നും തല്‍ക്കാലം പിന്‍മാറി.

ഒരു ദിവസം ഞാന്‍ ജിന്‍സിനോട് പറഞ്ഞു, "ഒരു ജോലിക്കുവേണ്ടി നമ്മള്‍ പലരേയും കണ്ടു, പലരോടും ചോദിച്ചു. ഒന്നും ശരിയായില്ല. എന്നാല്‍ നിനക്ക് ഒരു നല്ല ജോലി ശരിയാക്കിത്തരാന്‍ കഴിവുള്ള ഒരാളുണ്ട്. ആ വഴി മാത്രം നമ്മള്‍ ഇതുവരെ ചിന്തിച്ചില്ല. എന്നുവച്ചാല്‍ ചോദിക്കേണ്ടിടത്ത് മാത്രം ഇതുവരെ ചോദിച്ചില്ല  .."

ഇത് കേട്ടതോടെ വളരെ ആകാംക്ഷയോടെ ജിന്‍സ് ചോദിച്ചു, "ആരാണ് അദ്ദേഹം? എവിടെയാണ് അദ്ദേഹം ഉള്ളത്? ഞാന്‍ ഇന്നുതന്നെ പോയി കാണാം..."

"നീ നന്നായി അറിയും. അദ്ദേഹം നിന്നേയും വളരെ നന്നായി അറിയും" ഞാന്‍ തുടര്‍ന്നു, " നീ എപ്പോഴെങ്കിലും ഒരു ജോലി തരണേ എന്ന് ആത്മാര്‍ത്ഥമായി ദൈവത്തോട് ചോദിച്ചിട്ടുണ്ടോ? ദൈവത്തിന്റെ പക്കല്‍ നിനക്ക് പറ്റിയ ഒരു ജോലി ഉണ്ടാവില്ലേ? ഒരു നല്ല ജോലി തരാന്‍ സര്‍വ്വശക്തനായ ദൈവത്തിന് സാധിക്കില്ലെന്നുണ്ടോ? ..."

ഒന്നും മിണ്ടാതെ തലകുനിച്ച് നില്‍പ്പായി ജിന്‍സ്.

വീണ്ടും ഞാന്‍ തുടര്‍ന്നു, "അതുകൊണ്ട്, ഇന്നുമുതല്‍ എന്നും വൈകീട്ട് ദുബായ് സെന്റ്‌ മേരീസ് ദേവാലയത്തില്‍ പോകുക. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുക. എല്ലാം നല്ലവനായ ദൈവത്തില്‍ സമര്‍പ്പിക്കുക. നീ ഉദ്ദേശിച്ചതിനേക്കാള്‍ നല്ല ജോലി നിനക്ക് ദൈവം തരും, തീര്‍ച്ച..."

എന്നെ എതിര്‍ക്കാന്‍ കഴിയാത്തതുകൊണ്ടും വേറെ ഒരു മാര്‍ഗ്ഗം ഇല്ലാത്തതുകൊണ്ടും അന്നുമുതല്‍ എന്നും വൈകീട്ട് ജിന്‍സ് ദുബായ് പള്ളിയില്‍ പോകാന്‍ തുടങ്ങി. ആദ്യമൊക്കെ ഒരു ചടങ്ങുപോലെയാണ് പള്ളിയില്‍ പോയിരുന്നത് എങ്കിലും പിന്നീട് പിന്നീട് മനസ്സുരുകി പ്രാര്‍ഥിക്കാന്‍ തുടങ്ങി.

ഒരു ദിവസം ജിന്‍സ് പള്ളിയില്‍ നിന്നും മടങ്ങി വീട്ടിലേക്കു വരുമ്പോള്‍ ഒരു കാര്‍-ലിഫ്റ്റ്‌ കിട്ടി. അത് ഒരു മലയാളി ആയിരുന്നു. യാത്രക്കിടയില്‍ അദ്ദേഹം ജിന്‍സിനോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ജിന്‍സ് ജോലി അന്വേഷിക്കുകയാണെന്ന കാര്യം അറിഞ്ഞതോടെ അദ്ദേഹം പറഞ്ഞു, "ജിന്‍സ് ഒരു കാര്യം ചെയ്യൂ, നാളെത്തന്നെ എന്റെ ഓഫീസിലേക്ക് ഒരു അപ്ലിക്കേഷന്‍ ഇ-മെയില്‍ ചെയ്യൂ. ഞാന്‍ ശ്രമിക്കാം. ഞാന്‍ അവിടത്തെ മാനേജര്‍ ആണ്. ഇതാ എന്റെ വിസിറ്റിംഗ് കാര്‍ഡ്‌. എന്റെ ഫോണ്‍ നമ്പരും ഇ-മെയില്‍ അഡ്രസ്സും എല്ലാം ഇതിലുണ്ട്.  സമാധാനമായിരിക്കൂ..."

ജിന്‍സ് വീട്ടില്‍ എത്തിയ ഉടനെതന്നെ മാനേജര്‍ പറഞ്ഞ അഡ്രസ്സില്‍ ഇ-മെയില്‍ അയച്ചു. അടുത്ത ദിവസം രാവിലെ ജിന്‍സിന് ഒരു ഫോണ്‍ കാള്‍ വന്നു. അത് തലേ ദിവസം പരിചയപ്പെട്ട ആ മാനേജരുടേതായിരുന്നു. ഉടനെ അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തണം എന്നാണ് അറിയിപ്പ് കിട്ടിയത്.

ഒട്ടും വൈകാതെ ജിന്‍സ് അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തി. പരിചയപ്പെട്ട മാനേജര്‍ ജിന്‍സിനെകൂട്ടി ബോസിന്റെ കാബിനിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. ബോസ്  ഒരു ജപ്പാന്‍കാരനായിരുന്നു. ഉടനെ ഇന്റര്‍വ്യൂ നടന്നു. എന്നിട്ട് ബോസ് ജിന്‍സിനോട് പറഞ്ഞു, "താങ്കളുടെ ഫിലോസഫികൊണ്ട് തല്‍ക്കാലം ഞങ്ങള്‍ക്ക് ഒരു കാര്യവുമില്ല..."

ഇത് കേട്ടതോടെ ജിന്‍സ് ആകെ തളര്‍ന്നു, തലകുനിച്ച് ഇരിപ്പായി.

ബോസ് തുടര്‍ന്നു, "പക്ഷേ, താങ്കള്‍ നല്ലവനും വിശ്വസ്ഥനും ആണെന്ന് മാനേജര്‍ പറഞ്ഞതുകൊണ്ട്‌ എനിക്ക് താങ്കളെ ഇഷ്ടമായി. ഓഫീസ് അഡ്മിന്‍ മാനേജര്‍ ആയി താങ്കളെ വക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു.  ഇപ്പോള്‍ 6,000 ദിര്‍ഹംസ് ശമ്പളം പ്രതീക്ഷിക്കാം. മൂന്നു മാസത്തെ പ്രൊബേഷന്‍ കഴിഞ്ഞാല്‍ 8,000 ദിര്‍ഹംസ് (നാട്ടിലെ ഒരു ലക്ഷം രൂപക്കുമേല്‍) ആക്കിത്തരാം.  താല്പര്യമുണ്ടെങ്കില്‍ നാളെത്തന്നെ ജോലിയില്‍ പ്രവേശിക്കാം. എന്തുപറയുന്നു?..."

ഇത് കേട്ടതോടെ ജിന്‍സിന്റെ കണ്ണില്‍നിന്നും കണ്ണുനീര്‍ കുടുകുടാ ഒഴുകാന്‍ തുടങ്ങി. സന്തോഷംകൊണ്ട് എന്തുപറയണം എന്നറിയാതെ ഒരുനിമിഷം അന്തിച്ചു നിന്നുപോയി.

തുടര്‍ന്ന് മാനേജരോട്  നന്ദി പറഞ്ഞ് അപ്പോയിന്റ്മെന്റ് ലെറ്റര്‍ വാങ്ങി ജിന്‍സ് നേരെ പോയത് ദുബായ് പള്ളിയിലേക്കാണ്. അവിടെ ചെന്ന് കമിഴ്ന്നു കിടന്നുകൊണ്ട് ദൈവത്തോട് നന്ദി പറഞ്ഞു പ്രാര്‍ഥിച്ചു. അപ്പോഴും കണ്ണില്‍നിന്നും സന്തോഷാശ്രുക്കള്‍ കുടുകുടാ ഒഴുകുന്നുണ്ടായിരുന്നു.

പള്ളിയില്‍ നിന്നും മടങ്ങി എന്റെ അടുത്തുവന്ന് എന്നെ കെട്ടിപ്പിടിച്ച് ജിന്‍സ് സന്തോഷം പ്രകടിപ്പിച്ചു. അപ്പോള്‍ സന്തോഷംകൊണ്ട് ഞാനും അറിയാതെ കരഞ്ഞുപോയി.

ഞാന്‍ പറഞ്ഞു, "ഇപ്പോള്‍ എന്ത് തോന്നുന്നു? ആരാണ് നിനക്ക് ജോലി തന്നത്? സംശയിക്കണ്ട, ദൈവംതന്നെ. ദൈവം ആ മാനേജരുടെ രൂപത്തില്‍ നിന്റെ അരികില്‍ എത്തിയതാണ്... പ്രതീക്ഷ നഷ്ടപ്പെട്ടപ്പോള്‍ കേവലം ഒരു സെക്യൂരിറ്റി ജോലിക്കുപോലും പോകാന്‍ തുനിഞ്ഞവനാണ് നീ. എന്നാല്‍ ദൈവം നിനക്ക് തന്നതോ ഓഫീസ് അഡ്മിന്‍ മാനേജര്‍ എന്ന ജോലി...  ഇത് ഒരിക്കലും മറക്കരുത്..."

സ്നേഹിതരേ, ഇത് ഒരു കെട്ടുകഥയല്ല. യാഥാര്‍ത്ഥ്യം ആണ്. ജിന്‍സ് ഇന്നും അതേ ജപ്പാന്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്, വളരെ സന്തോഷപൂര്‍വ്വംതന്നെ.

ചോദിക്കേണ്ടിടത്ത് ചോദിക്കേണ്ടപോലെ ചോദിച്ചാല്‍ എല്ലാം ലഭ്യമാകും എന്ന ഒരു സന്ദേശം പങ്കുവക്കാന്‍ വേണ്ടിയാണ് ഞാന്‍ ഈ അനുഭവസാക്ഷ്യം ഇവിടെ കുറിച്ചത്. എന്നാല്‍ ഇന്ന് നടക്കുന്നത് എന്താണ്? കാര്യസാധ്യത്തിനു വേണ്ടി മനുഷ്യദൈവങ്ങളുടെ അരികിലേക്കല്ലേ പൊതുവേ എല്ലാവരും ഓടുന്നത്!

ഇനിയെങ്കിലും നമുക്ക് ദൈവത്തിലേക്ക് തിരിയാം.

എല്ലാവര്‍ക്കും നന്മ നേരുന്നു. 



പോള്‍സണ്‍ പാവറട്ടി - ദുബായ്

00971 50 5490334

08 മാർച്ച് 2012

അണ്ണാന്‍ കുഞ്ഞിനെ മരംചാട്ടം പഠിപ്പിക്കണോ?


അണ്ണാന്‍ കുഞ്ഞിനെ മരംചാട്ടം പഠിപ്പിക്കണോ?

എസ്തപ്പാനച്ചന്‍ എന്ന ഒരു മലയാളി വൈദികന്‍ ഇപ്പോള്‍ അമേരിക്കയുടെ സമീപമുള്ള ഒരു ചെറിയ ദ്വീപിലാണ് സേവനം ചെയ്യുന്നത്. ഏതാനും നാള്‍ മുന്‍പാണ് അദ്ദേഹം ആ ദ്വീപിലുള്ള ഒരു ദേവാലയത്തിന്റെ കാര്യങ്ങള്‍ക്കായി നിയമിതനായത്. ആദ്യമായിട്ടാണ് അദ്ദേഹം നാടിനു വെളിയില്‍ പോകുന്നത്. അതുകൊണ്ടുതന്നെ ചെറിയൊരു അങ്കലാപ്പ് ഇല്ലാതിരുന്നില്ല. എന്നാലും തന്റെ അങ്കലാപ്പ് മറ്റുള്ളവരെ അറിയിക്കാതെ വളരെ സമര്‍ത്ഥമായിതന്നെ എല്ലാം ചെയ്തുപോന്നു.

ലോകത്തിന്റെ ഏതു കോണില്‍ പോയാലും അവിടെ മലയാളികള്‍ ഉണ്ടാകും എന്നാണല്ലോ കേട്ടിട്ടുള്ളത്. അതുകൊണ്ട് വൈദികന്‍ പോയ ദ്വീപിലും ഏതെങ്കിലും മലയാളി ഉണ്ടാകും എന്നാണ് വൈദികന്‍ കരുതിയത്‌. എന്നാല്‍ ദിവസങ്ങള്‍ പലതും കഴിഞ്ഞിട്ടും ഒരു മലയാളിയെപ്പോലും അവിടെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

പിന്നീടാണ് അദ്ദേഹം അറിഞ്ഞത് അവിടെ കുറച്ചൊക്കെ മലയാളികള്‍ ഉണ്ടെന്നും പക്ഷേ മലയാളികള്‍ പോലും പരസ്പരം ഇംഗ്ലീഷിലാണ് സംസാരിക്കാറ് എന്നും. ഇതറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് അല്പം ആശ്വാസമായി. "ഇനിയുള്ള കാര്യം ഞാനേറ്റു" എന്ന് അദ്ദേഹം മനസ്സില്‍ പറഞ്ഞു. "അണ്ണാന്‍ കുഞ്ഞിനെ മരം കേറ്റം പഠിപ്പിക്കണോ?" എന്ന് ചോദിക്കുന്നതുപോലെ "ഒരു മലയാളിയെ, പ്രത്യേകിച്ചും ഒരു തൃശൂര്‍കാരനെ തരികിട പഠിപ്പിക്കണോ?"

ആയിടക്കാണ് ആ ദേവാലയത്തില്‍ ഒരു വാര്‍ഷിക ഇംഗ്ലീഷ് ധ്യാനം വന്നത്. എന്തായാലും ധ്യാനത്തിന് മലയാളികള്‍ വരാതിരിക്കില്ല എന്ന് അച്ചന് മനസ്സിലായി. മലയാളികള്‍ക്ക് അങ്ങനെ ഒരു ഗുണമുണ്ടല്ലോ; സ്വന്തം നാട്ടില്‍ വീട്ടുമുറ്റത്ത്‌ പള്ളിയുണ്ടെങ്കിലും ആ പള്ളിയില്‍ കയറാത്ത പലരും മറുനാട്ടില്‍ പോയാല്‍ പിന്നെ വലിയ ഭക്തിയാണ് കാണിക്കുക. ആ ഭക്തിയുടെ ആഴവും പരപ്പും എത്രയുണ്ട് എന്ന കാര്യം ദൈവത്തിനു മാത്രമേ അറിയൂ. അത് വേറെ കാര്യം.

അങ്ങനെ ധ്യാനദിവസം എത്തി. ദേവാലയത്തില്‍ ജനങ്ങള്‍ വന്നിരുന്നു. നമ്മുടെ നാട്ടിലെ പോട്ടയിലോ മുരിങ്ങൂരിലോ ഒക്കെയുള്ള ധ്യാനത്തിന് വരുന്നതുപോലെ  പതിനായിരക്കണക്കിനു ജനങ്ങള്‍ ഒന്നുമില്ല കേട്ടോ. ഏറിയാല്‍ ഒരു ഇരുന്നൂറു പേര്‍. അതുതന്നെ കൂടുതലാണെന്നാണ് പറയുന്നത്. കൈയ്യില്‍ പെപ്സിയും കൊറിക്കാനുള്ളതും ഒക്കെയായി ഒരു ഉല്ലാസയാത്രക്ക്‌ പോകുന്ന പോലെയാണ് അവര്‍ ഓരോരുത്തരും അവിടെ എത്തിയിട്ടുള്ളത്. വേഷവിധാനത്തെക്കുറിച്ച് പറയുകയും വേണ്ട. അമേരിക്കയല്ലേ സ്ഥലം. അപ്പോള്‍പിന്നെ വേഷത്തെക്കുറിച്ച് ഞാന്‍ ഏതായാലും പറയുന്നില്ല.     

ധ്യാനം തുടങ്ങുന്നതിനു മുന്‍പ് സ്വാഗതം പറയാനായി നമ്മുടെ എസ്തപ്പാനച്ചന്‍ മൈക്ക് കൈയ്യില്‍ എടുത്തു. അച്ചന്‍ പ്രസംഗം തുടങ്ങി, : my dear friends in Jesus , ..." തുടര്‍ന്ന് അദ്ദേഹം മലയാളത്തില്‍ പറഞ്ഞു: മലയാളികള്‍ ആരെങ്കിലും ഇവിടെ ഉണ്ടെങ്കില്‍ ദയവായി കൈ പൊക്കുക."

ഇതുകേട്ടപ്പോള്‍ മലയാളികള്‍ അല്ലാത്തവര്‍ക്ക് ഒന്നും മനസ്സിലായില്ല. അവര്‍ കരുതി ഇത് വല്ല ഭാഷാവാരവുമായിരിക്കും എന്ന്. അവര്‍ പരസ്പരം നോക്കി. അപ്പോഴുണ്ട് അവിടെയിവിടെയായി ഓരോ കൈ ഉയരാന്‍ തുടങ്ങി. അത് കണ്ടതോടെ അച്ചന് സന്തോഷമായി. എന്നിട്ട് അച്ചന്‍ അവരോടു പറഞ്ഞു: " ഈ ധ്യാനം കഴിഞ്ഞിട്ട് എല്ലാ മലയാളികളും ഒന്ന് നില്‍ക്കണേ..."

തുടര്‍ന്ന് അച്ചന്‍ ഇംഗ്ലീഷില്‍ തന്നെ തുടര്‍ന്നു. ധ്യാനം വളരെ ഭംഗിയായി തന്നെ കഴിഞ്ഞു. ധ്യാനശേഷം മലയാളികളെ കണ്ടു കുശലാന്വേഷണങ്ങള്‍ നടത്തി. അപ്പോഴല്ലേ മനസ്സിലാകുന്നത്‌, സ്വന്തം നാട്ടുകാര്‍ പോലുമുണ്ട് ആ കൂട്ടത്തില്‍.

പിന്നീട് അച്ചന്‍ അവിടെയുള്ള എല്ലാ മലയാളികളേയും തിരഞ്ഞുപിടിച്ച് കണ്ടെത്തി നല്ലൊരു സൌഹൃദ കൂട്ടായ്മ ഉണ്ടാക്കി. ആദ്യമൊക്കെ പള്ളിയില്‍ വരാന്‍ വിമുഖത കാണിച്ചിരുന്നവര്‍  പിന്നീട് വളരെ ക്രിയാത്മകമായിതന്നെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. മലയാളികളുടെ സൌഹൃദ കൂട്ടായ്മയിലേക്ക് മെല്ലെമെല്ലെ മറ്റുള്ളവരും വരാന്‍ തുടങ്ങി. അങ്ങനെ ആ കൊച്ചു ദ്വീപിലെ ജനങ്ങള്‍ പരസ്പരം കൂടുതല്‍ അറിയാനും പരസ്പരം സഹായിക്കാനും എല്ലാം തുടങ്ങി.

അങ്ങനെ നമ്മുടെ എസ്തപ്പാനച്ചന്‍ അവിടെയുള്ള മലയാളികള്‍ക്ക് മാത്രമല്ല ആ കൊച്ചു ദ്വീപിലെ എല്ലാവര്‍ക്കും കണ്ണിലുണ്ണിയായി മാറി. "എങ്ങനെ വീണാലും പൂച്ച നാലുകാലിന്മേല്‍" എന്ന് പറഞ്ഞതുപോലെയാണ് നമ്മള്‍ മലയാളികളും. മലയാളികള്‍ മനസ്സില്‍ എന്ത് വിചാരിച്ചുവോ അത് നടത്തിയിരിക്കും. നമ്മുടെ എസ്തപ്പാനച്ചന്‍ തന്നെ അതിനു നല്ലൊരു ഉദാഹരണം.

എസ്തപ്പാനച്ചന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

പോള്‍സണ്‍ പാവറട്ടി - ദുബായ്

06 മാർച്ച് 2012

ബസ്‌ ഇടിച്ചു റോഡില്‍ കിടന്ന ബാലികയെ സാഹസികമായി രക്ഷപ്പെടുത്തി.

ബസ്‌ ഇടിച്ചു റോഡില്‍ കിടന്ന ബാലികയെ സാഹസികമായി രക്ഷപ്പെടുത്തി.

ഇന്നലെ (06 / 03 / 12 - ചൊവ്വാഴ്ച ) വൈകീട്ട്  ബാങ്കളൂര്‍ ക്രൈസ്റ്റ് കോളേജിന്റെ സമീപത്തുള്ള ഒരു റോഡിലൂടെ നടന്നുപോകുമ്പോള്‍ ഒരു ആള്‍ക്കൂട്ടം കണ്ടപ്പോള്‍ അതെന്താണെന്ന് അറിയാനുള്ള ആകാംക്ഷയില്‍ ബെന്‍സണ്‍ പോള്‍ എത്തിനോക്കി. ഹൃദയഭേദകമായിരുന്നു ആ കാഴ്ച. ഏതാണ്ട് പത്ത് വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി രക്തത്തില്‍ കുളിച്ച് റോഡില്‍ കിടന്നു പിടയുന്നു. കൂടിനില്‍ക്കുന്നവരെല്ലാം വെറും കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നതേയുള്ളൂ. സ്കൂള്‍ വിട്ടു വീട്ടില്‍ പോകുന്ന വഴി ഒരു ബസ്‌ ഇടിച്ചു തെറിപ്പിച്ചതാണ്‌ ഈ കുട്ടിയെ.

ബെന്‍സണ്‍ പോളിന് ഇത് കണ്ട് സഹിക്കാന്‍ കഴിഞ്ഞില്ല. അവന് അപ്പോള്‍ അവന്റെ കുഞ്ഞനിയത്തിയെയാണ്  ഓര്‍മ്മ വന്നത്. അവന്‍ പിന്നെ വേറൊന്നും നോക്കിയില്ല. ജീവനുവേണ്ടി പിടയുന്ന ആ പെണ്‍കുട്ടിയെ റോഡില്‍നിന്നും വാരിയെടുത്ത് തന്റെ തോളിലിട്ടു. പോലിസ് കേസ് ആകും, വെറുതെ പുലിവാല്‍ പിടിക്കണ്ട എന്നൊക്കെ പറഞ്ഞ് അവിടെ കൂടിയിരുന്നവര്‍ പലരും അന്നേരം അവനെ അതില്‍നിന്നും പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതൊന്നും അന്നേരം അവന് ഒരു പ്രശ്നമേ ആയിരുന്നില്ല. ഒരു മനുഷ്യജീവനേക്കാള്‍ വലുതല്ലല്ലോ പോലീസ് കേസ് എന്നായിരുന്നു അവന്റെ മനസ്സിലൂടെ കടന്നുപോയ ചിന്ത.

ജീവനുവേണ്ടി പിടയുന്ന ആ കുട്ടിയെ കയറ്റാന്‍ ഒരു കാറോ ആട്ടോറിക്ഷയോ ഒന്നും തയ്യാറായില്ല. റോഡ്‌ മുഴുവന്‍ ബ്ലോക്ക്‌ ആയിരുന്നു. ആംബുലന്‍സ് വിളിച്ചാലും അത് അവിടെ എത്താന്‍ ഇനിയും ഒത്തിരി സമയം എടുത്തേക്കാം. കുട്ടിയുടെ തലയില്‍ നിന്നും രക്തം ഒഴുകിക്കൊണ്ടേയിരുന്നു.  പിന്നെ മറ്റൊന്നും നോക്കിയില്ല.  ആ കുട്ടിയേയും തോളിലിട്ടുകൊണ്ട് ബെന്‍സണ്‍ പോള്‍ ആശുപത്രി ലക്ഷ്യമാക്കി ഓടി. ഏതാണ്ട് രണ്ടു കിലോമീറ്റര്‍ ഓടിയാണ് അവന്‍ ആശുപത്രിയില്‍ എത്തിയത്.

ഉടനെ ആ കുട്ടിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അധികം വൈകാതിരുന്നത് നന്നായി എന്ന് ഡോക്ടര്‍ പറഞ്ഞു. ഇനിയും വൈകിയിരുന്നെങ്കില്‍ ആ കുട്ടി രക്തം വാര്‍ന്നു മരിച്ചേനെ. ഇതെല്ലാം കേട്ടുകൊണ്ട് രക്തത്തില്‍ കുതിര്‍ന്ന ഡ്രസ്സുമായി ബെന്‍സണ്‍ പോള്‍ അവിടെ കാത്തുനിന്നു അടുത്ത നടപടികള്‍ക്കായി.

ഇപ്പൊള്‍ ആ കുട്ടി സുഖം പ്രാപിച്ചു വരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ആ കുട്ടിക്ക് യാതൊന്നും സംഭവിക്കാതിരിക്കാന്‍ നമുക്ക് ദൈവത്തോട് പ്രാര്‍ഥിക്കാം.

ബെന്‍സണ്‍ പോള്‍ ബാങ്കളൂര്‍ ക്രൈസ്റ്റ് കോളേജില്‍ ബി-കോമിന് പഠിക്കുന്ന ഒരു മലയാളി വിദ്യാര്‍ഥിയാണ്. ബെന്‍സണ്‍ പോളിന്റെ ഈ ധീരതയുടേയും  നല്ല മനസാക്ഷിയുടേയും മുന്നില്‍ ഞാന്‍ തലകുനിക്കുന്നു. ബെന്‍സണ്‍ പോളിന്റെ ഈ സല്‍കര്‍മ്മം മറ്റുള്ളവര്‍ക്കും നല്ലൊരു മാതൃകയാവട്ടെ.



ഇത്തരം സന്ദര്‍ഭങ്ങളിലാണ് മാതാപ്പിതാക്കള്‍ തങ്ങളുടെ മക്കളില്‍ അഭിമാനംകൊള്ളുന്നത്‌. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഞാന്‍ എന്റെ മകന്‍ ബെന്‍സണ്‍ പോളിന്റെ ധീരതയിലും സന്മനസ്സിലും അഭിമാനിക്കുകയും ദൈവത്തോട് നന്ദി പറയുകയും ചെയ്യുന്നു. 

എല്ലാം നന്മക്കായി ഭവിക്കട്ടെ.

പോള്‍സണ്‍ പാവറട്ടി - ദുബായ്
00971 50 5490334

05 മാർച്ച് 2012

വന്ന വഴി മറന്നാല്‍ !!


വന്ന വഴി മറന്നാല്‍ !!

എം-കോം ബിരുദം കഴിഞ്ഞ് നാട്ടില്‍ ചെറിയൊരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ജവഹര്‍. ഒരു ഇടത്തരം കുടുംബമാണ് ജവഹറിന്റേത്. കിട്ടുന്ന ചെറിയ ശമ്പളംകൊണ്ട് ദൈനംദിന കാര്യങ്ങള്‍ കഴിഞ്ഞുപോകുമെങ്കിലും ഒന്നും സമ്പാദിക്കാന്‍ കഴിയില്ല.     

ആയിടക്കാണ് അയല്‍വാസിയായ മൂസാഭായി ദുബായില്‍ നിന്നും നാട്ടില്‍ ലീവിന് വന്നത്. മൂസാഭായിക്ക് ദുബായില്‍ ഒരു ചെറിയ സ്ഥാപനമുണ്ട്. വര്‍ഷങ്ങള്‍കൊണ്ട്‌ അദ്ധ്വാനിച്ച് ഉണ്ടാക്കിയ ഒരു സ്ഥാപനം.

മൂസാഭായി നാട്ടില്‍ എത്തിയ വിവരം അറിഞ്ഞപ്പോള്‍ ജവഹര്‍ മൂസാഭായിയെ കാണാന്‍ വീട്ടില്‍ പോയി. കുശലാന്വേഷണത്തിനിടയില്‍ തന്നെ എങ്ങനെയെങ്കിലും ദുബായിലേക്ക് കൊണ്ടുപോകാമോ എന്നായി ജവഹര്‍. തന്റെ നിസ്സഹായാവസ്ഥ മൂസാഭായി ജവഹറിനു പറഞ്ഞുകൊടുത്തു. പക്ഷേ എങ്ങനെയെങ്കിലും കൊണ്ടുപോകണം, എന്ത് ജോലിയും ചെയ്യാം എന്നും പറഞ്ഞ് ജവഹര്‍ കരച്ചിലോടു കരച്ചില്‍ തന്നെയാണ്. ഒരു വിധത്തില്‍ ജവഹറിനെ മടക്കിവിട്ടു.

അപ്പോള്‍ മൂസാഭായിയുടെ ഭാര്യ സീനത്ത് പറഞ്ഞു: ഇക്കാ, ആ കുട്ടി എത്ര വിഷമിച്ചിട്ടാണ് പോയത്. ഇക്കായുടെ സ്ഥാപനത്തില്‍ ഒരു ജോലി കൊടുത്തുകൂടെ ആ കുട്ടിക്ക്? നമുക്കാണെങ്കില്‍ നമ്മുടെ സ്ഥാപനം വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ ഒരാളാവുകയും ചെയ്യും.

മൂസാഭായി: എന്റെ സീനത്തെ, നീ കാര്യങ്ങള്‍ മനസ്സിലാക്കാതെ സംസാരിക്കരുത്. ഒന്നാമത് ആ കുട്ടി നല്ല പഠിപ്പുള്ളവനാണ്. അവന്റെ പഠിപ്പിന് അനുസരിച്ചുള്ള ശമ്പളം കൊടുക്കാനൊന്നും ഇപ്പോള്‍ നമുക്കാവില്ല. പിന്നെ, ഒരു വിസക്ക് എത്ര സംഖ്യ ചെലവാകും എന്ന് നിനക്ക് വല്ല നിശ്ചയവും ഉണ്ടോ? ആ പൈസ പാവപ്പെട്ട അവരില്‍ നിന്ന് മേടിക്കാന്‍ കഴിയുമോ?

സീനത്ത്: എന്റെ ഇക്കാ, ഇങ്ങള് വിഷമിക്കാതിരിക്ക്. ആ കുട്ടിക്ക് നമ്മുടെ സ്ഥാപനത്തില്‍ ഒരു ജോലി കൊടുത്തതുകൊണ്ട്‌ നമുക്ക് ഒരു നഷ്ടവും വരില്ല. ആ കുടുംബം രക്ഷപ്പെടുകയും ചെയ്യും. ബാക്കി കാര്യങ്ങള്‍ പടച്ചോന്‍ നോക്കിക്കോളും.

അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് അവര്‍ കുറേ തര്‍ക്കിച്ചു. ഒടുവില്‍ കെട്ട്യോള്‍ സീനത്തിന്റെ വാക്ക് തന്നെ എടുക്കാന്‍ മൂസാഭായി തീരുമാനിച്ചു.

അധികം താമസിയാതെ ജവഹര്‍ ദുബായില്‍ എത്തി. മൂസാഭായി തന്റെ സ്ഥാപനത്തെക്കുറിച്ചും അവിടെ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും എല്ലാം വിശദമായി ജവഹറിനു പറഞ്ഞുകൊടുത്തു. അവിടെയുള്ള മറ്റു ജോലിക്കാരോട് ഇത് തന്റെ സ്വന്തം ആളാണെന്നും ഇനിമുതല്‍ ഈ സ്ഥാപനത്തിന്റെ മാനേജര്‍ ജവഹര്‍ ആയിരിക്കുമെന്നും പറഞ്ഞ് പരിചയപ്പെടുത്തിക്കൊടുത്തു.

ആദ്യമൊക്കെ ഭാഷയുടെ പ്രശ്നം ജവഹറിന് ഉണ്ടായിരുന്നു എങ്കിലും മെല്ലെ മെല്ലെ എല്ലാം ശരിയായി. ജവഹറിന്റെ വളര്‍ച്ച കണ്ടപ്പോള്‍ മൂസാഭായിക്കും സന്തോഷമായി. കെട്ട്യോള്‍ സീനത്തിന്റെ വാക്ക് കേട്ടത് നന്നായിപ്പോയി എന്ന് തോന്നി.

മൂസാഭായിതന്നെ മുന്‍കൈ എടുത്ത് ജവഹറിന് ഡ്രൈവിംഗ് ലൈസന്‍സും തരപ്പെടുത്തിക്കൊടുത്തു. മെല്ലെ മെല്ലെ സ്ഥാപനം മുഴുവന്‍ ഒറ്റയ്ക്ക് നിയന്ത്രിക്കാന്‍ ജവഹര്‍ പ്രാപ്തനായി. മൂസാഭായിക്ക് ഇടയ്ക്കിടയ്ക്ക് നാട്ടില്‍ പോകാന്‍ സൌകര്യമായി. വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ ഒരു ആളായല്ലോ. ബാങ്കിലെ ഇടപാടുകള്‍ നടത്താനും മറ്റു നിയമപരമായ കാര്യങ്ങള്‍ ചെയ്യാനും എല്ലാമുള്ള അധികാരം മൂസാഭായി ജവഹറിനെ ഏല്‍പ്പിച്ചു. ജവഹര്‍ എല്ലാം കൃത്യമായും ഭംഗിയായും ചെയ്തുപോന്നിരുന്നു.

നാലഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം ജവഹറിന്റെ ഒരു സ്നേഹിതന്‍ ജവഹറിനോട് ചോദിച്ചു:  എന്തുകൊണ്ട് ഇതുപോലൊരു സ്ഥാപനം നിനക്ക് സ്വന്തമായി തുടങ്ങിക്കൂടാ? എന്തിനു തന്റെ അറിവും കഴിവും ആരോഗ്യവും സമയവും എല്ലാം മറ്റുള്ളവര്‍ക്കായി ചെലവാക്കണം? പൈസയുടെ കാര്യത്തെക്കുറിച്ച് നീ വിഷമിക്കണ്ട. അക്കാര്യം ഞാനേറ്റു. നീ കാര്യങ്ങള്‍ വേണ്ടതുപോലെ ചെയ്‌താല്‍ മതി. കിട്ടുന്നത് നമുക്ക് രണ്ടാള്‍ക്കും ഫിഫ്ടി ഫിഫ്ടി ആയി എടുക്കാം. നീ എന്ത് പറയുന്നു? ഉടനെ മറുപടി പറയണമെന്നില്ല. നല്ലതുപോലെ ആലോചിച്ച് പറഞ്ഞാല്‍ മതി. എന്നെ സംബന്ധിച്ച് നീയല്ലെങ്കില്‍ മറ്റൊരാള്‍. അത്രേയുള്ളൂ. നിനക്ക് രക്ഷപ്പെടാനുള്ള ഒരു മാര്‍ഗ്ഗമാണ് ഞാന്‍ പറഞ്ഞു തരുന്നത്. ഇനിയെല്ലാം നിന്റെ ഇഷ്ടം.

സ്നേഹിതന്റെ ഈ വാക്കുകള്‍ ജവഹറിനെ വല്ലാതെ ഉലച്ചുകളഞ്ഞു. മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയിലായി ജവഹര്‍. അന്ന് രാത്രി ഇതെല്ലാം ആലോചിച്ച് തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു.

ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ജവഹര്‍ സ്നേഹിതന്റെ കൂടെ കൂടാന്‍ തീരുമാനിച്ചു. അധികം താമസിയാതെ മൂസാഭായി അറിയാതെ ജവഹര്‍ തന്റെ പുതിയ സ്ഥാപനം തുടങ്ങാനുള്ള പണികള്‍ തുടങ്ങി. മാത്രമല്ല, മൂസാഭായിയുടെ സ്ഥാപനത്തിലെ പരിചയ സമ്പന്നരായ ഏതാനും പേരേയും കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്ത് ജവഹറിന്റെ സ്ഥാപനത്തിലേക്ക് ആകര്‍ഷിപ്പിച്ചു.

മൂസാഭായിടെ ഓരോ ജോലിക്കാര്‍ രാജിവച്ചു പോകാന്‍ തുടങ്ങി. വീട്ടിലെ പ്രശ്നം, ആരോഗ്യ പ്രശ്നം എന്നൊക്കെ പല കള്ളവും പറഞ്ഞാണ് അവര്‍ രാജിവച്ച് പോകുന്നത്. പരിചയ സമ്പന്നരായ ഓരോ ജോലിക്കാര്‍ പോകുമ്പോഴും അതിന്റെ ന്യൂനത ആ സ്ഥാപനത്തില്‍ നിഴലിക്കാന്‍ തുടങ്ങി. എങ്കിലും മൂസാഭായി പിടിച്ചു നിന്നു.

ഒടുവില്‍ ഒരു ദിവസം ജാവഹറും രാജിവച്ചു. പുതിയൊരു സ്ഥാപനം തുടങ്ങാനാണെന്നും അതിനു മൂസാഭായി തടസ്സം നില്‍ക്കരുതെന്നും ജവഹര്‍ പറഞ്ഞു. മൂസാഭായിക്ക് തന്റെ കാതുകളെ വിശ്വസിക്കാനായില്ല.

മൂസാഭായി വിതുമ്പിക്കൊണ്ട് പറഞ്ഞു: മോനേ ജവഹര്‍, നിന്നെ ഞാന്‍ എന്റെ സ്വന്തം മോനെപ്പോലെയാണ് ഇതുവരെ കണ്ടിട്ടുള്ളത്. നീ ഒരു സ്ഥാപനം തുടങ്ങുന്നതില്‍ ഞാന്‍ ഒരിക്കലും തടസ്സമാകില്ല. പക്ഷേ, പെട്ടെന്നൊരു ദിവസം മുന്നറിയിപ്പൊന്നുമില്ലാതെ നീ പോയാല്‍ അത് നമ്മുടെ സ്ഥാപനത്തെ ബാധിക്കില്ലേ മോനേ? ആ ഒരു വിഷമം മാത്രമേ ഉള്ളൂ.

ജവഹര്‍: നമ്മുടെ സ്ഥാപനം എന്നല്ല, നിങ്ങളുടെ സ്ഥാപനം എന്ന് പറ. ഞാന്‍ എന്നും നിങ്ങളുടെ ജോലിക്കാരനായി നില്‍ക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്? അതിന് വേറെ ആളെ നോക്കണം. ഇനി എനിക്കെന്റെ കാര്യം നോക്കണം. നിങ്ങളുടെ സ്ഥാപനത്തിന് എന്ത് സംഭവിക്കും എന്ന് എനിക്ക് നോക്കേണ്ട കാര്യമൊന്നുമില്ല. നല്ല രീതിയില്‍ എന്നെ ഒഴിവാക്കിതരില്ലെങ്കില്‍ പിന്നെ എനിക്കറിയാം എന്താ വേണ്ടതെന്ന്.

മൂസാഭായി: ഇല്ല മോനേ, ഇനി ഞാന്‍ ഒന്നും പറയുന്നില്ല. 20 വയസ്സില്‍ ഞാന്‍ ഈ ദുബായില്‍ വന്നതാണ്. 30 വയസ്സുള്ളപ്പോള്‍ ചെറുതായി തുടങ്ങിയ ഈ സ്ഥാപനം വളരെ കഷ്ടപ്പെട്ടാണ്‌  ഇന്ന് ഈ നിലയില്‍ എത്തിച്ചത്. അതൊന്നും എന്റെ കഴിവല്ല. പടച്ചോന്‍ തന്നതാണ്. എനിക്കിപ്പോള്‍ വയസ്സ് 55 കഴിഞ്ഞു. ഇനി എനിക്ക് വലിയ മോഹങ്ങള്‍ ഒന്നുമില്ല. ഞാന്‍ എന്റെ സുഖത്തേക്കാള്‍, സന്തോഷത്തേക്കാള്‍ എന്റെ തൊഴിലാളികളുടെ കുടുംബത്തിന്റെ സുഖവും സന്തോഷവും ആണ് നോക്കിയത്.  എല്ലാം നന്നായി വരട്ടെ മോനേ.

അങ്ങനെ ജവഹര്‍ മൂസാഭായിയുടെ സ്ഥാപനത്തില്‍ നിന്നും സ്വന്തം സ്ഥാപനത്തിലേക്ക് വിസ മാറ്റി. ജവഹര്‍ തന്റെ പുതിയ സ്ഥാപനത്തില്‍ ബിസിനസിന്റെ പുതിയ തന്ത്രങ്ങള്‍ മെനയാന്‍ തുടങ്ങി. സ്നേഹിതന്‍ വാരിക്കോരി പണമിറക്കാനും തയ്യാര്‍. ബാങ്കുകളില്‍ നിന്നു കിട്ടാവുന്നത്ര ലോണുകള്‍ തരപ്പെടുത്തി. ബാങ്കിടാപാടുകളില്‍ ജവഹര്‍ അതിസമര്‍ത്ഥന്‍ ആണല്ലോ.

വര്‍ഷങ്ങള്‍ ഒന്നുരണ്ടു കഴിഞ്ഞു. ബിസിനസ്‌ പടര്‍ന്നു പന്തലിച്ചു. പലയിടങ്ങളിലും ബ്രാഞ്ചുകള്‍ തുടങ്ങി. ഒത്തിരി പുതിയ ജോലിക്കാരായി.

ആയിടക്കാണ് ആഗോള സാമ്പത്തിക മാന്ദ്യം ആഞ്ഞടിച്ചത്. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ ജവഹറിന്റെ സ്ഥാപനത്തിന്റെ അടിത്തറ ഇളകാന്‍ തുടങ്ങി. ജവഹറിന്റെ ചെക്കുകള്‍ ഓരോന്നായി മടങ്ങാന്‍ തുടങ്ങി. അകത്താകും എന്ന് മനസ്സിലായപ്പോള്‍ ജവഹറിന്റെ സ്നേഹിതന്‍ നാടുവിട്ടു. താമസിയാതെ ജവഹര്‍ അകത്തായി.

അതുവരെ ഉണ്ടാക്കിയതും അതിനപ്പുറവും വിറ്റുതുലച്ച് ഒരുവിധത്തില്‍ ജവഹര്‍ ജാമ്യത്തില്‍ വെളിയില്‍ ഇറങ്ങി. ചുറ്റും നോക്കി. സഹായിക്കാന്‍ ആരുമില്ല. താന്‍ ഉണ്ടാക്കിയ ബിസിനസ്‌ സാമ്രാജ്യം ചീട്ടുകൊട്ടാരംപോലെ തകര്‍ന്നടിഞ്ഞു.

ഇനിയെന്ത് എന്നറിയാതെ കടപ്പുറത്ത് നോക്കെത്താ ദൂരത്തേക്കു നോക്കിയിരിക്കുമ്പോള്‍ ആരോ തോളില്‍ തട്ടുന്നതുപോലെ തോന്നി. തിരിഞ്ഞു നോക്കിയപ്പോള്‍ തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല, ചെറിയ പുഞ്ചിരിയോടെ മൂസാഭായി.

മൂസാഭായി: മോനേ ജവഹര്‍, വന്നതൊക്കെ വന്നു. ഒന്നും ആലോചിച്ച് വിഷമിക്കണ്ട. വാ, എന്റെ കൂടെ വാ. നിന്റെ കസേര ഇന്നും എന്റെ ഓഫീസില്‍ ഒഴിഞ്ഞു കിടക്കുകയാണ്. അതില്‍ വേറെ ആരേയും ഇരുത്താന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ചെറുതാണെങ്കിലും നമുക്ക് അവിടെ സന്തോഷത്തോടെ കഴിഞ്ഞുകൂടാം.

മൂസാക്കാ എന്നുവിളിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് ജവഹര്‍ മൂസാഭായിയുടെ കാല്‍ക്കല്‍ വീണു. മൂസാഭായി ജവഹറിനെ എഴുന്നേല്‍പ്പിച്ച് കൂടെ കൊണ്ടുപോയി.

പോള്‍സണ്‍ പാവറട്ടി - ദുബായ്
00971 50 5490334

ദുബായ് ലേബര്‍ കോടതിയും തൊഴിലാളികളും


ദുബായ് ലേബര്‍ കോടതിയും തൊഴിലാളികളും

സ്നേഹമുള്ള UAE പ്രവാസി സുഹൃത്തുക്കളേ, UAE - യിലെ തൊഴിലാളികള്‍ക്ക് സുശക്തമായ പരിരക്ഷ നല്‍കുന്ന നിയമങ്ങള്‍ UAE -യില്‍ ഉള്ള കാര്യം ഇപ്പോഴും പല തൊഴിലാളികള്‍ക്കും അറിയില്ല എന്നതാണ് സത്യം.

ആര്‍ക്കെങ്കിലും രണ്ടു മാസം തുടര്‍ച്ചയായി ശമ്പളം കിട്ടാതിരിക്കുകയോ കമ്പനിയില്‍ നിന്നും പിരിഞ്ഞു പോകുമ്പോള്‍ ലഭിക്കേണ്ട Leave Salary , Gratuity , ticket  മുതലായ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കാതിരിക്കുകയോ ചെയ്യുന്നപക്ഷം നേരെ ലേബര്‍ കോടതിയില്‍ പരാതിപ്പെടാവുന്നതാണ്. ആരും നിങ്ങളെ പിടിച്ച് അകത്തിടില്ല.

ലേബര്‍ കോടതി തൊഴിലാളികള്‍ക്ക് വേണ്ടിയാണ് എന്ന കാര്യം ഓര്‍മ്മയുണ്ടായിരിക്കട്ടെ. മാത്രമല്ല, ഇത് നമ്മുടെ ഇന്ത്യയല്ല, കേരളവുമല്ല. തൊഴിലാളികളുടെ ന്യായമായ ഏതൊരു പ്രശ്നവും വേണ്ടവിധം നടത്തിക്കൊടുക്കണം എന്നാണ് ഇവിടത്തെ ഭരണാധികാരികള്‍ ഉദ്യോഗസ്ഥര്‍ക്ക് കൊടുത്തിട്ടുള്ള കര്‍ശന നിര്‍ദ്ദേശം.

അതുകൊണ്ടുതന്നെ ലേബര്‍ കോടതിയില്‍ പോകാന്‍ യാതൊരു കാരണവശാലും പേടിക്കേണ്ടതില്ല. നമ്മള്‍ മലയാളികള്‍ക്ക് വേണ്ടാത്ത ഒരു വികാരമുണ്ട്‌, ഭയം എന്ന വികാരം. എന്തിനാണ് നമ്മള്‍ ഭയപ്പെടുന്നത്? ആരെയാണ് നമ്മള്‍ ഭയപ്പെടുന്നത്? ന്യായമായത് ചോദിച്ചു വാങ്ങിക്കുന്നതില്‍ ഒന്നിനേയും, ആരേയും ഭയക്കേണ്ടതില്ല.

ചിലര്‍ പറയുന്നത്  കേട്ടിട്ടുണ്ട്, "എനിക്ക് കേസും കൂട്ടവുമായി നടക്കാനൊന്നും വയ്യ. ഒന്നും കിട്ടിയില്ലെങ്കിലും വേണ്ട. തടി കേടാകാതെ നാട്ടില്‍ എത്തിയാല്‍ മതി....."

സ്നേഹിതാ, ഒരുപക്ഷേ നിങ്ങള്‍ക്ക് വേണ്ടായിരിക്കാം. നിങ്ങളുടെ ജീവിതം ഇത്രയൊക്കെ ആയില്ലേ, അല്ലേ? എന്നാല്‍ നിങ്ങളുടെ കുഞ്ഞുമക്കള്‍ക്ക് വേണം ഈ പൈസ. നിങ്ങളുടെ കുഞ്ഞുമക്കള്‍ നിങ്ങളെ പ്രതീക്ഷിച്ചാണ് ജീവിക്കുന്നത്. അവര്‍ക്കും കാണും ആഗ്രഹങ്ങളും അഭിലാഷങ്ങളും എല്ലാം. ആരുടേയും മോഷ്ടിക്കാനോ പിടിച്ചുപറിക്കാനോ ഒന്നുമല്ലല്ലോ പറയുന്നത്.

ഞാന്‍ ദുബായില്‍ പ്രവാസ ജീവിതം തുടങ്ങിയിട്ട് 25 വര്‍ഷമായി. ഇതിനകം ഒത്തിരി ഉയര്‍ച്ച താഴ്ചകള്‍ കണ്ടും കേട്ടും അനുഭവിച്ചും മനസ്സിലാക്കിയിട്ടുണ്ട്. അതിന്റെ വെളിച്ചത്തിലാണ് ഇപ്പോള്‍ ഇങ്ങനെ പ്രതികരിക്കാന്‍ തോന്നുന്നത്.

കൂട്ടത്തില്‍ ഒരു സത്യംകൂടി അറിയിക്കാന്‍ ആഗ്രഹിക്കുന്നു. "കള്ളന്‍ കപ്പലില്‍ തന്നെയുണ്ട്‌" ... എന്നുവെച്ചാല്‍ നമ്മള്‍ മലയാളികളെ / ഇന്ത്യക്കാരെ  ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് മലയാളികള്‍ / ഇന്ത്യക്കാര്‍ തന്നെയാണ്. മറക്കണ്ട.

ഇതിനകം പലരേയും ലേബര്‍ കോടതിയില്‍ വിട്ട് അവര്‍ക്ക് ന്യായമായ ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു, സന്തോഷിക്കുന്നു.

കഴിയുമെങ്കില്‍ ഈ സന്ദേശം മറ്റു കൂട്ടുകാരുമായി ഷെയര്‍ ചെയ്യുക. ആരെങ്കിലുമൊക്കെ രക്ഷപ്പെട്ടോട്ടെ. ആരെങ്കിലും രക്ഷപ്പെടുന്നതുകൊണ്ട് നിങ്ങള്‍ക്ക് വിരോധമൊന്നുമില്ലല്ലോ?

എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു.

പോള്‍സണ്‍ പാവറട്ടി

04 മാർച്ച് 2012

സ്വര്‍ഗ്ഗത്തിലേക്ക് പോകുന്ന വല്യമ്മച്ചി


സ്വര്‍ഗ്ഗത്തിലേക്ക് പോകുന്ന വല്യമ്മച്ചി
**********************************************
ഒരു ധ്യാനത്തിന് പോയി വന്നതിനു ശേഷം വല്യമ്മച്ചി എപ്പോള്‍ നോക്കിയായാലും പ്രാര്‍ത്ഥന തന്നെയാണ്. തന്നെ സ്വര്‍ഗ്ഗത്തിലേക്ക് ജീവനോടെ കൊണ്ടുപോകണേ എന്നാണ് പ്രാര്‍ത്ഥന. ഇത് കേള്‍ക്കുമ്പോള്‍ മരുമകള്‍ മുറുമുറുക്കുന്നത് കേള്‍ക്കാം, "ഓ, സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകാന്‍ പറ്റിയ ഒരു സാധനം. നടക്കുന്ന കാര്യം വല്ലതും പ്രാര്‍ഥിക്ക് തള്ളേ..."

മരുമകളുടെ മുറുമുറുപ്പൊന്നും കാര്യമാക്കാതെ വല്യമ്മച്ചി പ്രാര്‍ത്ഥന തുടര്‍ന്നുകൊണ്ടേയിരുന്നു. ദിവസങ്ങളും ആഴ്ചകളും പലതും കഴിഞ്ഞു. പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. മരുമകളുടെ പരിഹാസ ശരങ്ങളുടെ മുന്നില്‍ വല്യമ്മച്ചി പതറാന്‍ തുടങ്ങി. അതോടെ വല്യമ്മച്ചിയുടെ പ്രാര്‍ത്ഥനക്ക് ശബ്ദവും ശക്തിയും കൂടി.

വല്യമ്മച്ചിയുടെ ശക്തിയോടെയുള്ള പ്രാര്‍ത്ഥന കേട്ട് ദൈവത്തിനും ഇരിക്കാന്‍ പറ്റാതായി. ഒടുവില്‍ ദൈവം വല്യമ്മച്ചിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞു, "മകളേ, നിന്റെ പ്രാര്‍ത്ഥന ഞാന്‍ കേട്ടു. നിന്റെ ആഗ്രഹം നടക്കാന്‍ പോകുന്നു."

ഇത് കേട്ടപ്പോള്‍ വല്യമ്മച്ചിക്ക് സന്തോഷംകൊണ്ട് ഇരിക്കാന്‍ പറ്റാതായി.

ദൈവം തുടര്‍ന്നു, "നാളെ പുലര്‍ച്ചെ കൃത്യം നാല് മണിക്ക് ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഒരു ചരട് ഇറക്കിത്തരും. അതില്‍ പിടിച്ചാല്‍ മതി വല്യമ്മച്ചി താനേ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ന്നു പൊയ്ക്കോളും. സന്തോഷമായിരിക്കുക..."

ഇത് പറഞ്ഞ് ദൈവം അപ്രത്യക്ഷമായി.

പിന്നീട് വല്യമ്മച്ചിക്ക് ഇരിക്കപ്പൊറുതിയില്ല. വല്യമ്മച്ചി നേരെ മരുമകളെ വിളിച്ച് ഉണ്ടായ കാര്യങ്ങള്‍ പറഞ്ഞു. മരുമകളുണ്ടോ വിശ്വസിക്കുന്നു? അപ്പോഴും വല്യമ്മച്ചിയെ മരുമകള്‍ കളിയാക്കി.

കുറച്ചു കഴിഞ്ഞപ്പോള്‍ മരുമകള്‍ക്ക് ഒരു സംശയം, ഇനി ഈ തള്ള പറഞ്ഞത് എങ്ങാനും ശരിയാണെങ്കിലോ? എന്തായാലും ഒന്നുനോക്കിക്കളയാം. ചുരുങ്ങിയ സമയംകൊണ്ട് ഈ വാര്‍ത്ത കാട്ടുതീ പോലെ ആ നാട്ടിലെങ്ങും പടര്‍ന്നു. കേട്ടവര്‍ കേട്ടവര്‍ അവിടെ ഓടിയെത്തി വല്യമ്മച്ചിയോട് കാര്യങ്ങള്‍ തിരക്കി. വളരെ അഭിമാനത്തോടെ തല ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വല്യമ്മച്ചി എല്ലാവരോടും പറഞ്ഞു, "ഇതാണ് പറഞ്ഞത് ദൈവത്തെ വിളിക്കേണ്ട പോലെ വിളിച്ചാല്‍ ദൈവം വിളിപ്പുറത്ത് വരുമെന്ന്. എന്തായാലും നാളെ പുലര്‍ച്ചെ നാലുമണിക്ക് ഞാന്‍ സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നത് കാണാന്‍ നിങ്ങളെല്ലാവരും ഉണ്ടാവണം കേട്ടോ...."

സമയം രാത്രിയായി,... പാതിരയായി. ആ നാട് അന്ന് ഉറങ്ങിയിട്ടില്ല എന്ന് പറയാം. നാട്ടുകാര്‍ എല്ലാം വല്യമ്മച്ചിയുടെ വീടിനു ചുറ്റും നിറഞ്ഞു കവിഞ്ഞു നില്‍ക്കുകയാണ്. മണിക്കൂറുകള്‍ ഓരോന്നായി കൊഴിഞ്ഞുപോയി. ഒട്ടും വിശ്വാസമില്ലെങ്കിലും ഇനി അഥവാ പറഞ്ഞതുപോലെ നടക്കുകയാണെങ്കിലോ?  ... ഇതാണ് എല്ലാവരുടേയും ഉള്ളില്‍. സമയം നാലുമണി ആകുന്നതോടെ എല്ലാവരുടേയും ആകാംക്ഷ വര്‍ദ്ധിച്ചു. എല്ലാവരുടേയും നോട്ടം മുകളിലേക്കാണ്.

അതാ പെട്ടെന്ന് ആകാശത്തുനിന്ന് ഒരു വെളുത്ത നിറം കാണുന്നു. എല്ലാവരും ആകാംക്ഷയോടെ സൂക്ഷിച്ചു നോക്കിക്കൊണ്ടേയിരുന്നു. അതെ, ശരി തന്നെ, അതൊരു വെളുത്ത ചരടാണ്‌. ആ ചരട് മെല്ലെ മെല്ലെ താഴോട്ടു ഇറങ്ങി വരുന്നു. എല്ലാവരും പരസ്പരം അത്ഭുതത്തോടെ നോക്കുന്നു.

കൃത്യം നാലുമണി ആയതോടെ ആ വെളുത്ത ചരട് ഭൂമിയില്‍ മുട്ടി. ഉടനെ വല്യമ്മച്ചി ഒരു അശരീരി കേട്ടു, "ഇനി സമയം കളയാതെ കണ്ണടച്ച് ആ ചരടില്‍ പിടിക്കുക...."

വല്യമ്മച്ചി സന്തോഷത്തോടെ എല്ലാവരോടും യാത്ര പറഞ്ഞ് കണ്ണടച്ച് ആ ചരടില്‍ പിടിച്ചു. ആ ചരട് മെല്ലെ മെല്ലെ മുകളിലേക്ക് ഉയരാന്‍ തുടങ്ങി. ഇത് കണ്ടപ്പോള്‍ മരുമകള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. ഉടനെ മരുമകളും ആ ചരടിന്റെ ഒരു അറ്റത്ത്‌ പിടിച്ചു. അതാ മരുമകളും പൊങ്ങാന്‍ തുടങ്ങി. ഇത് കണ്ടപ്പോള്‍ വല്ലമ്മച്ചിയുടെ മകന്‍ ഭാര്യയുടെ കാലില്‍ പിടിച്ചു. തുടര്‍ന്നു ഓരോരുത്തരായി ഓരോരുത്തരുടെ കാലില്‍ പിടിച്ചു തൂങ്ങി. പിടിച്ചവരെല്ലാം ഉയര്‍ന്നുകൊണ്ടേയിരുന്നു. അങ്ങനെ അവിടെ കൂടിയിരുന്ന നാട്ടുകാരെല്ലാം മുകളിലേക്ക് ഉയരാന്‍ തുടങ്ങി.

കുറച്ചു കഴിഞ്ഞപ്പോള്‍ എവിടെവരെ എത്തി എന്നറിയാന്‍ വല്യമ്മച്ചി  കണ്ണ് തുറന്നു നോക്കി. മുകളില്‍ ആകാശം മാത്രം കാണാം. പിന്നീട് താഴോട്ട് നോക്കി. അപ്പോള്‍ അതാ മരുമകളും മകനും നാട്ടുകാരും എല്ലാവരും തന്നോടൊപ്പം മുകളിലേക്ക് വരുന്നത് കണ്ടു. ഇത് കണ്ടപ്പോള്‍ വല്യമ്മച്ചിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. പ്രത്യേകിച്ച് മരുമകള്‍ കൂടെ വരുന്നത്.

വല്യമ്മച്ചി ആക്രോശിച്ചു, "എടീ, ഇത് എനിക്കുവേണ്ടി സ്വര്‍ഗ്ഗത്തില്‍ നിന്ന് ദൈവം ഇറക്കിതന്ന ചരടാണ്‌. എനിക്കുവേണ്ടി മാത്രം. അതില്‍ പിടിച്ച് അങ്ങനെ ചുളുവില്‍ സ്വര്‍ഗ്ഗത്തിലേക്ക് പോകാമെന്ന് നീ വിചാരിക്കണ്ട. ഇറങ്ങിപ്പോടീ..."  

ഇതും പറഞ്ഞ് വല്യമ്മച്ചി മരുമകളെ ആഞ്ഞൊരു ചവിട്ട്. അതോടെ വല്യമ്മച്ചിയും മരുമകളും കൂടെയുള്ളവരും എല്ലാംകൂടി ചരടില്‍ നിന്നും പിടിവിട്ട് താഴെ പതിച്ചു. അതോടെ എല്ലാം കഴിഞ്ഞു.

പോള്‍സണ്‍ പാവറട്ടി
00971 50 5490334

03 മാർച്ച് 2012

ആനപ്പുറത്തിരിക്കുന്ന പാപ്പാനും താഴെയുള്ള പട്ടിയും.


ആനപ്പുറത്തിരിക്കുന്ന പാപ്പാനും താഴെയുള്ള പട്ടിയും.
*************************************************************

"ആനപ്പുറത്തിരിക്കുന്ന പാപ്പാന് താഴെ നില്‍ക്കുന്ന പട്ടിയെ പേടിക്കേണ്ടതില്ല" എന്നൊരു ചൊല്ലുണ്ട്. എല്ലായ്പ്പോഴും അത് ശരിയായിക്കൊള്ളണമെന്നുണ്ടോ? നമുക്കുനോക്കാം.

ബിജുവിന്റെ വീടിന്റെ മുന്നിലുള്ള റോഡിലൂടെ ഒരു ആന നടന്നു പോകുന്നുണ്ടായിരുന്നു. ആനയെ കണ്ടപ്പോള്‍ റോഡരികില്‍ തന്റെ പറമ്പില്‍ നിന്നുകൊണ്ട് ബിജുവിന്റെ പട്ടി കുരക്കാന്‍ തുടങ്ങി. കുരക്കുന്ന പട്ടിയെ കണ്ടപ്പോള്‍ ആനപ്പുറത്തിരിക്കുന്ന പാപ്പാന് മുകളില്‍ പറഞ്ഞ ചൊല്ല് ഓര്‍മ്മ വന്നു, "ആനപ്പുറത്തിരിക്കുന്ന പാപ്പാന് താഴെ നില്‍ക്കുന്ന പട്ടിയെ പേടിക്കേണ്ടതില്ല". പാപ്പാന്‍‌ ഒരു രസത്തിന് താഴെ നിന്ന് കുരക്കുന്ന പട്ടിയെ പ്രകോപിപ്പിക്കാന്‍ തുടങ്ങി. തന്റെ കൈയ്യില്‍ ഇരിക്കുന്ന തോട്ടികൊണ്ട്‌ താഴെ നില്‍ക്കുന്ന പട്ടിക്ക് ഒരു കുത്ത് കൊടുത്തു. വേദനകൊണ്ട് പട്ടി മോങ്ങിക്കൊണ്ട് ഓടിപ്പോയി.

കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ബിജു തന്റെ വീടും പറമ്പും എല്ലാം വിറ്റ് മറ്റൊരിടത്ത് താമസമാക്കി. പട്ടിയേയും കൂടെ കൊണ്ടുപോകും എന്ന് പറയേണ്ടതില്ലല്ലോ.

ഒരു ദിവസം വീണ്ടും അതാ പണ്ടത്തെ ആനയും പാപ്പാനും ആ വഴി വരുന്നു. ബിജുവിന്റെ പട്ടി ആനയെ കണ്ടതോടെ കുരക്കാന്‍ തുടങ്ങി. ഇത്തവണ കുരക്കുന്ന പട്ടിയെ കണ്ടപ്പോള്‍ പാപ്പാന് മുകളില്‍ പറഞ്ഞ ചൊല്ല് ശരിയല്ല എന്ന് തോന്നാന്‍ തുടങ്ങുകയും പേടിച്ച് വിറച്ച് ഇരിക്കാനും തുടങ്ങി. കാരണം എന്താണെന്നല്ലേ, ഇപ്പോള്‍ ആന നടന്നു പോകുന്നത് ഒരു താഴ്ന്ന പ്രദേശത്തുകൂടിയാണ്. പട്ടി നില്‍ക്കുന്നതോ ആനയോളം ഉയരമുള്ള പറമ്പിലും. ഈ സമയം പപ്പാന്‍ പണ്ടത്തെപ്പോലെ പട്ടിയെ പ്രകോപിപ്പിക്കാന്‍ തുടങ്ങിയാല്‍ എന്താകും അവസ്ഥ എന്ന് പറയേണ്ടതില്ലല്ലോ? ഒറ്റച്ചാട്ടത്തിന് പാപ്പാന്റെ കഴുത്തില്‍ പിടിക്കും. ശരിയല്ലേ?

സ്നേഹിതരേ, ഈ കൊച്ചു കഥയില്‍ ഒരു സന്ദേശം ഒളിഞ്ഞിരിക്കുന്നുണ്ട്. പണത്തിന്റേയും പ്രതാപത്തിന്റേയും "ആനപ്പുറത്ത്" ഇരിക്കുന്നവര്‍ക്ക്  ഒരു തോന്നല്‍ ഉണ്ടാവാം, താന്‍ "ആനപ്പുറത്ത്" ഇരിക്കുന്നതുകൊണ്ട്‌ ആരേയും പേടിക്കേണ്ടതില്ല, ബഹുമാനിക്കേണ്ടതില്ല എന്നൊക്കെ. എന്നാല്‍ ഒന്നോര്‍ക്കണം, ഇന്നല്ലെങ്കില്‍ നാളെ താന്‍ ഇരിക്കുന്ന "ആന" താഴ്ന്ന പ്രദേശത്തുകൂടി നടക്കാന്‍ ഇടവന്നേക്കാം. അന്നേരം മുന്‍പ് തന്നേക്കാള്‍ താഴെ ആയിരുന്നവര്‍ പലരും തന്നേക്കാള്‍ ഉയരത്തിലായിരിക്കും.

എന്നും എല്ലാവരും ഒരേ അവസ്ഥയില്‍ ആയിരിക്കില്ല. ഈയൊരു ചിന്ത എല്ലാവര്‍ക്കും ഉണ്ടായിരുന്നെങ്കില്‍ ഈ ലോകം എത്ര സുന്ദരമായേനെ, അല്ലെ?

എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു.

പോള്‍സണ്‍ പാവറട്ടി
00971 50 5490334

പാവറട്ടി ഔസേപ്പുണ്യാളനും ഭക്തന്‍ അന്തോണിയും !!


പാവറട്ടി ഔസേപ്പുണ്യാളനും ഭക്തന്‍ അന്തോണിയും !!
***********************************************************************

പാവറട്ടി യൌസേപ്പിതാവിന്റെ ഒരു ഭക്തനാണ് അന്തോണി ചേട്ടന്‍.. ഭക്തിയുടെ ശക്തി കണ്ട് നാട്ടുകാര്‍ അദ്ദേഹത്തെ വിളിക്കുന്നത്‌ ഭക്തന്‍ അന്തോണി എന്നാണ്.

പുണ്യാളന്റെ തിരുസ്വരൂപതിന്റെ മുന്നില്‍ നിന്ന് ഭക്തന്‍ അന്തോണി എന്നും ഇങ്ങനെ പ്രാര്‍ഥിക്കും, "എന്റെ പാവറട്ടി ഔസേപ്പുണ്യാളോ, ഇമ്മടെ കാര്യങ്ങളൊക്കെ നോക്കണം ട്ടാ. എനിക്ക് പറയാനുള്ളത് പറഞ്ഞു. ഇനിയുള്ള കാര്യങ്ങള്‍ പുണ്യാളന്‍ തന്നെ നോക്കിക്കോ..."

അങ്ങനെ വലിയ തട്ടലും മുട്ടലും ഒന്നും ഇല്ലാതെ അന്തോണി ചേട്ടനും കുടുംബവും കഴിഞ്ഞു പോരുകയായിരുന്നു. ആയിടക്ക്‌ അന്നാട്ടിലെ അത്ര വലിയ വിശ്വാസിയൊന്നുമല്ലാത്ത വര്‍ഗ്ഗീസ് മാപ്പിളക്ക് കേരളാ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചു. ഭക്തന്‍ അന്തോണിക്ക് ഇത് കേട്ട് സഹിക്കാന്‍ കഴിഞ്ഞില്ല. ഭക്തന്‍ അന്തോണി നേരെ പുണ്യാളന്റെ സന്നിധിയില്‍ എത്തി പരാതിപ്പെടാന്‍ തുടങ്ങി:

"എന്നാലും എന്റെ പാവറട്ടി ഔസേപ്പുണ്യാളോ, ഇതല്‍പ്പം കടന്ന കൈയ്യാണ് ട്ടാ. കടമുള്ള ഞായറാഴ്ച ദിവസങ്ങളില്‍ പോലും നേരെചൊവ്വേ പള്ളിയില്‍ വരാത്ത വര്‍ഗ്ഗീസ് മാപ്പിളക്ക് ഭാഗ്യക്കുറിയുടെ സമ്മാനം കൊടുത്തു. അതും ഒന്നാം സമ്മാനം തന്നെ. എന്നാല്‍ എന്നും മുടങ്ങാതെ പള്ളിയില്‍ വരികയും ഉത്തമ കത്തോലിക്കനായി ജീവിക്കുകയും ചെയ്യുന്ന എനിക്ക് ഇന്നേവരെ ഒരു ചെറിയ സമ്മാനമെങ്കിലും തന്നിട്ടുണ്ടോ? ... അതുകൊണ്ട് അടുത്ത മാസത്തെ കേരളാ ഭാഗ്യക്കുറിയുടെ സമ്മാനം എനിക്ക് തരണം. മറക്കരുത്...."

മാസങ്ങള്‍ ഒന്നും രണ്ടും കഴിഞ്ഞു. ഭക്തന്‍ അന്തോണിക്ക് സമ്മാനം ഒന്നും കിട്ടിയില്ല. സഹികെട്ട് ഭക്തന്‍ അന്തോണി പാവറട്ടി ഔസേപ്പുണ്യാളന്റെ സന്നിധിയില്‍ എത്തി ഇങ്ങനെ ആവലാതിപ്പെടാന്‍ തുടങ്ങി:

"എന്റെ പാവറട്ടി ഔസേപ്പുണ്യാളോ, നാള് കുറേ ആയി ഈയുള്ളോന്‍ ഒരു ചെറിയ കാര്യം ആവശ്യപ്പെട്ടിട്ട്. എന്നിട്ട് അതുപോലും ചെയ്തു തരാന്‍ പറ്റാത്ത ഈ പുണ്യാളന്‍ ആള് ശരിയല്ല. ലില്ലിപ്പൂവിന്റെ തണ്ടും കൈപിടിച്ച് അവിടെ നിന്നോ. ഇതിലും ഭേദം ...."

ഇത്രയും പറഞ്ഞു തീര്‍ന്നതോടെ യൌസേപ്പിതാവിന്റെ തിരുസ്വരൂപം ചെറുതായി ഇളകുന്നതായി ഭക്തന്‍ അന്തോണിക്ക് തോന്നി. ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോള്‍ അതാ കാണുന്നു യൌസേപ്പിതാവിന്റെ ആ തിരുസ്വരൂപം ജീവനുള്ളതായി മാറി. ഉടനെ ഭക്തന്‍ അന്തോണിയുടെ മുന്നില്‍ വന്നു നില്‍പ്പായി. ഇത് കണ്ട് ഭക്തന്‍ അന്തോണിയുടെ കണ്ണ് തള്ളിപ്പോയി.

യൌസേപ്പിതാവ് അന്തോണിയോട്‌ : മകനേ അന്തോണി, നിനക്ക് ഭാഗ്യക്കുറിയുടെ സമ്മാനം വേണം അല്ലേ? എങ്കില്‍ കൈ നീട്ടൂ.

ഭക്തന്‍ അന്തോണി യാന്ത്രികമായി കൈ നീട്ടി. യൌസേപ്പിതാവ് തന്‍റെ കൈയ്യില്‍ പിടിച്ചിരിക്കുന്ന ലില്ലിച്ചെടിയുടെ തണ്ടുകൊണ്ട് ആഞ്ഞൊരു അടി വച്ചുകൊടുത്തു. എന്റമ്മോ എന്ന് നിലവിളിച്ച് ഭക്തന്‍ അന്തോണി ചുറ്റും നോക്കി.

യൌസേപ്പിതാവ്: നീ ആദ്യം പോയി ലോട്ടറി ടിക്കറ്റ്‌ എടുക്ക്. എന്നിട്ട് വന്ന് പ്രാര്‍ഥിക്ക്. അപ്പോള്‍ ആലോചിക്കാം ബാക്കി കാര്യങ്ങള്‍ ...

അപ്പോഴാണ്‌ ഭക്തന്‍ അന്തോണിക്ക് ബോധ്യമായത് ലോട്ടറി ടിക്കറ്റ്‌ എടുക്കാതെയാണ് താന്‍ ഇത്രനാളും പ്രാര്‍ഥിക്കുകയും പരാതിപ്പെടുകയും ചെയ്തിരുന്നത് എന്ന്.

സ്നേഹിതരേ, ഇത് കേവലം ഒരു സാങ്കല്‍പ്പിക കഥ മാത്രമാണ്. സത്യത്തില്‍ നമ്മളില്‍ പലരും ഈ "ഭക്തന്‍ അന്തോണിയെ" പ്പോലെയല്ലേ? നാം ചെയ്യേണ്ട കര്‍മ്മം ചെയ്യാതെ ദൈവം തന്നില്ല ദൈവം തന്നില്ല എന്ന് പരാതിപ്പെടുന്നവരല്ലേ? ആയതിനാല്‍ നാം ചെയ്യേണ്ടത് നാം ചെയ്യുക. ദൈവത്തിന്റെ കാര്യം ദൈവത്തിനു വിട്ടുകൊടുക്കുക.

പോള്‍സണ്‍ പാവറട്ടി
00971 50 5490334