02 ഡിസംബർ 2011

മക്കള്‍ ദൈവദാനം


ഈശ്വരന്‍ ദാനമായ്‌ നല്‍കിയ കുഞ്ഞുങ്ങള്‍
വീടിന്നനുഗ്രഹമായിരിക്കും
കുഞ്ഞുങ്ങളോടിക്കളിക്കുന്ന വീട്
ഒരു കൊച്ചു പറുദീസയായിരിക്കും

കുഞ്ഞുന്നാളില്‍ ഹൃത്തില്‍ സ്നേഹം ചൊരിയുകില്‍
കുഞ്ഞുമാലാഖയെപ്പോല്‍ വളര്‍ന്നീടും   
കുസൃതി കാട്ടീടുമ്പോള്‍ തിരുത്തിക്കൊടുക്കുകില്‍
കുരുത്തക്കേടില്‍ ചെന്നു വീഴാതെ വാണീടും

മാതാപ്പിതാക്കള്‍ നല്‍മാതൃക കാട്ടുകില്‍
മക്കളാ മാതൃക സ്വായത്തമാക്കീടും
മക്കള്‍ വഴിതെറ്റിപ്പോകാനിട നല്‍കുകില്‍
മാതാപ്പിതാക്കള്‍ക്ക് പഴി വന്നു ചേര്‍ന്നീടും

പ്രായത്തിനനുസരണം വാത്സല്യമേകുകില്‍
പ്രായത്തിനൊത്തവര്‍ പക്വത കാട്ടീടും
പ്രാവീണ്യം തെളിയിക്കാന്‍ അവസരമേകുകില്‍
പ്രാപ്തിയുള്ളവരായി അവര്‍ മെല്ലെ മാറീടും

ഈശ്വര ചിന്തയോടെന്നും വളര്‍ത്തുകില്‍
ഈശ്വരാനുഗ്രഹം അവരിലുണ്ടായീടും
വിശ്വാസ തീക്ഷ്ണതയോടെ നയിക്കുകില്‍
വിശ്വത്തിലവരെന്നും അപരാജിതരായീടും



പോള്‍സണ്‍ പാവറട്ടി
  

സന്മനസ്സുള്ളവര്‍ക്ക് സമാധാനം!


വാനിലെ മാലാഖവൃന്ദം പ്രഘോഷിച്ചു
“സന്മനസ്സുള്ളോര്‍ക്കു ഭൂവിതില്‍ ശാന്തി”
കാലങ്ങളൊത്തിരി കഴിഞ്ഞുപോയെന്നാലും
ശാന്തിമാത്രം ഭൂവില്‍ കാണ്മതില്ല

ഞാനെന്ന ഭാവത്താല്‍ മത്സരിച്ചീടുന്ന
മാനവരാല്‍ ഭൂമി നിറഞ്ഞിടുന്നു
പരസ്പരം പോര്‍വിളിച്ചുശിരുകാട്ടീടുന്ന
ജാതി-മതങ്ങളും പെരുകിടുന്നു

തന്നുടെ വിശ്വാസം ഊട്ടിയുറപ്പിക്കാന്‍
അന്യന്റെ വിശ്വാസം തച്ചുടച്ചീടുന്നു
ദൈവത്തെപ്പോലും പാഠം പഠിപ്പിക്കും  
മനുഷ്യദൈവങ്ങളാല്‍ ഭൂമുഖം നിറയുന്നു

അന്യന്റെ ദുഃഖങ്ങളൊന്നുമേ കാണാതെ
തന്‍സുഖം മാത്രം നോക്കിനടക്കുന്നു
പണവും പ്രതാപവും നേടുവാനായുള്ള
പാച്ചിലിനുള്ളില്‍ സര്‍വ്വം മറക്കുന്നു

പരസ്പര സ്നേഹവും ഐക്യവുമില്ലാതെ  
ശാന്തി നേടാനായ് സര്‍വരുമോടുന്നു
സന്മനസ്സുണ്ടെങ്കില്‍ ശാന്തി നേടാമെന്ന
സത്യം സകലരും വിസ്മരിച്ചീടുന്നു

***

പോള്‍സണ്‍ പാവറട്ടി

ഇതാണ് ജീവിതം!


കുഞ്ഞുന്നാളില്‍ തോന്നും വലുതാകുവാന്‍
മുത്തച്ഛനേക്കാള്‍ വലുതാകുവാന്‍
പ്രായമായാല്‍ തോന്നും കുഞ്ഞാകുവാന്‍
ഓടിക്കളിക്കുന്ന കുഞ്ഞാകുവാന്‍

സമ്പാദ്യം കുന്നോളം കൂട്ടീടുവാന്‍
ആരോഗ്യമെല്ലാം നശിപ്പിച്ചീടും
പൊയ്പോയ ആരോഗ്യം വീണ്ടെടുക്കാന്‍
സമ്പാദ്യമെല്ലാം ചെലവാക്കീടും

നാളെയെക്കുറിച്ചുള്ള ചിന്തകളാല്‍
ഇന്നത്തെ സന്തോഷം മറഞ്ഞുപോകും
നാളുകളൊത്തിരി കഴിഞ്ഞുപോയാല്‍
സന്തോഷം ജലരേഖയായി മാറും

മരണം തനിക്കില്ലെന്നൊരു ഭാവത്താല്‍
അശ്വംകണക്കേ കുതിച്ചുപായും
ഒടുവില്‍ തന്‍ ദിനമിങ്ങു വന്നണഞ്ഞാല്‍‍
ജീവിതം മിഥ്യയാണെന്നറിയും


പോള്‍സണ്‍ പാവറട്ടി
  

കുട്ടിക്കാല സ്മരണകള്‍ !!

കുട്ടികളോടിക്കളിക്കുന്നതു കണ്ടാല്‍
കുട്ടിക്കാലം മുന്നിലോടിയെത്തും
കുട്ടിക്കാലത്തെയെന്‍ ചെയ്തികളോരോന്നായ്
ഒട്ടും മങ്ങാതെനിക്കോര്‍മ്മ വരും

വീട്ടില്‍ ഞാനെല്ലാര്‍ക്കും ചക്കരക്കുട്ടന്‍
നാട്ടിലോ നല്ലൊരു പഞ്ചാരക്കുട്ടന്‍
കൂട്ടുകാരെയൊക്കെ വട്ടുകളിപ്പിച്ച്
നാട്ടില്‍ ഞാനൊരു കൊച്ചു താരമായി

ഒട്ടുമാവിന്‍ കൊമ്പിലൂഞ്ഞാലാടുമ്പോള്‍
പൊട്ടിവീണാ കൊമ്പും കൂടെ ഞാനും
കൂട്ടുകാരതുകണ്ട് പൊട്ടിച്ചിരിച്ചപ്പോള്‍
തട്ടിക്കയറി ഞാന്‍ രോഷത്തോടെ

പൊട്ടിയ ചട്ടിയില്‍ മണ്ണു നിറച്ചിട്ട്‌
വീട്ടുമുറ്റത്തു ഞാന്‍ കൊണ്ടുവെച്ചു
ചേട്ടനാ ചട്ടി പൊക്കിയെടുത്തപ്പോള്‍
പൊട്ടിവീണാ ചട്ടി ചേട്ടന്റെ കാലില്‍

എട്ടില്‍ പഠിക്കുന്ന കാലത്തൊരിക്കല്‍
കിട്ടി കണക്കു പരീക്ഷക്കു "മുട്ട"
"മുട്ട"യുംകൊണ്ടു ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍
കിട്ടി ചൂരല്‍വടി പൊട്ടോളം "സമ്മാനം"

തോട്ടുവരമ്പത്ത് ചൂണ്ടയിടുംനേരം
കൂട്ടുകാരന്യോന്യം തല്ലുകൂടി
കൂട്ടുകാരെ മാറ്റാനിടയില്‍ ഞാന്‍ നിന്നപ്പോള്‍
തോട്ടിലേക്കെല്ലാരും മൂക്കുകുത്തി

നാട്ടിലും വീട്ടിലും ഞാന്‍ ചെയ്തുകൂട്ടിയ
പൊട്ടത്തരങ്ങള്‍ ഒന്നൊന്നായ് ചൊല്ലുകില്‍
പൊട്ടിച്ചിരിക്കാതിരിക്കില്ല നിങ്ങള്‍
നാട്ടിലെന്റെ പ്രതിച്ഛായയും മങ്ങും


******

പോള്‍സണ്‍ പാവറട്ടി

നീ എല്ലാം തികഞ്ഞവനോ?


സ്വന്തം മുഖത്തിന്റെ വൈരൂപ്യം കാണാതെ
അപരന്റെ വൈരൂപ്യം കാണുന്ന കൂട്ടരേ
കണ്ണാടിയില്‍ തന്റെ മുഖമാദ്യം കാണുകില്‍
അപരന്റെ "ദുര്‍മുഖം" കാണില്ലൊരിക്കലും

സ്വന്തമായ് ഒന്നുമേ ചെയ്യാന്‍ കഴിയാത്തോന്‍
അപരനെ കുറ്റം വിധിക്കുവതെന്തിന്
"SOME THING IS BETTER THAN NOTHING" ഈ ചൊല്ല്
കേട്ടിട്ടില്ലേല്‍ ഇപ്പോള്‍ കേട്ടുപഠിച്ചോളൂ   

വിമര്‍ശനം ചെയ്യുവാനേവര്‍ക്കും സ്വാതന്ത്ര്യം
ഉണ്ടെന്ന വസ്തുത സമ്മതിച്ചീടിലും
നിന്ദ ചൊരിയലും പരിഹസിച്ചീടലും
വിമര്‍ശനമാകുവതെങ്ങനെ കൂട്ടരേ?

ഒരുവനില്‍ നിരവധി തിന്മയുണ്ടായേക്കാം   
അവനിലും നന്മതന്‍ മുകുളങ്ങള്‍ കണ്ടേക്കാം
തിന്മയെ പഴിക്കുന്ന നാക്കുകൊണ്ടുതന്നെ  
നന്മയെ കീര്‍ത്തിക്കാന്‍ വിമുഖതയെന്തിന്?

പെരുമീന്‍ കാണുമ്പോള്‍ കണ്ണടച്ചീടുന്ന
പൊന്മയെപ്പോലെ നടിക്കുന്ന കൂട്ടരേ
നാടിന്റെ പൊതുമുതല്‍ കട്ടുമുടിപ്പിക്കും
"ബഹുമാന്യരെ" നിങ്ങള്‍ കാണുന്നുവോ?

***

പോള്‍സണ്‍ പാവറട്ടി

വിജയം വേണോ? എന്നാല്‍ പരാജയപ്പെട്ടോളൂ !!


തലക്കെട്ട്‌ കണ്ടിട്ട് ഒന്നും മനസ്സിലായില്ല, അല്ലേ? മനസ്സിലാക്കിത്തരാം.

ദുബായ്-യില്‍ എന്റെ കൂടെ ജോലി ചെയ്യുന്ന രണ്ടു സുഹൃത്തുക്കള്‍ ഉണ്ട്. അബ്ദുള്ളയും ജോണിയും. രണ്ടുപേരും നേരില്‍ കണ്ടാല്‍ കീരിയും പാമ്പും പോലെയാണ്. തര്‍ക്കശാസ്ത്രത്തില്‍ ബിരുദം എടുത്തതുപോലെയാണ് അവരുടെ വാഗ്വാദങ്ങള്‍. ഏതു കാര്യത്തെക്കുറിച്ചായാലും ഇരുവരും വിട്ടുകൊടുക്കുന്ന പ്രശ്നമില്ല. ഇവരുടെ തര്‍ക്കം കേട്ട് ഇരുവരേയും പിരികേറ്റാന്‍ മറ്റുള്ളവരും. (അതാണല്ലോ മലയാളികളുടെ പൊതു സ്വഭാവം).

ഒരു ദിവസം ഞാന്‍ കയറിച്ചെല്ലുമ്പോള്‍ രണ്ടുപേരും തമ്മില്‍ പൊരിഞ്ഞ തര്‍ക്കം. വിഷയം എന്താണെന്നോ, അബ്ദുള്ള പറയുന്നു, ക്രിസ്ത്യാനികളുടെ ഇപ്പോള്‍ ഉള്ള ബൈബിള്‍ ശരിയല്ല, അതേസമയം വിശുദ്ധ ഖുറാന്‍ മാത്രമാണ് ശരി എന്ന്.  ജോണി പറയുന്നു വിശുദ്ധ ബൈബിള്‍ ശരിയാണ് എന്ന്.  ഇരുവരുടേയും വാഗ്വാദം അതിരുകടക്കുന്നതായി എനിക്ക് മനസ്സിലായി. മറ്റു വിഷയങ്ങളെപ്പോലെയല്ലല്ലോ ഒരുവന്റെ വിശ്വാസത്തെ തൊട്ടുള്ള തര്‍ക്കം. ഈ തര്‍ക്കം കൂടുതല്‍ മുന്നോട്ടു കൊണ്ടുപോകുന്നത് ആരോഗ്യകരമല്ല എന്ന് എനിക്ക് മനസ്സിലായി.

ഉടനെ ഞാന്‍ കയറി ഇടപെട്ട് ജോണിയോട് പറഞ്ഞു, "അബ്ദുള്ള പറയുന്നതാണ് ശരി. ബൈബിള്‍ മുഴുവന്‍ തെറ്റാണ്." ഇത് പറഞ്ഞ് ഞാന്‍ ജോണിയെ നോക്കി ചെറുതായി കണ്ണിറുക്കി കാണിച്ചു. ജോണി തല്‍ക്കാലം വായടച്ചു. എന്നിട്ട് ഞാന്‍ വീണ്ടും തുടര്‍ന്നു, "ജോണി, ഇപ്പോഴത്തെ ബൈബിള്‍ ശരിയാണെന്ന് നിനക്ക് ആധികാരികമായി എങ്ങനെ പറയാന്‍ കഴിയും? ബൈബിള്‍ - ന്റെ മൂലഗ്രന്ഥങ്ങള്‍ നീ കണ്ടിട്ടുണ്ടോ? ഇല്ലല്ലോ? അതുകൊണ്ട് നീ ഇനി ഒരക്ഷരം മിണ്ടരുത്. അബ്ദുള്ളക്ക് ആധികാരികമായി പറയാന്‍ കഴിയും. കാരണം, അവന്‍ ബൈബിള്‍ - ന്റേയും ഖുറാന്‍ - ന്റേയും മൂലഗ്രന്ഥങ്ങള്‍ കാണുകയും വായിച്ചു പഠിക്കുകയും ചെയ്തിട്ടുള്ളവനാണ്..."

ഞാന്‍ അബ്ദുള്ളയെ ഒന്ന് ഇരുത്തിയതാണെന്ന് അന്നേരം അബ്ദുള്ളക്ക് മനസ്സിലായില്ല. വലിയൊരു യുദ്ധം ജയിച്ച പ്രതീതിയാണ് അന്നേരം അബ്ദുള്ളക്ക് ഉണ്ടായത്. ഇനി ഈ വിഷയത്തില്‍ ഒരു തര്‍ക്കം പാടില്ല എന്ന് പറഞ്ഞ് ഇരുവരേയും സ്വസ്ഥാനങ്ങളില്‍ ഇരുത്തി.

കുറച്ചു കഴിഞ്ഞപ്പോഴാണ് അബ്ദുള്ള ചിന്തിക്കാന്‍ തുടങ്ങിയത്, "ഞാന്‍ എപ്പോഴാണ് ബൈബിള്‍ - ന്റേയും ഖുറാന്‍ - ന്റേയും മൂലഗ്രന്ഥങ്ങള്‍ കാണുകയും വായിച്ചു പഠിക്കുകയും ചെയ്തത്?..." സത്യം എന്താണെന്ന് മനസ്സിലാക്കാതെ താന്‍ ഇത്രയും നേരം തര്‍ക്കിച്ചത് ശുദ്ധ മണ്ടത്തരമായിപ്പോയി  എന്ന് അദ്ദേഹത്തിന് അപ്പോള്‍ മനസ്സിലായി.    

കുറച്ചു കഴിഞ്ഞപ്പോള്‍ അബ്ദുള്ള എന്റെ അരികില്‍ വന്നു മെല്ലെ പറഞ്ഞു, "ഇമ്മളെ ഒന്ന് ആക്കീതാണ് അല്ലേ? മനസ്സിലായി. എന്നാലും കുഴപ്പല്ല്യ. നിങ്ങളുടെ സദുദ്ദേശത്തോടെയുള്ള ഈ നയം എനിക്കിഷ്ടായി.... സത്യത്തില്‍ ഞാന്‍ എന്തൊരു മണ്ടനാ? തര്‍ക്കിക്കാന്‍ വേണ്ടി തര്‍ക്കിച്ചു എന്നേയുള്ളൂ..... ഇപ്പോള്‍ ഞാന്‍ തന്നെയാണ് പരാജയപ്പെട്ടത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. നിങ്ങള്‍ എന്റെ മുന്നില്‍ തന്ത്രപൂര്‍വ്വം പരാജയം അഭിനയിച്ചപ്പോള്‍ സത്യത്തില്‍ വിജയിച്ചത് നിങ്ങള്‍ തന്നെയാണ്. ....."

അതിനുശേഷം അവരുടെ അനാവശ്യ തര്‍ക്കങ്ങള്‍ ഉണ്ടാകാറില്ല. അവര്‍ ഇന്നും നല്ല സ്നേഹിതരായി കഴിയുന്നു.

സ്നേഹിതരേ, പലപ്പോഴും നമ്മള്‍ പലരും ഈ അബ്ദുള്ളയെപ്പോലെ തര്‍ക്കിക്കാന്‍ വേണ്ടി തര്‍ക്കിക്കുന്നവരല്ലേ? ഇങ്ങനെയുള്ള അവസരങ്ങളില്‍ മറുഭാഗം തന്ത്രപൂര്‍വ്വം പരാജയം അഭിനയിച്ചാല്‍ വലിയൊരു ആപത്താണ് അവിടെ ഇല്ലാതാകുന്നത് എന്ന് മനസ്സിലാക്കണം. ചെറിയൊരു "പരാജയം" കൊണ്ട് വലിയൊരു ശാന്തി ഉണ്ടാക്കാന്‍ കഴിയുമെങ്കില്‍ അതല്ലേ ഏറ്റവും വലിയ വിജയം?

അതുകൊണ്ടാണ് പറഞ്ഞത്, വിജയിക്കണോ, പരാജയപ്പെട്ടോളൂ.

എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു.

***

പോള്‍സണ്‍ പാവറട്ടി - ദുബായ്

ഇതാ ഒരു നല്ലിടയ‌ന്‍ !!


പാവറട്ടിക്കാരന്‍ വിയാനിയച്ചന്‍
പാവങ്ങളെയേറെ സ്നേഹിച്ചോരച്ചന്‍


ആരോരുമില്ലാതെ വലയുന്ന മാനവര്‍-
ക്കാശ്രയമായെന്നും മാറുന്നോരച്ചന്‍


ജാതിമതമൊന്നുമേ നോക്കാതെ മര്‍ത്ത്യരെ
സ്നേഹിതരായ് മാത്രം കാണുന്നോരച്ചന്‍


കഷ്ടതയിലുഴലുന്ന വൃദ്ധജനങ്ങളെ
ഭിക്ഷാടനം ചെയ്തു പോറ്റുന്നോരച്ചന്‍


അപമാനമൊത്തിരി നേടിയെന്നാകിലും
അഭിമാനമായത് കാണുന്നോരച്ചന്‍


കാര്‍ക്കിച്ചുതുപ്പാന്‍ തുനിഞ്ഞൊരു സോദരനെ
മാറോടണച്ചുമ്മയേകിയോരച്ചന്‍


കിട്ടുന്നതൊക്കെയും അന്യര്‍ക്ക് നല്‍കിക്കൊ-
ണ്ടൊട്ടിയ വയറുമായ് കഴിയുന്നോരച്ചന്‍


പൊട്ടിയ വള്ളിച്ചെരുപ്പു ധരിച്ചെന്നും
കാട്ടിലും മേട്ടിലും നടക്കുന്നോരച്ചന്‍


ലാളിത്യമാര്‍ന്നൊരു ജീവിത ശൈലി
പാലിക്കുവാന്‍ വിമുഖനാകാത്തോരച്ചന്‍


രോഗങ്ങളൊത്തിരിയുണ്ടെന്നിരിക്കിലും
രോഗങ്ങളെക്കുറിച്ചോര്‍ക്കാത്തോരച്ചന്‍


തെറ്റിനെ തെറ്റായും നേരിനെ നേരായും
തെറ്റാതെയെന്നും അളക്കുന്നോരച്ചന്‍


എന്തു വിഘാതമുണ്ടായാലും പതറാതെ
സത്യത്തിന്‍ പാതയില്‍ ചരിക്കുന്നോരച്ചന്‍


ഇത്തിരിനേരം കൊണ്ടൊത്തിരി സത്കര്‍മ്മം
നിസ്വാര്‍ത്ഥമായെന്നും ചെയ്യുന്നോരച്ചന്‍


കുരിശിന്റെ വഴിയിലൂടെന്നും ഗമിക്കുവാന്‍
കുരിശും ചുമന്നു നടക്കുന്നോരച്ചന്‍


സേവനം ചെയ്തുകൊണ്ടീശനെ വന്ദിക്കാന്‍
ഏവര്‍ക്കും മാതൃകയേകുന്നോരച്ചന്‍

***

പോള്‍സണ്‍ പാവറട്ടി

ഒരു താരാട്ടുപാട്ട്


താരാട്ടുപാടിയുറക്കീടാമമ്മ
താമരക്കണ്ണാ ഉറങ്ങൂ നീ വേഗം
വാവയ്ക്ക് കൂട്ടിന്നായ് കുഞ്ഞിക്കിളികള്‍
വാനില്‍ നിന്നും പറന്നെത്തിടുമിപ്പോള്‍

രാരീരം രാരീരം രാരീരം രാരോ  
രാരീരം രാരീരം രാരീരം രാരോ  

മുത്തിന്റെ പാല്‍ക്കഞ്ഞി കട്ടുകുടിക്കാന്‍
മുറ്റത്ത്‌ പൂച്ചമ്മ പമ്മിയിരിപ്പൂ
വാലാട്ടി നില്‍ക്കുന്ന നായുടെ മുന്നില്‍
വാലും ചുരുട്ടിയിരിപ്പുണ്ട് പൂച്ചമ്മ  

രാരീരം രാരീരം രാരീരം രാരോ  
രാരീരം രാരീരം രാരീരം രാരോ  

പത്തിരി പോലുള്ള അമ്പിളിമാമനെ
പട്ടുനൂലില്‍ കോര്‍ത്ത്‌ പട്ടം പറത്തണ്ടേ?
സൂര്യനില്ലാത്തപ്പോള്‍ തെളിയുന്ന മാമന്‍  
സൂര്യനെ കാണുമ്പോള്‍ ഓടിയൊളിക്കും

രാരീരം രാരീരം രാരീരം രാരോ  
രാരീരം രാരീരം രാരീരം രാരോ  

വാനിലെ താരകക്കൂട്ടങ്ങളെല്ലാം
വാവയെ നോക്കി കണ്ണിറുക്കുന്നു
താരങ്ങളെ കോര്‍ത്ത്‌ മാലയുണ്ടാക്കി
താമരക്കണ്ണനെ ചാര്‍ത്തിടാമമ്മ

രാരീരം രാരീരം രാരീരം രാരോ  
രാരീരം രാരീരം രാരീരം രാരോ   

***
പോള്‍സണ്‍ പാവറട്ടി

ഒരു നാടന്‍ പാട്ട്


വരണുണ്ടേ വരണുണ്ടേ
പെണ്ണും ചെറുക്കനും വരണുണ്ടേ
കൂട്ടുകാര്‍ പാട്ടും കൂത്തുമായ്
അവരുടെ കൂടെ വരണുണ്ടേ

കൂട്ടുകാര്‍ പാട്ടു പാടുമ്പോള്‍
പെണ്ണിനു നാണം വരണുണ്ടേ
പെണ്ണിന്റെ നാണം കാണുമ്പോള്‍
നാട്ടുകാര്‍ക്കും ചിരി വരണുണ്ടേ

വീട്ടിലെ പന്തലിലേക്കവര്‍
കൈയ്യും പിടിച്ചു കയറുമ്പോള്‍
പെട്ടെന്ന് കൂട്ടപ്പടക്കം  
പൊട്ടണ കേട്ടവര്‍ ഞെട്ടിപ്പോയ്

പെണ്ണിന്റെ പൂമുഖം കാണാന്‍
നാട്ടുകാര്‍ തിക്കിത്തിരക്കുമ്പോള്‍
പെണ്ണവള്‍ നാണംകുണുങ്ങി
തലകുനിച്ചങ്ങിരിപ്പായി

നാട്ടുകാരെ സാക്ഷിയാക്കി
അന്യോന്യം മുല്ലപ്പൂമാല ചാര്‍ത്തീ
നാട്ടുനടപ്പായ് ഇരുവരും  
വായില്‍ മധുരം വെച്ചുനീട്ടി

ചടങ്ങുകളെല്ലാം കഴിഞ്ഞപ്പോള്‍
രണ്ടാളും ക്ഷീണിച്ചവശരായി
ആദ്യരാത്രി തുടങ്ങുമ്പോഴേക്കും
രണ്ടാളും ക്ഷീണിച്ചുറക്കമായി

***

പോള്‍സണ്‍ പാവറട്ടി
  

അഭിനയിക്കാന്‍ അറിയാമോ?


ഒരു സെമിനാര്‍ നടന്നു കൊണ്ടിരിക്കുകയാണ്. ചെറുപ്പക്കാരായ നിരവധി ആണ്‍കുട്ടികളും പെണ്‍കുട്ടികളും അതില്‍ പങ്കെടുക്കാന്‍ വന്നിരിക്കുന്നുണ്ട്. ക്ലാസ്സ്‌ എടുക്കാന്‍ നല്ല വാക്ചാതുരിയും നര്‍മ്മം വിതറുന്നതുമായ  ഒരു അദ്ധ്യാപകനും.

ഇടയ്ക്ക് അദ്ധ്യാപകന്‍ അവരോട് ഒരു ചോദ്യം ചോദിച്ചു: നിങ്ങളില്‍ ആര്‍ക്കാണ് അഭിനയിക്കാന്‍ അറിയുന്നത്?

വിരലില്‍ എണ്ണാവുന്ന ചിലര്‍ മാത്രം കൈ ഉയര്‍ത്തിക്കാണിച്ചു. അവര്‍ ഏതാനും നാടകങ്ങളിലും ടെലി ഫിലിമുകളിലും മറ്റും അഭിനയിച്ചവരാണെന്ന് അവരില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.  

തുടര്‍ന്ന് അദ്ധ്യാപകന്‍ പറഞ്ഞു: എന്നാല്‍ ഞാന്‍ പറയുന്നു, ഇപ്പോള്‍ കൈ ഉയര്‍ത്താത്തവരും നല്ല അഭിനേതാക്കളാണ്. ഒരുപക്ഷേ ഇപ്പോള്‍ കൈ ഉയര്‍ത്തിയവരേക്കാളും അതിമനോഹരമായി അഭിനയിക്കുന്നവര്‍...

എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി. ഇന്നേവരെ ഒരു സ്റ്റേജ് -ഇല്‍ പോലും കയറാത്ത തങ്ങള്‍ അഭിനേതാക്കളോ? അവര്‍ക്ക് ഒന്നും മനസ്സിലായില്ല.

അദ്ധ്യാപകന്‍ തുടര്‍ന്നു: അല്ലയോ സ്നേഹിതരേ, ഒന്ന് ചോദിച്ചോട്ടെ, നിങ്ങള്‍ വീട്ടില്‍ പെരുമാറുന്നതു പോലെയാണോ ഇപ്പോള്‍ ഇവിടെ പെരുമാറുന്നത്‌? ഇവിടെ പെരുമാറുന്നതുപോലെയാണോ ആരാധനാലയങ്ങളില്‍ പോകുമ്പോള്‍ പെരുമാറുന്നത്‌? വീട്ടില്‍ മാതാപ്പിതാക്കളോട് പെരുമാറുന്നതുപോലെയാണോ നിങ്ങള്‍ കാമുകനോടും കാമുകിയോടും പെരുമാറുന്നതു? സ്വന്തം ഭാര്യയോട് പെരുമാറുന്നതുപോലെയാണോ മറ്റു സ്ത്രീകളോട് പെരുമാറുന്നത്? …...

എല്ലാവരും കണ്ണുമിഴിച്ച് ഇരിക്കുന്നതേയുള്ളൂ.

അദ്ധ്യാപകന്‍ തുടര്‍ന്നു: നമ്മള്‍ എല്ലാവരുംതന്നെ ഓരോ വ്യക്തിയുടെ മുന്നിലും ഓരോ സാഹചര്യത്തിനു അനുസരിച്ചും വ്യതസ്തമായി  പെരുമാരുന്നില്ലേ? ഇത് ആരെങ്കിലും പഠിപ്പിച്ചു തന്നതാണോ? അല്ലല്ലോ? ഇതുതന്നെയാണ് അഭിനയം. ഇനി പറയൂ, നിങ്ങള്‍ക്ക് അഭിനയിക്കാന്‍ അറിയുമോ?

എല്ലാവരും പൊട്ടിച്ചിരിച്ചുകൊണ്ട് കൈ വാനോളം ഉയര്‍ത്തി.

അതേ സ്നേഹിതരേ, നമ്മള്‍ എല്ലാവരുംതന്നെ നല്ല അഭിനേതാക്കളാണ് എന്ന സത്യം ഇനിയെങ്കിലും മനസ്സിലാക്കുക. അഭിനയം ഒരു തൊഴിലാക്കി എടുത്തവരുടെ കാര്യം വേറെ. സൂപ്പര്‍ സ്റ്റാര്‍ പോലും തോറ്റുപോകുന്ന അഭിനയമാണ് ഇന്ന് ചിലരെങ്കിലും നടത്തിക്കൊണ്ടിരിക്കുന്നത്. ശരിയല്ലേ?

മുന്നില്‍ നിന്ന് ഭംഗിയായി ചിരിക്കുകയും പിന്നില്‍ നിന്ന് കുത്തുകയും ചെയ്യുന്നത് ഒരു അഭിനയമല്ലെന്നു പറയാന്‍ കഴിയുമോ?

സ്വന്തം ജീവിത പങ്കാളി അറിയാതെ മറ്റുള്ളവരുമായി ശരീരവും മനസ്സും പങ്കുവക്കുന്നതും നല്ലൊരു അഭിനയമല്ലേ?

തെരഞ്ഞെടുപ്പ് വരുമ്പോള്‍ വോട്ടര്‍മാര്‍ക്ക് നൂറുനൂറു മോഹന വാഗ്ദാനങ്ങള്‍ നല്‍കുകയും കാര്യം കഴിഞ്ഞാല്‍ പിന്നെ അങ്ങോട്ട്‌ തിരിഞ്ഞു നോക്കാത്ത രാഷ്ട്രീയക്കാരും നല്ല അഭിനേതാക്കള്‍ അല്ലേ?

ഇന്റര്‍നെറ്റ്‌ ചാറ്റിങ്ങിലൂടെ മറ്റുള്ളവരെ "cheat " ചെയ്യുന്നവരും അഭിനയത്തില്‍ ഒട്ടും മോശക്കാരല്ല.

കള്ളുകുടിച്ച് റോഡിലൂടെ അസഭ്യം പറഞ്ഞു നടക്കുന്നനേരത്ത് ഒരു പോലീസ് ജീപ്പ് കാണുമ്പോള്‍ നല്ല കുട്ടപ്പനായി നടക്കുന്നവരെ അഭിനയ ചക്രവര്‍ത്തി എന്ന് വിളിച്ചുകൂടെ?

അങ്ങനെ നോക്കുമ്പോള്‍ ഈ ഭൂമിയിലെ ഓരോ മനുഷ്യനും നിത്യവും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അഭിനയിക്കുന്നവരാണ്. ഈ അഭിനയ പാടവം അഭ്രപാളിയില്‍ കാണിച്ചിരുന്നെങ്കില്‍ ഏറ്റവും ചുരുങ്ങിയത് ഒരു സംസ്ഥാന അവാര്‍ഡ്‌ എങ്കിലും കിട്ടാതിരിക്കില്ല. എന്തുതോന്നുന്നു?

അഭിനയ ചക്രവര്‍ത്തികളായ എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്മ നേര്‍ന്നുകൊള്ളുന്നു.

...

പോള്‍സണ്‍ പാവറട്ടി

മാതാപ്പിതാക്കളേ ഇതിലേ... ഇതിലേ …


ഉമ്മച്ചനും ഭാര്യ അച്ചാമ്മയും ഒത്തിരി വര്‍ഷങ്ങളായി ദുബായ് - യില്‍ ആണ് ജീവിക്കുന്നത്. ഉമ്മച്ചന് സ്വന്തമായി ഒരു ബിസിനസ്‌ ഉണ്ട്. ഭാര്യ അച്ചാമ്മ നേഴ്സ് ആയി ജോലി നോക്കുന്നു.

കുറച്ചു നാള്‍ മുന്‍പ് ഒരിക്കല്‍ എനിക്ക് അവരുടെ വീട്ടിലേക്ക് ഒന്ന് പോകേണ്ട ആവശ്യം വന്നു. ഞാന്‍ അവരുടെ വീട്ടില്‍ (ഫ്ലാറ്റില്‍) ചെന്നപ്പോള്‍ വളരെ സന്തോഷപൂര്‍വ്വംതന്നെ അവര്‍ എന്നെ എതിരേറ്റു. അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു.

കൊള്ളാവുന്ന ഒരു ഫ്ലാറ്റ്. മനോഹരമായി എല്ലാം ക്രമീകരിച്ചിരിക്കുന്നു. ഞാന്‍ മൊത്തത്തില്‍ ഒന്ന് നിരീക്ഷിച്ചു. യേശുവിന്റെ ക്രൂശിതരൂപത്തിനു കീഴെ ഭംഗിയുള്ള ലൈറ്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്. അരികില്‍ വിശുദ്ധ ബൈബിള്‍ തുറന്നു വെച്ചിട്ടുണ്ട്. ഭക്തിഗാനങ്ങള്‍ നേര്‍ത്ത ശബ്ദത്തില്‍ കേള്‍ക്കുന്നുണ്ട്. ആകെ ഒരു ഭക്തിസാന്ദ്രമായ അന്തരീക്ഷം.  

അതേസമയം ഷോകേസില്‍ ഭംഗിയുള്ള പല സാധനങ്ങളുടേയും കൂട്ടത്തില്‍ ഒട്ടും വില കുറയാത്ത മദ്യക്കുപ്പികളും വളരെ മനോഹരമായി ക്രമീകരിച്ചു വെച്ചിട്ടുള്ളത്‌ എന്റെ ശ്രദ്ധയില്‍ പെട്ടു. അത് കണ്ടപ്പോള്‍ ഞാന്‍ ഉമ്മച്ചനോട് മെല്ലെ ചോദിച്ചു: എന്താ ഉമ്മച്ചാ, പരസ്യമായിട്ടാണല്ലോ മദ്യക്കുപ്പികള്‍ വെച്ചിട്ടുള്ളത്‌?

ഉമ്മച്ചന്‍: ഓ; അതിനെന്തുവാ? എനിക്കൊന്നും മറച്ചുവെക്കാനില്ലെന്നെ. ഞാന്‍ എല്ലാ ദിവസവും രണ്ടു പെഗ്ഗ് കഴിക്കും. അതിവിടെ എല്ലാവര്‍ക്കും അറിയാം. പിന്നെ ഞാനെന്തിനാ ഇത് മറച്ചുവെക്കുന്നത്? ഇതൊക്കെയില്ലെങ്കില്‍ പിന്നെ എന്തോന്നാ സാറേ ജീവിതം?

ഈ സമയം ഭാര്യ അച്ചാമ്മ രണ്ടു കപ്പ് ചായയുമായി വന്നു. ഞാന്‍ ഒരു കപ്പ് ചായ കയ്യില്‍ എടുത്തു.

ഉമ്മച്ചന്‍ തുടര്‍ന്നു: സാറേ, ഈ വിഷയത്തില്‍ എന്റെ കെട്ട്യോളും ഒട്ടും മോശമൊന്നുമാല്ലാട്ടോ. അവള്‍ക്ക് വീഞ്ഞ് മതി.

ഒന്ന് മിണ്ടാതിരിക്ക്‌ മനുഷ്യാ ... എന്ന് പറഞ്ഞ് നാണംകുണുങ്ങിക്കൊണ്ട് അച്ചാമ്മ അടുക്കളയിലേക്ക് പോയി.

ഞാന്‍ ചോദിച്ചു: ഉമ്മച്ചാ, മക്കള്‍ എന്ത്യേ?

ഉമ്മച്ചന്‍: ഓ, അതൊന്നും പറയണ്ട സാറേ, രണ്ടു മക്കളുണ്ട്. ഒരാണും ഒരു പെണ്ണും. രണ്ടാളും നാട്ടില്‍ പഠിക്കുവാ. നാട്ടിലാവുമ്പോള്‍ അവര്‍ക്ക് വല്യപ്പച്ചനും വല്യമ്മച്ചിയും മറ്റു ബന്ധുക്കളും ഒക്കെ ഉണ്ടല്ലോ. അവര്‍ക്കും നാട്ടില്‍ നില്‍ക്കാനാണ് ഇഷ്ടം. ഇവിടെയാണെങ്കില്‍ എനിക്ക് ഒരു മിനുട്ട് ഒഴിവില്ല. അച്ചാമ്മക്കാണെങ്കില്‍ രാത്രിയും പകലും മാറി മാറി ഡ്യൂട്ടിയും.

ഇടയ്ക്കുകയറി ഞാന്‍ പറഞ്ഞു:  എന്നാലും ഉമ്മച്ചാ, മക്കളും കൂടെ ഉള്ളതല്ലേ നല്ലത്? അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നിങ്ങള്‍ക്ക് അപ്പോള്‍ ചെയ്തു കൊടുക്കാന്‍ കഴിയില്ലേ?

ഉമ്മച്ചന്‍: എന്റെ സാറേ, അവരുടെ ഒരു ആവശ്യങ്ങള്‍ക്കും ഞങ്ങള്‍ കുറവ് വരുത്താറില്ല. ആവശ്യത്തിനു പൈസ അയച്ചു കൊടുക്കുന്നുണ്ട്, internet തുടങ്ങി എല്ലാ സൌകര്യങ്ങളും അവര്‍ക്ക് ചെയ്തു കൊടുത്തിട്ടുണ്ട്‌. എല്ലാ ദിവസവും അച്ചാമ്മ അവരോടു ഫോണ്‍ ചെയ്തു സംസാരിക്കാറുണ്ട്. സമയം കിട്ടുമ്പോള്‍ ഞാനും. അവര്‍ക്ക് തല്‍ക്കാലം ഒന്നിന്റേയും ഒരു കുറവുമില്ല. ഇതില്‍ കൂടുതല്‍ എന്തോന്നാ വേണ്ടത്? അവരുടെ നല്ല ഭാവിക്കുവേണ്ടിയല്ലേ ഞങ്ങള്‍ ഇവിടെ അദ്ധ്വാനിക്കുന്നതും കഷ്ടപ്പെടുന്നതും ഒക്കെ? അതെന്താ ആരും കാണാത്തത്?....

ഒരു തരത്തിലും വിട്ടുകൊടുക്കില്ല എന്ന ഭാവത്തിലാണ് ഉമ്മച്ചന്റെ സംസാരം. തല്‍ക്കാലം ഞാന്‍ എന്റെ പത്തി മടക്കി. കൂടുതല്‍ നേരം അവിടെ ഇരുന്നാല്‍ ഞാനും ചിലപ്പോള്‍ അവരുടെ രീതിയില്‍ ചേര്‍ന്നു പോയേക്കാം എന്നു മനസ്സിലാക്കി, ഞാന്‍ പോയ കാര്യം സംസാരിച്ച് അവിടെ നിന്നും മടങ്ങി.

ഏതാനും നാളുകള്‍ക്കു ശേഷം ഞാന്‍ കേട്ട വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു. ഉമ്മച്ചന്റെ മകള്‍ ഒരുത്തന്റെ കൂടെ ഓടിപ്പോയി. മകനാണെങ്കില്‍ നാട്ടിലെ അറിയപ്പെടുന്ന റൌഡിയുമായി. ഉമ്മച്ചന്റെ ബിസിനസ്‌ ക്ഷയിച്ചു. അച്ചാമ്മയുടെ ഏക വരുമാനംകൊണ്ടാണ് അവരിപ്പോള്‍ കഷ്ടിച്ച് ജീവിക്കുന്നത്.

സ്നേഹിതരേ, ഇനി നമുക്കൊന്ന് ചിന്തിച്ചുനോക്കാം. എല്ലാ മാതാപ്പിതാക്കളും പറയുന്ന ഒരു സ്ഥിരം പല്ലവിയാണല്ലോ മക്കളുടെ നല്ല ഭാവിക്കു വേണ്ടിയാണ് തങ്ങള്‍ അദ്ധ്വാനിക്കുന്നതും കഷ്ടപ്പെടുന്നതും എന്ന്. ഉമ്മച്ചനും അച്ചാമ്മയും അങ്ങനെതന്നെയാണ് പറഞ്ഞത്. വാസ്തവത്തില്‍ അവര്‍ മക്കള്‍ക്കുവേണ്ടി എന്താണ് ചെയ്തു കൊടുത്തത്?

കൈ നിറയെ പണവും മറ്റു സുഖസൌകര്യങ്ങളും ആയാല്‍ എല്ലാം ആയോ? കുഞ്ഞുന്നാളില്‍ മാതാപ്പിതാക്കളില്‍ നിന്ന് കിട്ടേണ്ട സ്നേഹം കിട്ടേണ്ടപോലെ കിട്ടിയില്ലെങ്കില്‍ ഏതു പുണ്യാളന്റെ മക്കളും തല തിരിഞ്ഞെന്നു വരാം. അതിനു മക്കളെയല്ല കുറ്റം പറയേണ്ടത്. മക്കളുടെ മാതാപ്പിതാക്കളെയാണ്. ഇത് ഓര്‍മ്മയിലിരിക്കട്ടെ.

നമ്മുടെ മക്കളെ നമ്മള്‍ എങ്ങനെയാണ് വളര്‍ത്തുന്നത് എന്ന് ഈ സമയം സ്വയം ചിന്തിച്ചു നോക്കാം.

എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു.

***

പോള്‍സണ്‍ പാവറട്ടി

പീ. സീ. ചാക്കോ എന്ന ഷേയ്ഖ് ചാക്കോ!


പുത്തന്‍പുരക്കല്‍ ചാണ്ടി മകന്‍ ചാക്കോ അഥവാ പീ. സീ. ചാക്കോയ്ക്ക് ഒരു അപരനാമം കൂടിയുണ്ട് - ഷേയ്ഖ് ചാക്കോ. നല്ലവരായ എല്ലാ സ്നേഹിതരും ചാക്കോയെ അങ്ങനെ വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്. അതിനു കാരണവുമുണ്ട്.

ചാക്കോ വര്‍ഷങ്ങളായി ദുബായ്-യിലാണ് ജോലി ചെയ്യുന്നത്. ഒരാള്‍ ദുബായ്-യില്‍ എത്തിയാല്‍ പിന്നാലെ വീട്ടിലെ ആരെയെങ്കിലുമൊക്കെ ദുബായ്-യിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുക സ്വാഭാവികം മാത്രം. എന്നാല്‍ നമ്മുടെ കഥാനായകന്‍ ചാക്കോ വീട്ടുകാരെ മാത്രമല്ല നല്ലൊരു ശതമാനം നാട്ടുകാരേയും ദുബായ് എന്ന സ്വപ്നഭൂമിയിലേക്ക് കൊണ്ടുപോയി രക്ഷപ്പെടുത്തിയിട്ടുണ്ട്. അതിനു ഒരു പ്രത്യുപകാരം എന്നോണം ചാക്കോയുടെ നാട്ടുകാര്‍ നല്‍കിയ പേരാണ് ഷേയ്ഖ് ചാക്കോ. പിന്നീട് ദുബായ്-യില്‍ ഉള്ള സ്നേഹിതരും ആ പേര് വിളിക്കാന്‍ തുടങ്ങി.

ഇതു വായിക്കുമ്പോള്‍ വായനക്കാര്‍ ഒരുപക്ഷേ ചിന്തിക്കുന്നുണ്ടാവും ചാക്കോയ്ക്ക് ദുബായ്-യില്‍ വലിയ ബിസിനസ് ആണെന്ന്. അങ്ങനെയൊന്നുമല്ല. പത്താം ക്ലാസ് യോഗ്യത മാത്രമുള്ള ചാക്കോ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഒരു ഹെല്‍പര്‍ ആയി തുടങ്ങി പിന്നീട് ഫോര്‍മാന്‍ ആയി മാറി. അത്രേയുള്ളൂ. പൊതുവേ എല്ലാവരുമായി നല്ല ബന്ധം പുലര്‍ത്തുന്ന ചാക്കോ എവിടെയെങ്കിലും ഒരു ജോലി സാധ്യത ഉണ്ടെന്നറിഞ്ഞാല്‍ ഉടനെ തന്റെ നാട്ടിലെ പാവപ്പെട്ട ആരെയെങ്കിലും അവിടെ ജോലി തരപ്പെടുത്തി കൊടുക്കും.

പലരും പറയാറുണ്ട്‌, ഷേയ്ഖ് ചാക്കോ നാട്ടില്‍ നിന്നും കൊണ്ടുവന്ന ഓരോരുത്തരില്‍ നിന്നും വിസക്ക് പൈസ വാങ്ങിയിരുന്നെങ്കില്‍ ശരിക്കും ഇന്നൊരു ഷേയ്ഖ് ആകുമായിരുന്നു. എന്നാല്‍ ഒരാളില്‍നിന്നും പത്തുരൂപ പോലും വാങ്ങിയിട്ടില്ല എന്നതാണ് സത്യം. തനിക്കുള്ള പ്രതിഫലം ദൈവം തരും എന്നുമാത്രമാണ് ചാക്കോ എപ്പോഴും പറയുക.

അങ്ങനെയിരിക്കേ പെട്ടെന്നാണ് ആഗോള സാമ്പത്തിക മാന്ദ്യം എന്ന സുനാമി ആഞ്ഞടിച്ചത്. ആ സുനാമിയില്‍പെട്ട് ദുബായ്-യില്‍ ഒട്ടുമിക്ക കണ്‍സ്ട്രക്ഷന്‍ കമ്പനികളും അടച്ചുപൂട്ടി. ചാക്കോ ജോലി ചെയ്തിരുന്ന കമ്പനിയേയും അത് ബാധിച്ചു. വേറെ കമ്പനിയില്‍ ജോലി ശരിപ്പെടുന്നവര്‍ക്ക് വിസ മാറ്റാന്‍ വേണ്ട സഹായം അവരുടെ കമ്പനി ചെയ്തുകൊടുത്തു. ചാക്കോയും വേറെ ജോലിക്ക് പരിശ്രമം തുടങ്ങി.


വെറും പത്താം ക്ലാസ്സ്‌ മാത്രം വിദ്യാഭ്യാസയോഗ്യതയുള്ള ചാക്കോയ്ക്ക് നല്ലൊരു ജോലി കിട്ടാന്‍ പറ്റാതായി. ചാക്കോ നാട്ടില്‍ നിന്നും കൊണ്ടുവന്ന് രക്ഷപ്പെടുത്തിയവരാകട്ടെ ചാക്കോയെ കണ്ടാല്‍ വഴിമാറി നടക്കാന്‍ തുടങ്ങി. തന്റെ മേല്‍ എങ്ങാനും വന്നുപെട്ടാലോ എന്നാണു അവര്‍ ചിന്തിക്കുന്നത്. അവര്‍ വന്ന വഴിയെല്ലാം തല്‍ക്കാലം അവര്‍ മറന്നു.

ചാക്കോയുടെ വീട്ടിലെ അവസ്ഥയാണെങ്കില്‍ വളരെ പരിതാപകരമാണ്. ഉള്ള പൈസയെല്ലാംകൊണ്ട് മൂത്ത മകളെ കെട്ടിച്ചയച്ചു. രണ്ടാമത്തെ മകളും പിന്നെ ഒരു മകനും പഠിക്കുന്നു. ഈ അവസ്ഥയില്‍ ജോലിയില്ലാതെ നാട്ടിലേക്ക് പോയാല്‍ എന്താവും സ്ഥിതി? പലരും മൂക്കത്ത് വിരല്‍വച്ച് ചോദിച്ചു. അപ്പോഴൊക്കെ ചാക്കോയ്ക്ക് ഒരൊറ്റ മറുപടിയേ ഉള്ളൂ, ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല. എന്നെ ഇവിടെവരെ എത്തിച്ച എന്റെ ദൈവം ഇനിയും എന്നെ വഴിനടത്തും. ഞാന്‍ ഒരിക്കലും പതറില്ല.

ജോലിയൊന്നും ശരിയാവാതെ വന്നപ്പോള്‍ ഒടുവില്‍ ചാക്കോ ദുബായ് എന്ന സ്വപ്നഭൂമിയോട് വിടപറയാന്‍ തയ്യാറായി. നാട്ടിലേക്ക് പോകാന്‍ ഒരുക്കം തുടങ്ങി. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് മക്കള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങിക്കൂട്ടി. പൈസ കൊടുക്കുന്ന കൌണ്ടറില്‍ ചെന്നപ്പോള്‍ കൊടുത്ത പൈസക്ക് ആനുപാതികമായി ഏതാനും നറുക്കെടുപ്പ് കൂപ്പണുകള്‍ കിട്ടി. അതും പൂരിപ്പിച്ച് പെട്ടിയിലിട്ട്‌ ചാക്കോ തന്റെ താമസ സ്ഥലത്തേക്ക് മടങ്ങി.

രണ്ടു ദിവസത്തിനു ശേഷം ചാക്കോ ശ്രവിച്ച വാര്‍ത്ത അവര്‍ണ്ണനീയമായിരുന്നു. കഴിഞ്ഞ ദിവസം സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ലഭിച്ച കൂപ്പണുകളില്‍ ഒന്നിന് സമ്മാനം അടിച്ചിരിക്കുന്നു. സമ്മാനം എന്താണെന്നോ ഒരു ലക്ഷ്വറി കാര്‍.

ആ വാര്‍ത്ത കേട്ടപ്പോള്‍ ചാക്കോയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി, ആനന്ദക്കണ്ണീര്‍. ദൈവം തന്നെ വഴിനടത്തും എന്നു ചാക്കോ പറഞ്ഞത് എത്രയോ ശരി എന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു.   

അങ്ങനെ, വെറുംകൈയ്യുമായി നാട്ടില്‍ പോകേണ്ടിയിരുന്ന ചാക്കോ ലക്ഷങ്ങളുമായാണ് പോയത്. കൂട്ടുകാര്‍ എല്ലാവരും വിളിച്ചു പറഞ്ഞു, നമ്മുടെ ചാക്കോ ഇപ്പോള്‍ ശരിക്കും ഷേയ്ഖ് ചാക്കോ തന്നെ. സംശയമില്ല.

****

പോള്‍സണ്‍ പാവറട്ടി

ONE DAY WITH YOU


ശേഖര്‍; സുന്ദരനും സുശീലനുമായ ഒരു യുവാവ്. വിവാഹപ്രായം പിന്നിട്ട ഒരു അവിവാഹിതന്‍. ഒരു ഓഫീസില്‍ മാനേജര്‍ ആയി ജോലി ചെയ്യുന്നു. വളരെ അടക്കത്തോടും ഒതുക്കത്തോടും കൂടി ജോലി ചെയ്യുന്നു. എല്ലാവരോടും വളരെ സൗമ്യമായി പെരുമാറുന്നു. എല്ലാവര്‍ക്കും ശേഖറിനെ വളരെ ഇഷ്ടമാണ്.

ജോലി സമയം കഴിഞ്ഞാല്‍ നേരെ ഏതെങ്കിലും പാര്‍ക്കിലോ ബീച്ചിലോ പോയി സമയം കളയും. ഏകനായി, ചിന്താമഗ്നനായി ഏറെനേരം അങ്ങോട്ടും ഇങ്ങോട്ടും നടക്കും. ദൂരെ എവിടേക്കെങ്കിലും അലക്ഷ്യമായി നോക്കിയിരിക്കും.

ഒരു ദിവസം അടുത്തുള്ള ഒരു അമ്പലത്തില്‍ പോകാന്‍ ശേഖര്‍ തീരുമാനിച്ചു. അമ്പലത്തില്‍ ദേവനെ തൊഴുത്‌ അലക്ഷ്യമായി തിരിഞ്ഞു നടക്കാന്‍ തുടങ്ങി.

പെട്ടെന്ന് പാദസരത്തിന്റെ ഒരു നേര്‍ത്ത സ്വരം അവന്റെ കാതില്‍ പതിച്ചു. ആ സ്വരം കേട്ട ഭാഗത്തേക്ക് അവന്‍ മെല്ലെ തിരിഞ്ഞു നോക്കി. സുന്ദരിയായ ഒരു യുവതി മന്ദം മന്ദം നടന്നു നീങ്ങുന്നു. അവന്‍ ആ പാദങ്ങളെ പിന്‍തുടര്‍ന്നു.

കൈയ്യില്‍ അമ്പലത്തില്‍ നിന്നും കിട്ടിയ പ്രസാദവുമായാണ് ആ യുവതി നടന്നു നീങ്ങുന്നത്‌. അല്പദൂരം നടന്നു നീങ്ങിയപ്പോള്‍ ആരോ തന്റെ പുറകില്‍ ഉണ്ടെന്നു അവള്‍ക്കു തോന്നി. അവള്‍ മെല്ലെ തിരിഞ്ഞു നോക്കി.

ഇരുവരും മുഖാമുഖം കണ്ടപ്പോള്‍ സ്തബ്ദരായി നിന്നുപോയി.

അവളുടെ കണ്ണില്‍ തന്നെ നോക്കിക്കൊണ്ട്‌ ശേഖര്‍ ചോദിച്ചു: ശോഭയല്ലേ?

കണ്ണെടുക്കാതെത്തന്നെ അവള്‍ പറഞ്ഞു: അതെ, ഇത് ശേഖര്‍ അല്ലേ?

ശേഖര്‍: അതെ.

ഒരു ഞെട്ടലോടെ ശോഭയുടെ കൈയ്യിലുള്ള പ്രസാദം താഴെ വീണു. ഇരുവരും ആശ്ചര്യത്തോടെ പരസ്പരം നോക്കിക്കൊണ്ടേ നില്‍ക്കുന്നു.

താഴെ വീണ പ്രസാദവും പാത്രവും എടുക്കാന്‍ ശോഭ കുനിഞ്ഞപ്പോള്‍ ശേഖറും അത് എടുക്കാന്‍ സഹായിക്കുന്നു.

ശേഖര്‍: ശോഭ ഇവിടെ?

ശോഭ: അതെ, ഞാനിപ്പോള്‍ ഇവിടെയാണ്‌. ഒരു കമ്പനിയില്‍ സെക്രട്ടറി ആയി ജോലി ചെയ്യുന്നു.

ശേഖര്‍: husband ? (ശേഖര്‍ ചുറ്റും നോക്കുന്നു)

മറുപടിയില്ലാതെ ശോഭ തലകുനിച്ചു നില്‍ക്കുന്നു.

ശേഖര്‍: അഞ്ചു വര്‍ഷം മുന്‍പ് നിങ്ങളുടെ വിവാഹദിവസം നമ്മള്‍ തമ്മില്‍ കണ്ടതാ അല്ലേ? husband എവിടെ? പറഞ്ഞില്ല?

ശോഭ: (മ്ലാന ഭാവത്തില്‍) എന്നെ ഒറ്റയ്ക്കാക്കിയിട്ട് അദ്ദേഹം പോയി.

ശേഖര്‍: എങ്ങോട്ട് പോയി? നാട്ടിലേക്കോ?

ശോഭ: അല്ല. നോക്കെത്താ ദൂരത്തേക്ക്.

ശേഖര്‍: ശോഭേ, എനിക്കൊന്നും മനസ്സിലാകുന്നില്ല.

ശോഭ: ശേഖറിനു മാത്രമല്ല, എനിക്കും മനസ്സിലാകുന്നില്ല എന്നെ തനിച്ചാക്കിയിട്ട് അദ്ദേഹം എന്തിനു പോയി എന്ന്, ഇനി ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക്. (ശോഭ കരയുന്നു)

ഇതുകേട്ട് ശേഖര്‍ ഷോക്കേറ്റതുപോലെയായി.

അല്‍പനേരം ഇരുവരും മൗനമായി നില്‍ക്കുന്നു. ശോഭ മനോവ്യഥയോടെ തലകുനിച്ചു നില്‍ക്കുന്നു.

ശേഖര്‍: വരൂ, വിരോധമില്ലെങ്കില്‍ അല്‍പനേരം നമുക്ക് അടുത്തുള്ള പാര്‍ക്കില്‍ ഇരുന്ന് സംസാരിക്കാം.

ഇരുവരും അടുത്തുള്ള പാര്‍ക്കിലേക്ക് നടന്നുപോകുന്നു. പാര്‍ക്കിലെ ഒരു ബഞ്ചില്‍ ഇരുന്ന് സംസാരിക്കുന്നു.

ശേഖര്‍: ശോഭേ, എല്ലാം കേള്‍ക്കാന്‍ ആഗ്രഹമുണ്ട്. പറയാന്‍ ബുദ്ധിമുട്ടില്ലെങ്കില്‍ ... please ....

ശോഭ: ശേഖറിനോട് പറയാന്‍ എനിക്കെന്തു ബുദ്ധിമുട്ട്? എന്റെ എല്ലാ കാര്യങ്ങളും നന്നായി അറിയുന്ന ആളല്ലേ ശേഖര്‍? ശേഖറിനോട് തുറന്നു പറയാത്ത എന്തെങ്കിലും ഉണ്ടോ എന്റെ ജീവിതത്തില്‍?

ശേഖര്‍: ശരിയാണ്. നിനക്ക് ഞാനും എനിക്ക് നീയും മാത്രമേ ഉള്ളൂ എന്ന് പറഞ്ഞു നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. നിന്റെ ജാതകദോഷത്തിന്റെ പേരില്‍, ഞാന്‍ നിന്നെ സ്വന്തമാക്കിയാല്‍ എന്റെ ജീവന്‍ അപകടത്തിലാവും എന്ന് പറഞ്ഞ് നീ തന്നെയല്ലേ എന്നെ ഒഴിവാക്കിയത്?

ശോഭ: ശരിയാണ്. ഞാന്‍ കാരണം ശേഖറിന്റെ ജീവന്‍ അപകടത്തിലാവരുത് എന്ന് എനിക്കുണ്ടായിരുന്നു. പിന്നീട് വിവാഹമേ വേണ്ട എന്ന് തീരുമാനിച്ച് ഞാന്‍ കഴിയുമ്പോള്‍ യുക്തിവാദിയായ എന്റെ അച്ഛന്റെ ഒറ്റ നിര്‍ബന്ധംകൊണ്ടാണ് മനസ്സുകൊണ്ടല്ലെങ്കിലും ഞാന്‍ രഘുവിനെ ഭര്‍ത്താവായി സ്വീകരിച്ചത്. ഇതെല്ലാം ശേഖറിനു അറിവുള്ളതല്ലേ?

ശേഖര്‍: അതെല്ലാം അറിയാം. എന്നിട്ട്?

ശോഭ: വിവാഹം കഴിഞ്ഞ് ഏതാനും നാളുകള്‍ക്കുള്ളില്‍ രഘു എന്നെ ദുബായ് ലേക്ക് കൊണ്ടുവന്നു. രഘുവിന്റെ ഓഫീസില്‍ എനിക്ക് ജോലിയും കിട്ടി.

ശേഖര്‍: ഓഹോ, എന്നിട്ട്?

ശോഭ: ഏതാനും മാസങ്ങള്‍ രഘു എന്നെ പൊന്നുപോലെ കൊണ്ടുനടന്നു. പുതിയ ജീവിതത്തിലേക്ക് ഞാന്‍ മെല്ലെ മെല്ലെ adjust ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഒരു ദിവസം ഞാന്‍ കേള്‍ക്കുന്നത് .......(ശോഭയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. വാക്കുകള്‍ കിട്ടുന്നില്ല)

ശേഖര്‍: ശോഭേ, കരയരുത് please ... I can understand . ഇനി പറയണമെന്നില്ല.

ശോഭ: ഒരു car accident . എല്ലാം ഒരു നിമിഷംകൊണ്ട് തീര്‍ന്നു. എന്നെ ഒറ്റയ്ക്കാക്കിയിട്ട് രഘു യാത്രയായി, ഇനി ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക്. (കരയുന്നു)

ശേഖര്‍: Hearty Condolence . ഇതൊന്നും ഞാനറിഞ്ഞില്ല. ശോഭയുടെ വിവാഹ ദിവസം ഞാന്‍ നാടുവിട്ടതാ. പലയിടത്തും കറങ്ങി. ഒടുവില്‍ ദുബായ് യില്‍ എത്തി.

ശോഭ: (കണ്ണുനീര്‍ തുടച്ചുമാറ്റിക്കൊണ്ട്) അതൊക്കെ പോട്ടെ, ശേഖറിന്റെ family ?

ശേഖര്‍: (നെടുവീര്‍പ്പിട്ടുകൊണ്ട്) ഉം, എന്റെ ഫാമിലി..... ഞാന്‍ ഒരുപാട് ആഗ്രഹിച്ചതും അതുതന്നെയാണ്. പക്ഷേ.... എന്റെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിയില്ലേ? ശോഭ തെറ്റിച്ചില്ലേ?     

ശോഭ: (ആശ്ചര്യത്തോടെ)  You mean ....?

ശേഖര്‍: Yes , I meant the same what you think now .

ശോഭ: എന്റെ ഈശ്വരാ....ഞാനെന്താണീ കേള്‍ക്കുന്നത്?

ശേഖര്‍: ങാ, അതുപോട്ടെ, അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല. By the by, ശോഭ എവിടെയാണ് ജോലി ചെയ്യുന്നത്?

ശോഭ: Blue Ocean

ശേഖര്‍: Oh ... I see ...നാട്ടില്‍ എല്ലാവര്‍ക്കും സുഖം തന്നെയല്ലേ?

ശോഭ: അതെ, എല്ലാവരും സുഖമായിരിക്കുന്നു. നാട്ടില്‍ പോയാല്‍ അവര്‍ മറ്റൊരു വിവാഹത്തിനു നിര്‍ബന്ധിക്കുന്നതുകൊണ്ട് ഞാന്‍ പോകാതെ ഇവിടെത്തന്നെ കഴിഞ്ഞു കൂടുകയാണ്, ഒറ്റയ്ക്ക്.

ശേഖര്‍: അപ്പോള്‍ കൂടെയുള്ളവര്‍?

ശോഭ: Company accomodation - ലാണ് താമസം. രഘു ഉണ്ടായിരുന്നപ്പോള്‍ company തന്ന family flat ആണ്. അതുകൊണ്ട് കൂടെ വേറെ ആരുമില്ല.

ശേഖര്‍: Oh ... that's  great . ശോഭേ ഞാന്‍ എല്ലാ ദിവസവും evening - ഇല്‍ ഇവിടെ വന്നിരിക്കാറുണ്ട്. If you don 't mind ....

ശോഭ: ഞാനും വരാം ശേഖര്‍. ഒറ്റയ്ക്ക് വീട്ടിലിരുന്ന് ഞാനും മടുത്തു.

ശേഖര്‍: ഞാനിപ്പോള്‍ പോകുന്നു. വരൂ, ഞാന്‍ ശോഭയെ വീട്ടില്‍ drop ചെയ്യാം. നാളെ evening -ഇല്‍ വീണ്ടും ഇവിടെ കാണാം.

ഇരുവരും പോകുന്നു.




അടുത്ത ദിവസം പതിവിലും സന്തോഷത്തിലാണ് ശേഖര്‍ ഓഫീസില്‍ എല്ലാവരോടും പെരുമാറിയിരുന്നത്.

കൂടെ ജോലി ചെയ്യുന്ന ഒരാള്‍: എന്താ സാര്‍, ഇന്ന് നല്ല സന്തോഷത്തിലാണല്ലോ?

ശേഖര്‍: Yes , I am happy today . ഇന്നുമാത്രമല്ല, എന്നും ഈ സന്തോഷം നിലനിര്‍ത്തണം എന്നുതന്നെയാണ് എന്റെ ആഗ്രഹം.

അടുത്ത ആള്‍: എന്താ സാര്‍, വല്ല ലോട്ടറിയും അടിച്ചോ?

ശേഖര്‍: എന്നു ചോദിച്ചാല്‍ ...   ഉം, അതെ, ഒരുതരം ലോട്ടറി തന്നെ.

വേറെ ഒരാള്‍: അപ്പോള്‍ തീര്‍ച്ചയായും ചെലവു ചെയ്യണം ട്ടോ

ശേഖര്‍: ചെയ്തിരിക്കും. നിങ്ങള്‍ മനസ്സില്‍ കാണുന്നതിനേക്കാള്‍ ഗംഭീര പാര്‍ട്ടിയായിരിക്കും ഞാന്‍ തരാന്‍ പോകുന്നത്.

ഇനിയൊരാള്‍: കൊച്ചുകള്ളന്‍, ലോട്ടറി അടിച്ചിട്ട് മിണ്ടാതിരിക്കുകയാണ് അല്ലേ?

ശേഖര്‍: നിങ്ങള്‍ ഉദ്ദേശിക്കുന്ന ലോട്ടറി അല്ല സാറേ, എന്നാല്‍ അതിനേക്കാള്‍ വിലമതിക്കുന്ന ഒന്നാണത്.

അവര്‍ പരസ്പരം കുശലം പറയുന്നു. പൊട്ടിച്ചിരിക്കുന്നു. .....










അന്ന് വൈകീട്ട് ശേഖര്‍ പതിവുപോലെ ഓഫീസില്‍ നിന്നും നേരെ പാര്‍ക്കില്‍ എത്തി. മനസ്സ് നിറയെ സന്തോഷമാണ്. അത് മുഖത്ത് കാണാം.

ഇടയ്ക്കിടയ്ക്ക് വാച്ച് നോക്കുന്നു. പാര്‍ക്കിനു വെളിയിലേക്ക് എത്തിനോക്കുന്നു.

അല്പസമയത്തിനുള്ളില്‍ ശോഭ പാര്‍ക്കിലേക്ക് കടന്നുവന്നു. ശോഭയുടെ മുഖത്തും സന്തോഷം കാണാം.

ശേഖര്‍: (എഴുന്നേറ്റുനിന്ന്) വരൂ ശോഭേ, ഇവിടെ ഇരിക്കൂ.

ഇരുവരും പാര്‍ക്കിലെ ബഞ്ചില്‍ ഇരിക്കുന്നു.

ശോഭന: ശേഖര്‍ ഇന്ന് വളരെ സന്തോഷത്തിലാണല്ലോ?

ശേഖര്‍: അതെ ശോഭേ, ഞാനിന്ന് വളരെ സന്തോഷത്തിലാണ്. നമ്മള്‍ തമ്മില്‍ പിരിഞ്ഞതിനുശേഷം ഇന്നാണ് ഞാന്‍ ഇത്രയും സന്തോഷിക്കുന്നത്.

ശോഭ: ശേഖറിനോട് എല്ലാം തുറന്നു പറയാമല്ലോ: വളരെ നാളുകള്‍ക്കു ശേഷം ഇന്നാണ് ഞാനും സന്തോഷിക്കുന്നത്. അച്ഛന്‍ എന്നും പറയാറുണ്ട്‌, ജീവിതം ഒന്നേയുള്ളൂ, അത് ദുഖിച്ചു കളയാനുള്ളതല്ല എന്ന്. ഇന്ന് ശേഖറിനെ കണ്ടുമുട്ടിയതിനു ശേഷമാണ് എന്റെ മനസ്സ് വീണ്ടും പൂത്തുലഞ്ഞത്.

ശേഖര്‍: അപ്പോള്‍ ഒരുതരത്തില്‍ പറഞ്ഞാല്‍ നമ്മള്‍ ഒരേതൂവല്‍പക്ഷികള്‍ അല്ലേ?

ഇരുവരും ചിരിക്കുന്നു.

ശോഭ: ശേഖര്‍, ഇനിയെങ്കിലും ഞാന്‍ പറയുന്നത് കേള്‍ക്കണം. ഇനി ശേഖര്‍ ഇങ്ങനെ ഒറ്റയാനായി കഴിയരുത്‌. നല്ലൊരു പെണ്ണിനെ കെട്ടി അടിച്ചുപൊളിച്ചു ജീവിക്കണം.

ശേഖര്‍: സ്വപ്നം കാണാനൊക്കെ എളുപ്പമാണ്. എന്നാല്‍ അത് യാഥാര്‍ത്യമാവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

ശോഭ: ശേഖര്‍, past is past . Please dont spoil your noble life .

ശേഖര്‍: ശോഭേ, ഞാനൊരു കാര്യം വെട്ടിത്തുറന്നു പറയാന്‍ ആഗ്രഹിക്കുന്നു. ശോഭയോടുള്ള എന്റെ സ്നേഹത്തിന് ഈ നിമിഷംവരെ ഒരു കുറവും വന്നിട്ടില്ല, ഇനി വരികയുമില്ല.

ശോഭ: ശേഖര്‍ പറഞ്ഞുവരുന്നത്.....?

ശേഖര്‍: അതെ, ശോഭ പറഞ്ഞ അതേ വാക്കുകള്‍ ഞാന്‍ തിരിച്ചു പറയുകയാണ്‌. past is past . Please dont spoil your noble life. നിന്റെ ഒരു വാക്കിനു വേണ്ടി കാത്തിരിക്കുകയാണ് ഞാന്‍. Yes എന്ന ഒരേയൊരു വാക്ക്.

ശോഭ: I am really sorry Shekhar. ഇനിയൊരു വിവാഹ ജീവിതം എനിക്കുണ്ടാവില്ല. ഇനിയും ഞാന്‍ കാരണം ഒരു ജീവന്‍ കൂടി കുരുതി കൊടുക്കാന്‍ എനിക്കാവില്ല.

ശേഖര്‍: O.K... ശോഭയുടെ ഉറച്ച തീരുമാനമാണ് ഇതെങ്കില്‍ ഇനി ഞാന്‍ ഇക്കാര്യം പറയില്ല. എന്നാല്‍ മറ്റൊരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ശോഭ: എന്താണത്? പറയൂ.

ശേഖര്‍: നിന്നോടൊത്തുള്ള ഒരു ജീവിതം ഞാന്‍ ഞാന്‍ സ്വപ്നം കണ്ടു. പക്ഷേ അത് നടന്നില്ല. എന്നാല്‍ എനിക്കിപ്പോള്‍ ഒരേയൊരു ആഗ്രഹമേയുള്ളൂ, നിന്നോടൊത്തു ഒരു ദിവസം, ഒരേയൊരു ദിവസം. ONE DAY WITH YOU.

ശോഭ: (ഞെട്ടിത്തെറിച്ച്‌)  ശേഖര്‍, എന്താണീ പറയുന്നത്?

ശേഖര്‍: No,  ഇനിയൊന്നും പറയരുത്, please. എന്റെ ഈ ആഗ്രഹം നടന്നില്ലെങ്കില്‍ പിന്നെ......പിന്നെ ആരും എന്നെ കാണില്ല. ഇതു സത്യം. കൂടുതലൊന്നും എനിക്ക് പറയാനില്ല.

ശോഭ: (അല്പം ആലോചിച്ചുകൊണ്ട്‌)  ശേഖര്‍, തെറ്റാണെന്നറിയാം. എങ്കിലും ശേഖറിന്റെ ആഗ്രഹത്തിന് ഞാന്‍ സമ്മതിക്കുന്നു. because I too love you too much.

ഇരുവരും സന്തോഷഭരിതരായി കുറച്ചു സമയം അവിടെ ചിലവഴിക്കുന്നു.







അടുത്ത ദിവസം രാവിലെ ശേഖര്‍ ശോഭയുടെ വീട്ടില്‍ എത്തുന്നു. Calling Bell അടിക്കുന്നു. ശോഭ മനോഹരമായ വസ്ത്രം ധരിച്ചുകൊണ്ട് വാതില്‍ തുറന്നു കൊടുക്കുന്നു. സന്തോഷത്തോടെ ശേഖറിനെ അകത്തേക്ക് സ്വീകരിച്ച് ആനയിക്കുന്നു. Juice ഉണ്ടാക്കി ശേഖറിനു കൊടുക്കുന്നു. അവര്‍ കുശലം പറഞ്ഞ് പൊട്ടിച്ചിരിക്കുന്നു.

ഭക്ഷണം പാകം ചെയ്യാന്‍ ശോഭ അടുക്കളയിലേക്കു പോകുന്നു. ശോഭയെ സഹായിക്കാന്‍ ശേഖറും അടുക്കളയില്‍ എത്തുന്നു. ഇന്നത്തെ ഒരു ദിവസം എല്ലാം നമ്മള്‍ ഒരുമിച്ചു ചെയ്യാം എന്ന് പറയുന്നു. ഇരുവരും കൂടി നല്ല ഭക്ഷണം ഉണ്ടാക്കുന്നു.

Dining Table ഒരുക്കുന്നു. ഭക്ഷണ പദാര്‍ഥങ്ങള്‍ മേശപ്പുറത്തു ഒരുക്കി വക്കുന്നു. ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്നു. ഇരുവരും പരസ്പരം വിളമ്പിക്കൊടുക്കുന്നു. കുശലം പറഞ്ഞുകൊണ്ട്, സന്തോഷത്തോടെ ഇരുവരും ഭക്ഷണം കഴിക്കുന്നു.

പിന്നീട് ശോഭ അവളുടെ മണിയറ ഒരുക്കുന്നു. ശേഖറിനെ മണിയറയിലേക്ക് ക്ഷണിക്കുന്നു.

അങ്ങനെ ഒരു ദിവസം മുഴുവന്‍ അവര്‍ രണ്ടുപേരും എല്ലാംമറന്ന് അവിടെ ജീവിച്ചു.

രാത്രിയായപ്പോള്‍ ശേഖര്‍ ശോഭയോട് യാത്രപറഞ്ഞ് ഇറങ്ങി.

നിറഞ്ഞ സംതൃപ്തിയോടെ ശോഭ ശേഖറിനെ യാത്രയാക്കി.

ശേഖര്‍ നടന്നു നീങ്ങുന്നത്‌ നോക്കി ശോഭ നില്‍ക്കുന്നു.











അടുത്ത ദിവസം രാവിലെ സാധാരണയെന്നപോലെ ടൈം പീസില്‍ അലാറം അടിക്കുന്നു. ശോഭ ഇതു കേട്ട് ഉണരുന്നു. പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം ഓഫീസില്‍ പോകാനൊരുങ്ങുന്നു.

ന്യൂസ്‌ പേപ്പര്‍ ബോയ്‌ അന്നത്തെ പത്രം അവിടെ ഇടുന്നു. ശോഭ മെല്ലെ പത്രം ഒന്ന് കണ്ണോടിച്ചു വായിക്കാന്‍ നോക്കുന്നു. ഉള്ളിലെ ഒരു പേജ് തുറന്നപ്പോള്‍ ശോഭ ഷോക്കേറ്റ പോലെ സ്തബ്ധയായി നില്‍ക്കുന്നു.

മെല്ലെ മെല്ലെ സോഫായിലേക്ക് തളര്‍ന്നിരിക്കുന്നു. പത്രം കൈയ്യില്‍ നിന്നും താഴെ ഊര്‍ന്നു വീഴുന്നു. ശോഭ വായിച്ച വാര്‍ത്ത എല്ലാവര്‍ക്കും കാണത്തക്ക വിധത്തില്‍ പത്രം തറയില്‍ മലര്‍ന്നു കിടക്കുന്നു.  

"കാറപകടത്തില്‍ ഒരു മലയാളി കൊല്ലപ്പെട്ടു"

കൂടെ ശേഖറിന്റെ ഫോട്ടോയും ഉണ്ട്.

ശോഭയുടെ കണ്ണുകളില്‍ നിന്ന് ചുടുകണ്ണുനീര്‍ ധാര ധാരയായ് ഒഴുകുന്നു.

മറ്റൊരു മനുഷ്യജീവന്‍കൂടി താന്‍ കാരണം കുരുതി കൊടുക്കപ്പെട്ടല്ലോ ഈശ്വരാ എന്ന ദുഖത്താല്‍ പൊട്ടിക്കരയുന്നു.

****